പ്രപഞ്ചം തണുത്തുറയുന്നു

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രപഞ്ചം തണുത്തുറയുകയാണ്. നിരവധി ഭൂതല, ബഹിരാകാശ ദൂരദർശിനികളുടെ സംഘാതമായ ഗാമ (Galaxy And Mass Assembly-GAMA) പ്രോജക്ടിന്റെ നിരീക്ഷണ ഫലങ്ങള്‍ അപഗ്രഥിച്ച ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. രണ്ടു ലക്ഷത്തിൽപരം ഗ്യാലക്സികളെ 21 വ്യത്യസ്ത തരംഗ ദൈർഘ്യമുള്ള വികിരണങ്ങളുപയോഗിച്ച് നിരീക്ഷിച്ചതിൽ നിന്നുമാണ് ഈ ഗവേഷണ റിപ്പോർട്ട് നിർമിച്ചത്. ഈ നിരീക്ഷണങ്ങളിൽ നിന്നും ഗ്യാലക്സികളിലെ നക്ഷത്ര രൂപീകരണ നിരക്ക് കുറഞ്ഞുവരികയാണെന്നും അവയുടെ ശോഭ കുറഞ്ഞ് മങ്ങിക്കൊണ്ടിരിക്കുകയാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

200 കോടി വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിന്റെ പകുതി ഊർജം മാത്രമേ ഇന്ന് നക്ഷത്ര സമൂഹങ്ങളില്‍ അവശേഷിക്കുന്നുള്ളൂ. അതിനർഥം നക്ഷത്ര രൂപീകരണ നിരക്ക് 200 കോടി വർഷങ്ങൾക്കുള്ളില്‍ നേർ പകുതിയായിരുക്കുന്നുവെന്നാണ്. ഈ നില തുടർന്നാൽ പ്രപഞ്ചത്തിലുള്ള നക്ഷത്ര സമൂഹങ്ങളെല്ലാം ക്രമേണ മങ്ങിപ്പോവുകയും നക്ഷത്രങ്ങളുടെ താപനില കുറഞ്ഞുവന്ന് ഒടുവില്‍ അവ കേവല പൂജ്യമെന്ന ഏറ്റവും താഴ്ന്ന താപനിലയില്‍ സബ് ആറ്റമിക കണികകളായി തണുത്തുറഞ്ഞു പോകാമെന്നാണ് ഗാമ ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ ഇത് ആസന്ന ഭാവിയില്‍ സംഭവിക്കുന്ന കാര്യമൊന്നുമല്ല. ഏകദേശം 10,000 കോടി വർഷങ്ങൾക്കപ്പുറമായിരിക്കും അത് സംഭവിക്കുക

ഗാമ എന്ന ആധുനിക നിരീക്ഷണപദ്ധതിയാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് ശാസ്ത്രജ്ഞരെ നയിച്ചത്. ലോകത്തിലെ ഏറ്റവും നവീനവും സംവേദന ക്ഷമതയുള്ളതുമായ ദൂരദർശിനികളെ സംയോജിപ്പിച്ച് വിദ്യുത്കാന്തിക വികിരണങ്ങളുടെ വ്യത്യസ്ത തരംഗദൈർഘ്യമുപയോഗിച്ച് പ്രപഞ്ചനിരീക്ഷണം നടത്തുന്നതിന് രൂപീകരിച്ച സംരംഭമാണ് ഗാമ. ലോകനിലവാരമുള്ള ദൂരദർശിനികളാണ് ഗാമയുടെ കണ്ണുകൾക്ക് പ്രകാശം പകരുന്നത്.

Advertisement

Channel 13.8 New Release
പാലക്കാട്ടേ കുർബാൻ മതവിശ്വാസമോ മാനസികരോഗമോ? Palakkad Murder case | Mohamed Khan
Video Link :

ആംഗ്ലോ-ഓസ്ട്രേലിയന്‍ ടെലസ്കോപ്പ് (AAT), വെരി ലാർജ് സർവേ ടെലസ്കോപ്പ് (VLT-ST), വിസിബിള്‍ ആൻഡ് ഇൻഫ്രാറെഡ് സർവേ ടെലസ്കോപ്പ് ഫോര്‍ അസ്ട്രോണമി (VISTA), ഓസ്ട്രേലിയന്‍ സ്ക്വയര്‍ കിലോമീറ്റര്‍ അറേ പാത്ത്ഫൈൻഡർ (ASKAP), ഹെർഷല്‍ സ്പേസ് ഒബ്സർവേറ്ററി (HSO), ഗ്യാലക്സി എവല്യൂഷന്‍ എക്സ്പ്ലോറര്‍ (GALEX) എന്നീ അത്യാധുനിക ദൂരദർശിനികള്‍ ക്രാന്തിവൃത്തത്തെയൊന്നാകെ സ്കാൻ ചെയ്ത് നാലുലക്ഷത്തോളം നക്ഷത്രസമൂഹങ്ങളെ നിരീക്ഷിച്ചുവരികയാണ്.

നമ്മുടെ മാതൃഗ്യാലക്സിയായ ക്ഷീരപഥം ഉൾപ്പെടുന്ന ലോക്കൽ ഗ്രൂപ്പും സൂപ്പർ മെഗാ ക്ലസ്റ്ററിയ ലാനിയകയയും (Laniakea) ഗാമയുടെ നിരീക്ഷണ പരിധിയില്‍ വരും. ശ്യാമദ്രവ്യം (Dark Matter) എന്ന അദൃശ്യദ്രവ്യത്തെക്കുറിച്ചും ശ്യാമ ഊർജം എന്ന ഋണ മർദത്തെക്കുറിച്ചുമുള്ള (Negative Pressure) പഠനവും ഗാമയുടെ ലക്ഷ്യമാണ്. ഗാമയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ടാണ് പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ചുള്ള പരികൽപന രൂപീകരിക്കുന്നതിന് ശാസ്ത്രജ്ഞരെ പ്രാപ്തരാക്കിയത്.

അടഞ്ഞത് (positively curved), തുറന്നത് (negatively curved), പരന്നത് (flat) എന്നിങ്ങനെ മൂന്നുതരത്തിലുള്ള പ്രപഞ്ചമാതൃകകളാണ് കോസ്മോളജിസ്റ്റുകള്‍ അവതരിപ്പിക്കുന്നത്. ഈ മൂന്നു മാതൃകകളിലും പ്രപഞ്ചത്തിന്റെ ഭാവി വ്യത്യസ്തമായിരിക്കും. ആധുനിക ഉപഗ്രഹ സർവേ നിരീക്ഷണത്തെളിവുകളും അടഞ്ഞ പ്രപഞ്ച മാതൃക അംഗീകരിക്കുന്നില്ല. തുറന്നതോ പരന്നതോ ആയ പ്രപഞ്ചചിത്രങ്ങളോടാണ് ജ്യോതിശാസ്ത്രജ്ഞര്‍ താല്പര്യം കാണിക്കുന്നത്. ആധുനിക ജ്യോതിശാസ്ത്രജ്ഞരില്‍ പലരും പ്രപഞ്ചത്തിലെ ദ്രവ്യസാന്ദ്രത ക്രിട്ടിക്കല്‍ വാല്യവിലും കുറഞ്ഞ ഒരു വ്യവസ്ഥയാണ് കാണുന്നത്. തുറന്ന പ്രപഞ്ചമെന്നാണ് ഈ മാതൃക അറിയപ്പെടുന്നത്. രണ്ടു മാനങ്ങളുള്ള ഈ പ്രതലത്തിന്റെ ഒരു തലം മുകളിലേക്കു വളയുമ്പോള്‍ മറ്റൊന്ന് താഴേക്കു വളയുന്നു. മാത്രമല്ല, ഇത് എല്ലാ വശത്തേക്കും വികസിച്ചുകൊണ്ടേയിരിക്കും.

ഗ്യാലക്സികളിലെ നക്ഷത്രരൂപീകരണവും നക്ഷത്രങ്ങളുടെ അന്ത്യവും ഇപ്പോഴുള്ളതുപോലെതന്നെ നടക്കും. എന്നാല്‍, സ്പേസിന് മാറ്റമുണ്ടാകും. സ്പേസിന്റെ വികാസം തുടർന്നു കൊണ്ടേയിരിക്കുന്നതുകൊണ്ട് കൂടുതല്‍ സ്ഥലം സൃഷ്ടിക്കപ്പെടുകയും ഇപ്പോള്‍ ദൃശ്യമായ നക്ഷത്രസമൂഹങ്ങളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്യും. ചുവപ്പുനീക്കം ശക്തമാവുന്നതോടെ വിദൂര ഗ്യാലക്സികളിൽ നിന്നുള്ള പ്രകാശ തരംഗങ്ങള്‍ തരംഗദൈർഘ്യം കൂടി ഇൻഫ്രാറെഡ് തരംഗങ്ങളും റേഡിയോ തരംഗങ്ങളും ആകും. അപ്പോഴേക്കും നമ്മുടെ ഗ്യാലക്സിയായ ക്ഷീരപഥവും സമീപത്തുള്ള 30 നക്ഷത്രസമൂഹങ്ങളും മാത്രമേ ദൃഷ്ടിഗോചരമാകുകയുള്ളു. ഈ പ്രപഞ്ചത്തില്‍ മറ്റ് നക്ഷത്ര സമൂഹങ്ങളുണ്ടെന്നതിനു തെളിവായി അവശേഷിക്കുന്നത് പ്രപഞ്ചത്തിന്റെ എല്ലാ ദിശകളിലും നിന്നു വരുന്ന ദുർബമായ റേഡിയോ തരംഗങ്ങള്‍ മാത്രമായിരിക്കും. ഇപ്പോൾ തന്നെ ദുരബലമായ പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങളും (Cosmic Microwave Background) കുറേക്കൂടി ദുർബമാവുകയും തിരിച്ചറിയാന്‍ കഴിയാതാവുകയും ചെയ്യും. ഭാവി തലമുറയ്ക്ക് മഹാവിസ്ഫോടനത്തിന്റെ എല്ലാ തെളിവുകളും അതോടെ നഷ്ടമാകും.

ഗ്യാലക്സി ക്ലസ്റ്ററുകള്‍ ഗുരുത്വാകർഷണ ബലത്താല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നവയാണ്. ഇത്തരം നക്ഷത്ര സമൂഹങ്ങള്‍ പ്രപഞ്ച വികാസത്തെ തടയാന്‍ ശ്രമിക്കും. ഗുരുത്വാകർ ക്ഷണ ബലത്തിന്റെ ശക്തിയില്‍ അവ പരസ്പരം കൂട്ടിയിടിക്കും. ഈ കൂട്ടിയിടിയില്‍ ചില നക്ഷത്രങ്ങള്‍ ഗ്യാലക്സികളുടെ ഗുരുത്വ ബന്ധനത്തിൽ നിന്ന് അകന്ന് സ്വതന്ത്രമാക്കപ്പെടുകയും ബഹിരാകാശത്തില്‍ അലഞ്ഞു തിരിയുകയും ചെയ്യും. ചിതറിത്തെറിക്കാതെ അവശേഷിക്കുന്ന നക്ഷത്രങ്ങളെ ഗ്യാലക്സി കേന്ദ്രങ്ങളിലുള്ള തമോദ്വാരങ്ങള്‍ വലിച്ചെടുക്കും. അത്ര വിദൂരമല്ലാത്ത ആകാശഗംഗ ആൻഡ്രോമിഡ ഗ്യാലക്സി സംഘട്ടനത്തില്‍ (Milky Meda) നമ്മുടെ സൂര്യന്റെ ഭാവിയും ഇതുതന്നെയായിരിക്കും. എല്ലാ സർപ്പിള ഗ്യാലക്സി കേന്ദ്രങ്ങളിലും തമോദ്വാരങ്ങളുടെ സാന്നിധ്യം ജ്യോതിശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്ട്.

സ്ഥലകാലത്തിന്റെ ഈ ചുഴിയില്‍ നക്ഷത്രങ്ങള്‍ വലിച്ചു കീറപ്പെടും. നക്ഷത്ര രൂപീകരണത്തിനാവശ്യമായ വാതകങ്ങളും ധൂളീപടലങ്ങളുമെല്ലാം ഈ ചുഴിയിൽ പെടും.. സ്പേസ് നക്ഷത്രങ്ങളുടെ ശവപ്പറമ്പാകും. അവശേഷിക്കുന്നത് കുറെ കുള്ളന്‍ വെള്ള നക്ഷത്രങ്ങളും (white dwarfs) ഏതാനും ന്യൂട്രോണ്‍ താരങ്ങളും (Neutron Stars or Pulsars) പിന്നെ തമോദ്വാരങ്ങളും (Black Holes) മാത്രം. ഈ മൃത നക്ഷത്രങ്ങള്‍ ചിലപ്പോഴെങ്കിലും പരസ്പരം കൂട്ടിമുട്ടിയേക്കാം. ഇടയ്ക്കിടെ ഒരു മിന്നൽ പിണർ മാത്രം. അതും ദൃശ്യപ്രകാശത്തിലല്ല. ഗാമാ വികിരണങ്ങളായി ക്ഷണ നേരത്തേക്ക്. അപ്പോഴും അവശേഷിക്കുന്ന അസ്ഥിരമായ പ്രോട്ടോണുകൾക്ക് അണുകേന്ദ്രം രൂപീകരിക്കുന്നതിന് ശേഷിയുണ്ടാകില്ല. അടിസ്ഥാന ബലങ്ങളൊന്നാകെ ദുർബമാകും. പ്രോട്ടോണുകള്‍ ക്വാർക്കുകളായി വിഘടിക്കപ്പെടും. ക്വാർക്കുകളെ ചേര്ത്തു നിര്ത്തുന്ന ശക്തമായ ന്യൂക്ലിയർ ബലം ദുർബലമാകും. തമോദ്വാരങ്ങള്‍ വിഴുങ്ങിയ ദ്രവ്യമെല്ലാം ബാഷ്പീകരിക്കപ്പെടും ( Via Hawking Radiation). നക്ഷത്ര ദ്രവ്യമെല്ലാം നേർത്തുനേർത്ത് കേവല പൂജ്യമെന്ന (Absolute Zero) ഏറ്റവും താഴ്ന്ന താപനിലയില്‍ പ്രതിപ്രവർത്തന ശേഷി നഷ്ടപ്പെട്ട് സബ് ആറ്റമിക കണികകളുടെ ഒരു കടലായി സ്പേസിന്റെ തിരശ്ശീലയില്‍ അലിഞ്ഞുചേരും.

ഇത്തരമൊരു മഹാശീതികരണമാണ് (Big Rip) തുറന്ന പ്രപഞ്ചത്തെയും പരന്ന പ്രപഞ്ചത്തെയും കാത്തിരിക്കുന്നതെന്നാണ് ആധുനിക കോസ്മോളജി പറയുന്നത്

സാബു ജോസ്

 378 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo