വസ്ത്രത്തിന്റെ ഭൂതകാലം വർത്തമാനകാലം ഭാവി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മനുഷ്യൻ വസ്ത്രം ഉപയോഗിച്ച് തുടങ്ങിയത് കാലാവസ്ഥയെ പ്രതിരോധിക്കാനായിട്ടാണ്, അതി ശൈത്യ മേഖലകളിൽ/കാലങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാൻ മൃഗങ്ങളുടെ തോൽ ഉപയോഗിക്കുന്നത് തൊട്ട് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഭംഗിക്ക് ഇലകളും മൃഗത്തോലുകളും ഉപയോഗിച്ചുള്ള അരപ്പട്ടയോ, രാത്രികളിലെ തണുപ്പിന് പുതക്കാൻ മൃഗത്തോലുകളോ ഒക്കെ ഉപയോഗിച്ച് തുടങ്ങുന്നത്.

തണുപ്പ് രാജ്യങ്ങളിലും അത്യുഷ്ണ മേഖലകളിലും വാസസ്ഥലം തണുപ്പിൽ നിന്നും ചൂടിൽ നിന്നും രക്ഷ നേടാൻ മൃഗത്തോലു കൊണ്ടും മരം മണ്ണ് തുടങ്ങിയ സ്ഥലത്തിന് അനുസരിച്ചു ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചും നിർമിച്ചിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വർഷത്തിലെ ഭൂരിഭാഗം ദിവസത്തിലും തുറന്ന ഗുഹയോ മരത്തണലൊ തന്നെ ധാരാളം ആണ്. മരത്തണലിൽ നിന്നും ഗുഹകളിൽ നിന്നും ആശയം ഉൾക്കൊണ്ട്‌ മണ്ണ് കൊണ്ടും തടി ഇലകൾ തുടങ്ങിയവ കൊണ്ടും മനുഷ്യ നിർമിത പാർപ്പിടം പരിണമിച്ചു വന്നിരിക്കാം.

ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താപനില വർഷത്തിലെ 95% മുകളിൽ ദിവസവും 18°ക്കും 38°ക്കും ഇടക്ക് ആയിരിക്കും, ഈ താപനില അളവ് മനുഷ്യനും മറ്റു മൃഗങ്ങൾക്കും സസ്യങ്ങൾക്കും ജീവിതം നിലനിർത്താൻ പറ്റിയ പരിധി ആണ് ജല ലഭ്യതയും ഈ മേഖലയിൽ കൂടുതൽ ആയിരിക്കും. ഇത് കൊണ്ടാണ് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ജൈവ വൈവിദ്ധ്യം അതിന്റെ പാരമ്യതയിൽ നിൽക്കുന്നത്. ജീവൻ അതിജീവിക്കാൻ ഏറ്റവും അനുയോജ്യമായ താപനില ഉഷ്ണമേഖലാ കാലാവസ്ഥ ഉള്ള സ്ഥലങ്ങളിൽ ആണ്, അസുഖങ്ങൾ കുറവും, വരുന്ന അസുഖങ്ങൾക്കുള്ള പ്രകൃതിദത്തമായ (പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു പ്രതിരോധിച്ചു പരിണമിച്ച) വൃക്ഷ ലതാതികളുടെ ലഭ്യത അസുഖങ്ങളെ അതിജീവിക്കുന്ന മൃഗങ്ങളുടെ ലഭ്യത എല്ലാം കൂടുതൽ ആയിരിക്കും, അതെ സമയം അത്യുഷ്ണ മേഖലയിലും അതിശൈത്യ മേഖലയിലും താപനിലയെ അതിജീവിക്കുക എന്നത് വളരെ കഠിനമേറിയതും ഊർജം കൂടുതൽ ആവശ്യമുള്ളതും ആണ്. ഇത് കാരണം ആണ് എപ്പോഴും ഇന്ത്യയിലും തെക്കു കിഴക്കൻ ചൈനയിലും എപ്പോഴും ജനസംഖ്യാപെരുപ്പം കൂടുതൽ ആയിരിക്കുന്നത്.

ഇന്ത്യൻ ഉപ ഭൂഖണ്ഡം, തെക്കു കിഴക്ക് ചൈന, തെക്കേ അമേരിക്ക,തെക്കു കിഴക്ക് ഏഷ്യ പ്രദേശങ്ങളിൽ ഭൂരിഭാഗം സ്ഥലങ്ങളും ഉഷ്ണ മേഖല പ്രദേശം ആണ് ഇവിടങ്ങളിൽ വസ്ത്രം ഒരു അത്യാവശ്യ ഘടകം അല്ല അത് കൊണ്ട് തന്നെ ചരിത്രാതീത കാലം തൊട്ട് വസ്ത്രം ധരിക്കാതെ ആണ് മനുഷ്യൻ ഈ പ്രദേശങ്ങളിൽ ജീവിചിരുന്നത്. ഇപ്പോഴും അതിജീവനത്തിനു ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വസ്ത്രം ആവശ്യമേ ഇല്ല.

അതിശൈത്യ പ്രദേശങ്ങളിൽ മൃഗത്തോൽ വസ്ത്രം ഇല്ലാതെ ചരിത്രാതീത കാലം തൊട്ട് ആരും അതി ജീവിച്ചിരുന്നില്ല, വസ്ത്രം ഇല്ലാതെ അതിജീവനം അസാധ്യം ആണ്. ഈ പ്രദേശങ്ങളിൽ ജനപ്പെരുപ്പം, എല്ലാ ജീവികളുടെയും വർധനയും എപ്പോഴും വളരെ കുറവ് ആയിരുന്നു. അതി ശൈത്യ മേഖലയിൽ അതിജീവിക്കാൻ കൂടുതൽ ഊർജം ആവശ്യം ആണ് ഊർജം കുറവ് ലഭിക്കുന്നവർ അസുഖങ്ങള് ബാധിക്കുന്നതും കൂട്ട മരണങ്ങൾ നടക്കുന്നതും സാധാരണം ആണ്. സൂര്യ പ്രകാശത്തിന്റെ ധൗർബല്യം കാരണം തോൽ സംബന്ധിയായ അസുഖങ്ങൾ മിക്കവാറും എല്ലാവർക്കും തന്നെ ഉണ്ടാവും, അതി ശൈത്യ മേഖലയിൽ ശുചിത്വം പാലിക്കുക എന്നത് അസാധ്യമായ കാര്യം ആണ്, അണു ബാധ ഏറ്റവും കൂടുതൽ പടർന്നു പിടിക്കുന്നതും പ്രതിരോധ മരുന്നുകൾ ശൈത്യ പ്രകൃതിയിൽ ഇല്ലാത്തതും പകർച്ച വ്യാധികൾ കാരണം ലക്ഷകണക്കിന് ആളുകൾ വർഷം തോറും മരണത്തിനു കീഴടങ്ങുന്നതും സർവ സാധാരണം ആണ്. ഇങ്ങനെ മരണപെടുന്നതിൽ നിന്ന് രക്ഷ നേടാൻ ആണ് തണുപ്പ് രാജ്യങ്ങളിൽ ഉള്ളവർ ഉഷ്‌ണ മേഖലാ പ്രദേശങ്ങളിലെ കടൽ തീരങ്ങളിൽ വെയിൽ കായാൻ വരുന്നത്.

സൂര്യ പ്രകാശം ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും ശരീരത്തിൽ പതിച്ചാൽ അണു സംബന്ധമായ അസുഖങ്ങൾ പലതിൽ നിന്നും രക്ഷപെടാം, ഇത് കാരണം ആണ് ഇന്ത്യയിലെ സമ്പന്ന വർഗം സ്വാഭിവികമായി തണലിൽ മാത്രം കഴിയുന്നത് കൊണ്ട് രാവിലെ എണീറ്റാൽ എണ്ണയും തേച്ചു വീട്ട് മുറ്റത്ത്‌ ഒരു മണിക്കൂർ ഒക്കെ വെയിൽ കായുന്ന ശീലം ഉണ്ടായിരുന്നത്. ഇന്നു ആശുപത്രികളിൽ ഡോക്ടർമാർ നവജാത ശിശുക്കളെ കാലത്ത് കുറച്ചു നേരം വെയിൽ കൊള്ളിക്കാൻ പറയുന്നതും ഇതേ കാരണത്താൽ ആണ് പിന്നെ വൈറ്റമിൻ ഡി കിട്ടാൻ എളുപ്പം കുറച്ചു വെയിൽ കൊള്ളേണ്ടത് അത്യാവശ്യം ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യവും ആണ്.

ഇങ്ങനെ രണ്ടു പ്രദേശത്തു പ്രകൃത്യാ വസ്ത്രം ആവശ്യമായവരും ആവശ്യം ഇല്ലാത്തവരും അതാതു കാലാവസ്ഥക്ക് അനുസരിച്ചു ജീവിച്ചിരുന്നു. ഇതേ സമയം ഉഷ്ണമേഖലാ പ്രദേശത്തു ധാരാളം ആയി വളരുന്ന പരുത്തിയിൽ നിന്ന് വസ്ത്രം രൂപപെടുത്തി എടുക്കുകയും ഈ വസ്ത്രത്തിനു തണുപ്പ് രാജ്യങ്ങളിൽ വലിയ ആവശ്യക്കാർ ഉണ്ടാവുകയും ചെയ്തു, ഇന്ത്യയിൽ നിന്നും കുരുമുളകിനും മറ്റു പലവ്യഞ്ജനങ്ങൾക്കും ഒപ്പം പരുത്തി വസ്ത്രങ്ങൾക്കും അതിലെ പരിഷ്കാരങ്ങൾക്കും വലിയ ആവശ്യകത ഉണ്ടായിരുന്നു, ഇത് ഒരു ഘട്ടത്തിൽ ഇന്ത്യൻ വസ്ത്രങ്ങളോടുള്ള ഭ്രമം കാരണം ഖജനാവ് കാലിയാവുന്നു എന്ന് രേഖപ്പെടുത്തുന്നത് വരെ എത്തി റോമിൽ.

18ആം നൂറ്റാണ്ടിൽ യൂറോപ്പുകാർ ലോകം കീഴടക്കിയപ്പോൾ ആണ് വസ്ത്രം ഒരു ഫാഷൻ ആയി ഇന്ത്യയിലേക്കും തെക്കു കിഴക്ക് ഏഷ്യയിലേക്കും ലോകത്തിലെ മറ്റു ഉഷ്ണമേഖലാ അത്യുഷ്ണ മേഖലാ പ്രദേശങ്ങളിലേക്കും വരുന്നത്. ഭരിക്കുന്നവനും വിഭവങ്ങൾ കൈകാര്യം ചെയ്യുന്നവനും എന്ത് ചെയ്യുന്നുവോ പറയുന്നുവോ അതാണ് ശരി എന്ന് ബാക്കിയുള്ള ആശ്രിത/അവശ ജനത അംഗീകരിക്കും പിന്തുടരും ഇത് മനുഷ്യന്റെ പരിണാമത്തിൽ സ്വാഭാവികമായി വന്നു ചേരുന്ന ഒരു സ്വഭാവം ആണ്.

അങ്ങനെ ആണ് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാറ് മറക്കൽ ഫാഷൻ ആവുകയും അത് പിന്നീട് സംസ്കാര സമ്പന്നതയുടെ അളവുകോൽ ആവുന്നതും അതിന് വേണ്ടി സമരങ്ങൾ വരെ ഉണ്ടാവുകയും ചെയ്തത്. ഉഷ്ണമേഖലാ പ്രദേശത്തു അതിജീവിക്കാൻ ഒട്ടുമേ വേണ്ടാത്ത വസ്ത്രം അങ്ങനെ സംസ്കാരത്തിന്റെയും പരിഷ്‌ക്കാരത്തിന്റെയും അടയാളങ്ങൾ ആയി.

ഇതേ സമയം ചരിത്രാതീത കാലം തൊട്ട് ദരിദ്രത്തിലും ശുചിത്വം ഇല്ലാത്ത ചുറ്റുപാടിലും കൂട്ടമരണങ്ങളുടെ തിരമാലകൾക്കിടയിൽ നിന്ന് 19ആം നൂറ്റാണ്ടിൽ ആദ്യമായി സമ്പന്നതയിൽ കുളിച്ചു കയറി ശൈത്യമേഖല യൂറോപ്പ്, 20ആം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും സമ്പത്ത് കൊണ്ട് പൂർത്തീകരിക്കാൻ പറ്റാത്ത എന്തോ ഉണ്ടെന്നും പറഞ്ഞു അന്നത്തെ ന്യൂ ജെൻ ചെറുപ്പക്കാർ ഹിന്ദു ബുദ്ധ സന്യാസിമാരെ അന്വേഷിച്ചിറങ്ങി ഹിമാലയൻ താഴ്വരയിലേക്ക്. ചില സന്യാസിമാരിൽ നിന്നും കിട്ടിയ പുതിയ അറിവും കൂട്ടിനു കഞ്ചാവും LSDയും ആയപ്പോൾ ഹിപ്പി പ്രസ്ഥാനം രൂപം കൊണ്ട് അതിന്റെ കൂടെ ഇട്ടിരിക്കുന്ന തുണിയും ഊരി കളഞ്ഞു, യൂറോപ്പിൽ സ്വാതന്ത്ര്യത്തിന്റെ അടയാളം യൂറോപ്പിൽ അത്യാവശ്യം ആയ വസ്ത്രം ഉപേക്ഷിക്കൽ ആയി പരിണമിച്ചു, ഇന്നത് നേക്കഡ് ക്ലബ്ബുകളിലൂടെയും ഫ്രീ യുവർ നിപ്പ്ൾസ് മൂവേമെന്റിലൂടെയും ടോപ്‌ലെസ് ആക്ടിവിസ്റ്റുകളിലൂടെയും പരിണമിച്ചു പുരോഗമിക്കുന്നു, അതെ സമയം വസ്ത്രം ഒരു അവശ്യ വസ്തു അല്ലാത്ത ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വസ്ത്രം ഉപയോഗിച്ച് തുടങ്ങുന്നത് വ്യക്തി സ്വാതന്ത്രത്തിന്റെ സംസ്കാരത്തിന്റെ പരിഷ്കാരത്തിന്റെ അടയാളം ആയി മാറി.

വീണ്ടും ചക്രം ഉരുളുന്നു സമ്പന്നതയെ പിന്തുടരുക എന്ന പരിണാമ സ്വഭാവം പാശ്ചാത്യരുടെ വസ്ത്രം ഉപേക്ഷിക്കലിനെ ഉഷ്ണമേഖലയിലെ പുതിയ തലമുറ പിന്തുടർന്ന് സിനിമകളിലൂടെയും ഫാഷൻ ഇന്ടസ്ട്രിയിലൂടെയും പൂർണ വസ്ത്രത്തിൽ നിന്ന് അൽപ വസ്ത്രത്തിലേക്കും, അടുത്ത് തന്നെ പൂർണ നഗ്നതയിലേക്കും തിരിച്ചു പോകും കൂട്ടിനു ഹെൽത്ത്‌ ടിപ്സും ഉണ്ടാവും.

ഒരു അമ്പതോ നൂറോ വർഷം കഴിയുമ്പോഴേക്കും നമ്മൾ തിരിച്ചു 19ആം നൂറ്റാണ്ടു വരെ പിന്തുടർന്നിരുന്ന അൽപ വസ്ത്ര ധാരികളിലേക്കും, തുറന്ന മാറിടങ്ങളുടെയും വിരിഞ്ഞ മാറിടങ്ങളുടെയും കാലത്തിലേക്ക് തിരിച്ചെത്തും കാരണം പ്രകൃതി അതാണ് ഉഷ്ണമേഖലാ പ്രദേശത്തിന് പറഞ്ഞിരിക്കുന്നത്. ആരോഗ്യപ്രദമായ ജീവിതത്തിനു ശരീരത്തിൽ ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുക എന്നത് അത്യന്താപേക്ഷിതം ആണ്.

ഇന്ന് നമ്മൾ വസ്ത്രം ഉപയോഗിക്കാത്ത പഴയ തലമുറയെ ഏതൊക്കെ നീച വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നുവോ ആ അവജ്ഞ നിറഞ്ഞ വാക്കുകൾ എല്ലാം വരും തലമുറ നമ്മളെ കുറിച്ചും പറയും, ഉഷ്ണമേഖലാ പ്രദേശത്തു വസ്ത്രം ഉടുത്തു ജീവിച്ചിരുന്ന മണ്ടന്മാർ, ചൂട് കാലാവസ്ഥയിൽ ഷൂവും കോട്ടും ടൈയും കെട്ടിയിരുന്ന അപരിഷ്‌കൃത പൊട്ടന്മാർ, വിവരം ഇല്ലാത്തവർ, സംസ്കാരം ഇല്ലാത്തവർ, പ്രകൃതിയെ കുറിച്ചും ആരോഗ്യവിജ്ഞാനത്തെ കുറിച്ചും പത്തു പൈസയുടെ അറിവില്ലാത്തവർ എന്നൊക്കെ ആയിരിക്കും വരും തലമുറ നമ്മളെ കുറിച്ച് അഭിപ്രായപ്പെടുന്നു ::.

പണ്ട് മാറ് മറക്കലിനെ എതിരെ നിന്ന യാഥാസ്ഥിക ചിന്തകരുടെ പിൻതലമുറക്കാർ ഇന്ന് വസ്ത്രം കുറഞ്ഞു വരുമ്പോൾ അതിന് എതിരെ സബ്‌ധിക്കുന്ന യാഥാസ്ഥിക ചിന്തക്കാർ ആവുന്നു, ആര് ശബ്‌ധിച്ചാലും ഇല്ലെങ്കിലും വരും തലമുറ വസ്ത്രം ഉപേക്ഷിക്കും, ഉഷ്ണമേഖലാ പ്രദേശത്തിന്റെ അനിവാര്യത ആണത്.

ഇതിനർത്ഥം നാളെ തന്നെ നഗ്നനായി റോഡിൽ ഇറങ്ങാൻ അല്ല പറയുന്നത് എല്ലാറ്റിനും അതിന്റെതായ സമയം ഉണ്ട് ദാസാ ഫസ്റ്റ് ഡേ ഫുൾ നേക്കഡ് ഒന്നും കാണാൻ ഒക്കൂല..ഇന്നത്തെ മാനദണ്ഡങ്ങൾക്കു അനുസരിച്ചു ഇപ്പോൾ ജീവിക്കുക, കൂടുതൽ കുറക്കാൻ ബീച്ചുകൾ ഉണ്ടല്ലോ. പിന്നെ വത്തക്ക മാഷുമാരും രാമസേനക്കാരും കുർബാനക്കിടെ കണ്ട്രോൾ പോവുന്ന പാതിരിമാരും എത്ര കൂടുതൽ ശക്തമായി എതിർക്കുന്നുവോ അത്രയും വേഗം വസ്ത്രം ഉപേക്ഷിക്കൽ സമരങ്ങളും ചൂട് പിടിക്കും എന്ന് അനുമാനിക്കുന്നു.

ശാസ്ത്രം, ചരിത്രം

 1,137 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo