കരട് നിയമ പ്രകാരം, ഈ ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിച്ച് ശബരിമല ക്ഷേത്രത്തിലും പൂങ്കാവനത്തിലും പോകുന്നത് കുറ്റകൃത്യമാണ്.
ആചാരാനുഷ്ഠാനങ്ങളില്‍ പൂര്‍ണാധികാരം തന്ത്രിക്കാണത്രേ.
ആചാരം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവുശിക്ഷയും പിഴയും ഉറപ്പുവരുത്തും എന്നുപറയാന്‍ കേരളത്തില്‍ ഒരു മുന്നണിക്ക് സാധിച്ചുവെങ്കില്‍ നമ്മള് കേരളീയര്‍ ഭയക്കണം. ഒരു മതരാഷ്ട്രത്തില്‍, മത തീവ്രവാദികള്‍ പോലും ഉന്നയിക്കാന്‍ ആശങ്കപ്പെടുന്ന ഒരു വിഷയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും മുസ്ലിം ലീഗും നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി കരട് നിയമ രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന നിയമത്തിന്റെ കരട് അഭിമാനപുരസ്സരം കാഴ്ചവെച്ചത്. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ടി. ആസഫലിയാണ് ഒരുപാട് ചിന്തിച്ചുചിന്തിച്ച് കരട് തയ്യാറാക്കിയത്.
മുന്നണിയിലെ യുവാക്കളും അല്ലാത്തവരുമായ പ്രമുഖരുടെ അഭിപ്രായങ്ങളറിയാന് തീര്‍ച്ചയായും താത്പര്യമുണ്ട്. ടി. ശബരീനാഥ്, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്, വി.ഡി. സതീശന്, ഷാഫി പറമ്പില്‍, പി.കെ. ഫിറോസ്, വി.ടി. ബല്‍റാം, എം.ലിജു, സി.പി.ജോണ്‍, എന്‍. കെ. പ്രേമചന്ദ്രന്, … പട്ടിക തീരുന്നില്ല.. നിങ്ങളാരെങ്കിലും ഈ കരട് നിയമം വായിച്ചിരുന്നോ?
വായിക്കുമ്പോള്‍ തമാശ തോന്നുമെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്വന്നുനില്ക്കുമ്പോഴുള്ള വെപ്രാളത്തില്‍ എഴുതിപ്പോകുന്നതല്ലേ സാരമില്ല, എന്ന് ആശ്വസിക്കാന്‍ തോന്നുമെങ്കിലും അതങ്ങനെയല്ല. നൂറ്റാണ്ടുകള്‍ പുറകിലുള്ള ചിന്താപദ്ധതികളേയും സംവിധാനങ്ങളെയും പൊക്കിക്കൊണ്ടുവന്ന് ഒരു കരട് നിയമം എഴുതിയുണ്ടാക്കാനും അത് പൊതുസമൂഹത്തിനു മുന്നില്‍ വെയ്ക്കാനും കഴിഞ്ഞ തലച്ചോറുകളോട് ഒന്നേ പറയാനുള്ളൂ. തെരഞ്ഞെടുപ്പ് ജയിക്കാനല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധാര്‍മികത പോലും ഒരു മുന്നണി എന്ന നിലയില്‍ യു.ഡി.എഫിന് നഷ്ടപ്പെട്ടിരിക്കുന്നു. ആചാരം തെറ്റിക്കുന്നവരെ, നിങ്ങളുടെ തന്നെ ജനങ്ങളെ അടച്ചിടാന്‍ നിങ്ങള്‍ പണിതുവെച്ചിരിക്കുന്ന ജയിലുകളില്‍ നിങ്ങള്‍ തന്നെ കയറിയിരിക്കുക. ആ കൂടുകള്‍ പൊതുവിടങ്ങളില്‍ വെയ്ക്കുക. അത്രയും വിശേഷപ്പെട്ട തലച്ചോറുകളും അവ പേറുന്ന ശരീരങ്ങളും പ്രദര്‍ശിപ്പിക്കപ്പെടേണ്ടതുണ്ട്.
കരടു നിയമത്തിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി മുഖപത്രത്തിലുണ്ട്.
അതിന്‍പ്രകാരം അയ്യപ്പ ഭക്തന് എന്നാലെന്താണെന്നോ?
അയ്യപ്പ ഭക്തനെന്നാല്, 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ശബരിമലയില്‍ എത്തുന്ന ആള്.
ആ ആള്, വ്രതാനുഷ്ഠാന കാലത്ത് സ്ത്രീകളുമായി ഒരു തരത്തിലുമുള്ള ശാരീരിക ബന്ധവും പുലര്‍ത്തരുത്. മനസാ, വാചാ, കര്‍മണാ ബ്രഹ്മചര്യം അനുഷ്ഠിക്കണം. മാത്രമോ, ആ ആള്, കുടുംബാംഗങ്ങളില്‍ നിന്ന് മാറി ഒറ്റപ്പെട്ട മുറിയിലോ കെട്ടിടത്തിലോ താമസിക്കണമത്രേ. പിന്നെയോ, ആ ആള്, മദ്യം, പുകയില, മത്സ്യ മാംസം, പഴകിയ ഭക്ഷണം എന്നിവ വര്‍ജ്ജിക്കണം പോലും. തീര്‍ന്നില്ല, ആ ആള് കര്‍ശനമായ വ്യക്തി ശുചിത്വം പാലിക്കണം. പ്രാര്‍ത്ഥനയ്ക്കു മുന്‍പും ആഹാരത്തിനു മുന്‍പും കുളിച്ച് ശരീരശുദ്ധി വരുത്തണം.
വസ്ത്രത്തിന്റെ കാര്യമാണ് ഇനി. കറുപ്പ് അല്ലെങ്കില്‍ കാവി മുണ്ട് ധരിക്കണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാര സംരക്ഷണ യജ്ഞമാണ് എന്നാണ് യു.ഡി.എഫ് പണ്ഡിതമതം. കാവി നിറമുള്ള വസ്ത്രം ശബരിമല “ആചാര’മായി മാറിയതിന്റെ ചരിത്രം പഠിക്കാന്‍ അധികമൊന്നും വേണ്ട, ഒരു പത്തു പതിനഞ്ച് കൊല്ലം പിറകിലേക്ക് പോയാല്‍ മതി. കറുപ്പിനൊപ്പം വ്യാപകമായി ഉടുത്തിരുന്ന നീല മുണ്ട് എവിടെപ്പോയി? നീല നിറത്തിന്റെ രാഷ്ട്രീയം അറിയുന്നതു കൊണ്ടായിരിക്കാം കാവി മതിയെന്ന് എഴുതിവെച്ചത്.
കരട് നിയമ പ്രകാരം, ഈ ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിച്ച് ശബരിമല ക്ഷേത്രത്തിലും പൂങ്കാവനത്തിലും പോകുന്നത് കുറ്റകൃത്യമാണ്.
ആചാരാനുഷ്ഠാനങ്ങളില്‍ പൂര്‍ണാധികാരം തന്ത്രിക്കാണത്രേ.
കുറ്റം ചെയ്താല്‍, അതായത്, 41 ദിവസം മനസാ വാചാ കര്‍മണാ ബ്രഹ്മചര്യമനുഷ്ഠിച്ചില്ലെങ്കില്, ഒറ്റപ്പെട്ട മുറിയിലോ കെട്ടിടത്തിലോ താമസിച്ചില്ലെങ്കില്‍, കറുപ്പോ കാവിയോ മുണ്ടുടുത്തില്ലെങ്കില്‍, ഓരോ തവണയും പ്രാര്‍ത്ഥിക്കുന്നതിനും ഫുഡ് കഴിക്കുന്നതിനും മുന്‍പ് കുളിച്ചിട്ടില്ല എങ്കില്‍, പഴയ ഭക്ഷണം കഴിച്ചാല്‍, ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാല്‍, സെക്ഷന്‍ മൂന്ന് പ്രകാരം മൂന്നുമാസത്തില്‍ തുടങ്ങി രണ്ടു വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടി വരും, പിഴ അടയ്ക്കേണ്ടിയും വരും.
മേല്‍ വിവക്ഷിച്ച വിശുദ്ധി, ശാന്തി, ശുചിത്വം, പരിപാവനത്വം എന്നിവക്ക് ഭംഗം വരുത്തുന്ന തരത്തില്‍ ശബരിമലയിലെത്തിയാല്‍, അവരെ തടയാനുള്ള അധികാരം ദേവസ്വം ബോര്ഡിനാണത്രേ. ആചാരാനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമായി ഏതെങ്കിലും കോടതി വിധിയോ ഡിക്രികളോ നിലവിലുണ്ടെങ്കില്‍ പോലും ഈ നിയമത്തിന് വിധേയമായി ക്ഷേത്രത്തിലെ പൂജകളും ഉത്സവങ്ങളും മറ്റ് ആചാരങ്ങളും നടത്താവുന്നതാണത്രേയെന്നും കരടിലുണ്ട്.
ആചാരം ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല ശിക്ഷ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കും സെയിം ശിക്ഷയാണ്. ഭാഗ്യം, ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് എന്ന് കരട്, ഔദാര്യപ്പെടുന്നുണ്ട്.
സത്യത്തില്‍ സംഘപരിവാര്‍ ഒരു മാത്ര ഇളിഭ്യരായിക്കാണും. തങ്ങളുടെ പ്രോപ്പര്‍ട്ടീസ് തങ്ങളേക്കാള്‍ നന്നായി പേപ്പറിലാക്കിയ യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബുദ്ധിയില്‍. പതിവുപോലെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അമ്പലങ്ങളെയും പള്ളികളേയും വലം വെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിലെ ഏറ്റവും അപകടകരമായ അധ്യായമാണ് യു.ഡി.എഫ്. പുറത്തിറക്കിയ ‘ശബരിമല അയ്യപ്പ ഡിവോട്ടീസ് ( പ്രൊട്ടക്ഷന്‍ ഓഫ് റിലീജിയസ് റൈറ്റ്സ്, കസ്റ്റംസ് ആന്റ് യൂസേജ്സ് ) 2021’ എന്ന കരട് നിയമം.
ജവഹര്‍ലാല്‍ നെഹ്റുവിനെ ജീവനോടെ കണ്ടിട്ടുള്ള നേതാക്കളൊക്കെ ഇപ്പോഴുമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസും മുസ്ലിംലീഗുമൊക്കെ. നേരിട്ടുകണ്ടിട്ടില്ലെങ്കിലും പടത്തില്‍ കാണുകയും അദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയം എന്താണ് എന്ന് മനസ്സിലാക്കുകയും ചെയ്തവരും ഈ പാര്‍ട്ടികളില്‍ ബാക്കിയുണ്ടാവും എന്നാണ് വിശ്വാസം. സ്വന്തം പാര്‍ട്ടിയുടെ ചരിത്ര പുസ്തകം, അങ്ങനെയൊന്ന് ഇപ്പോള്‍ ഉണ്ടെങ്കില്‍ പേജ് മറിച്ചു നോക്കുകയെങ്കിലും ചെയ്യണം കോണ്ഗ്രസ്സുകാര്. നവോത്ഥാനമെന്ന വാക്ക് മലയാളത്തില്‍ ഗൂഗിള്‍ ചെയ്തു നോക്കണം. ചിലപ്പോള്‍ രണ്ടിലും ഒരേ പേരുകള്‍ കാണാന്‍ പറ്റിയേക്കും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കരട് നിയമം വ്യക്തമായ ഗെയിം പ്ലാനോടെ തയ്യാറാക്കിയ ഒന്നാണ് എന്ന് കരുതേണ്ടി വരും. ശബരിമലപ്പന്തിനെ സ്വന്തം കോര്‍ട്ടില്‍ കൊണ്ടുവെച്ച്, ഗാലറി നിറച്ചുവെച്ച്, എല്‍.ഡി. എഫിനെ, സി.പി.എമ്മിനെ, മുഖ്യമന്ത്രി പിണറായി വിജയനെ കളിക്കാന്‍ വിളിച്ചിരിക്കുകയാണ് യു.ഡി.എഫ്. എത്ര ശ്രമിച്ചാലും കോര്ട്ടിലിറങ്ങാതിരിക്കാനാവില്ല പാര്‍ട്ടിക്ക്. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന്, മുഖ്യമന്ത്രി എത്ര സോഫ്റ്റായി പറഞ്ഞുപോയിട്ടും കാര്യമില്ല.
സുപ്രീംകോടതി വിധി അംഗീകരിച്ചുകൊണ്ട് എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടതുണ്ട്. ആ ചോദ്യം യു.ഡി.എഫ് ചോദിക്കുമ്പോള്‍ ഒരു ലോങ്ങ് പാസിലൂടെ പന്ത് പുറത്തേയ്ക്ക് തട്ടിക്കളയാം. പക്ഷേ പുന്നല ശ്രീകുമാര്‍ ആ ചോദ്യം ചോദിക്കുമ്പോള്‍ പിണറായി വിജയന് മറുപടി പറയാനുള്ള ബാധ്യതയുണ്ട്. ഒരു ജനുവരി ഒന്നിന് കേരളത്തില്‍ ഉയര്‍ന്ന നവോത്ഥാന മതില് മുഖ്യമന്ത്രി മറന്നാലും ജനങ്ങള്‍ മറന്നിട്ടില്ല. വിശ്വാസികളെ അംഗീകരിച്ചുകൊണ്ട് മാത്രമേ ഏത് വിപ്ലവപാര്‍ട്ടിക്കും മുന്നോട്ട് പോകാനാവൂ എന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയഗം എം.വി. ഗോവിന്ദന് പറയുമ്പോള്‍ ആ മതിലില്‍ പങ്കാളികളായവര്‍ക്ക് ആശങ്കളുണ്ട്.
സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ യു. ഡി.എഫ് സോഫ്റ്റ് ഹിന്ദുത്വയുടെ ആവരണം അഴിച്ചുമാറ്റി തീവ്ര ഹിന്ദുത്വയുടെ ജേഴ്സിയിടുമ്പോള്‍ കളി തന്നെ ഇതല്ല എന്നുപറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിയും ഇടതുപക്ഷവും കാണിക്കണം. ശബരിമലപ്പന്തില്‍ ഇനിയും കാറ്റുനിറച്ച് കൊടുക്കരുത്. കേരളത്തിന്റെ നവോത്ഥാന ചരിത്രം വെറും ക്ലിഷേയല്ല എന്ന് ബോധ്യപ്പെടാന്‍ ആ ചരിത്ര പുസ്തകം ഔട്ട് ഓഫ് പ്രിന്റാണെങ്കില്‍ വീണ്ടും പ്രിന്റ് ചെയ്യണം. സോഫ്റ്റ് കോപ്പിയായി പ്രചരിപ്പിച്ചാലും മതിയാവും.
പ്രകൃതിദുരന്ത കാലത്തും മഹാമാരിയുടെ കാലത്തും കേരളത്തെ ജാതിയും മതവും നോക്കാതെ ഒന്നാംതരം അഡ്മിനിസ്ട്രേഷനിലൂടെ മുന്നോട്ടു കൊണ്ടുപോയ പിണറായി വിജയനും എൽ.ഡി.എഫും കേരളം എന്ന വിശാലമായ മാനവിക ഭൂമിശാസ്ത്രത്തെ, അങ്ങനെത്തന്നെ വേണം തെരഞ്ഞെടുപ്പിലും നേരിടാൻ. ഒരു ഭാഗത്ത് യു.ഡി.എഫും ബി.ജെ.പി.യും ചേർന്ന വലതുപക്ഷം നിർമിക്കുന്ന തെരഞ്ഞെടുപ്പ് വാരിക്കുഴികളെ രാഷ്ട്രീയ ആർജ്ജവത്തോടെ നേരിടാൻ പറ്റിയിട്ടില്ലെങ്കിൽ കോവിഡിനേക്കാളും വലിയ മഹാമാരിയായി ആചാരാനുഷ്ഠാനങ്ങളും വർഗ്ഗീയതയും കേരളത്തെ ഭരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
മനില സി മോഹൻ
289 കാഴ്ച