ചൊവ്വയിൽ വസന്തത്തിന്റെ ഇടിമുഴക്കം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ടിയാൻവെൻ 1

ചൈനയുടെ ലാൻഡർ, റോവർ, ഓർബിറ്റർ ദൗത്യം 2021 ഫെബ്രുവരി 10ന് ചൊവ്വയിലെത്തും. ചൈനയുടെ ഭീമൻ റോക്കറ്റായ ലോംഗ് മാർച്ച് 5 ഉപയോഗിച്ച് 2020 ജൂലൈ 23 ന് ആണ് പേടക ത്രയങ്ങൾ വിക്ഷേപിച്ചത്. വിജയിച്ചാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയിൽ പേടകമിറക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.

റഷ്യയുമായി ചേർന്നായിരുന്നു ചൈനയുടെ ചൊവ്വാ ദൗത്യങ്ങൾ ആരംഭിച്ചത്. എന്നാൽ ഫോബോസ് ഗ്രണ്ട് പരാജയപ്പെട്ടതിനേത്തുടർന്ന് ചൈന റഷ്യൻ പങ്കാളിത്തം ഉപേക്ഷിക്കുകയായിരുന്നു. ചൈന ലോംഗ് മാർച്ച് 5 ആണ് വിക്ഷേപണ വാഹനമായി ഉപയോഗിച്ചത്.

ചൊവ്വയിലെ ധൂളീ പടലത്തിൽ ജീവൻ തിരയുകയാണ് ചൈനയുടെ ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം. ഫോസിൽ പഠനങ്ങൾ നടത്തുക, മണ്ണിന്റെ ഘടന പരിശോധിക്കുക, അന്തരീക്ഷത്തിന്റെ മാപ്പിംഗ് നടത്തുക, ഭാവിയിൽ നടക്കാൻ പോകുന്ന ചൊവ്വാ ദൗത്യങ്ങൾക്കുള്ള ലാൻഡിംഗ് സൈറ്റുകൾ നിർണയിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളിൽ പെടുന്നു.

മീഡിയം റെസല്യൂഷൻ ക്യാമറ
ഹൈ റെസല്യൂഷൻ ക്യാമറ
മാർസ് മാഗ്നറ്റോ മീറ്റർ
മാർസ് മിനറോളജി സ്പെക്ട്രോ മീറ്റർ
മാർസ് സബ് സർഫസ് റഡാർ
മാർസ് ന്യൂട്രൽ ആൻറ് അയോൺ അനലൈസർ
മാർസ് എനർജറ്റിക് പാർട്ടിക്കിൾ അനലൈസർ
ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ
മാർസ് സർഫസ്ഗ് മാഗ്നറ്റിക് ഫീൽഡ് ഡിറ്റക്ടർ
മാർസ് മീറ്റിയോറളജിക്കൽ മെഷർമെൻറ്
മൾട്ടി സ്പെക്ട്രം ക്യാമറ
നാവിഗേഷൻ ആന്റ് ടോപ്പോഗ്രഫി ക്യാമറ
തുടങ്ങിയ നിരവധി ശാസ്ത്രീയ ഉപകരണങ്ങളാണ് ചൈനയുടെ ലാൻഡറിലും റോവറിലുമായി സജ്ജീകരിച്ചിരിക്കുന്നത്. ജീവൻ അതിന്റെ അവശേഷിപ്പെങ്കിലും ചൊവ്വയിലുണ്ടെങ്കിൽ കണ്ടെത്തിയിരിക്കും എന്ന വലിയ ദൗത്യമാണ് ചൈന ഏറ്റെടുത്തിരിക്കുന്നത്.

ചുവപ്പൻ ഗ്രഹമായ ചൊവ്വയിലേക്കുള്ള പര്യവേക്ഷണദൗത്യങ്ങൾ തുടരുകയാണ്‌. ചൊവ്വയുടെ രഹസ്യങ്ങൾ തേടി ബഹിരാകാശ ഏജൻസികളുടെ ‌ നിരവധി ദൗത്യങ്ങളാണ്‌ അണിയറയിൽ ഒരുങ്ങുന്നത്‌. ഇപ്പോഴും വിജയകരമായി മുന്നേറുന്ന ദൗത്യങ്ങളുടെ തുടർച്ചയായാണിത്‌. അടുത്ത 15 വർഷത്തിനുള്ളിൽ ചൊവ്വാ പര്യവേക്ഷണത്തിൽ നിർണായക മുന്നേറ്റവും വഴിത്തിരിവും ഉണ്ടാകുമെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തൽ. വലിയ അത്ഭുതങ്ങൾക്കായി കാത്തിരിക്കാം.

പെർസിവറൻസ് റോവർ

നാസയുടെ അത്യാധുനിക ചൊവ്വാ റോവർ ദൗത്യമാmi മാർസ് 2020 (ഇപ്പോൾ പ്രെർവറൻസ്). ചൊവ്വയുടെ ധാതുഘടനയെക്കുറിച്ചും മണ്ണിലുള്ള ഓർഗാനിക് സംയുക്തങ്ങളെപ്പറ്റിയും വിശദമായി പഠിക്കുന്നതിനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളുടെ ഒരു പരീക്ഷണശാലയാണ് മാർസ് 2020 പെർസിവറൻസ്

( Perseverance) ദൗത്യം. 2021 ഫെബ്രുവരി 18 ന് പെർസിവിറൻസ് റോവർ ചൊവ്വയിൽ ഇറങ്ങും.

ഭാവിയിൽ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വാ യാത്രയുടെ സാധ്യതകൾ പരിശോധിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. ഇപ്പോൾ ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന ക്യൂരിയോസിറ്റി റോവറിന്റെ പരിഷ്‌കരിച്ച രൂപമാണ് മാർസ് 2020 റോവറിനുള്ളത്. എന്നാൽ, ശാസ്ത്രീയ ഉപകരണങ്ങൾ ക്യൂരിയോസിറ്റിയിൽനിന്നും ഏറെ വിഭിന്നവും. ഉപകരണങ്ങളുടെ രൂപകൽപ്പനയും നിർമാണവും നാസയുടെ കീഴിലുള്ള ജെറ്റ്‌പ്രൊപൽഷൻ ലബോറട്ടറിയിലാണ് നിർവഹിക്കുന്നത്. ചൊവ്വയിൽനിന്ന്‌ 31 തരം പാറയുടെ സാമ്പിളും ചൊവ്വാ ധൂളിയും ഭൂമിയിൽ എത്തിച്ച് വിശദമായ പഠനം നടത്താനും ലക്ഷ്യമിടുന്നു. നാസയുടെ ചൊവ്വാ പര്യവേക്ഷണപദ്ധതിയുടെ ഭാഗമായ ഓപ്പർച്യൂണിറ്റി, ക്യൂരിയോസിറ്റി എന്നീ റോവറുകൾക്കും ഒഡീസി, എംആർഒ, മാവെൻ എന്നീ ഓർബിറ്ററുകൾക്കുംശേഷമുള്ള സുപ്രധാന ദൗത്യമാണ് മാർസ് 2020 പെർസിവറൻസ് റോവർ.

രൂപകൽപ്പന

നാസയുടെ ക്യൂരിയോസിറ്റി റോവറുമായി വളരെ അടുത്ത സാദൃശ്യമുണ്ട് മാർസ് 2020 പെർസിവറൻസ് റോവറിന്. ക്യൂരിയോസിറ്റിയിൽ ഉപയോഗിച്ച സ്‌കൈ ക്രെയിൻ ലാൻഡിങ് സംവിധാനവും ഹീറ്റ് ഷീൽഡും പുതിയ ദൗത്യത്തിലും നിലനിർത്തിയിട്ടുണ്ട്. കൂടാതെ ക്യൂരിയോസിറ്റിയിലുള്ള റേഡിയോ ഐസോടോപ് തെർമോ ഇലക്ട്രിക് ജനറേറ്ററും പുതിയ പേടകത്തിലുണ്ടാകും. എൻജിനിയറിങ് വിഭാഗത്തിലും ശാസ്ത്രീയ ഉപകരണങ്ങളുടെ കാര്യത്തിലും മാത്രമാണ് വ്യത്യാസമുള്ളത്. 250 കോടി യുഎസ് ഡോളറാണ് പദ്ധതിയുടെ പദ്ധതിയുടെ ചെലവ്.

ശാസ്ത്രീയ ഉപകരണങ്ങൾ

മാസ്‌കാം

സൂം ചെയ്യാവുന്ന സ്റ്റീരിയോസ്‌കോപിക് ക്യാമറ. ചൊവ്വയുടെ മണ്ണിന്റെ ധാതുഘടന പരിശോധിക്കുന്നതിനും ഈ ഉപകരണത്തിനു കഴിയും.

സൂപ്പർ കാം

ചൊവ്വാ ധൂളിയിൽ അടങ്ങിയിരിക്കുന്ന ഓർഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള ഉപകരണം.

പിക്‌സൽ

(പ്ലാനറ്ററി ഇൻസ്ട്രുമെന്റ് ഫോർ എക്‌സ്-റേ ലിത്തോകെമിസ്ട്രി- PIXL)

ചൊവ്വാ ധൂളിയിൽ അടങ്ങിയ രാസമൂലകങ്ങളുടെ അനുപാതം പരിശോധിക്കുന്നതിനുള്ള സ്‌പെട്രോ മീറ്ററാണ്‌ ഇത്.

ഷെർലോക്

(സ്‌കാനിങ് ഹാബിറ്റബിൾ എൻവിറോൺമെന്റ്‌സ് വിത്ത് രാമൻ ആൻഡ്‌ ലൂമിനസെൻസ് ഫോർ ഓർഗാനിക്‌സ് ആൻഡ്‌ കെമിക്കൽസ്- SHERLOC)

ചൊവ്വാ ധൂളിയുടെ ധാതുഘടനയും ഓർഗാനിക് സംയുക്തങ്ങളുടെ സാന്ദ്രതയും കണ്ടെത്തുന്നതിനുള്ള ഒരു അൾട്രാ വയലറ്റ് സ്‌പെക്‌ട്രോ മീറ്ററാണ്‌ ഇത്.

മോക്‌സി (മാർസ് ഓക്‌സിജൻ ഐഎസ്ആർയു എക്‌സ്‌പെരിമെന്റ്-MOXIE)

ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്‌സൈഡിൽ നിന്ന് ഓക്‌സിജൻ വേർതിരിക്കുന്നതിനുള്ള സാങ്കേതികവിദ്യാ പരീക്ഷണം

മെഡ (മാർസ് എൻവിറോൺമെന്റൽ ഡൈനമിക്‌സ് അനലൈസർ – MEDA)

ചൊവ്വയുടെ അന്തരീക്ഷ താപനില, കാറ്റിന്റെ വേഗത ദിശ വാതകമർദം, ആപേക്ഷിക ആർദ്രത, ധൂളിയുടെ ആകൃതിയും വലുപ്പവും എന്നിവ കണ്ടെത്തുന്നതിനുള്ള സെൻസറുകളാണ്‌ ഇത്.

റിംഫാക്‌സ് (റഡാർ ഇമേജർ ഫോർ മാർസ് സബ്‌സർഫസ് എക്‌സ്‌പെരിമെന്റ്- RIMFAX)

ഗ്രഹോപരിതലം തുളച്ചുകടന്ന് പരിശോധിക്കുന്നതിനുള്ള റഡാർ സംവിധാനം.

മംഗൾയാൻ ദൗത്യം തുടരുന്നു

ഐഎസ്‌ആർഒയുടെ മംഗൾയാൻ ഇപ്പോഴും ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ട്‌. 2013 നവംബറിൽ ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിക്ഷേപിച്ച മംഗൾയാൻ നൂറുകണക്കിനു ചിത്രവും വിവരങ്ങളും ശാസ്‌ത്രലോകത്തിനു നൽകിക്കഴിഞ്ഞു. കേവലം ആറുമാസമാണ്‌ പേടകത്തിന്‌ ആയുസ്സ്‌ പ്രവചിച്ചിരുന്നത്‌. എന്നാൽ, ആറു വർഷവും കടന്ന്‌ മംഗൾയാൻ ചൊവ്വയെ സൂക്ഷ്‌മമായി പഠിച്ച്‌ വിവരങ്ങൾ ഭൂമിയിലേക്ക്‌ അയച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ചൊവ്വാ ദൗത്യത്തിനുള്ള തയ്യാറെടുപ്പും ഐ എസ്‌ ആർ ഒ തുടങ്ങിക്കഴിഞ്ഞു.

അറേബ്യയിൽ നിന്നുള്ള ആദ്യ ചൊവ്വാ ദൗത്യം അൽ-അമൽ (Hope) എന്നു പേരിട്ടിരിക്കുന്ന ഓർബിറ്റർ ദൗത്യം 2020 ജൂലൈ 14ന് ജപ്പാനിൽ നിന്ന് വിക്ഷേപിച്ചു. 2021 ഫെബ്രുവരി 9ന് ഇന്ത്യൻ സമയം വൈകിട്ട് 6.30 ന് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കും. 2020 ജൂലൈ മാസത്തെ ലോഞ്ച് വിൻഡോയിൽ വിക്ഷേപിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉപഗ്രഹ വിക്ഷേപണം 2022 വരെ ദീർഘിക്കുമായിരുന്നു. ജപ്പാന്റെ H2A റോക്കറ്റാണ് വിക്ഷേപണ വാഹനം.

എമിറേറ്റ്സിലെ മൊഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററാണ് അൽ-അമൽ ഓർബിറ്റർ നിർമിച്ചത്. കൊളറാഡോ യൂണിവേഴ്സിറ്റി, അരിസോണ യൂണിവേഴ്സിറ്റി, കാലിഫോർണിയ യൂണിവേഴ്സിറ്റി, ബെർക്ക്ലേ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പേടകത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. ചൊവ്വയിലെ കാലാവസ്ഥാ ചക്രത്തേക്കുറിച്ചും പൊടിക്കാറ്റുകളേക്കുറിച്ചുമുള്ള പഠനമാണ് അൽ-അമൽ ദൗത്യത്തിന്റെ വിക്ഷേപണ ലക്ഷ്യം. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വാതകങ്ങൾ, പ്രധാനമായും ഓക്സിജനും ഹൈഡ്രജനും ജല ബാഷ്പവും നഷ്ടപ്പെട്ടതിന്റെ കാരണം അന്വേഷിക്കുന്നതും ചൊവ്വയുടെ കാലാവസ്ഥ മാറാനിടയായ സാഹചര്യത്തേക്കുറിച്ച് പഠിക്കുന്നതും ഈ ദൗത്യത്തിന്റെ ലക്ഷ്യമാണ്. രണ്ട് വർഷമാണ് ഈ ഓർബിറ്റർ ചൊവ്വയുടെ ഭ്രമണപഥത്തിലുണ്ടാവുക

1350 കിലോഗ്രാം മാസുള്ള ഓർബിറ്ററിന് 2.37 മീറ്റർ വീതം നീളവും വീതിയും 2.9 മീറ്റർ ഉയരവുമുണ്ട്. രണ്ട് സോളാർ പാനലുകൾ ഉപയോഗിച്ച് 1800 വാട്ട്സ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത് പേടകത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജം പ്രദാനം ചെയ്യും. ജപ്പാനിലെ മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസ് ആണ് വിക്ഷേപണത്തിന്റെ കോൺട്രാക്ടർ. 20,000 കിലോമീറ്റർ സമീപ അക്ഷവും (Periareon) 43,000 കിലോമീറ്റർ വിദൂര അക്ഷവും (Apoareon) ഉള്ള ഭ്രമണപഥമാണ് അൽ-അമൽ പേടകത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. 55 മണിക്കൂർ കൊണ്ട് പേടകം ഒരു തവണ ചൊവ്വയെ പ്രദക്ഷിണം ചെയ്യും

2021 ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമ്പോൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിക്കപ്പെട്ടതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയായിരിക്കും രാജ്യം. പ്രതീക്ഷ (Hope) എന്നാണ് അൽ-അമൽ എന്ന വാക്കിന് അറബിക് ഭാഷയിലുള്ള അർഥം. 2014 ജൂലൈ മാസത്തിൽ എമിറേറ്റ്സ് പ്രസിഡണ്ടായിരുന്ന ഷേയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ആണ് അൽ-അമൽ പദ്ധതി പ്രഖ്യാപിക്കുന്നത്. അറേബ്യയിലെ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന ബഹിരാകാശ പദ്ധതി ആയതുകൊണ്ടാണ് അൽ-അമൽ എന്ന പേര് സ്വീകരിച്ചത്. പേടകം ശേഖരിക്കുന്ന വിവരങ്ങൾ ലോകമെമ്പാടുമുള്ള ഇരുന്നൂറിൽ പരം സാങ്കേതിക സ്ഥാപനങ്ങളുമായി പങ്കു വയ്ക്കും. എമിറേറ്റ്സിന്റെ ഭാവി പദ്ധതികൾക്ക് ഐ.എസ്.ആർ.ഒ യുടെ പിൻതുണയുമുണ്ടാകും.

നാസ, ഇസ, റോസ്കോസ്മോസ്, ഇസ്റോ എന്നീ ബഹിരാകാശ ഏജൻസികളുമായി ചേർന്നാണ് അൽ-അമൽ സ്പേസ്ക്രാഫ്റ്റിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇപ്പോൾ ചൊവ്വയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രേസ് ഗ്യാസ് ഓർബിറ്റർ, ചൊവ്വയുടെ ഭ്രമണപഥത്തിലുള്ള മാവെൻ എന്നീ സ്പേസ്ക്രാഫ്റ്റുകളുമായി അൽ-അമൽ ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുo

2011 മുതലാണ് മനുഷ്യന്റെ ചൊവ്വ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഗൗരവം കൈവന്നത്. അമരിക്കന്‍ ശതകോടീശ്വരനായ ഡെന്നിസ് ടിറ്റോ 2018 ല്‍ ഒരു ജോഡി ദമ്പതികളെ ചൊവ്വ സന്ദര്‍ശനം നടത്തി തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. 2013 ലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. 501 ദിവസത്തെ ബഹിരാകാശ വാസമാണ് ഇതിനായി വേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ പേടകം ചൊവ്വയിലിറങ്ങില്ല. ചുവന്ന ഗ്രഹത്തിന്റെ 160 കിലോമീറ്റര്‍ വരെ അടുത്തെത്തുകയും പിന്നീട് ഭൂമിയിലേക്ക് തിരിച്ചു പറക്കുകയും ചെയ്യും. പക്ഷെ ഈ പദ്ധതി നടന്നില്ല. നാസയേക്കാളും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയെക്കാളും ഉയര്‍ന്ന സാങ്കേതിക വിദ്യയൊന്നും ടിറ്റോയുടെ സ്വകാര്യ ഏജന്‍സിക്കില്ല.നാസ പറയുന്നത് 2030 കളില്‍ അത് സാധ്യമാകുമെന്നാണ്. ഇതിനിടയില്‍ ചില സ്വകാര്യ സ്‌പേസ് ഏജന്‍സികള്‍ തിരിച്ച് വരാന്‍ കഴിയാത്ത ചൊവ്വായാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 ലാണ് അവര്‍ ഈ യാത്ര പ്രവചിക്കുന്നത്. ഇതിനകം നിരവധി ആളുകള്‍ ഈ യാത്രയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു എന്നതാണ് ഏറെ കൗതുകം.

ഇന്നത്തെ പരിമിതികള്‍

ഒറയണ്‍ സ്‌പേസ് ക്രാഫ്റ്റില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 21 ദിവസം മാത്രമേ ബഹിരാകാശ യാത്രകര്‍ക്ക് താമസിക്കാന്‍ കഴിയൂ. ചൊവ്വയിലേക്കുള്ള ദീര്‍ഘ ദൂരം യാത്രയ്ക്ക് ഇത് അഭികാമ്യമല്ല. എന്നാല്‍ ഭാവിയില്‍, കുറേക്കൂടി ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പരിമിതി മറികടക്കാന്‍ കഴിയും. മാത്രവുമല്ല, ചൊവ്വാ ദൗത്യം നടത്തുമ്പോള്‍ 500 ടണ്ണിലധികം ഭാരമുള്ള അനുബന്ധ ഉപകരണങ്ങള്‍ പേടകത്തിലുണ്ടായിരിക്കണം. ഇപ്പോള്‍ ഒറയണ്‍ വിക്ഷേപിക്കാനുപയോഗിച്ച ഡെല്‍റ്റ IV ഹെവി റോക്കറ്റിന്റെ ഭാര വാഹക ശേഷി 130 ടണ്‍ മാത്രമാണ്. സ്‌പേസ് ലോഞ്ച് സിസ്റ്റവും ഇപ്പോള്‍ പര്യാപ്തമല്ലെന്നര്‍ഥം. 2030 ആകുമ്പോഴേക്കും ഇതും മറികടക്കാന്‍ കഴിയുമെന്നാണ് നാസ കരുതുന്നത്. മറ്റൊരു പ്രശ്‌നം ചൊവ്വയിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ബഹിരാകാശ സഞ്ചാരി നേരിടുന്ന ഉയര്‍ന്ന റേഡിയേഷന്‍ ലെവലാണ്. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ ഇത് തരണം ചെയ്യാന്‍ കഴിയില്ല. സാമ്പത്തികമാണ് മറ്റൊരു വലിയ വെല്ലുവിളി. ലോകത്തെ ഏതൊരു ബഹിരാകാശ ഏജന്‍സിക്കും ഒറ്റക്ക് നേരിടാന്‍ കഴിയുന്നതല്ല അത്. ലോകത്തിലെ 14 ബഹിരാകാശ ഏജന്‍സികളും ചൊവ്വാ യാത്രയ്ക്ക് താത്പര്യം പ്രകടിപ്പിച്ചുട്ടുണ്ടെങ്കിലും ഒറ്റയ്‌ക്കൊരു യാത്ര അവരാരും തന്നെ ആഗ്രഹിക്കുന്നില്ല. ഒറിയണിന്റെ പരീക്ഷണപ്പറക്കലിനു മാത്രമുള്ള ചെലവ് 37 കോടി അമേരിക്കന്‍ ഡോളറാണെന്ന കാര്യം ഓര്‍മിക്കണം.

ഒറയണ്‍

നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേ സമയം സഞ്ചരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ബഹിരാകാശ പേടകമാണ് ഒറയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. ഒരു കമാന്‍ഡ് മൊഡ്യൂളും, ഒരു സര്‍വ്വീസ് മൊഡ്യൂളും ചേര്‍ന്നുള്ള രൂപഘടനയാണ് ഒറിയണിന്. നാസയുടെ നിയന്ത്രണത്തിലുള്ള ലോക്ഹിഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷനാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മ്മിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കോര്‍പ്പറേഷനാണ് സര്‍വ്വീസ് മൊഡ്യൂളിന്റെ നിര്‍മ്മാതാക്കള്‍. 2011 മെയ് 24 നാണ് നാസ ഒറയണ്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ചന്ദ്രന്‍, ഛിന്നഗ്രഹങ്ങള്‍, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് ഒറയണ്‍ പദ്ധതികൊണ്ട് നാസ ലക്ഷ്യം വെക്കുന്നത്. 2014 ഡിസംബര്‍ 5ന് പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തി. ഈ യാത്രയില്‍ പേടകത്തില്‍ യാത്രികരുണ്ടായിരുന്നില്ല. ബഹിരാകാശ യാത്രികരുമായുള്ള ആദ്യ യാത്ര ഉദ്ദേശിക്കുന്നത് 2022 ലാണ്.

ആർട്ടമിസ് 4 ദൗത്യം.

23 ടണ്ണാണ് പേടകത്തിന്റെ ആകെ ഭാരം. ആംസ്‌ട്രോഗും, ആല്‍ഡ്രിനും, കോളിന്‍സും സഞ്ചരിച്ച മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്ര പേടകമായ അപ്പോളോ സ്‌പേസ്‌ക്രാഫ്റ്റിനേക്കാള്‍ കുറവാണിത്. അപ്പോളോ പേടകത്തിന്റെ ആകെ ഭാരം 30 ടണ്ണായിരുന്നു. ഒറയണില്‍ യാത്രികര്‍ ഇരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം 8.9 ടണ്ണാണ്. അപ്പോളോയില്‍ ഇത് 5.8 ടണ്ണായിരുന്നു. കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം ഒറയണിലാണ് കൂടുതല്‍ എന്നര്‍ത്ഥം. മൊഡ്യൂളിന്റെ വ്യാസം 5 മീറ്ററും ഉയരം 3.3 മീറ്ററുമാണ്. അപ്പോളോ കമാന്‍ഡ് മൊഡ്യൂളിന്റെ വ്യാസം 3.9 മീറ്ററായിരുന്നു. അതിനര്‍ത്ഥം ഒറയണിന്റെ വ്യാപ്തം അപ്പോളോയുടെ രണ്ടര മടങ്ങാണണെന്നാണ്. ദ്രാവക മീഥേയ്ന്‍ ആണ് ഒറയണില്‍ ഇന്ധനവുമായി ഉപയോഗിക്കുന്നത്. എന്നാല്‍ മീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതിക വിദ്യ ഇപ്പോള്‍ ശൈശവദശയിലാണുള്ളത്. ഒറയണിന്റെ കമാന്‍ഡ് മൊഡ്യൂളിന് ഒരു വൃത്ത സ്തൂപികയുടെ ആകൃതിയാണുള്ളത്. ഒരു സിലിണ്ടറിന്റെ ആകൃതിയാണ് സര്‍വ്വീസ് മൊഡ്യൂളിന്. ഏറ്റവും ഉയര്‍ന്ന കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. അലുമിനിയം-ലിഥിയം ലോഹസങ്കരമുപയോഗിച്ചാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നാസയുടെ മറ്റു ബഹിരാകാശ പേടകങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ഡോക്ക് ചെയ്യുന്നതിന് ഒറയണിനു കഴിയും. നാസ അവസാനിപ്പിച്ച സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങളേക്കാള്‍ പത്ത് മടങ്ങ് സുരക്ഷിതമാണ് ഒറയണ്‍ മള്‍ട്ടി പര്‍പസ് ക്രൂ വെഹിക്കിള്‍. പുനരുപയോഗ ശേഷിയുമുണ്ടിതിന്.

ഇനി ചൊവ്വ യാത്രകൾ സ്വപ്നം കണ്ടു തുടങ്ങാം. ഒറയണിന്റെ ചിറകിലേറി ആദ്യ മനുഷ്യന്‍ ചുവന്ന ഗ്രഹത്തില്‍ കാലു കുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് മതി.

സാബു ജോസ്

 252 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo