ആറ്റുകാൽ പൊങ്കാലയെന്ന ആഭാസം
ഭരണഘടന ഉറപ്പു നൽകുന്ന മലയാളിയുടെ സഞ്ചാരസ്വാതന്ത്രത്തെ ഏതാണ് രണ്ടു ദിവസക്കാലം ഹനിക്കുന്ന നിയമലംഘനമാണ് ആറ്റുകാലിൽ നടക്കുന്നത്. കേരളത്തിൽ ഒരു കാലത്ത് നടന്ന ആര്യവത്ക്കരണ രാസമാറ്റത്തിലെ കൊലപാതകത്തിന്റേയും, പിടിച്ചെടുക്കലിന്റേയും ചരിത്രം തന്നെയാണ് ആറ്റുകാലിനും പറയാനുള്ളത്. ആറ്റുകലിന്റെ ഐതീഹ്യം തന്നെ സംഘകൃതിയിലെ കണ്ണകിയുമായി ബന്ധപ്പെട്ടതാണ്. ആറ്റുകാൽ ക്ഷേത്രവും, തൊട്ടടുത്തുള്ള ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും “തമിഴ് രാജവംശത്തിൽപ്പെട്ട ” ആയ്യ് രാജവംശം സ്ഥാപിച്ചതാണ്.. ദ്രാവിഡരായ പിന്നോക്ക ജാതിക്കാരുടെ കൈവശമിരുന്ന ഈ ക്ഷേത്രവും പിൽക്കാലത്ത് പിടിച്ചടക്കപ്പെട്ട് ഹൈന്ദവവത്ക്കരിച്ചതല്ലാതെ ആറ്റുകാൽ ക്ഷേത്രവുമായി ആര്യ ഹൈന്ദവതയ്ക്ക് പുലബന്ധം പോലുമില്ല എന്നതാണ് ചരിത്രം.. കൊലയുടെ ചരിത്രത്തിൽ നിന്നാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുന്നതു തന്നെ..
കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. കണ്ണകീചരിതം പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നു. അതോടെ ആറ്റുകാല്‍ ഉത്സവത്തിന് തുടക്കമാകുന്നു. അതിനു പിന്നാലെ തോറ്റം പാട്ട് തുടങ്ങുന്നു. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച് ആറ്റുകാലില്‍ എത്തിക്കുന്നത് മുതല്‍ പാണ്ഡ്യരാജാവിന്റെ നിഗ്രഹം വരെയുള്ള ഭാഗങ്ങള്‍ പൊങ്കാലയ്ക്ക് മുന്‍പായി പാടി തീര്‍ക്കുന്നു. അതിനുശേഷമാണ് പൊങ്കാല അടുപ്പില്‍ തീ കത്തിക്കുന്നത്. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കല്‍, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു
തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞയുടന്‍ ശ്രീകോവിലില്‍ നിന്നു പകരുന്ന ദീപം മേല്‍ശാന്തി ക്ഷേത്രതിടപ്പള്ളികളിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം സഹമേല്‍ശാന്തിക്കു കൈമാറും. സഹമേല്‍ശാന്തി ക്ഷേത്രത്തിന് പുറത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പില്‍ തീകത്തിക്കുന്നു. തുടർന്ന് ചെണ്ടമേളത്തിന്റെയും കതിനാവെടിയുടെയും വായ്ക്കുരവയുടെയും ആരവത്തോടെ മറ്റു പൊങ്കാല അടുപ്പുകളിലേക്ക് തീപകരും. ഉച്ചയ്ക്കാണ് നിവേദ്യം.
സംഘകൃതിയിലെ കഥയാണ് ഇന്നും ഹൈന്ദവവത്ക്കരിച്ച് ഈ വിശ്വാസത്തോടൊപ്പം പ്രചരിപ്പിക്കുന്നത്.ആ കഥ ഏതാണ്ട് ഇതുപോലെയാണ്..
കാവേരിപ്പൂമ്പട്ടണത്തിലെ ധനികനായ ഒരു പ്രമാണിയുടെ മകളായിരുന്നു കണ്ണകി. വിവാഹപ്രായമായപ്പോള്‍ ധാരാളം സമ്പത്ത് നല്കി അവളെ കോവലനു വിവാഹം ചെയ്തു കൊടുത്തു. സന്തോഷപൂര്‍ണ്ണമായ വിവാഹജീവിതത്തിനിടെ മാധവി എന്ന നര്‍ത്തകിയുമായി കോവലന് അടുപ്പത്തിലായി. കണ്ണകിയെയും തന്റെ കുടുംബത്തെയും മറന്ന് തന്റെ സമ്പത്തു മുഴുവന്‍ അവള്‍ക്കടിയറവെച്ച് കോവലന് ജീവിച്ചു. എന്നാല്‍ സമ്പത്ത് മുഴുവന്‍ തീര്‍ന്നപ്പോള്‍ ഒരു ദിവസം കോവലന് തെരുവിലേക്കെറിയപ്പെടുന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ കോവലന് കണ്ണകിയുടെ അടുത്ത് തിരികെ എത്തി. പതിവ്രതയായ കണ്ണകി അയാളെ സ്വീകരിച്ച് ഒരു പുതിയ ജീവിതത്തിനു തുടക്കമിട്ടു. എന്നാല്‍ തങ്ങളുടെ സമ്പാദ്യമെല്ലാം തീര്‍ന്ന കോവലന് പണത്തിനുവേണ്ടി പവിഴം നിറച്ച കണ്ണകിയുടെ ചിലമ്പ് വില്ക്കാന് തീരുമാനിച്ചു.ഇതിനായി ഇരുവരും ഒരുമിച്ച് മധുരയിലേയ്ക്ക് പുറപ്പെട്ടു. ആയിടക്കുതന്നെ പാണ്ഡ്യരാജ്ഞ്നിയുടെ മുത്തുകള്‍ നിറച്ച ഒരു ചിലമ്പ് കൊട്ടാരത്തില്‍ നിന്നു മോഷണം പോയിരുന്നു. കൊട്ടാരം തട്ടാനായിരുന്നു ഈ ചിലമ്പ് മോഷ്ടിച്ചത്. ചിലമ്പ് വില്‍ക്കാനായി അവര്‍ എത്തിയത് ഈ തട്ടാന്റെ അടുത്തായിരുന്നു.അവസരം മുതലാക്കി തട്ടാന്‍ കോവലനാണ് ചിലമ്പ് മോഷ്ടിച്ചതെന്ന് പാണ്ഡ്യ രാജാവിനെ അറിയിച്ചു. ചിലമ്പ് അന്വേഷിച്ചു നടന്ന പട്ടാളക്കരുടെ മുമ്പില്‍ കോവലന് അകപ്പെട്ടു. പാണ്ഡ്യരാജസദസ്സില്‍ രാജാവിനുമുമ്പില്‍ എത്തിക്കപ്പെട്ട കോവലനു കണ്ണകിയുടെ ചിലമ്പില്‍ പവിഴങ്ങളാണെന്നു തെളിയിക്കാനായില്ല. തുടര്‍ന്നു രാജാവ് കോവലനെ ചെയ്യാത്ത മോഷണക്കുറ്റത്തിനു ഉടനടി വധശിക്ഷക്ക് വിധേയനാക്കി. വിവരമറിഞ്ഞ് ക്രുദ്ധയായി രാജസദസ്സിലെത്തിയ കണ്ണകി തന്റെ ചിലമ്പ് പിടിച്ചുവാങ്ങി അവിടെത്തന്നെ എറിഞ്ഞുടച്ചു. അതില്‍നിന്ന് പുറത്തുചാടിയ പവിഴങ്ങള്‍ കണ്ട് തെറ്റ് മനസ്സിലാക്കിയ രാജാവും രാജ്ഞിയും പശ്ചാത്താപത്താല്‍ മരിച്ചു. പക്ഷേ പ്രതികാരദാഹിയായ കണ്ണകി അടങ്ങിയില്ല. തന്റെ ഒരു മുല പറിച്ച് മധുരാനഗരത്തിനു നേരെ എറിഞ്ഞ് അവള് നഗരം വെന്തുപോകട്ടെ എന്നു ശപിച്ചു. അവളുടെ പാതിവ്രത്യത്തിന്റെ ശക്തിയാല്‍ അഗ്നിജ്വാലകള്‍ ഉയര്‍ന്ന് മധുരാനഗരം ചുട്ടെരിഞ്ഞു. തുടര്‍ന്ന് കണ്ണകി മധുരാനഗരം ഉപേക്ഷിച്ചു. മധുര നഗരം കത്തിച്ച് തിരിച്ചെത്തിയ കണ്ണകിയ്ക്ക് സ്ത്രീകൾ പൊങ്കാലയിട്ടു സ്വീകരിച്ചു എന്നതാണ് കഥ.
ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടും ചരിത്രം തൊട്ടു തീണ്ടാത്ത മറ്റൊരു കഥയാണ് പ്രചരിപ്പിക്കുന്നത്..
ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവര്‍ ഒരിക്കല്‍ കിള്ളിയാറ്റില് കുളിക്കുമ്പോള്‍ ആറിന് അക്കരെ കണ്ണകി ബാലികാരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ബാലിക തന്നെ അക്കരെ കടത്തിവിടാന്‍ കാരണവരോട് പറഞ്ഞു. അക്കരെ കടത്തിയ കാരണവര്‍ ബാലികയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. ബാലികയെ സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ക്കായി അകത്തേക്ക് പോയ കാരണവര്‍ തിരികെ വരുമ്പോഴേക്കും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ക്ക് സ്വപ്നദര്‍ശനം ഉണ്ടായി. സ്വപ്നത്തില്‍ ആദിപരാശക്തിയായ ദേവി പ്രത്യക്ഷപ്പെട്ട്, തന്നെ അടുത്തുള്ള കാവില്‍ മൂന്ന് വര കാണുന്നിടത്ത് പ്രതിഷ്ഠ നടത്തി കുടിയിരുത്താന്‍ ആവശ്യപ്പെട്ടു. അപ്രകാരം രാവിലെ സ്വപ്നത്തില്‍ ദര്‍ശനമുണ്ടായ സ്ഥലം കാണുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരികവധത്തിന് ശേഷം സൗമ്യഭാവത്തില്‍ വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും ആര്യവത്ക്കരിക്കപ്പെട്ട ദ്രാവിഡ സങ്കൽപ്പത്തെ ശ്രീപാര്‍വ്വതിയുടെ അവതാരമാക്കുകയാണ് പിൽക്കാലത്ത് ചെയ്തിട്ടുള്ളത്. ഇവ രണ്ടിനും ഹിന്ദു മതവുമായി പുല കുടി ബന്ധം പോലുമില്ല എന്നതാണ് സത്യം.
പിന്നോക്ക ജാതിക്കാരുടെ കൈവശമുണ്ടായിരുന്ന മുടിപ്പുര ആയിരുന്നു ഈ ക്ഷേത്രം പിന്നീട് ഇത് തട്ടിയെടുത്ത് ചിലര്‍ ബോധപൂര്‍വ്വം തങ്ങളുടെ മാത്രം നിയന്ത്രണത്തിലാക്കുകയായിരുന്നു എന്നതാണ് സത്യം. കേരളത്തില്‍ പ്രചാരത്തിലുള്ള ഭദ്രകാളിപ്പാട്ടില്‍, കന്യകയാകാന്‍ ആഗ്രഹിച്ച ശിവപുത്രിയായ കന്യാവാണ് കേന്ദ്രകഥാപാത്രം. വടക്കന്‍ കൊല്ലത്തെ രാജകുമാരനായ പാലകന്റെ ഭാര്യയാവുകയാണ് കന്യാവ്. ആറ്റുകാലില്‍ പാടുന്ന തോറ്റം പാട്ടിലെവിടെയും കണ്ണകിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ല. ഭദ്രകാളീ സ്തുതിയാണ് ക്ഷേത്രത്തിലെ മൂലമന്ത്രം. ഇതും ഐതീഹ്യവുമായി പൊരുത്തപ്പെടുന്നുമില്ല.. മാത്രവുമല്ല പൊങ്കാല ഒരു ദ്രാവിഡ ആചാരമായി ആണ് ചരിത്രം രേഖപ്പെടുത്തുന്നതും.
ക്ഷേത്രത്തിന്റെ ഏതാണ്ട് 25 കി.മി ചുറ്റളവിൽ സഞ്ചാരസ്വാതന്ത്രം തടയുകയും. ഒരു ഭ്രാന്തൻ വിശ്വാസത്തിന്റെ പേരിൽ ഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ച് സുരക്ഷയും, അഗ്നിശമന വിഭാഗവും, ആരോഗ്യ വകുപ്പും, സന്നദ്ധ സംഘടനകളും നടത്തുന്ന ഈ മര്യാദകേട് അവസാനിപ്പിക്കേണ്ടതുണ്ട്. വിശ്വാസികൾ ഏതൊരു അപകടത്തിൽ നിന്നും തങ്ങളെ ദേവി രക്ഷിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്ന ഈ ആചാരത്തിന് സർക്കാർ സംവിധാനം എല്ലാ സുരക്ഷയും ഒരുക്കുന്നു എന്നതിലെ വിരോധാഭാസം വിശ്വാസികളെങ്കിലും മനസിലാക്കണം. സ്വന്തം വീട്ടിലെ അടുക്കളയിൽ കയറിയിട്ടില്ലാത്ത സെലിബ്രിറ്റികൾ അടക്കമുള്ളവർ സ്വന്തം വീട്ടിലെ അടുപ്പിൽ പൊങ്കാലയിട്ട് സായൂജ്യമടയണം.. അല്ലാതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്.. ദേവി തൂണിലും തുരുമ്പിലും ഉണ്ടന്നല്ലേ നിങ്ങളുടെ വിശ്വാസം.. അപ്പോ ഈ ആഭാസത്തിന് എന്തിന് പൊതുവഴി തിരഞ്ഞെടുക്കണം.. എന്തിന് അന്തരീക്ഷ, പരിസ്ഥിതി മാലിന്യം സൃഷ്ടിക്കണം..! പൊങ്കാല നിങ്ങളുടെ അടുക്കളയിൽ തന്നെയാവട്ടെ.. അതാവും നല്ലത്.. നാടിനും, ജനങ്ങൾക്കും..
584 കാഴ്ച