വൈരുദ്ധ്യാത്മക ഭൗതിക വാദവും ശബരിമല വിധിയും തമ്മിലെന്ത് ബന്ധം?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( ടി.കെ.രവിന്ദ്രനാഥ്)

CPM നേതാവ് എം.വി.ഗോവിന്ദൻ മാസ്റ്റർ KSTA യോഗത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് പരാമർശിച്ചത് ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. ഇന്നുച്ചയ്ക്ക് അദ്ദേഹം വാർത്താ ലേഖകരുടെ ചോദ്യത്തിന് വിശദീകരണം നൽകിയപ്പോഴും തൻ്റെ നിലപാട് ആവർത്തിച്ചു. വൈ. ഭൗ. വാദം ദൈവത്തെ നിഷേധിക്കുന്നുണ്ട്. അതാണ് മാർക്സിയൻ പ്രപഞ്ച വീക്ഷണം. പക്ഷെ കമ്യൂണിസ്റ്റുകാർ ഭരിക്കുമ്പോൾ ആ പ്രപഞ്ച വീക്ഷണം നടപ്പാക്കാൻ പറ്റില്ല. കാരണം ബഹുഭൂരിപക്ഷം വിശ്വാസികളാണ്. ഈ സത്യത്തിൻ്റെ അടിസ്ഥാനത്തിൽ വേണം ശബരിമല വിഷയവും കാണാൻ എന്നാണദ്ദേഹം പറഞ്ഞത്. വരാൻ പോകുന്ന വിശാല ബഞ്ചിൻ്റെ വിധി മുൻ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധിയെ ശരിവെയ്ക്കുന്നതാണെങ്കിൽ പോലും അത് നടപ്പാക്കാൻ ഉത്സാഹം കാണിക്കേണ്ട എന്നാവാം അദ്ദേഹം ഉദ്ദേശിച്ചത്.
അങ്ങിനെയെങ്കിൽ
2018ൽ ശബരിമല യുവതീ പ്രവേശന വിധി വന്നശേഷം അത് നടപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനു വേണ്ടിയും യാഥാസ്ഥിതികർക്ക് മറുപടി നൽകുന്നതിന് വേണ്ടിയും നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കി വമ്പൻ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചത് എന്തിനായിരുന്നു എന്ന ചോദ്യം വരും.
അത് വേണമായിരുന്നു എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. കാരണം, ഒന്ന്, കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെപ്പോലെ ഫ്യൂഡൽ സംസ്കാരം ആഴത്തിൽ പതിഞ്ഞു കിടക്കുന്ന ഒന്നല്ല. രണ്ട്, ഇവിടെ നവോത്ഥാനത്തിൻ്റെ മൂല്യങ്ങൾ അന്തർധാരയായി നില നിൽക്കുന്നുണ്ട്. മൂന്ന്, ശബരിമല വിഷയത്തിൽ ദൈവനിഷേധമില്ല. അനാചാര നിഷേധമാണ്.
അത് വിശ്വാസികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അതിൽ കുറേയൊക്കെ വിജയിച്ചു എന്ന് വേണം കരുതാൻ.

കേരളത്തിൽ 1969ൽ മൃഗബലി നിരോധിച്ചില്ലെ? ഗോവിന്ദൻ മാസ്റ്ററുടെ തിയറി പ്രകാരം അത് സാധ്യമാകുമായിരുന്നോ?
വൈ. ഭൗ. വാദത്തിൻ്റെ പ്രപഞ്ച വീക്ഷണമനുസരിച്ചല്ലല്ലോ സതി നിർത്തലാക്കിയത്?
അതുപോലുള്ള ഒരു അനാചാരവും സ്ത്രീ തുല്യതാ നിഷേധവുമാണ് ശബരിമല വിഷയം എന്ന് കണ്ടാൽ മതി. ഈ സുപ്രിം കോടതി വിധി വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമൊന്നുമല്ല.
ഒരു നീതി നടപ്പാക്കലാണ്.
ആ നിലയിൽ വേണം അത് കാണാൻ. അല്ലായിരുന്നെങ്കിൽ നവോത്ഥാന സംരക്ഷണ സമിതിയുണ്ടാക്കി പ്രശ്നങ്ങളുണ്ടാക്കിയതെന്തിന് എന്ന ചോദ്യത്തിന് സമാധാനം പറയേണ്ടി വരും. ശബരിമല വിധിയും വൈ. ഭൗ. തമ്മിൽ ബന്ധപ്പെടുത്തുന്നത് തന്നെ തെറ്റാണ്.

 344 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo