എന്റെ ഗർഭമല്ല ഒരു ഡോക്ടറുടെ കുറിപ്പ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( 1 ) ബോംബേക്കാരനായ ആ മനുഷ്യൻ ഇങ്ങനെ കുറിച്ചു : ” സ്പോഞ്ച് മുറിക്കാനായി ഞാൻ കത്തി കയ്യിലെടുത്തു . വളരെ എളുപ്പത്തിൽ പണി തീർക്കാമെന്ന് കരുതി കത്തി കേറ്റി . ങേ , എന്തായിത് ? മൂർച്ചയുള്ള ഈ ഉപകരണം ഒട്ടുമേ കയറുന്നില്ല . കാരിരുമ്പിനേക്കാൾ കാഠിന്യമുള്ള സ്‌പോഞ്ചോ ? ”.

( 2 ) മേല്പറഞ്ഞതിന്റെ അർഥം ഡോ.സണ്ണി വീട്ടുകാരോട് വിവരിച്ചു . മുറിച്ചാൽ ബ്രഡ് പോലെയിരിക്കുന്ന , ലോലമായ ഒരവയമാണ് ശ്വാസകോശം . എന്നാൽ അത് കാരിരുമ്പ് പോലെ കഠിനമാകുന്ന ഒരവസ്ഥയെപ്പറ്റി പ്രേത പരിശോധന അഥവാ പോസ്റ്റ്‌മോർട്ടം നടത്തിയ ഒരു ഡോക്റ്ററുടെ വാക്കുകളാണ് നാം കേട്ടത് . കോവിഡ് മൂലം മരിച്ച അഞ്ചു രോഗികളുടെ മൃതശരീരം , autopsy / പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ മേപ്പടിയാന് അനുഭവവേദ്യമായ ശ്വാസകോശത്തിന്റെ കാഠിന്യമാണ്‌ മേൽ പറഞ്ഞത് ….

( 3 ) കോവിഡ് ബാധയിൽ വൈറസല്ല വില്ലൻ എന്നും , ശരീരത്തിന്റെ രോഗ പ്രതിരോധ വ്യവസ്ഥയാണ് നമുക്കിട്ട് പണി തരുന്നത് എന്ന് സണ്ണി വീട്ടുകാരോട് വിശദീകരിച്ചു . വൈറസുകളുടെ പുറം പാളിയിൽ കാണുന്ന മുള്ളുപോലെയുള്ള ഭാഗങ്ങളോടുള്ള ശരീരത്തിന്റെ തീവ്രമായ പ്രതിപ്രവർത്തനം മൂലം , രക്തക്കുഴലുകളുടെ ഭിത്തികളിൽ ഉണ്ടാകുന്ന വീക്കം ( vasculitis ) ആണ് ബാക്കിയെല്ലാ പ്രശ്‍നങ്ങൾക്കും കാരണം . ആരുടെ ശരീരമാണ് രോഗാണുവിനെതിരെ തീവ്രമായി പ്രതി പ്രവർത്തിക്കുന്നത് എന്ന കാര്യം പ്രവചിക്കാനാവില്ല . ആയതിനാൽ അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക , ഏവർക്കും വാക്സിൻ കിട്ടുന്ന കാലം വരെ അവരവർ താന്താങ്ങളെ സൂക്ഷിക്കുക . ഇത്രയും പറഞ്ഞ് സണ്ണി തന്റെ മുറിയിലേക്ക് കയറിപ്പോയി .

( 4 ) അധ്യാപകരെയും മാതാപിതാക്കളെയും ചികില്സിക്കുക ബുദ്ധിമുട്ടാണ് എന്ന് മെഡിക്കൽ കോളേജിലെ അധ്യാപകർ പകുതി കളിയായും , പകുതി കാര്യമായും പറയാറുണ്ട് — its very difficult to treat parents as well as teachers . സണ്ണിയുടെ പിതാവ് സ്ഫടികം സിനിമയിലെ ചാക്കോ മാഷിനെപ്പോലെയൊരു കഥാപാത്രമായിരുന്നു , ഒരു റിട്ടയേർഡ് ബയോളജി ടീച്ചർ . ആര് പറഞ്ഞാലും വകവയ്ക്കില്ല , അനുസരിക്കില്ല . പുള്ളിയെന്തോ ഒരു സംഭവമാണെന്ന് കരുതി വശായി നടക്കുന്ന ഒരാൾ . കഴിഞ്ഞ ഒരു വർഷമായി ആശുപത്രി – വീട് , വീട് – ആശുപത്രി എന്ന രീതിയിൽ ജീവിക്കുന്ന , മാസ്ക്കും ഫേസ്ഷീൽഡും ഗോഗിൾസും സാനിട്ടയ്‌സറും ശരീരത്തിന്റെ ഭാഗമാക്കിയ സണ്ണിയുടെ വാക്കുകൾ , അയാളുടെ പിതാവ് ഗൗനിച്ചതേയില്ല ….

( 5 ) അലക്ഷ്യമായി മാസ്ക്ക് ധരിച്ച് , വഴിയേ പോകുന്നവരോടെല്ലാം വാഗ്വാതിസാരം ( verbal diarrhoea ) വിളമ്പിനടന്ന ബയോളജി ടീച്ചർ രണ്ടു ദിവസമായി ശരീരവേദനയും തലവേദനയുമായി മല്ലിട്ടു . കൂട്ടിനു പനിയും .അറിയാവുന്ന നാടൻ പൊടിക്കൈകളൊക്കെ ചെയ്തു നോക്കി , നോ രക്ഷ .മൂന്നാം ദിനം പുള്ളിയ്ക്ക് കൊറോണ ടെസ്റ്റ് ചെയ്യണമെന്നായി . സണ്ണിയുടെ swab duty ദിനം , പിതാശ്രീ കോവിഡ് പരിശോധനയ്ക്ക് വിധേയനായി , സംഭവം പോസിറ്റിവ് . പിന്നാലെ വീട്ടിലെ ബാക്കി അംഗങ്ങൾ പോസിറ്റിവായി .രണ്ടാം ഡോസ് വാക്സിനെടുത്ത് പതിനാലുദിവസത്തെ സാവകാശം കിട്ടുന്നതിന് മുൻപ് സണ്ണിയും അവസാനം പോസിറ്റിവ് ആയി . ഒരാളിൽ നിന്നും ബാക്കി നാലുപേർക്ക് കൂടി രോഗപ്പകർച്ച സാധ്യമായി .

( 6 ) ഒരു വർഷമായി വിശ്രമമില്ലാതെ പണിയെടുത്ത സണ്ണി , പത്ത് ദിവസത്തെ ക്വാറന്റൈൻ കാലയളവിലേക്ക് പ്രവേശിച്ചു . ഇത്രയുമൊക്കെ പ്രതിരോധിച്ച് നിന്നിട്ടും അവസാനം കപ്പിനും ചുണ്ടിനുമിടയിൽ വച്ച് ജയം നഷ്ടമായ കാപ്റ്റനെപ്പോലെ , സഹപ്രവർത്തകരെ കൈവീശിക്കാണിച്ച് അയാൾ തന്റെ മടയിലേക്ക് പോയി . ആരും ശല്യപ്പെടുത്തരുത് ( please don’t disturb ) എന്നൊരു ബോർഡും വീട്ടുപടിയ്ക്കൽ തൂക്കി കുംഭകർണ്ണ സേവയ്ക്കായി അയാൾ തന്റെ മുറിയിലേക്ക് കയറി .

ലോകം മുഴുവനും ബോധവൽക്കരിച്ചാലും , സ്വന്തം മാതാപിതാക്കൾ അതൊന്നും ചെവിക്കൊള്ളുന്നില്ലെങ്കിൽ എന്ത് കാര്യം ? ( വി . ബാല മംഗളം 38 : 12 )

 371 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo