എന്റെ ഹോമിയോ ജീവിതം!!

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇന്നു വരെയുള്ള എന്റെ ജീവിതമെടുത്തു നോക്കുമ്പോൾ അലോപ്പതി (Modern Medicine) മരുന്നുകളെക്കാളും കൂടുതൽ ഞാൻ കഴിച്ചിട്ടുള്ളത് ഹോമിയോ (Homeopathy) മരുന്നുകളാണ്. രണ്ട് ഹോമിയോ ക്ലിനിക്കുകൾ എന്റെ നാട്ടിലുണ്ട്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ എന്തസുഖം വരുമ്പോഴും അങ്ങോട്ട്‌ പോവുകയാണ് പതിവ്. “കുടുംബ ഡോക്ടർ” എന്ന തസ്തികയുണ്ടാക്കിയാൽ തീർച്ചയായും ആ തസ്തിക നാട്ടിലെ ഹോമിയോ ഡോക്ടർക്കാണ് കിട്ടുക. കാരണം വീട്ടിലെ എല്ലാവരും ഇദ്ദേഹത്തെ തന്നെയാണ് ആശ്രയിക്കുന്നത്.

ചെറുപ്പത്തിൽ എന്നെയവിടെ കൊണ്ടു പോയിരുന്നത് എന്റെ അച്ഛനമ്മമാരാണ്. അവരതിനെപറ്റി പഠിച്ചു മനസ്സിലാക്കിയ വ്യക്തികളൊന്നുമല്ല. നമ്മുടെ നാട്ടിലെ അനേകം ഹോമിയോ “വിശ്വാസികളെ” പോലെ തന്നെയാണവരും. അവരതിൽ “വിശ്വസിക്കുന്നു” എന്നതിനപ്പുറം ഹോമിയോ ചികിത്സ തേടാൻ അവരെ പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങളൊന്നും തന്നെയില്ല. ചുറ്റുമുള്ള ആരും ഇതിനെതിരെ സംശയമൊന്നും പ്രകടിപ്പിക്കാത്തത് കൊണ്ടു തന്നെ, പ്രത്യേകിച്ച് ഒരു സംശയവും തോന്നാതെ ഞാനെന്റെ ബാല്യം ഈ പഞ്ചാര മിഠായികൾക്കൊപ്പം നല്ല അടിപൊളിയായി ചിലവഴിച്ചു.

എന്തസുഖം കൊണ്ട് ചെന്നാലും ഒരേ ചോദ്യങ്ങൾ, ഏകദേശം ഒരേ പരിശോധന, ചായയും, കാപ്പിയും ഒഴിവാക്കണം എന്നതു പോലുള്ള സ്ഥിരം നിർദേശങ്ങൾ, തന്നെയാണ് ലഭിക്കുന്നത് എന്ന വസ്തുതയാണ് ഹോമിയോപതിയെ ഒന്നു സംശയത്തോടെ നോക്കാൻ എന്നെ പ്രേരിപ്പിച്ചത്. മാത്രവുമല്ല എന്നെ ചികിത്സിച്ചിരുന്ന ഹോമിയോ ഡോക്ടർ മരുന്നായി കടലാസിൽ പൊതിഞ്ഞു തന്നിരുന്നത് ഇംഗ്ലീഷ് മരുന്നും!!

തൊട്ടടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിലെ ഡോക്ടറും ഈ ഡോക്ടറും നൽകുന്നത് ഒരേ ഇംഗ്ലീഷ് മരുന്നുകൾ. പക്ഷേ അവരെ വിളിക്കുന്നത് അലോപ്പതിയെന്നും ഇവരെ വിളിക്കുന്നത് ഹോമിയോപ്പതിയെന്നും! സത്യത്തിൽ ഇതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലായതെയില്ല.

ഇത്തരത്തിലുള്ള ആശങ്കളാണ് ഹോമിയോപ്പതിയെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ എന്നെ പ്രേരിപ്പിച്ചത്. അത്തരമൊരു ചികയലിന്റെ ഇടയിലാണ് “നേർപ്പിക്കും തോറും വീര്യം കൂടും” എന്ന ഹോമിയോപ്പതിയുടെ അടിസ്ഥാനമായ ഒരു സിദ്ധാന്തം ശ്രദ്ധയിൽപ്പെടുന്നത്. വളരെ അവിശ്വസനീയമായി തോന്നിയ ഒരു വാദമാണിത്.

നേർപ്പിക്കും തോറും എങ്ങനെയാണ് ആ വസ്തുവിന്റെ വീര്യം കൂടുക? അങ്ങനെയാണെങ്കിൽ, മദ്യം വാങ്ങാനായി ആളുകൾ എന്തിനാണിത്ര വലിയ തുക ചിലവിടുന്നത്? ഒരു കുപ്പി മദ്യം വാങ്ങി നേർപ്പിച്ചാൽ പോരെ? ഇഷ്ട്ടം പോലെ പച്ചവെള്ളം ലഭിക്കുന്നതു കൊണ്ട് തന്നെ വളരെ ലാഭമുള്ള ഒരു പരിപാടിയുമാണിത്. ഇതിൽ തന്നെ മറ്റൊരു സംശയവും തോന്നിയിരുന്നു.. ഇങ്ങനെ നേർപ്പിച്ചു നേർപ്പിച്ചു വീര്യം കൂട്ടിയ മദ്യം കഴിച്ചാൽ ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ, മദ്യത്തിന്റെ വീര്യം കൊണ്ട് അതു കുടിക്കുന്നവരെല്ലാം മരിച്ചു പോവില്ലേ?

എന്നാൽ സ്വഭാവിക ജീവിതത്തിൽ ഇങ്ങനെയൊന്നുമല്ല നടക്കുന്നത്. ആരും ഇങ്ങനെ നേർപ്പിച്ച് വീര്യം കൂട്ടുന്നില്ല. സിനിമകളിൽ പോലും, വെള്ളം ചേർക്കാതെ മദ്യപിക്കുമ്പോൾ പണി കിട്ടുന്ന നായകനോ മറ്റോ, കുറച്ചു വെള്ളം ചേർത്ത് “നേർപ്പിച്ച്” കുടിച്ചാൽ മതിയെന്ന് മറ്റുള്ളവരോട് പറയുന്ന രംഗം പോലും ഈ ഹോമിയോ സിദ്ധാന്തത്തിന് എതിരാണ്. ആകെ മൊത്തം കൺഫ്യൂഷൻ ആയി പോയി.! ഈ പ്രപഞ്ചത്തിൽ നമുക്ക് മനസ്സിലാവാത്ത പലതും ഉണ്ടെന്ന ഒരുത്തരം തന്നു കൊണ്ട് എന്റെ മാസ്‌തിഷ്കം എന്നെ തൽക്കാലം തൃപ്തിപ്പെടുത്തി.!

ഏകദേശം ഈ സമയത്തു തന്നെയാണ് ഈ ഡോക്ടർക്കെതിരെ ഇംഗ്ലീഷ് മരുന്നുകൾ കൊടുത്തു എന്നതിന്റെ പേരിൽ കേസ് വരുന്നതും മറ്റും. അതിനു ശേഷമദ്ദേഹം ഇംഗ്ലീഷ് മരുന്നുകൾ കൊടുക്കുന്നത് നിർത്തി വീണ്ടും ഹോമിയോ മരുന്നുകൾ തന്നെ ആരംഭിച്ചു.

ഹോമിയോപ്പതിയുടെ മറ്റൊരു സിദ്ധാന്തമാണ് “സാമ്യം സാമ്യത്തെ സുഖപ്പെടുത്തും (similia similibus curantur)” എന്നത്. ഇക്കാര്യത്തിലെ പൊള്ളത്തരം മനസ്സിലാക്കാൻ, ഹോമിയോപ്പതിയുടെ പിതാവായി അറിയപ്പെടുന്ന സാമുവൽ ഹാനിമാൻ (Samuel Hahnemann) എങ്ങനെയാണീ നിഗമനത്തിലേക്കെത്തിയതെന്നു മാത്രമൊന്നോർത്താൽ മതി. ഈ സംഭവങ്ങളെല്ലാം ഹോമിയോയെ ഒരു സംശയ നിഴലിൽ നിർത്താൻ സഹായിച്ചുവെങ്കിൽ കൂടി ഹോമിയോ ചികിത്സ ഞാനപ്പോഴും നിർത്തിയിരുന്നില്ല.

ഇതിന് മറ്റു ചില കാരണങ്ങളാണുള്ളത്.

ഒന്നാമതായി, “ഹോമിയോ കഴിച്ച് അസുഖങ്ങൾ മാറുന്നു എന്ന എന്റെ അനുഭവം!!” ഹോമിയോ പോലുള്ളവയെ വിമർശിക്കുകയോ മറ്റോ ചെയ്താൽ ഉടനേ നമുക്ക് കിട്ടുക കുറേ അനുഭവ സാക്ഷ്യപത്രങ്ങളാവും. ഇത്തരത്തിലുള്ള “അനുഭവങ്ങൾ” ഉള്ളതു കൊണ്ട് തന്നെ ഹോമിയോയെ തള്ളി കളയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചിരുന്നു.

ഇതിലേ പൊള്ളത്തരം മനസ്സിലായത് പഠനവുമായി ബന്ധപ്പെട്ട് വീട്ടിൽ നിന്നും മാറി കോഴിക്കോട് കുറച്ചു നാൾ നിൽക്കേണ്ടി വന്നപ്പോഴാണ്. കോഴിക്കോടായിരുന്നപ്പോൾ, സമയം കിട്ടുന്നില്ല എന്നുള്ളത് കൊണ്ടും, അധിക ചെലവായതു കൊണ്ടും പനി, ജലദോഷം, വയറു വേദന തുടങ്ങീ സാധാരണയായി വരുന്ന അസുഖങ്ങൾക്കൊന്നും ഞാൻ ആശുപത്രിയിൽ പോവുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇവയെല്ലാം തന്നെ വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഒരു നിശ്ചിത സമയത്തിനുള്ളിൽ മാറുകയും ചെയ്തിരുന്നു. അതായാത് ചികിത്സിയൊന്നുമില്ലാതെ തന്നെ ഇവയെല്ലാം ഭേദമായി. സത്യത്തിൽ ഈ അസുഖങ്ങളെ തന്നെയാണ് ഞാൻ ഹോമിയോ കഴിച്ചു കൊണ്ട് മാറ്റിയിരുന്നതും..!!

ഇത് വളരെ വലിയൊരു തിരിച്ചറിവായിരുന്നു. അന്നാണ് പനി, ജലദോഷം തുടങ്ങിയവ എന്താണെന്ന് മനസ്സിലാക്കാൻ ഒരു ശ്രമം നടത്തിയത്. ഉത്തരം കിട്ടിയപ്പോഴാണ് ഇവക്കെല്ലാം ഹോമിയോ കഴിക്കുന്നതിനു പകരം, മറ്റെന്തെങ്കിലും കഴിച്ചാലും, ഇനിയിപ്പോ ഒന്നും കഴിക്കാതിരുന്നാലും കൂടി ഇവയെല്ലാം ഭേദമായേനെയെന്ന് മനസ്സിലായത്.! പനിയും മറ്റും മൂർഛിക്കുന്ന സമയത്ത് തൊട്ടടുത്ത അലോപ്പതി ഡോക്ടറെയാണ് കണ്ടിരുന്നത് എന്നത് കൂടി ഞാനിതിനോടൊപ്പം കൂട്ടി വായിച്ചപ്പോൾ, അന്ന് വരെ വിശ്വസിച്ചിരുന്ന ഒരു വിശ്വാസപ്രമാണം ഉള്ളിന്റെയുള്ളിൽ വീണുടയുകയായിരുന്നു.!

എന്നിട്ടും ഹോമിയോ ചികിത്സ നിർത്തിയോ?

ഇല്ല!!

ഒന്നാമത്, അന്ന് വരെ വിശ്വസിച്ചിരുന്ന ഒരു വിശ്വാസത്തെ തള്ളികളയാനുള്ള ബുദ്ധിമുട്ട്.

രണ്ടാമത്, എന്തുകൊണ്ട് ഹോമിയോ ഡോക്ടറെ പോയി കാണുന്നില്ല എന്ന് വീട്ടുകാരോ മറ്റോ ചോദിച്ചാൽ അവരെ പറഞ്ഞു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും, ഒറ്റപെടുമോ എന്നുള്ള ആശങ്കയും.

മൂന്നാമത്, നല്ല പെരുമാറ്റമായിരുന്നു ഡോക്ടറുടേത്.! ഒരു രോഗിയെ സംബന്ധിച്ചിടത്തോളം തിക്കി തിരക്കാതെ തന്നെ ഡോക്ടറെ കാണാൻ പറ്റുക, ആശ്വാസ വാക്കുകളൊക്കെ പറഞ്ഞ്, സമയമെടുത്ത് പരിശോധിക്കുക, ഇതൊക്കെ വലിയ കാര്യം തന്നെയാണ്. ഇതൊക്കെ കൊണ്ട് തന്നെ ഹോമിയോപ്പതി വിമർശിക്കപ്പെടേണ്ട ഒരു അശാസ്ത്രീയ ശാഖയാണെന്ന് തിരിച്ചറിയുന്നതു വരെ വീണ്ടുമൊരു ഹോമിയോ വിശ്വാസിയായി ഞാൻ തുടർന്നു.!

ഏകദേശം ഇങ്ങനെയൊക്കെ തന്നെയാണ് ഒരു ഹോമിയോപ്പതി വിശ്വാസിയുടെ ജീവിതം. മുകളിൽ പറഞ്ഞവയെ പല സ്റ്റേജുകളായി തിരിച്ചാൽ ഹോമിയോ വിശ്വാസികളുടെ നിലവിലെ സ്ഥാനവും, ഈ വിശ്വാസം തുടരുന്നതിനുള്ള കാരണവുമൊക്കെ നമുക്ക് നിർണയിക്കാൻ കഴിയും.

പലരും ഹോമിയോപ്പതി എന്താണെന്ന് കൂടി ചിന്തിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് സത്യം. മതം പോലുള്ളവയെ ഒന്ന് വിശകലനം പോലും ചെയ്യാതെ അതേപടി വിഴുങ്ങാൻ പരിശീലിച്ച തലച്ചോറുകളാണ് ഇക്കൂട്ടത്തിൽ കൂടുതലും. ഇനിയിപ്പോൾ ഹോമിയോയെ കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ ശ്രമിച്ചാൽ തന്നെ ഹോമിയോയുമായുള്ള നമ്മുടെ വൈകാരിക സമീപനം അതിനു നമ്മളെ അനുവദിക്കുകയുമില്ല. നമ്മളോ, നമ്മുക്ക് പരിചയമുള്ളവരോ ഹോമിയോ ഡോക്ടറായി അപ്പോഴേക്കും മാറിയിട്ടുണ്ടാവും. അതല്ലെങ്കിൽ ഹോമിയോ ഡോക്ടറുമായി ഒരു നല്ല ബന്ധം ഉടലെടുത്തു കഴിഞ്ഞിരിക്കും. ഇത്തരം വൈകാരിക സമീപനങ്ങൾ നമ്മെ പല കാര്യങ്ങളും ശാസ്ത്രീയമായി ചിന്തിക്കുന്നതിൽ നിന്നും വിലക്കാറുണ്ട്. അതുമല്ലെങ്കിൽ ശാസ്ത്രീയമായി ചിന്തിക്കാൻ കഴിയുന്നില്ല എന്ന, നമ്മുടെ തന്നെ പരിമിതിയും, ഹോമിയോ പോലുള്ളവയിലെ അശാസ്ത്രീയത മനസ്സിലാക്കുന്നതിൽ നിന്നും നമ്മളെ വഴി തിരിച്ചു വിടാറുണ്ട്.

ഹോമിയോപ്പതിയെ വിമർശിക്കുന്നതിലൂടെ അതിലെ ഡോക്ടർമാരെ അപമാനിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടിവിടെ പ്രതിഷേധദിനങ്ങളൊക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം പ്രതിഷേധ ദിനങ്ങൾ സംഘടിപ്പിക്കുന്നതിന് പകരം ഹോമിയോപ്പതി ശാസ്ത്രീയമാണെന്ന് തെളിയിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ. സർക്കാർ അംഗീകാരത്തോടു കൂടി തന്നെ സമയവും, ബൗദ്ധിക അധ്വാനവും, പണവുമെല്ലാം ചിലവഴിച്ചു കൊണ്ട് ഒരു കോഴ്സ് പഠിച്ചു പുറത്തിറങ്ങുമ്പോൾ കള്ളൻ എന്നോ, കള്ളത്തരമാണ് നിങ്ങൾ ചെയ്യുന്നതെന്നോ മറ്റോ കേൾക്കേണ്ടി വരുന്നത് ഖേദകരം തന്നെയാണ്.

അലോപ്പതിയിലെ എല്ലാ ഡോക്ടർമാരും മാലാഖമാരായത് കൊണ്ടല്ല അലോപ്പതി നില നിൽക്കുന്നത്. മറിച്ച് അതിന് ശാസ്ത്രീയ അടിത്തറയുള്ളതു കൊണ്ടാണ്. ഇനിയിപ്പോൾ ഹോമിയോ പ്രാക്ടീസ് ചെയ്യുന്ന മുഴുവൻ ആളുകളും അതിവിശിഷ്ട്ട സ്വഭാവത്തിനുടമകളാണെങ്കിൽ കൂടി ഹോമിയോയെ നമുക്ക് വിമർശന വിധേയമാക്കിയെ മതിയാവുകയുള്ളൂ.

കാരണം, ഹോമിയോപ്പതി ശാസ്ത്രീയ അടിത്തറയില്ലാത്ത ഒരു വിശ്വാസ ചികിത്സ മാത്രമാണ്.!

 248 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo