ജൈനമതം കേരളത്തിൽ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അശോകചക്രവര്‍ത്തിയുടെ കാലത്തുതന്നെ ജൈനമിഷണറിമാര്‍ മലബാര്‍ തീരത്തു പ്രവര്‍ത്തിച്ചിരുന്നതായി വില്യംലോഗന്‍ പ്രസ്താവിച്ചുകാണുന്നു. ദക്ഷിണ ഭാരതത്തിലേക്കും കേരളത്തിലേക്കും ആദ്യം കുടിയേറിയത് ജൈനന്മാരായിരുന്നുവെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ബൗദ്ധന്മാര്‍ ജൈനന്മാരെ പിന്തുടര്‍ന്നു വന്നവരായിരുന്നു. ആദ്യമെത്തിയ ജൈനന്മാര്‍ക്ക് ബൗദ്ധന്മാരെപ്പോലെ പ്രതിഷ്ഠ നേടാന്‍ കഴിഞ്ഞില്ല. ജൈനമതസ്ഥരും ജൈനസംസ്കാരാവശിഷ്ടങ്ങളും കേരളത്തിന്റെ പല ഭാഗത്തും ഇന്നും ഉണ്ട്. കേരളത്തിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായിത്തീര്‍ന്നിട്ടുള്ളതുമായ കന്യാകുമാരി ജില്ലയിലായിരുന്നു രണ്ടു സുപ്രധാന ജൈന ക്ഷേത്രങ്ങളുണ്ടായിരുന്നത്; ചിതറാലും നാഗര്‍കോവിലും. കന്യാകുമാരിജില്ലയില്‍ കുഴിത്തുറയ്ക്ക് 6 കി. മീ. കിഴക്കുമാറി സ്ഥിതിചെയ്യുന്ന ചിതറാല്‍ വില്ലേജിന്റെ ഹൃദയഭാഗത്തുള്ള തിരുച്ചാരണത്തു മലയുടെ മുകളിലാണ് ചിതറാല്‍ ക്ഷേത്രം. ഒരു വലിയ പാറയിലെ തുരപ്പിനെ ഗര്‍ഭഗൃഹമാക്കി പണിതിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പദ്മാവതീദേവി, മഹാവീരതീര്‍ഥങ്കരന്‍, പാര്‍ശ്വനാഥ തീര്‍ഥങ്കരന്‍ എന്നിവരുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. 14-ാം ശതകത്തോടുകൂടിയാണ് ഇത് ഭഗവതീ ക്ഷേത്രമായി മാറിയതെന്ന് ഇവിടെയുള്ള ശിലാരേഖകള്‍ വ്യക്തമാക്കുന്നു. നാഗര്‍കോവിലിലെ ജൈനകേന്ദ്രമായിരുന്ന നാഗരാജക്ഷേത്രത്തിന്റെ ശ്രീകോവിലിലും മണ്ഡപത്തിലും മഹാവീരതീര്‍ഥങ്കരന്റെയും പാര്‍ശ്വനാഥ തീര്‍ഥങ്കരന്റെയും പദ്മാവതിയുടെയും വിഗ്രഹങ്ങള്‍ ഉണ്ട്. വേണാടുവാണിരുന്ന ഭൂതലവീര ഉദയമാര്‍ത്താണ്ഡവര്‍മ്മ കൊ. വ. 679 (1504)-ല്‍ ഇവിടത്തേക്ക് പള്ളിച്ചന്തമായി ചില ദാനങ്ങള്‍ ചെയ്തതായി രേഖകളില്‍ കാണുന്നു. 1521-ലും ഇത് ഒരു ജൈനക്ഷേത്രമായി തുടര്‍ന്നിരുന്നു എന്നതിനു തെളിവുകള്‍ ഉണ്ട്. ഇപ്പോള്‍ ഇതും ഒരു ഹിന്ദുക്ഷേത്രമായിത്തീര്‍ന്നിരിക്കുന്നു.

ആലുവപ്പുഴയ്ക്ക് തെക്ക്, പെരുമ്പാവൂരിനു 13 കി. മീ. കിഴക്കുമാറി, കല്ലില്‍ എന്ന സ്ഥലത്ത് ഒരു ജൈനക്ഷേത്രമുണ്ട്. ഇവിടെ ഒരു വലിയ പാറയുടെ തുരപ്പില്‍ തീര്‍ഥങ്കരന്മാരുടെയും പാര്‍ശ്വനാഥന്മാരുടെയും പദ്മാവതീദേവിയുടെയും വിഗ്രഹങ്ങള്‍ ‘അര്‍ധ റിലീഫി’ ല്‍ കൊത്തിച്ചേര്‍ത്തിരിക്കുന്നു. ഒരു പിഷാരൊടിയുടെ ഉടമസ്ഥാവകാശത്തിലുള്ള ഈ ക്ഷേത്രവും ഒരു ഭഗവതീക്ഷേത്രമായി മാറിയിട്ടുണ്ട്. ഇവിടെ പൂജാദികര്‍മങ്ങള്‍ നമ്പൂതിരിമാര്‍ നടത്തിവരുന്നു. കൊച്ചിയിലെ ബനിയ വ്യാപാരികളും ഹിന്ദുക്കളും ആണ് ഇവിടെ ആരാധനയ്ക്ക് എത്തിച്ചേരുന്നത്.

പാലക്കാട്ടു ജില്ലയില്‍ മൂന്നു ജൈനാരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ കാണ്‍മാനുണ്ട്; മാണിക്കപ്പട്ടണം ചന്ദ്രനാഥക്ഷേത്രം, മുണ്ടൂര്‍ തെന്നിലാപുരം ക്ഷേത്രം, പരുവാശ്ശേരി ജൈനക്ഷേത്രം. പരുവാശ്ശേരി ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഒരുകാലത്ത് ജൈനന്മാരുടെ കേന്ദ്രമായിരുന്നുവെന്ന് കരുതപ്പെടുന്നു. 500-ലധികം സംവത്സരങ്ങള്‍ക്ക് മുമ്പ് മൈസൂര്‍ രാജാവിന്റെ വിരോധം നിമിത്തം അഭയാര്‍ഥികളായി കേരളത്തില്‍ വന്നു താമസമുറപ്പിച്ചവരാണ് മാണിക്കപ്പട്ടണത്തിലെ ജൈനര്‍ എന്നു പറയപ്പെടുന്നു. ഇപ്പോഴും ചില ജൈനകുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.

ഉത്തരമലബാറില്‍ വയനാട്ടിലെ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, എടയ്ക്കല്‍ എന്നീ പ്രദേശങ്ങളില്‍ ജൈനന്മാരുടെ അധിവാസ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നതായി ലോഗന്‍ മലബാര്‍ മാനുവലില്‍ പ്രസ്താവിച്ചുകാണുന്നു. വയനാട്ടിലെ ജൈനന്മാരും മൈസൂരില്‍ നിന്നും മുന്‍കാലത്ത് അഭയാര്‍ഥികളായി വന്നവരാണെന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ അവശേഷിച്ചിട്ടുള്ള ജൈനകുടുംബങ്ങളില്‍ ഏറിയപങ്കും വയനാട്ടിലെ കല്പറ്റയിലും കൊച്ചിയിലും പാലക്കാട്ടുമായിട്ടാണ് ഇപ്പോള്‍ പാര്‍ത്തുവരുന്നത്.

അഹിംസാധര്‍മത്തെ അക്ഷരംപ്രതി പാലിക്കുന്നവരാണ് ജൈനര്‍. ദക്ഷിണേന്ത്യയിലെ ജൈനര്‍ പൊതുവേ പണ്ടുകാലത്ത് മതപ്രചാരണത്തേക്കാള്‍ ഗ്രന്ഥനിര്‍മാണവൃത്തിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നാലാലിയാര്‍, ജീവകചിന്താമണി, ചൂഡാമണി നിഘണ്ടു മുതലായ വിലയേറിയ തമിഴ് ഗ്രന്ഥങ്ങള്‍ ജൈനപണ്ഡിതന്മാര്‍ കേരളമുള്‍പ്പെട്ട തമിഴകത്തിനു നല്‍കിയിട്ടുള്ള വിലപ്പെട്ട സംഭാവനകളത്രേ.

ജൈന-ബൗദ്ധമതങ്ങളുടെ പ്രചാരത്തോടുകൂടിയാണ് കേരളത്തില്‍ ആയുര്‍വേദ ചികിത്സ പുഷ്ടിപ്പെട്ടു തുടങ്ങിയത്. കേരള ബ്രാഹ്മണര്‍ മതപരമായി ബൗദ്ധ-ജൈനന്മാരെ എതിര്‍ത്തിരുന്നുവെങ്കിലും വിദ്യാസ്വീകാര വിഷയത്തില്‍ വിശേഷിച്ചും വൈദ്യശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ജ്യോതിര്‍ഗണിതം, അമരകോശം മുതലായവയുടെ കാര്യത്തില്‍ അവരെ ഗുരുക്കന്മാരായി സ്വീകരിച്ചിരുന്നുവെന്ന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അഭിപ്രായപ്പെടുന്നു.

 385 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo