പ്രണയം ♥️♥️♥️

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

വാലന്റൈൻസ് ഡേയ് ആയിട്ട് ഒരു പ്രേമം പോലുമില്ല എന്നായിരുന്നു ഇന്നലെ പലരുടെയും പരാതി

പക്ഷെ നമുക്ക് പ്രേമിക്കാൻ അറിയാമോ എന്നാരും ചോദിച്ചു കാണാറില്ല. ശരിക്കും അതാണ് ആദ്യം സ്വയം ചോദിക്കേണ്ട ചോദ്യം തന്നെ.

ഒരു റൊമാന്റിക് റിലേഷൻഷിപ്പിൽ ആവുന്നതിനേക്കാൾ പ്രയാസമാണ് അതിനെ മനോഹരമായി കൊണ്ട് നടക്കുക എന്നത്. പരസ്പരം വേദനിപ്പിക്കാതെ അതിനെ എൻജോയ് ചെയ്യാൻ കഴിയുന്നത്. അവിടങ്ങളിലൊക്കെ നമുക്കെത്ര മാർക്ക് കിട്ടുമെന്ന് പ്രണയത്തിലിരിക്കുന്നവരും ആവാൻ ആഗ്രഹിക്കുന്നവരും ആലോചിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.

ഒന്നാമത്തെ കാര്യം, നമ്മുടെ സമൂഹം തന്നെ പ്രണയത്തിനൊട്ടും ചേർന്നൊരു ഇടമല്ല. എല്ലാ സിനിമയിലും നായികയും നായകനും പ്രണയിച്ചു നടക്കുന്നത് കണ്ടു കൈയ്യടിക്കുകയും, അവർ ഒന്നാവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന, എന്നാൽ സ്വന്തം വീട്ടിൽ, തന്റെ മകളോ അനിയത്തിയോ ചേച്ചിയോ ഒക്കെ ആരെയെങ്കിലും പ്രേമിച്ചാൽ ഉടനെ വാക്കത്തി എടുക്കാൻ നിൽക്കുന്ന ഇരട്ടത്താപ്പിന്റെ അപ്പോസ്തലരാണ് നമ്മൾ.

അതുകൊണ്ടു തന്നെ നമ്മുടെ ജീവിതങ്ങളിൽ ഉള്ളതിന്റെ പത്തിരട്ടി പ്രണയം നമുക്ക് സിനിമയിലും കവിതകളിലും കാണാം. ഒരുപക്ഷെ അവിടെ മാത്രമേ കാണാനാവൂ.

പട്ടിക്കും പൂച്ചയ്ക്കും വരെ ഒരുമിച്ചു നടക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ പോലും രണ്ടു മനുഷ്യർക്ക് കൈപിടിച്ചൊന്നു നടക്കാൻ, ഒരുമിച്ചൊന്നിരിക്കാൻ ആയിരം നോട്ടങ്ങളെ അതിജീവിക്കേണ്ട ആന്റി ഹ്യൂമൻ സ്‌പേസുകളാണ് നമ്മളാകെ ഉണ്ടാക്കി വെച്ചിരിക്കുന്നത്.

ഇനി അതിനെയെല്ലാം തരണം ചെയ്തു രണ്ടുപേർ പ്രേമിക്കുകയാണ് എന്ന് തന്നെ കരുതുക. ആയിരം ബിഹേവിയറൽ പ്രശ്നങ്ങൾ, ഈഗോ ക്ലാഷുകൾ, ഇൻസെക്യൂരിറ്റി ക്ലാഷുകൾ, പരസ്പരമുള്ള ഇൻസെൻസിറ്റിവിറ്റി, വാശികൾ, മുൻവിധികൾ, അവനവനിസം, സെൽഫ് ഇന്ററസ്റ്റിനാൽ നയിക്കപ്പെടുന്ന തീരുമാനങ്ങൾ, വിട്ടുകൊടുക്കാനും, വീണ്ടെടുക്കാനും പറ്റാത്ത മനസികാവസ്ഥകൾ അങ്ങനെ എത്രയെത്ര തടസ്സങ്ങൾ ഈ രണ്ടുപേരായിട്ട് തന്നെ കൊണ്ട് വരും.

അതുകൊണ്ടു തന്നെ ലോകത്തു ഏറ്റവും കുറഞ്ഞ സർവൈവൽ റേറ്റുള്ള ഒന്നാണ് പ്രണയം. അത് മരിച്ചു പോവാനാണ്, നിങ്ങളതിനെ കൊല്ലാനാണ് കൂടുതൽ സാധ്യത.

എന്റെ അനുഭവങ്ങളിൽ മൂന്നു വാക്കുകൾക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട്. (ബൈ ദി വേ, ഞാൻ ഈ മൂന്നു കാര്യങ്ങളിലും ഭൂലോക തോൽവിയായിരുന്നു )

പരസ്പരം എക്കോമഡേയ്റ്റ് ചെയ്യാൻ സാധിക്കുക, പരസ്പരം സെൻസിറ്റിവ് ആവുക, കമ്പാറ്റിബിലിറ്റി ഉണ്ടോ എന്ന് നോക്കുക.

റൊമാന്റിക് റിലേഷൻഷിപ് മാത്രമല്ല, എല്ലാ റിലേഷൻഷിപ്പുകളും അവനവനിൽ നിന്ന് മറ്റൊരാളിലേക്കുള്ള, മറ്റൊന്നിലേക്കുള്ള യാത്രയാണ്. നമുക്കറിയാത്ത ഒന്നിലേക്കുള്ള, അതിന്റെ പുതുമയിലേക്കുള്ള യാത്ര. അതെത്ര സത്യസന്ധമായി നടത്താൻ സാധിക്കുന്നുവോ അത്രയും ആഴമുള്ള ബന്ധങ്ങളുണ്ടാവും.

അങ്ങനെ അവനവനിൽ നിന്ന് ഇറങ്ങി വരാൻ നമുക്ക് പറ്റുമോ, നമ്മുടെ സൗകര്യങ്ങൾക്കല്ലാതെ മറ്റൊന്നിനു നമ്മുടെ മനസ്സിൽ ഇടമുണ്ടോ എന്നതൊക്കെ നമ്മൾ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്.

ഉള്ളിൽ സ്വയം നിറഞ്ഞു നിൽക്കുന്നൊരാൾക്ക് എങ്ങനെ പ്രണയിക്കാൻ സാധിക്കുമെന്നാണ് ? അയാളുടെ വാശികൾക്കപ്പുറത്തു അവിടെ പുറത്തേയ്ക്കുള്ളൊരു നോട്ടമെങ്കിലും നടക്കുന്നുണ്ടോ ? എക്കോമഡേയ്റ്റ് ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ്.

അതുപോലെ തന്നെയാണ് പരസ്‌പരം സെൻസിറ്റിവ് ആവുക എന്നത്. പരസ്പരമുള്ള ഇൻസെക്യൂരിറ്റികളോട്, ട്രോമകളോട്, പേടികളോട്, വേദനകളോട്, ചില വാക്കുകളോട്, ചില വിളികളോട് ഒക്കെ പരസ്പരം സെൻസിറ്റിവ് ആവുക എന്നതു വലിയ കാര്യം തന്നെയാണ്.

“ഞാൻ ഇങ്ങനെയാണ്, എനിക്കിങ്ങനെയേ പറ്റൂ..” എന്നത് ഒരാളെ വേദനിപ്പിക്കാനുള്ള ന്യായമല്ല. അതല്ല, എത്ര ശ്രമിച്ചിട്ടും അതിന് മാറ്റം വരുത്താൻ സാധിക്കുന്നില്ല എങ്കിൽ You people are not meant to be together. അത്രയേ ഉള്ളൂ. പിന്നെയും പരസ്പരം വേദനിപ്പിക്കാതെ മാന്യമായി പിരിയാൻ നോക്കുക.

ചിലപ്പോൾ അങ്ങനെയാണ്. പരസ്പരം ആഴത്തിൽ സ്നേഹിക്കുന്നവർക്ക് തമ്മിൽ കമ്പാറ്റിബിലിറ്റി ഉണ്ടാവാറില്ല. എങ്കിലും അവർ ഒരുമിച്ചു തുടരാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷെ ഫലത്തിൽ അവർ പരസ്പരം വേദനിപ്പിക്കുന്നതും, ഡാമേജ് ചെയ്യുന്നതുമായിരിക്കും ആകെ നടക്കുന്നത്.

മറ്റെല്ലാം വന്നിടിച്ചു നിൽക്കുന്ന പോയിന്റാണ് കമ്പാറ്റിബിലിറ്റി. പൊരുത്തം എന്ന് മലയാളം. പക്ഷെ അത് നോക്കേണ്ടത് ജാതകത്തിലല്ല എന്ന് മാത്രം. നമ്മളീ കളിയാക്കുന്ന കലിപ്പനും കാന്താരിയുമെന്ന വൃത്തികേട് പോലും നടന്നുപോവുന്നത് ഈയൊരു കാര്യം അവിടെയുള്ളതുകൊണ്ടാണ്.

കമ്പാറ്റിബിലിറ്റി അറിയാൻ പരസ്പരം സമയം ചിലവഴിക്കുക എന്നതല്ലാതെ മറ്റൊരു മാജിക്കുമില്ല. അവിടെയാണ് ഡേയ്‌റ്റിങ്‌ കൾച്ചർ ഉണ്ടാവേണ്ടതിന്റെ പ്രസക്തി.

പക്ഷെ ചൊവ്വാ ദോഷവും മാങ്ങാത്തൊലിയും നിലനിൽക്കുന്നൊരു സമൂഹത്തിൽ, ആദ്യം കല്യാണം പിന്നെ ചേർച്ച എന്ന വെടി വെച്ചിട്ട് ഉന്നം നോക്കുന്ന പരിപാടിയുള്ള സമൂഹത്തിലാണ് ഇതൊക്കെ പറയുന്നതെന്നോർക്കുമ്പോ, സലിം കുമാറിന്റെ “എന്തിനു..?” എന്ന മീമാണ് ഓർമ്മ വരുന്നത്.

എഴുത്ത്: RJ സലിം

 387 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo