സൂഫിസം മത ലഹരി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കമ്പിളി എന്നർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. ആത്മനിയന്ത്രണത്തിന്റെ ചിഹ്നം എന്ന രീതിയിൽ ആദ്യകാല സൂഫികൾ ധരിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളിൽ നിന്നാണ് ഈ പേരുവന്നത്

      ഇസ്‌ലാം മതത്തിലെ യോഗാത്മക ആത്മീയധാരയാണ്‌  സൂഫിസം ഇത് അനുഷ്ഠിക്കുന്നവരെ സൂഫി എന്നാണ് പറയാറുള്ളത്  

മുഹമ്മദിന്റെ കാലത്ത് പള്ളിയിൽ താമസിച്ചിരുന്ന സുഫക്കാരിൽ നിന്നാണ് സൂഫികളുടെ ഉത്ഭവം എന്ന് കരുതുന്നവരുണ്ട് അതല്ല മുഹമ്മദ്‌ നബിക്ക് മുൻപേ ഉള്ള പ്രവാചകന്മാരുടെ കാലത്തും സൂഫികൾ ഉണ്ടെന്നു മറ്റൊരു വിഭാഗം കരുതുന്നു. പർണ്ണ ശാല കെട്ടി ധ്യാനത്തിൽ ഏർപ്പെട്ട ജുറൈജ് എന്ന പരിത്യാഗിയെ ആണ് അവർ അതിനു ഉദാഹരണമായി കാട്ടുന്നത്. അത് പോലെ ഖുറാനിൽ സൂചിപ്പിക്കപ്പെട്ട കിടങ്ങിലെ സംഭവത്തിലെ കുട്ടിയുടെ ഗുരുവായി കാണിക്കപ്പെട്ട ധ്യാനിയായ യോഗിയുടെ കഥയും ഉദ്ധരിക്കപ്പെടാറുണ്ട്. പ്രവാചകന് ശേഷം രണ്ടാം തല മുറയിലെ സുഹ്ഹാദ്‌ എന്ന ജീവപരിത്യാഗികൾ, ഉബ്ബാധ് എന്ന ധ്യാനത്തിൽ മുഴുകിയവർ എന്നിവരിൽ നിന്നാണ് സൂഫികളുടെ തുടക്കം എന്നാണ്‌ മറ്റൊരു വാദം.
മുഹമ്മദ്‌ നബിയുടെ സദസ്സിൽ ഒരു മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട്, ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ എന്നാണ് പറയാറുള്ളത്
ആത്മീയ സംസ്കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം ഇങ്ങനെ ആയാല്‍ പിന്നെ ഇവര്‍ക്ക് നിസ്ക്കാരവും നോമ്പുമൊന്നും എടുക്കാറില്ല ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാമെന്നാണ് സൂഫികൾ കരുതുന്നത് ധ്യാനത്തിന് ഇടക്കിടെ മുഹമ്മദ് നബി ഹിറാ ഗുഹയിലേക്ക് പോകുന്ന ഉദാഹരണമാണ് ഇക്കൂട്ടരുടെ പ്രേരകശക്തി. എന്നിരുന്നാലും ഇസ്ലാമിക മത മൗലിക വാദികൾ സൂഫിമാർഗ്ഗത്തെ അംഗീകരിക്കുന്നില്ല.
സൂഫിസത്തിന്‍റെ തന്നെ ഉപവിഭാഗമാണ് ‍ത്വരീഖത്ത്. ശരീഅത്തിനനുസരിച്ച് ജീവിക്കുന്നതോട് കൂടെ ദൈവസ്മരണ നിലനിർത്താനും ദൈവത്തിലേക്ക് കൂടുതൽ അടുക്കാനും അവന്‍റെ തൃപ്തി സ്വായത്തമാക്കാനും ഒരു ശൈഖിന്‍റെ നിർദ്ദേശ പ്രകാരം സൽകർമ്മ നിരതനാവലാണ് ത്വരീഖത്ത് എല്ലാ ‍ത്വരീഖത്തിലും മുർഷിദ് അതായത് വഴികാട്ടി ആണ് അതതു ‍ത്വരീഖത്തിന്‍റെ നേതാവും ആദ്ധ്യാത്മിക ഗുരുവും. ഓരോ ‍ത്വരീഖത്തിലും ഒരു കൂട്ടം മുർഷിദുകൾ ഉണ്ടായിരിക്കും എന്നതാണ് ഇവരുടെ പ്രത്യേകത
പ്രവാചകൻ മുഹമ്മദിൽ നിന്ന് അലിയിലേക്കും അവരിൽ നിന്നും ഹസൻ ബസ്വരിയിലേക്കും അവരിൽ നിന്നും അബൂഹാശിം എന്നവരിലേക്കും സൂഫിസ ധാര കടന്നു വന്നു എന്നാണ് ചരിത്രകാരന്മാർ ഭൂരിഭാഗവും പറയുന്നത്

ഇസ്‌ലാമിന്‍റെ മൗലിക ആചാരക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, സംഗീതവും നൃത്തവുമുൾപ്പടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികളുടേത്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രശസ്തനായ സൂഫി, റൂമിയുടെ അനുയായികൾ ആചരിക്കുന്ന കറങ്ങിക്കൊണ്ടുള്ള നൃത്തം ലോക ശ്രദ്ധേയമാണ്. മുസ്ലിം സുന്നി വിഭാഗത്തിലെ പാരമ്പര്യ വാദികൾ ഒഴികെ ഉള്ളവർ സൂഫികളെ പിന്തുണയ്ക്കുന്നില്ല, ശവകുടീര പ്രാർഥനകൾ, റാതീബ്, മൗലീദ് കീർത്തനങ്ങൾ, ദിക്ർ സ്തോത്ര സദസ്സുകൾ തുടങ്ങിയ സൂഫി ആചാരങ്ങൾ ഇസ്‌ലാം മതവും ആയി ബന്ധം ഇല്ലാത്തതാണെന്നും, നബി ചര്യക്ക്‌ വിരുദ്ധം ആണെന്നും, പ്രാമാണികമല്ലെന്നും മതമൗലിക ചിന്താഗതിക്കാർ വിശ്വസിക്കുന്നു.

സൂഫി മാർഗ്ഗം വളരെ വ്യത്യസ്തമാണ് ദൈവം മനുഷ്യരോട് ആരാധിക്കാൻ നിർദ്ദേശിച്ചതുകൊണ്ടല്ല, മറിച്ച് ദൈവം വളരെ സ്നേഹമയനാണെന്നതാണ് ആരാധിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാനുള്ള കാരണം എന്നും ദൈവശിക്ഷയെ ഭയക്കാതെ ദൈവസ്നേഹം നഷ്ടമാകും എന്ന ഭയത്താൽ ദൈവത്തെ പ്രണയിച്ചു സാമീപ്യം നേടാം എന്നാണ്‌ ഇവർ വിശ്വസിക്കുന്നത് ദൈവ പ്രീതി മാത്രമായിരിക്കും ഇത്തരം സൂഫികളുടെ ലക്‌ഷ്യം, ഇസ്ലാമിക നിയമ വ്യവസ്ഥ ആയ ശരീയത്ത് പൂർണ്ണമായി പിൻപറ്റി നബി ചര്യകൾ ഒന്നും ഒഴിവാക്കാതെ തസവ്വുഫ് എന്ന ആത്മ സംസ്കരണത്തിലൂടെ ത്വരീഖത് എന്ന സരണി ഗുരുവിലൂടെ സ്വീകരിക്കലാണ് പൌരാണിക സൂഫിസം. ധ്യാനം, വ്രതം, സ്തോത്ര സദസ്സുകൾ, നമസ്ക്കാരം, സ്തോത്ര പ്രകീർത്തനങ്ങൾ, ദേശാടനം, മത പ്രബോധനം, ജന സേവനം എന്നിവ ആയിരിക്കും ഇവരുടെ ദിന ചര്യ.
ഓരോ താരിഖകളിലെ യോഗികളും ആത്മ സംസ്കരണത്തിനായും, നിഗൂഡ രഹസ്യങ്ങളുടെ കലവറകൾ കാട്ടിയും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്, എന്നാൽ അവയിൽ പലതും പൊതു ജനസമൂഹത്തിനു ഇന്നും അന്യമാണ്. ആത്മ സംസ്കരണ ചിന്താ രീതികളോ ഗ്രന്ഥങ്ങളോ അവയിലെ ആന്തരികാർത്ഥങ്ങളോ വിശദീകരിക്കുവാൻ സൂഫി യോഗികൾക്കല്ലാതെ മറ്റാർക്കും സാധാരണ കഴിയാറില്ല എന്നത് കൊണ്ടാണിത്, ഇത് കൊണ്ട് തന്നെ സൂഫിസത്തെ അനുകൂലിക്കുന്ന പരമ്പരാഗത മുസ്ലിം പണ്ഡിതർ പോലും സൂഫി ഗ്രന്ഥങ്ങൾ അവരുടെ പാഠശാലകളിൽ പഠന വിഷയമാക്കാറില്ല.
പരമ്പരാഗത രീതിയിൽ നിന്നും ഭിന്നമായ കാഴ്ച്ചപ്പാടുള്ളവരും സൂഫികളിലുണ്ട്, പുരാണിക സൂഫികൾ പിഴച്ച ത്വരീഖത്ത് എന്ന് വിളിക്കുന്ന ഇത്തരക്കാർ ദൈവത്തിലേക്കുള്ള ശരിയായ വഴി സ്നേഹമാണെന്നും ദൈവത്തെ സ്വർഗ്ഗത്തിലല്ല, മറിച്ച് മനുഷ്യമനസ്സുകളിലാണ് കാണേണ്ടതെന്നും കരുതുന്നു.

അതുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്ന എല്ലാത്തരം ആചാരരീതികളോടും ഈ സൂഫി മാർഗ്ഗം ചേർന്നുപോകുന്നു. ഹിന്ദു മതാചാര രീതികളും മറ്റു പ്രാദേശികമായ മതാചാര രീതികളുമൊക്കെ ഇവർ സ്വീകരിക്കും. ഭാരതം, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത്തരം സൂഫികൾ അധികവും കാണപ്പെടാറുള്ളത്, ഇസ്ലാമിലെ നമസ്ക്കാരം പോലുള്ള കർമ്മങ്ങളോട് വൃത്തിരഹിതരായ ഇവർ അധികവും താത്പര്യം പുലർത്താറില്ല ഇവരിൽ ചിലർ ഏകാഗ്രത ലഭിക്കുവാനായി മദ്യം, ചരസ്സ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. സൂഫിസത്തെ പിൻതുണയ്ക്കുന്ന മുസ്ലിങ്ങളിലെ പാരമ്പര്യ വാദികളോ, പുരാണിക സൂഫികളോ ഇവരെ അംഗീകരിക്കാറില്ല.
സൂഫിസത്തിനു ഇതര മത ആചാരങ്ങളുമായി ബന്ധമുണ്ടെന്നു വാദിക്കുന്ന മൗലികവാദികൾ ഇന്ത്യയിലെ സൂഫി ശവ കുടീരങ്ങൾ ഉദാഹരണമായി ചൂണ്ടി കാണിക്കാറുണ്ട്, കല്ലറകൾക്ക് മുന്നിൽ വിളക്ക് കത്തിക്കുക, എണ്ണയും, ഭസ്മവും നല്കുക, പുഷ്പ്പ വൃഷ്ടി നടത്തുക എന്നിവയൊക്കെ ഭാരതീയ പേർഷ്യ ആര്യ ചിന്താ ധാരകളിൽ നിന്നും ആവാഹിക്കപ്പെട്ടവയാണെന്ന് കരുതുന്നു.

എന്നാൽ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അല്ലാതെ മറ്റു സൂഫി ഖാൻഖാഹുകളിലോ, ശവ കുടീരങ്ങളിലോ ഇത്തരം കാര്യങ്ങൾ അരങ്ങേരാറില്ല എന്നത് കൊണ്ട് തന്നെ ഇവകൾ സൂഫി ആചാരങ്ങൾ അല്ലെന്നും പ്രാദേശികമായ ആചാരങ്ങൾ മാത്രമാണെന്നും, നടത്തിപ്പുകാരുടെ സാമ്പത്തിക നേട്ടം ഇത്തരം കാര്യങ്ങൾക്ക് പിറകിലുണ്ടെന്നും വിശദീകരിച്ചു ചില സൂഫി യോഗികൾ ഈ വാദത്തെ ഖണ്ഡിക്കാറുണ്ട്.
ഇസ്ലാമിക വർഷം ഹിജ്റ 500നു ശേഷമാണ് സൂഫിസം വളർന്നു പന്തലിച്ചത് വിവിധ ത്വരീഖതുകളുടെ ശൈഖുമാർ ആയ ഔലിയാക്കൾ എന്ന പദവി കരസ്ഥമാക്കിയവർ ധാരാളമായി സൂഫിസത്തിൽ ഉണ്ടായി, അബ്ദുൽ ഖാദിർ ജീലാനി, അഹ്മദുൽ കബീർ രിഫാഈ, ദസൂഖി,ഖാജാ അജ്മീർ, അഹമദുൽ ബദവി, ശാദുലി എന്നിവരൊക്കെ ഇവരിൽ പെടുന്നു, സലാഹുദ്ധീൻ അയ്യൂബി അടക്കമുള്ള രാജാക്കന്മാരും സൂഫിസത്തെ പിന്തുടർന്നത് സൂഫികളുടെ വളർച്ച ദ്രുത ഗതിയിൽ ആക്കി, ഈജിപ്തിൽ സലാഹുദ്ധീൻ കെട്ടി നൽകിയ പർണ്ണ ശാല ഈജിപ്തിലെ സൂഫികളുടെ വളർച്ചയ്ക്ക് നിദാനമായി, സലാഹുദ്ദീന്റെ സൈന്യാധിപൻ മുളഫ്ഫർ രാജാവ് നബി ദിന ആഘോഷങ്ങൾക്കും, മൗലീദുകൾക്കും ധാരാളം പണം ചിലവഴിച്ചിരുന്നു. ഇത് സൂഫികളും ജനങ്ങളും തമ്മിൽ കൂടുതൽ അടുത്ത് ഇടപഴകുവാനും സൂഫി ആചാരങ്ങൾ ജനങ്ങളിലേക്ക് എത്തുവാനും കാരണമായി.

മധ്യ കാലഘട്ടം സൂഫികളുടെ സുവർണ്ണ കാലമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അബു നസർ ഫറാബി, ഇമാം ഗസ്സാലി പോലുള്ള തത്ത്വ ചിന്തകന്മാരും, റൂമി, ഒമർഖയാം എന്നിവരെ പോലെയുള്ള കവികളും അൽ ഖ്വരിസ്മി, അബ്ദുൽ റഹ്മാനെ പോലുള്ള ധാരാളം ശാസ്ത്രഞ്ജരും, ഇബ്നുസിനയെ പോലുള്ള വൈദ്യ പ്രതിഭകളും സൂഫികൾക്കിടയിൽ നിന്നും ഉയർന്നു വന്നു, ജെങ്കിസ് ഖാന്റെ പൗത്രന്മാർ സൂഫിസത്തിൽ ആകൃഷ്ടരായത് മധേഷ്യയിൽ സൂഫിസ വളർച്ചയെ ഉത്തേജിപ്പിച്ചു.
വിവിധ നാടുകളിൽ ഉണ്ടായ സ്വാതന്ത്ര പോരാട്ടങ്ങളിൽ സൂഫികൾ നേതൃത്വം നൽകിയത് ഭരണ കർത്താക്കളുടെ അപ്രീതിക്ക് കാരണമാവുകയും സൂഫിസം പലയിടത്തും നിയന്ത്രിക്കപ്പെടുകയും ചെയ്തു, ലിബിയയിൽ ഇറ്റലിക്കെതിരെ വിപ്ലവം നയിച്ച ഉമർ മുഖ്ത്താർ ഇത്തരത്തിൽ സൂഫി പാശ്ചാത്തലം ഉള്ള വിപ്ലവകാരികൾക്ക് ഉദാഹരണമാണ് സ്പെയിനിലെ ഇസ്‌ലാമിക ഭരണ തകർച്ചയും, തുർക്കി ഖിലാഫത്ത് അവസാനിച്ചതും സൂഫിസത്തിന്റെ മങ്ങലിനു മറ്റൊരു കാരണമാണ്. സൗദി അറേബ്യയിൽഭരണ മാറ്റം ഉണ്ടാവുകയും ഓട്ടോമൻ ഖിലാഫത്ത് മാറി ബ്രിട്ടീഷുകാർ അധികാരത്തിൽ വരുകയും ചെയ്തതോടെ അവിടങ്ങളിൽ സൂഫിസതിനു തിരിച്ചടി നേരിട്ട് തുടങ്ങി. ബ്രിട്ടീഷുകാർ അധികാരം കൈമാറിയ സഊദ് വംശവും, മൗലികവാദിയായ ഇബ്നു വഹാബും സൂഫികളെ അംഗീകരിച്ചിരുന്നില്ല അവർ സൂഫിസത്തിനു എതിരെ കടുത്ത നടപടികൾ എടുത്തു. ഇസ്‌ലാമിൽ ശവ കുടീര പൂജകരെ സൃഷ്ടിക്കുന്നു എന്ന പേരിൽ ആയിരക്കണക്കിന് സൂഫികൾ സൗദിയിൽ കൊല ചെയ്യപ്പെട്ടു. സായുധ കലാപത്തിനു തയ്യാറായ സൂഫികൾ ‘ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്ന എതിരാളികൾക്കെതിരെ ആയുധം ഏന്തരുത്’ എന്ന ഗുരു വര്യന്മാരുടെ കൽപ്പന അനുസരിച്ച് സൈന്യത്തിന് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയവരിൽ പലരും മത പരിത്യാഗം ആരോപിച്ചു കൊല്ലപ്പെടുകയും, നാട് കടത്തപ്പെടുകയും ചെയ്തു. ശവ കുടീരങ്ങളും, പർണ്ണ ശാലകളും പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ഇതോടെ സൂഫിസത്തില്‍ നിന്നും മത തീവ്രചിന്തയിലേക്ക് കാര്യങ്ങള്‍ മാറി
ഇന്ത്യയിൽ ഇസ്‌ലാം പ്രചരിക്കുന്നത് സൂഫികളുടെ കടന്നു വരവോടു കൂടിയാണ്, ജാതീയത ഗ്രസിച്ച സമൂഹത്തിൽ സൂഫികളുടെ സൗഹാർധ പൂർണ്ണമായ ഇസ്‌ലാമിക നിലപാട് ധാരാളം അയിത്ത ജാതികരെ ഇസ്‌ലാം സ്വീകരിക്കുവാൻ കാരണമാക്കി, മൊയ്നുദ്ദീൻ ചിശ്തി,നിസാമുദീൻ എന്നീ സൂഫി ഔലിയാക്കളിലൂടെ ലക്ഷ കണക്കിന് പേർ ഇസ്ലാമിലേക്ക് മാർഗ്ഗം കൂടി, ബുൾബുൾ ഷാ എന്ന സൂഫി ഫകീർ കാരണം കാഷ്മീരികൾ ഭൂരിഭാഗവും ഇസ്‌ലാം സ്വീകരിച്ചു,

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സൂഫികൾ വഴിയായി ധാരാളം പേർ ഇസ്‌ലാം മതത്തിലേക്ക് കടന്നു വന്നു, ടിപ്പു സുൽത്താനെ പോലുള്ള സൂഫി ഭരണാധികാരികൾ ഇതിനു പിന്തുണയും നല്കിയിരുന്നു.
സൂഫി മാർഗ്ഗം ഇന്ത്യയിൽ ഏറെ പ്രചരിച്ചത് മുഗൾ ഭരണകാലത്താണ്. ഹിന്ദു രജപുത്രരുമായി വിവാഹബന്ധത്തിൽപ്പോലുമേർപ്പെട്ടിരുന്ന മുഗൾ ഭരണാധികാരികൾ സൂഫിസ ചിന്തകൾ ഭാരതീയ ചിന്താ ധാരകളുമായി സമന്വയിപ്പിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഹൈന്ദവചിന്തയും ഇസ്‌ലാമിക ആദ്ധ്യാത്മികതയും കൂടിച്ചേരുന്ന ഒരു സവിശേഷ ആത്മീയധാരയായിട്ട് ഭാരതീയ ചിന്തകൾ വികസിച്ചു വന്നിട്ടുണ്ട്. സൂഫി ചിന്ത ഇന്ത്യയുടെ സാഹിത്യ-സംഗീത-സാംസ്ക്കാരിക മേഖലകളിൽ ചെലുത്തിയിട്ടുള്ള സ്വാധീനം വലുതാണ്. ഹിന്ദു-മുസ്‌ലിം മതവിശ്വാസികളുടെ സൗഹാർദ്ദത്തിനും സൂഫിമാർഗ്ഗം നന്നായി വഴിതെളിച്ചു .മുഗൾ കാലഘട്ടത്തിൽ ഡെൽഹിയിൽ രാജസഭക്കുപുറമേ ജനസാമാന്യത്തിനിടയിലും സൂഫിമാർഗ്ഗം വളരെയധികം പ്രചരിച്ചിരുന്നു. മത മൗലിക വാദികളായ ഇസ്‌ലാമികപണ്ഡിതരെ അവർ തള്ളിക്കളയുകയും ചെയ്തുപോന്നിരുന്നു
ഡെൽഹിയിലെ പുരാതന സൂഫി ആശ്രമങ്ങളിലേക്ക് മുസ്ലീങ്ങൾ മാത്രമല്ല ഹിന്ദുക്കളും സന്ദർശനം പതിവാക്കിയിരുന്നു.ഹിന്ദുക്കളുടെ കുട്ടികൾ, ഉദാരരീതിയിലുള്ള മദ്രസകളിൽ പഠിക്കാനെത്തുക പോലും ചെയ്തിരുന്നു. റാം മോഹൻ റോയ് പോലുള്ള പ്രശസ്ത ഹിന്ദു ചിന്തകർ മദ്രസകളിൽ പഠിച്ചവരാണ്. ചക്രവർത്തി ബഹാദൂർഷാ സഫറിന്റെ കാലത്ത് അദ്ദേഹത്തിന്‍റെ പള്ളികളിലേക്കുള്ള സന്ദർശനത്തേക്കാൾ വളരെയധികമായിരുന്നു സൂഫി ആശ്രമങ്ങളിലേക്കുള്ള സന്ദർശനങ്ങൾ. സൂഫി ആശ്രമങ്ങൾക്ക് സഫർ ഉദാരമായി സഹായങ്ങളും നൽകിയിരുന്നു. സഫർ സ്വയം ഒരു സൂഫി പീർ ആയി അറിയപ്പെട്ടിരുന്നു. സഫർ അടക്കമുള്ള സൂഫി മാർഗ്ഗക്കാർ ഹിന്ദു സന്യാസിമാരെ ബഹുമാനിക്കുകയും ചെയ്തിരുന്നു.ഔറഗസ്സെബ് ചക്രവർത്തിയും നക്ഷബന്ധി സിൽശിലയിൽ ഉള്ള സൂഫി പീർ ആയിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മദ്ധ്യം വരെയും വടക്കേയിന്ത്യയിൽ സൂഫിമാർഗ്ഗത്തിന് നല്ല വെരോട്ടം ഉണ്ടായിരുന്നു ഷാ വലിയുല്ലാഹ് ദഹലവിയെ പോലുള്ള സൂഫി പീറുകൾ ബ്രിട്ടീഷ് വിരുദ്ധ സമരം നടത്തിയതിന്റെ പേരിൽ ഭരണ കൂടത്തിന്റെ നോട്ട പുള്ളികൾ ആയി, മൌലാന മുഹമ്മദലി സഹോദരന്മാരെ പോലെ ഉള്ള മുസ്ലിം സ്വതന്ത്ര സമര നേതാക്കൾ സൂഫി മാർഗ്ഗം പിൻ തുടർന്നത് സൂഫികളെ കരിമ്പട്ടികയിൽ പെടുത്താൻ കാരണമായി ഇതോടെ ഹിന്ദു മുസ്ലിം മത മൗലിക വാദികള്‍ക്കു അവരുടെ പ്രവര്‍ത്തനത്തിന് വഴി തെളിഞ്ഞു

മുഹമ്മദ്‌ നബിയുടെ കാലത്ത് തന്നെ ഇസ്‌ലാം കേരളത്തിലെ കടലോരങ്ങളിൽ പ്രചരിച്ചിരുന്നു എന്നാൽ ഉൾനാട്ടുകളിൽ ഇസ്‌ലാം കടന്നു ചെല്ലാനിടയായത് സൂഫികളുടെ വരവോടു കൂടിയാണ്, ധഫുമുട്ടുകളുമായി സുഫികള്‍ യാത്ര നടന്നിരുന്നു ലക്ഷദ്വീപടക്കമുള്ള സമീപ സ്ഥലങ്ങളിലും സൂഫിസത്തിനു നല്ല വേരോട്ടം ലഭിച്ചു ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും, പാൻ ഇസ്ലാമിന്‍റെ കടന്നു വരവും കേരളത്തിൽ സൂഫിസത്തെ ദുർബലമാക്കി, ബ്രിട്ടീഷ് വിരുദ്ധതയാൽ ഇംഗ്ലീഷ് നരക ഭാഷ ആണെന്ന് പറഞ്ഞത് മുസ്ലിങ്ങളെ ഇംഗ്ലീഷ് വിദ്യാഭ്യാസ പരമായി പുറകോട്ടാക്കി, സൂഫികളെയും, പാരമ്പര്യ വാദികളെയും പറ്റി ആധുനിക മുസ്‌ലിം സമൂഹത്തിൽ ഇക്കാരണം കൊണ്ട് അവമതിപ്പുണ്ടായി.

മലബാർ കാർഷിക കലാപങ്ങൾക്ക് ശേഷം ഇബ്നു വഹാബ്, അബുൽ ആലാ മൗദൂദി എന്നീ നവ ഇസ്ലാമിക പണ്ഡിതരുടെ ആശയങ്ങളിൽ ആകൃഷ്ട്ടരായവർ കേരളത്തിൽ രൂപപെട്ടു ഇവരുടെ വളർച്ച കേരളീയ മുസ്ളിങ്ങളെ ആധുനിക പരമായും വിദ്യാഭ്യാസ പരമായും ഏറെ മുന്നോട്ടു നയിച്ചെങ്കിലും മത മൗലിക വാദം കേരളത്തില്‍ നന്നായി വേരും ഉറപ്പിച്ചു നേർച്ച, കുത്തു റാത്തീബ്, മൗലീദ് തുടങ്ങിയ സൂഫി ആചാരങ്ങളെ നാമ മാത്രമാക്കി തീർത്തു എന്നിരുന്നാലും പരമ്പരാഗത മുസ്ലിങ്ങൾക്കിടയിൽ ഇന്നും ഇവകൾ സജീവമായി നില നിൽക്കുന്നുണ്ട്.
സൂഫിസത്തിന്‍റെ ഒരു ഭാഗങ്ങളായ ത്വരീഖത്തുകളിലൊന്നാണ് ഖാദിരിയ്യ. പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനിയാണ് ഈ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ കേരളത്തിലും നിരവധി ഖാദിരിയ്യ ശൈഖുമാരുണ്ട്.മൗല അൽ ബുഖാരികണ്ണൂർ,സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി പൊന്നാനി, സയ്യിദ് ഖുത്ബ് അലവി മൻപുറമി,ശൈഖ് അബൂബക്കർ മടവൂരി, ശൈഖ് അബൂബക്കർ ആലുവ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനി.

റാബിയ അൽ അദവിയ്യ എട്ടാം നൂറ്റാണ്ടിലെ ഒരു സൂഫി വനിതയായിരുന്നു.


ഇറാഖിലെ ബസ്രയിൽ ജനിച്ച അവർ, റാബിയ അൽ ബസ്രി എന്ന പേരിലും അറിയപ്പെട്ടിരുന്നു നരകഭയത്തിന്‍റെയും മോക്ഷകാമത്തിന്‍റെയും പ്രേരണമൂലമല്ലാതെയുള്ള നിസ്സ്വാർത്ഥ ദൈവസ്നേഹമായിരുന്നു റാബിയയുടെ ചിന്തയുടെ കേന്ദ്രസന്ദേശം റാബിയയുടെ ജീവിതത്തെക്കുറിച്ച് വിവരം നൽകുന്ന പ്രധാനരേഖ, അവരുടെ കാലത്തിന് നാലു നൂറ്റാണ്ടിലേറെ ശേഷം, സൂഫി വിശുദ്ധനും കവിയുമായിരുന്ന ഫരിദ് അദ്ദീൻ അത്തർ രചിച്ച തദ്കിറത്ത് എ ഔലിയ അതായത് ദൈവപ്രീതരുടെ ചരിത്രം എന്ന പുസ്തകത്തിലാണ് ഉള്ളത് റാബിയ സ്വയം ഒന്നും എഴുതിയിട്ടില്ല. റാബിയയുടെ ജീവിതത്തേയും ചിന്തയേയും സംബന്ധിച്ച ഏറ്റവും സമഗ്രമായ ആധുനിക രചന ബ്രിട്ടീഷ് അക്കാദമിക് മാർഗരറ്റ് സ്മിത്ത് ബിരുദാനന്തരബിരുദ ഗവേഷണത്തിന്‍റെ ഭാഗമായി 1928-ൽ എഴുതിയ ലഘുകൃതിയാണ്. “യോഗിനി റാബിയയും, ഇസ്ലാമിലെ അവരുടെ സഹവിശുദ്ധരും” Rabia the Mystics and Her Fellow Saints in Islam എന്നാണ് ആ കൃതിയുടെ പേര്

കുട്ടി ജനിച്ച സമയത്ത് വീട്ടിൽ വിളക്കിനുള്ള എണ്ണയോ പിള്ളക്കച്ചയോ പോലും ഇല്ലാതിരിക്കാൻ മാത്രം പാവപ്പെട്ടവരായിരുന്നു റാബിയയുടെ മാതാപിതാക്കൾ എന്നാണ് ഫരീദ് അൽ ദിൻ അത്തർ രേഖപ്പെടുത്തിയിരിക്കുന്നത്. അയലത്തെ വീട്ടിൽ നിന്ന് ഇത്തിരി എണ്ണ കടം വാങ്ങാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സ്രഷ്ടാവായ ദൈവത്തോടല്ലാത്തെ മറ്റാരോടും ഒന്നും ആവശ്യപ്പെടുകയില്ല എന്ന് തീരുമാനിച്ചിരുന്ന റബിയയുടെ പിതാവിന് അതിന് മനസ്സുണ്ടായില്ല. അയൽവീട്ടിൽ പോയതായി ഭാവിച്ച് അദ്ദേഹം വെറും കയ്യോടെ മടങ്ങിവന്നു. ആ രാത്രി പ്രവാചകൻ റാബിയയുയുടെ പിതാവിന് പത്യക്ഷപ്പെട്ടു. അന്നു ജനിച്ച കുട്ടി ദൈവത്തിനു പ്രിയപ്പെട്ടവളും അനേകർക്ക് സന്മാർഗ്ഗം കാണിച്ചുകൊടുക്കാനുള്ളവളും ആണെന്ന് അദ്ദേഹം പിതാവിന് വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രികളിൽ പതിവുള്ള ദുരൂദ് ജപം ഒരിക്കൽ മുടക്കിയതിന് പിഴയായി 400 ദിനാർ കൊടുക്കാൻ ആവശ്യപ്പെടുന്ന ഒരു സന്ദേശവുമായി ബസ്രായിലെ അമീറിനടുത്തേക്ക് പോകാൻ പ്രവാചകൻ റാബിയയുടെ പിതാവിനോടാവശ്യപ്പെട്ടെന്നും, സന്ദേശം കിട്ടിയപ്പോൾ ദൈവം തന്നെ സ്മരിച്ചതോർത്ത് സന്തോഷിച്ച അമീർ ആയിരം ദിനാർ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുകയും സന്ദേശവാഹകന് 400 ദിനാർ കൊടുക്കുകയും ചെയ്തു എന്നും കഥയിലുണ്ട്

പിതാവിന്‍റെ മരണശേഷം ബസ്രായിൽ വലിയ ക്ഷാമമുണ്ടായപ്പോൾ സഹോദരിമാരിൽ നിന്ന് വേർപെട്ടുപോയ റാബിയ ഒരു സാർത്ഥവാഹകസംഘത്തോടൊപ്പം യാത്ര ചെയ്യവേ കൊള്ളക്കാരുടെ കയ്യിൽ അകപ്പെട്ടു. അവരുടെ പ്രമുഖൻ റാബിയയെ പിടിച്ച് അടിമയാക്കി, കർക്കശക്കാരനായ ഒരു യജമാനന് വിറ്റു. പകൽ അടിമത്തത്തിലെ കഠിനാധ്വാനത്തിനു ശേഷം രാത്രി മുഴുവൻ പ്രാർത്ഥിക്കുന്നതും ഉപവസിക്കുന്നതും അവൾ പതിവാക്കി. ഒരിക്കൾ അർത്ഥരാത്രി ഉണർന്ന യജമാനൻ റാബിയ ഇങ്ങനെ പ്രാർത്ഥിക്കുന്നത് കേട്ടു:

“എന്റെ കണ്ണുകളുടെ ആനന്ദമായ പ്രഭോ, അങ്ങയെ ഹൃദയപൂർവം സേവിക്കുവാനും കല്പനകൾ പാലിക്കുവാനും ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നെന്ന് അവിടത്തേയ്ക്ക് അറിയാമല്ലോ. സ്വതന്ത്രയായിരുന്നെങ്കിൽ ഞാൻ രാപകൽ പ്രാർത്ഥനയിൽ ചെലവഴിക്കുമായിരുന്നു. എന്നാൽ എന്നെ അങ്ങ് ഒരു മനുഷ്യജീവിയുടെ അടിമയാക്കിയിരിക്കുമ്പോൾ ഞാൻ എന്തു ചെയ്യാനാണ്?”

ഇത്രയേറെ വിശുദ്ധയായി ഒരാളെ അടിമയായി വച്ചുകൊണ്ടിരിക്കുന്നത് ദൈവനിന്ദയാകുമെന്ന് ഭയന്ന യജമാനൻ പ്രഭാതത്തിൽ റാബിയയെ മോചിപ്പിച്ചു. അധികാരങ്ങളോടെ ആ വീട്ടിൽ തന്നെ കഴിയുന്നതോ മറ്റെവിടെയെങ്കിലും പോയി ജീവിക്കുന്നതോ തെരഞ്ഞെടുക്കാനും അദ്ദേഹം അവളെ അനുവദിച്ചു. വീടുവിട്ട് മറ്റെവിടെയെങ്കിലും പോയി ഏകാന്തപ്രാർത്ഥനയിൽ മുഴുകാനാണ് റാബിയ തീരുമാനിച്ചത്.

ജീവിതകാലമത്രയും നിസ്സ്വാർത്ഥമായ ദൈവസ്നേഹത്തിലും, ആത്മപരിത്യാഗത്തിലും റാബിയ ഉറച്ചുനിന്നു. തന്റേതെന്നുപറയാൻ, പൊട്ടിയ ഒരു മൺപാത്രവും, പരുക്കൻ പായും, തലയിണയായി ഒരിഷ്ടികയും ആണ് അവർക്കുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. രാത്രിമുഴുവൻ അവർ പ്രാർത്ഥനയിലും ധ്യാനത്തിലും ചെലവഴിച്ചു. ഉറങ്ങേണ്ടിവരുന്നത് അവർക്ക് മനസ്താപമുണ്ടാക്കി.

റാബിയയുടെ പ്രശസ്തി പരന്നതോടെ ധാരാളം ശിഷ്യന്മാർ അവർക്കുണ്ടായി

റാബിയയുടെ പരിത്യാഗപരിപൂർണ്ണതയേക്കാൾ ശ്രദ്ധേയമായത് ദൈവപ്രേമത്തെക്കുറിച്ച് അവർ അവതരിപ്പിച്ച വീക്ഷണമാണ്. നരകഭയത്തേയും മോക്ഷകാമത്തേയും ആശ്രയിക്കാതെയുള്ള നിസ്സ്വാർത്ഥദൈവപ്രേമമെന്ന ആശയത്തിന് പ്രാധന്യം കൊടുത്ത ആദ്യത്തെ സൂഫി പുണ്യാത്മാവ് റാബിയ ആണ്

അവർ ഇങ്ങനെ പ്രാർത്ഥിച്ചു:

“നരകഭയം മൂലം ഞാൻ നിന്നെ ആരാധിച്ചാൽ, എന്നെ നരകത്തിൽ എരിയ്ക്കുക്കുക,
പറുദീസ മോഹിച്ച് ഞാൻ നിന്നെ ആരാധിച്ചാൽ എന്നെ പറുദീസയ്ക് പുറത്തു നിർത്തുക.
എന്നാൽ ഞാൻ നിന്നെ നീയായി അറിഞ്ഞ് സ്നേഹിച്ചാൽ,
നിന്റെ നിത്യസൗന്ദര്യം എനിക്ക് നിരസിക്കാതിരിക്കുക.”

ദൈവപ്രേമത്തെക്കുറിച്ചുള്ള റാബിയയുടെ ചിന്ത വ്യക്തമാക്കുന്ന ഒരു കഥ പ്രസിദ്ധമാണ്. ഒരു ദിവസം ഒരിക്കൽ അവർ‍, ബസ്രായിലെ തെരുവുകളിലൂടെ ഒരു കയ്യിൽ ഒരു തൊട്ടി വെള്ളവും മറ്റേക്കയ്യിൽ ഒരു തീപ്പന്തവും പിടിച്ച് ഓടി. എന്താണ് ചെയ്യുന്നതെന്നു ചോദിച്ചവർക്ക് റാബിയ കൊടുത്ത മറുപടി ഇതായിരുന്നു:

“എനിക്ക് സ്വർഗ്ഗത്തിന് തീ വയ്ക്കണം; നരകത്തെ വെള്ളത്തിൽ മുക്കുകയും വേണം. ദൈവത്തിലേയ്ക്കുള്ള വഴിയിൽ അവ രണ്ടും വിലങ്ങുതടികളാണ്. ശിക്ഷയെ ഭയന്നോ സമ്മാനം മോഹിച്ചോ ഉള്ള ദൈവാരാധന ഞാൻ ഇഷ്ടപ്പെടുന്നില്ല. ദൈവസ്നേഹത്തെപ്രതിയുള്ള ആരാധനയാണ് എനിക്കിഷ്ടം”

സാത്താനെ വെറുക്കുന്നോ എന്ന ചോദ്യത്തിന് റാബിയ കൊടുത്ത മറുപടി, തന്നെ ഗ്രസിച്ചിരിക്കുന്ന ദൈവസ്നേഹം ദൈവത്തോടല്ലാതെ മാറ്റോരോടുമുള്ള സ്നേഹത്തിനോ ദ്വേഷത്തിനോ ഇടം അനുവദിക്കുന്നില്ല എന്നാണ്

ഒരിക്കൽ ഹസൻ ബസ്രി, റാബിയയെ ഒരു ജലാശയത്തിനടുത്ത് കണ്ടുമുട്ടി. തന്റെ നമസ്കാരത്തടുക്ക് വെള്ളത്തിനുമേൽ വിരിച്ചിട്ട് അദ്ദേഹം റാബിയയോട് പറഞ്ഞു:”റാബിയ! വരുക, നമുക്കിവിടെ രണ്ടു റക‌അത്തുകൾ നിസ്കരിക്കാം.” റാബിയ അതിന് ഇങ്ങനെ മറുപടി പറഞ്ഞു: “ഹസ്സൻ, ആത്മീയധനം ഭൗതികകമ്പോളത്തിൽ പ്രദർശിപ്പിക്കണമെന്നാണെങ്കിൽ, അവ മറ്റുള്ളവരുടെ കൈവശം ഇല്ലാത്തവ ആയിരിക്കണം.” പിന്നെ അവർ തന്റെ നമസ്കാരത്തടുക്ക് വായുവിലെറിഞ്ഞിട്ട് അതിൽ കയറി ഇരുന്നശേഷം ഇങ്ങനെ പറഞ്ഞു: “ഇവിടെ വന്നിരിക്കൂ ഹസ്സൻ. ഇവിടെയാകുമ്പോൾ ആളുകൾക്ക് നമ്മെ കാണാനുമാകും.” തുടർന്ന് അവർ കൂട്ടിച്ചേർത്തു: “ഹസ്സൻ താങ്കൾ ചെയ്തത് മത്സ്യങ്ങൾക്ക് ചെയ്യാനാകം. ഞാൻ ചെയ്തത് ചെയ്യാൻ പക്ഷികൾക്കും കഴിയും. യഥാർത്ഥ കാര്യം ഈ കൗശലങ്ങൾക്കൊക്കെ അപ്പുറത്താണ്. അതിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്.”

നെബിൽ ഹസ്സൻ

 465 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo