പരവെടി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പരവെടി


ചട്ടിക്കാരി ഭാർഗവി ചത്തശേഷം അവരുടെ മോള് തങ്കി ആ പണി ഏറ്റെടുത്തു.
അന്നാട്ടിലെ ഏറ്റവും സുന്ദരിയായിരുന്നു തങ്കി..
വലിയ കണ്ണുകളും
തുടുത്ത ചുണ്ടുകളും തഴച്ച മുടിയും
തെറിച്ച മുലകളും
തടിച്ച നിതംബവുമായിരുന്നവൾക്ക്.
ചട്ടിയും കലവും നിറച്ച മുളംകൊട്ടയുമായി അവൾ നടന്ന് പോകുന്ന വഴികളിലൊക്കെ കാഴ്ച്ചക്കാർ കൂടിക്കൂടി വന്നു..
അവരവളുടെ അഴകുകളുടെ അളവെടുത്തു..
നേരമൊത്തുകിട്ടിയവർ അവളോട് രാത്രി വരട്ടേന്ന് ചോദിച്ചു.
നാട്ടിലെ പെണ്ണുങ്ങൾക്ക് കണ്ണുകടിച്ചു.
അവർക്ക് തങ്കിയെ കണ്ണിന് പിടിക്കാതായി.

അങ്ങനെ നാട്ടാര് പറഞ്ഞ് “തങ്കി” വെടിയായി..

അവളുടെ വീടിന്റെ മുന്നിലെ ഇടവഴിയിൽ ചൂളമടികളും,തെറികളും മുഴങ്ങി.
കൈലി മാടിക്കുത്തിയ കാലുകളും,
സൈക്കിളുകളും മെല്ലെ ചലിച്ചു.
ചാരായവും മൂത്രവും മണത്തു..
പക്ഷേ
ആരുമവളുടെ മുറ്റത്തേക്ക് കയറാൻ ധൈര്യപ്പെട്ടില്ല.
അരഭിത്തിയിൽ വലിയ അരിവാളുമായിരുന്ന തങ്കി ആരെയും നോക്കിയതുമില്ല.

അങ്ങനെ തങ്കി കാരണം നാട്ടിലെ ആണുങ്ങൾ വഴിതെറ്റുന്നു എന്ന് പരാതി ഉയർന്നു,
പെണ്ണുങ്ങൾ ഇളകി.
തങ്കിയെ നാടു കടത്തണമെന്ന് അഭിപ്രായങ്ങൾ പൊന്തിവന്നു..

അടുത്ത ദിവസം ചട്ടിയും കൊണ്ട് പോയ വഴി ക്ഷേത്രത്തിലെ തന്ത്രി പതിവു പോലെ കിണ്ടി ഉയർത്തി കാണിച്ചു.
തങ്കി നിന്നു. അയാളെ അടുത്ത് വിളിച്ചു. രാത്രി എട്ട് മണിക്ക് വരാൻ വീട്ടിൽ വരാൻ പറഞ്ഞു.
തന്ത്രി വായിൽക്കിടന്ന മുറുക്കാൻ അപ്പടി വിഴുങ്ങി…

വീട്ടിൽ വന്ന് വെഞ്ചരിപ്പ് നടത്താം എന്ന് മാസങ്ങളായി പറയുന്ന പാതിരിയോട് അന്ന് തങ്കി പറഞ്ഞത് രാത്രി എട്ട് അഞ്ചിന് വരാനാണ്.

ആ വഴി അരയിൽ ഏലസ്സ് കെട്ടിക്കൊടുക്കാമെന്ന് നാളുകളായി നിർബന്ധം പിടിക്കുന്ന മൊല്ലാക്കയേയും തങ്കി കണ്ടു, എട്ട് പത്തായിരുന്നു മൊല്ലാക്കയ്ക്ക് കിട്ടിയ സമയം..

തിരിച്ച് പോരണ വഴി പഞ്ചായത്ത് പ്രസിഡന്റിനും തങ്കി ദർശനസമയം കൊടുത്തു. എട്ടേകാൽ..

അങ്ങനെ രാത്രിയായി,
എട്ടേകാലോടെ ഓരോരുത്തരും പലരൂപത്തിൽ തങ്കിയുടെ വീടിനുള്ളിൽ കടന്നു.. ഓരോരുത്തരേയും തങ്കി പലയിടത്തായി ഒളിപ്പിച്ചു..
എല്ലാരേയും ഒളിപ്പിച്ചിട്ട് മുറ്റത്തേക്കിറങ്ങി നിന്ന് തങ്കി ഉച്ചത്തിൽ അലറി വിളിച്ചു.

നാട്ടാര് കൂടി..

ആദ്യം തന്ത്രി, പിന്നെ പാതിരി പിന്നെ മൊല്ലാക്ക ഒടുക്കം പ്രസിഡന്റ്.. ഓരോരുത്തരായി പുറത്തേക്ക് വന്നു.
അമ്പലത്തിലെ മുടിയാട്ടത്തിന്റെ കാര്യം പറയാൻ വന്നതാണെന്ന് പറഞ്ഞ് രണ്ടാം മുണ്ട് തലേലിട്ട് നീട്ടിത്തുപ്പി തന്ത്രി നേരേയങ്ങ് നടന്നു..

കുമ്പസാരിപ്പിക്കാൻ വന്നതാണെന്ന് പറഞ്ഞ് പാതിരിയും,
ഏലസ്സ് കെട്ടിച്ച് നേർവഴിക്ക് നടത്താൻ വന്നതാണെന്ന് പറഞ്ഞ് മൊല്ലാക്കയും
വീടൊഴിഞ്ഞു പോകണമെന്ന നാട്ടാരുടെ തീരുമാനം ബോധിപ്പിക്കാൻ വന്നതാണെന്ന് പറഞ്ഞ് പ്രസിഡന്റും തന്ത്രി പോയ വഴിയേ വെച്ച് പിടിച്ചു..

നാട്ടാര് കണ്ണിൽക്കണ്ണിൽ നോക്കി, പിറുപിറുത്തു. പിന്നെ ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു..
“തല്ലിക്കൊല്ലടാ ആ പരവെടിയെ”.
മുന്നേ തഞ്ചത്തിൽ സ്ഥലം വിട്ടുപോയ നാലുപേരത് കേട്ട് തിരിച്ചു വന്നു,
പിന്നെയവരും നാട്ടാരും ചേർന്ന് തങ്കിയെ തല്ലിക്കൊന്നു..

ഒടുക്കം ശവം കുഴിവെട്ടി മൂടിയ അവറാൻ മാത്രം തിരിച്ചറിഞ്ഞു.
തങ്കി കന്നിപ്പെണ്ണായിരുന്നെന്ന്..
അയാളാ രഹസ്യം ആരോടും പറയില്ലെന്ന് ഉറപ്പിച്ചു,
അവളെ എവിടെ കുഴിച്ചുമൂടിയെന്നും അയാളാരോടും പറയില്ല.
കാരണം നാട്ടാരറിഞ്ഞാൽ
ആ കുഴി എന്നും തുരക്കപ്പെടുമോ എന്ന് അയാൾക്ക് സംശയമായിരുന്നു..

മൺവെട്ടിക്ക് കുഴിമാടത്തിലെ മണ്ണിടിച്ചുറപ്പിച്ച് അപ്പുറത്ത് ഊരിയിട്ട അടിവസ്ത്രം വലിച്ചു കയറ്റിയിട്ട് കാർക്കിച്ചു തുപ്പി അയാള് നേരെ നടന്നു..
പോണപോക്കിൽ അയാളുടെ വായിൽ നിന്ന് തുപ്പലിനൊപ്പമൊരു വാക്കു കൂടി പുറത്തേക്ക് തെറിച്ചു..

“പരവെടി”…

പ്രവീൺ പ്രഭ
23ജൂലൈ2020..

 408 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo