ശ്രീ ശ്രീ രവിശങ്കറിൻ്റെ വാചക കസർത്തുകൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( ടി.കെ. രവിന്ദ്രനാഥ് )

ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഉൽഘാടനം ചെയ്തു കൊണ്ട് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞ ചില കാര്യങ്ങൾ നോക്കൂ:

(1) ലോകത്തെ ഒരു കുടുംബമായി കണ്ടതാണ് ഭാരതത്തിൻ്റെ സംസ്കാരം.

പ്രതികരണം: അതിനെന്ത് തെളിവാണുള്ളത്?
വസുധൈവ കുടുംബകം എന്ന വാക്യമോ?
വേദങ്ങളെ അടിസ്ഥാനമാക്കിയാണ് ഇങ്ങിനെ പറയുന്നതെങ്കിൽ വേദിക് കാലഘട്ടത്തിൽ ഭാരതം എന്ന ഒരു രാജ്യം ഉണ്ടായിരുന്നില്ല.
വേദിക് ജനതയെ ഭാരതീയരെന്നും പറയാൻ പറ്റില്ല. ഒരു ആലങ്കാരിക പ്രയോഗമെന്നതിനപ്പുറം ഭൂമിയിലെ മനുഷ്യരെല്ലാം ഒന്നാണ് എന്ന സങ്കൽപ്പം പ്രാവർത്തികമായിരുന്നതിന് ഒരു തെളിവുമില്ല.

വേദാനന്തര കാലഘട്ടത്തിൽ ഭാരതീയർ ജനങ്ങളെ ഒരു കുടുംബമായി കണ്ടില്ല എന്നു മാത്രമല്ല മനുഷ്യരെ ജാതീയമായി വേർ തിരിച്ച് ഉച്ചനീചത്വം കൽപ്പിച്ച് അടിച്ചമർത്തുകയായിരുന്നു ചെയ്തത്.
പിന്നെന്ത് ഒരേ കുടുംബം ?

(2) മഹത് ഗ്രന്ഥങ്ങളിലൂടെയും മഹത്തായ വേദ വേദാന്ത പാഠങ്ങളിലൂടെയും ഭാരതം ലോകത്തിന് നൽകിയ സംഭാവന വിലമതിക്കാനാവത്തതാണ്.

പ്രതികരണം: ദേവതകളോടുള്ള പ്രാർത്ഥനകളാണ് ഋഗ്‌വേദത്തിലുള്ളത്. വേദകാല സമൂഹ ജീവിതവും സംസ്ക്കാരവും അതിൽ നിന്ന് കണ്ടെടുക്കാൻ കഴിയും. അതിലപ്പുറം വലിയ സംഭാവനയൊന്നും ലോകത്തിന് നൽകാൻ വേദങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഗ്രീക്ക്, ബാബിലോണിയൻ തുടങ്ങിയ പുരാതന സംസ്കാരങ്ങളും അവരുടെതായ സംഭാവന
ലോകത്തിന് നൽകിയിട്ടുണ്ട്.

(3) ഏറ്റവും പുരാതനമായ തത്വശാസ്ത്രമാണ് വേദശാസ്ത്രം.
ഇവിടെ നിന്നാണ് പല ശാസ്ത്ര ശാഖകളും വികസിച്ചത്.

പ്രതികരണം: എന്താണ് വേദശാസ്ത്രം ?
വേദങ്ങളിൽ, തത്വശാസ്ത്രം (philosophy)
ഉണ്ടാവാം. പക്ഷെ സയൻസ് എന്ന അർത്ഥത്തിൽ ശാസ്ത്രത്തിൻ്റെ ഒരു ലാഞ്ചനയും അതിലില്ല. പാശ്ചാത്യരേക്കാൾ കേമന്മാരാണ് പുരാതന ഭാരതീയർ എന്ന് തോന്നിപ്പിക്കാൻ വേണ്ടി വേദങ്ങളിൽ സയൻസ് കണ്ടെത്താൻ ചില സംഘപരിവാർ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അതിനൊന്നും ശാസ്ത്രലോകത്തിൻ്റെ സമ്മതിയില്ലെന്ന് മാത്രം. പിൽക്കാലത്ത് ബ്രഹ്മഗുപ്തൻ, ആര്യഭട്ടൻ തുടങ്ങിയ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ആ രംഗത്ത് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ അതിനെ ഹിന്ദു മതവുമായോ വേദവുമായോ ബന്ധപ്പെടുത്തുന്നതിൽ ഒരർത്ഥവുമില്ല.

ചരിത്ര ബോധവും ശാസ്ത്ര ബോധവുമില്ലാത്ത ആന്ദലഹരിയിലാറാടുന്ന തൻ്റെ അനുയായികളെ സുഖിപ്പിക്കാൻ വ്യാജത്തിൽ പൊതിഞ്ഞ വാചകമേളകൾ സംഘടിപ്പിക്കുകയാണല്ലോ ശ്രീ ശ്രീയുടെ മുഖ്യ ജോലി.

 317 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo