കുട്ടി കളിപ്പാട്ടം പൊളിക്കുമ്പോൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ചിത്രത്തിലുള്ളത് ഒരു കളിപ്പാട്ടമാണ്. പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല, അതൊരു കളിട്രെയിനാണ്. എന്നാൽ ഇക്കാര്യത്തിൽ കൗതുകകരമായ ഒരു കാര്യമുണ്ട്. ട്രെയിനിന് അതിന്റെ പാളത്തിലൂടെ മാത്രമേ ഓടാനാകൂ എന്ന് നമുക്കറിയാം. വീലുകൾ മുകളിൽ വരുന്ന രീതിയിൽ പാളത്തിലൂടെ നീങ്ങുന്ന ഒരു ട്രെയിൻ അസാധ്യമാണെന്ന് നമുക്കറിയാം. ഒരു ബോഗിയ്ക്ക് മുകളിൽ മറ്റൊരു ബോഗി എടുത്തുവെച്ചുകൊണ്ട് ഒരു ട്രെയിൻ ഓടില്ല എന്ന് നമുക്കറിയാം. അങ്ങനെ പല കാര്യങ്ങൾ നമുക്കറിയാം. പക്ഷേ ഏത് പ്രായത്തിലുള്ള കുട്ടിയ്ക്ക് വേണ്ടിയാണോ ഈ കളിപ്പാട്ടം ഉണ്ടാക്കപ്പെട്ടിരിക്കുന്നത്, ആ കുട്ടിയ്ക്കും ഇതൊക്കെ അറിയാം എന്നൊരു തെറ്റിദ്ധാരണ നമ്മൾ സ്വയമറിയാതെ പ്രകടിപ്പിക്കാറില്ലേ?

കുഞ്ഞുങ്ങൾ കളിപ്പാട്ടം വെച്ച് കളിക്കുന്നില്ല, അവരത് ചുമ്മാ നശിപ്പിച്ച് കളയുന്നു എന്ന് പരാതിപറയുന്ന ആളുകൾ സർവസാധാരണമാണ്. ഉദ്ദേശിക്കുന്നത് നേരത്തേ പറഞ്ഞതുപോലെ, താൻ ആ കളിപ്പാട്ടം വെച്ച് എന്ത് ചെയ്യണമെന്നാണോ കരുതുന്നത്, അതല്ല കുട്ടി ചെയ്യുന്നത് എന്നതാണ്. ട്രെയിൻ കളിപ്പാട്ടമാണെങ്കിൽ, അതിനെ പാളത്തിലൂടെ ഓടിക്കുന്നതിന് പകരം മണ്ണിലിട്ട് ഉരയ്ക്കുക, ചെലപ്പോൾ ബോഗി പീസുപീസാക്കി ഒന്ന് മറ്റൊന്നിന് മുകളിൽ അടുക്കുക, എന്നിങ്ങനെ ‘അർത്ഥശൂന്യമായ’ കാര്യങ്ങൾ കുട്ടി ചെയ്യുന്നു. ഇവിടെയാണ് മുതിർന്നവർ തങ്ങളുടെ മനസ്സിൽ വർഷങ്ങൾ കൊണ്ട് ഉറഞ്ഞുകൂടിയ അറിവുകൾ രണ്ട് വയസ്സുള്ള കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കുക എന്ന അബദ്ധം ചെയ്യുന്നത്. ആ ട്രെയിൻ ഒരു കളിപ്പാട്ടം മാത്രമാണെന്നും, അതിനകത്ത് ഒന്നുമുണ്ടാകില്ല എന്നും നമുക്കറിയാം. പക്ഷേ കുട്ടിയ്ക്കും അതറിയാമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടാണ് കുട്ടി അത് പൊളിച്ചുനോക്കുന്നതിൽ എന്തോ ചെയ്യരുതായ്ക നടക്കുന്നതായി നമുക്ക് തോന്നുന്നത്.

കളിപ്പാട്ടം പൊളിക്കുന്നതും കുട്ടിയെ സംബന്ധിച്ച് അതുപയോഗിച്ചുള്ള ഒരു കളി തന്നെയാണ്. കളിപ്പാട്ടം നമ്മൾ കൊടുത്തതാണ് എന്ന് കരുതി, അതുകൊണ്ട് സാധ്യമായ കളികൾ എന്തൊക്കെയാണ് എന്ന് നമ്മൾ നിർവചിക്കുന്നത് ശരിയല്ല. ട്രെയിനും പാളവുമൊക്കെ നമുക്ക്, കുട്ടിയ്ക്ക് അത് വിശദമായി കൗതുകം തീർക്കാനുള്ള ഒരു പുതിയ വസ്തുവാണ്. അതിനിടയിൽ ചിലപ്പോൾ അത് നശിപ്പിക്കപ്പെട്ടേക്കാം. നമുക്കത് ‘വിലകൂടിയ’ സാധനമായിരിക്കും, പക്ഷേ കുട്ടിയ്ക്ക് ‘വില’ എന്നാൽ എന്താണെന്ന് തന്നെ ശരിയ്ക്ക് തിരിഞ്ഞിട്ടുണ്ടാകില്ല. ചുരുക്കിപ്പറഞ്ഞാൽ, ഒരു കളിട്രെയിൻ വാങ്ങിക്കൊടുത്തിട്ട്, ഇൻഡ്യൻ റെയിൽവേയിൽ ജോലി ചെയ്യുന്ന ഒരു ലോക്കോപൈലറ്റിനെ മൂന്ന് വയസ്സുള്ള കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കരുത്!

വൈശാഖൻ തമ്പി

 190 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo