മതങ്ങൾ പറയുന്നത്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ബഹുഭൂരിപക്ഷമായ ഹിന്ദുക്കൾ തങ്ങൾ മാത്രമാണ് യഥാർത്ഥ വിശ്വാസികൾ എന്ന് പറയുമ്പോൾ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചേർന്നുപറയുന്നത് ഹിന്ദുക്കൾ അവിശ്വാസികളാണെന്നാണ്.

മുസ്ലിങ്ങളെല്ലാം തങ്ങളാണ് യഥാർത്ഥ വിശ്വാസികൾ എന്ന് പറയുമ്പോഴും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഒരുമിച്ചു പറയുന്നതും മുസ്ലിങ്ങൾ അവിശ്വാസികളാണെന്നാണ്.

അതുപോലെ, ക്രിസ്ത്യാനികളെല്ലാം ചേർന്ന് തങ്ങളാണ് യഥാർത്ഥ വിശ്വാസികൾ എന്ന് പറയുമ്പോഴും മുസ്ലിങ്ങളും ഹിന്ദുക്കളും ഒരുമിച്ചു പറയുന്നതും ക്രിസ്ത്യാനികൾ അവിശ്വാസികളാണെന്നാണ്.

ഒരു പ്രത്യക മതത്തിലെ അംഗങ്ങളെല്ലാം ചേർന്ന് തങ്ങളാണ് യഥാർത്ഥ വിശ്വാസിസമൂഹമെന്ന് അലമുറയിടുമ്പോൾ മറ്റു രണ്ടുകൂട്ടരും ചേർന്ന് ആരോപിക്കുന്നത് ആദ്യത്തെ കൂട്ടർ അവിശ്വാസികളാണെന്നാണ്. കൂടാതെ, ആദ്യത്തെ കൂട്ടരെ അവിശ്വാസികളെന്ന് മുദ്രകുത്താൻ കൂട്ടുകൂടിയ മറ്റു രണ്ടുകൂട്ടരും രഹസ്യമായി പരസ്പരം ആരോപിക്കുന്നതും അവിശ്വാസികൾ എന്നു തന്നെയാണ്.

ഒരു നാമത്തിന്റെ ഉടമസ്ഥൻ ഒരിക്കലും സ്വയം വിളിക്കുവാൻ ആ നാമം ഉപയോഗിക്കാറില്ല. മറ്റുള്ളവരാണ് ആ നാമം ഉപയോഗിക്കുന്നത്. ആ വിശാല അർത്ഥതിൽ ഏതു മതം പരിശോധിച്ചാലും അതിലെ അംഗങ്ങൾ മാത്രമാണ് തങ്ങൾ വിശ്വാസികളാണെന്ന് അംഗീകരിക്കുന്നത്, അതേസമയം മറ്റു മതത്തിലെ അംഗങ്ങളെല്ലാം അവരെ അവിശ്വാസികളെന്നു വിളിച്ചാണ് ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ “ഇന്ത്യ അവിശ്വാസികളുടെ നാടാണ്”. ഇത് ഉൾകൊള്ളാൻ കഴിയാത്തവരാണ് വിശ്വാസപട്ടത്തിൻറെ പേരുപറഞ്ഞുകൊണ്ട് ഇന്ത്യയിൽ വംശീയതയും ജാതീയതയും മത സ്പർദ്ദയും ഉല്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ, പരസ്പരം കരിവാരിതേക്കുമ്പോഴും ഈ മൂന്നു കൂട്ടരും യോജിക്കുന്ന ഒരു മേഖലയുണ്ട്. അതായത് ഇവരുടെയെല്ലാം ജനാതിപത്യ വിരുദ്ധതയെയും, അന്ധവിശ്വാസത്തെയും ചോദ്യം ചെയ്യുന്ന യുക്തിചിന്തകരെ ഒരു പൊതുശത്രുവായി കണ്ടുകൊണ്ട് ഇവർ മൂവരും പരസ്പരം കരിവാരിത്തേക്കുവാൻ ഉപയോഗിക്കുന്ന “അവിശ്വാസികൾ” എന്ന നാമം അവരുടെമേൽ ചാർത്തിക്കൊടുക്കുന്നു. യുക്തിചിന്തയിൽ അധിഷ്ഠിതമായി ജീവിക്കുന്നവരാകട്ടെ തങ്ങൾക്ക് ചാർത്തി തന്നിരിക്കുന്ന അവിശ്വാസികൾ എന്ന പട്ടം സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.

മതാധിപത്യത്തിന്റെ പേര് പറഞ്ഞുകൊണ്ടു അവിശ്വാസി സമൂഹത്തിൽപെട്ട ഹിന്ദുക്കൾ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ദ്രോഹിക്കുകയും അവഹേളിക്കുകയും ചെയ്യുമ്പോഴും — മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള സ്പർദ്ധയിൽ തങ്ങൾക്കൊരു പങ്കുമില്ലെന്നുപറഞ്ഞുകൊണ്ട് രക്തം കുടിക്കാൻ കാത്തിരിക്കുന്ന കുറുക്കനെപ്പോലെ ഭൂമിയിലെ സകലമാന പ്രദേശങ്ങളും ക്രിസ്തുമതത്തിന്റെ പേരിൽ ചാർത്തിവാങ്ങാൻ നിശബ്‌ദമായി ക്രിസ്ത്യാനികൾ പ്രവർത്തിക്കുമ്പോഴും — ദാറുൽ ഇസ്ലാമിന്റെ പേരു പറഞ്ഞു ഹിന്ദുക്കളെ ഒറ്റപ്പെടുത്തിയും, അന്ത്യനാളിൽ ക്രിസ്ത്യാനികളെല്ലാം മുസ്ലിമുകളായിമാറുമെന്ന മത വാക്യം ഉപയോഗിച്ചുകൊണ്ട് ക്രിസ്തുമത അനുയായികളെ മുസ്ലിങ്ങൾ അപഹസിക്കുമ്പോഴും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഇവരുടെയെല്ലാം മതസ്വാതന്ത്യ്രത്തിനും ഇന്ത്യയിൽ ജീവിക്കാനുള്ള ഇവരുടെയെല്ലാം അവകാശത്തിനുവേണ്ടി വാദിക്കുന്നത് യുക്തിവാദത്തിൽ അധിഷ്ഠിതമായി ജീവിക്കുന്ന അവിശ്വാസികളാണ്.

ഒരു ജനാതിപത്യ രാഷ്ട്രത്തിൽ വിശ്വാസികളും അവിശ്വാസികളും പുലർത്തുന്ന ജനാധിപത്യ മര്യാദകളുടെ വ്യത്യാസങ്ങളെക്കുറിച്ചും, വിശ്വാസികൾ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ എന്ത് മൂല്യങ്ങളാണ് നൽകുന്നതെന്നും ഇനി എന്നാണ് സമൂഹം ചർച്ച ചെയ്യുന്നത്???
Dr. പാർഥസാരഥി

 518 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo