പെൻറോസും പ്രജ്ഞയും ഭാഗം 3

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ക്വാണ്ടം ഫിസിക്സ് മനസ്സിലാക്കാന്‍ പ്രജ്ഞയെ സംബന്ധിച്ച ഹൈപോതെസിസ് കൂടി വേണം എന്ന വാദം കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെട്ടു. അത്തരം വാദങ്ങള്‍ ഇന്നത്തെ ശാസ്ത്ര ലോകത്ത് കാര്യമായി പരിഗണിക്കപ്പെടുന്നില്ല എന്നും കണ്ടു. ഇതിന് നേരെ വിപരീതമായി, പ്രജ്ഞ എന്താണെന്ന് മനസ്സിലാക്കാന്‍ ക്വാണ്ടം മെക്കാനിക്കല്‍ നിയമങ്ങള്‍ ആവശ്യമായേക്കാം എന്ന രീതിയിലുള്ള സമീപനവും നിലവിലുണ്ട്. ഇവിടെയും പ്രതീക്ഷ, ക്വാണ്ടം ഭൗതികത്തിന്റെ നിഗൂഡതയില്‍ തന്നെയാണ്. അത്തരം സമീപനങ്ങളില്‍ ഏറ്റവും (കു) പ്രസിദ്ധിയാര്‍ജ്ജിച്ചത്, ഒരു പക്ഷെ, റോജര്‍ പെൻറോസിന്റെ ഹൈപോതിസിസ് ആണ്. എന്ത് കൊണ്ട് ക്വാണ്ടം മെക്കാനിക്സ് ?

Advertisement

Channel 13.8 Release
കമലഹാസന് പ്രിയപ്പെട്ട ആ മലയാള നടന്‍ ആരാണ് ? Sajeevan Anthikad | Kamal Hassan
Video Link

 https://youtu.be/iqKTAVyUCHI

മനുഷ്യന് ഉള്ളത് പോലെ മനസ്സ് ഭാവിയിലെ കമ്പ്യൂട്ടറുകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തില്‍ നിന്നാണ് പെൻറോസ് തുടങ്ങുന്നത്. ഒരു കമ്പ്യൂട്ടറിന് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ മനുഷ്യമസ്തിഷ്കത്തിന് സാധ്യമാണ് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്‌. അതായത്, തത്വത്തില്‍, ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉപയോഗിച്ചു മനുഷ്യമസ്തിഷ്കത്തിനെ കൃത്യമായി അനുകരിക്കുക അസാധ്യമാണ് എന്നതാണ് പെൻറോസിന്റെ പക്ഷം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി മനുഷ്യനുള്ളത് പോലെയുള്ള പ്രജ്ഞ അല്ലെങ്കില്‍ മനസ്സ് നിര്‍മ്മിച്ചെടുക്കുക എന്നത് തത്വത്തില്‍ പോലും സാധ്യമല്ല എന്നും , മനുഷ്യനുള്ളത് പോലെയുള്ള മാത്തമറ്റിക്കൽ ഇൻസൈറ്സ്, ക്രിയേറ്റിവിറ്റി, കോമണ്‍ സെന്‍സ് എന്നിങ്ങനെയുള്ളവ ഒരു അല്‍ഗോരിതം ഉപയോഗിച്ചു അനുകരിക്കാനാവില്ല എന്നും അദ്ദേഹത്തിന് തീര്‍ച്ചയാണ്. മനുഷ്യന് ഉള്ളത് പോലെ ഒരു മനസ്സ് കമ്പ്യൂട്ടഷനിലൂടെ അസാധ്യമാണെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം വളരെ വിശദമായ വാദഗതികള്‍ മുന്നോട്ട് വക്കുന്നുമുണ്ട് . ഫിസികിസിന്റെ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനവും, തത്വത്തില്‍ എങ്കിലും സിമുലേറ്റ് (simulate) ചെയ്യാന്‍ കമ്പ്യൂട്ടറുകള്‍ക്ക് കഴിയും എന്നും പെൻറോസ് നിരീക്ഷിക്കുന്നു.

Advertisement

Mata Amritanandamayi – The Death of Her Own Brother And Other Mysterious Stories
[ Page 188 Price Rs260 ]
To buy this book click on the link

http://nastiknation.org/…/mata-amritanandamayi-the…/

കാരണം, നമുക്കറിയാവുന്ന ഫിസിക്സ് നിയമങ്ങള്‍ കമ്പ്യൂട്ടബിള്‍ ആണ്. അവയനുസരിച്ചുള്ള ഏതൊരു പെരുമാറ്റവും അൽഗോരിതത്തിലൂടെ അനുകരിക്കുന്നതിന് തടസ്സമില്ല. മസ്തിഷ്കത്തിലെ ഭൗതികമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മനസ്സ് അല്ലെങ്കില്‍ പ്രജ്ഞ എന്ന പ്രതിഭാസത്തിനു കാരണം എന്ന് തന്നെയാണ് പെൻറോസ്സ് കരുതുന്നത്. എന്നാല്‍ ഈ ഭൗതിക പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടെഷനലായി സിമുലേറ്റ് ചെയ്യാന്‍ കഴിയുന്നവ ആകരുത് എന്നാണ് വാദം. അത് കൊണ്ട്, മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കാന്‍ നമുക്ക് ഇന്ന് നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണ്. അവിടെ പുതിയ നിയമങ്ങള്‍ ആവശ്യമാണ്‌. ആ പുതിയ നിയമങ്ങള്‍ നോണ്‍-കമ്പ്യൂട്ടെഷണല്‍ ആവണം. അതായത് ഒരു അൽഗോരിതം ഉപയോഗിച്ചുകൊണ്ട് സിമുലെറ്റ് ചെയ്യാന്‍ കഴിയാത്ത എന്തോ ഒരു ഘടകം അത്തരം നിയമങ്ങളുടെ ഭാഗമായിരിക്കണം. പുതിയ തരം ഭൗതിക നിയമങ്ങള്‍ക്കായി എവിടെ അന്വേഷിക്കാം ? നമുക്ക് അധികം സാധ്യതകള്‍ ഇല്ല. കാരണം ഇന്നു നമുക്കറിയാവുന്ന ഭൗതിക നിയമങ്ങള്‍ വളരെ കൃത്യതയുള്ളവയാണ്. അവയുമായ് പൊരുത്തപ്പെടാത്ത ഒന്നും തന്നെ ഇത് വരെ നമ്മുടെ പരീക്ഷണ നിരീക്ഷണങ്ങളില്‍ ഇല്ല തന്നെ. പുതിയ തരം ഭൗതിക പ്രതിഭാസങ്ങള്‍ നില നിൽക്കുന്നുണ്ടോ എന്നു എൽഎച്സി പോലെയുള്ള കണികാ പരീക്ഷണങ്ങളില്‍ പരിശോധിക്കുന്നുണ്ട്. ഇത് വരെ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ള ഊർജ്ജങ്ങളില്‍ പുതിയ ഫിസിക്സിന് തെളിവില്ല. അവിടെല്ലാം നമുക്കറിയാവുന്ന ഫിസിക്സ് തന്നെയാണ് വീണ്ടും വീണ്ടും കാണുന്നത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട ഊര്‍ജ്ജ സ്കെയില്‍ ഇന്നത്തെ കണികാ പരീക്ഷണ ശാലകളില്‍ എത്തി ചേര്‍ന്നിരിക്കുന്ന എനര്‍ജി സ്കെയിലുകലെക്കാള്‍ എത്രയോ താഴെയാണ്. അത് കൊണ്ട്, മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന ഭൗതിക ശാസ്ത്ര നിയമങ്ങള്‍ നമുക്കിന്നു പൂര്‍ണ്ണമായി അറിയാം. മനുഷ്യന്റെ ശരീരവുമായോ, മസ്തിഷ്കവുമായോ ബന്ധപ്പെട്ട ഏതൊരു സിദ്ധാന്തം മുന്നോട്ടു വച്ചാലും അവ നമുക്കിന്നറിയുന്ന അടിസ്ഥാന ഭൗതിക നിയമങ്ങളുമായി പോരുത്തപ്പെടെണ്ടതുണ്ട് എന്ന് ഉറപ്പിച്ചു പറയാം. ആകെ ബാക്കിയുള്ള സാധ്യത, നിലവിലെ നിയമങ്ങളിലെ ഏതെങ്കിലും പഴുതുകള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക എന്നതാണ്. ഇത്രയും പറഞ്ഞപ്പോള്‍ തന്നെ ആ പഴുത് എവിടെയാണെന്ന് നിങ്ങൾ ഊഹിച്ചിട്ടുണ്ടാവും. ക്വാണ്ടം മെക്കാനിക്സിലെ വേവ് ഫങ്ങ്ഷന്‍ കൊളാപ്സ്!! മെഷര്‍മെന്റ്റ് പ്രശ്നത്തെ കുറിച്ചു ആദ്യ പോസ്റ്റില്‍ പറഞ്ഞു. മെഷര്‍മെന്റ്റ് നടക്കുമ്പോള്‍ സംഭവിക്കുന്നത് എന്ത് എന്നതിനെ കുറിച്ചു ശാസ്ത്രലോകത്ത് പൊതുസമ്മതി ഇല്ല എന്നും പറഞ്ഞു. അത് കൊണ്ട് ആ പഴുതില്‍, നമുക്കറിയാത്ത ഭൗതിക നിയമങ്ങള്‍ ഉണ്ടെന്നും ആ ഭൗതിക നിയമങ്ങള്‍ കൃത്യമായും താന്‍ പറയുന്ന രീതിയില്‍ നോണ്‍ കമ്പ്യൂട്ടബിള്‍ ആയ ബോധത്തിന് കാരണമാകും എന്നുമുള്ള ഊഹമാണ് പെൻറോസ് മുന്നോട്ടു വക്കുന്നത്. നിലവിലെ വേവ് ഫങ്ങ്ഷന്‍ കൊളാപ്സ് സിദ്ധാന്തങ്ങള്‍ ഒന്നും തന്നെ നോണ്‍-കമ്പ്യൂട്ടബിൾ ആയ കോൺഷ്യസ്നെസ്സിന് സഹായിക്കില്ല എന്ന് കൂടി പെന്‍ റോസ് നിരീക്ഷിക്കുന്നുണ്ട്. അത് കൊണ്ട് പുതിയൊരു വേവ് ഫങ്ങ്ഷന്‍ കൊളാപ്സ് മെക്കാനിസം വേണം. നമുക്ക് ഒട്ടും അറിയാത്ത മറ്റൊരു മേഖലയാണ് ക്വാണ്ടം ഗ്രാവിറ്റി. ക്വാണ്ടം ഗ്രാവിറ്റിയെ വേവ് ഫങ്ങ്ഷന്‍ കൊളാപ്സുമായി ബന്ധിപ്പിച്ചാല്‍ ഒരു പക്ഷെ, നോണ്‍-കമ്പ്യൂട്ടബിള്‍ ആയ ഒരു ഫിസിക്കല്‍ പ്രോസസ് എന്ന നിലയില്‍ ബോധത്തെ കാണാന്‍ ആവശ്യമായ പഴുത് ഉണ്ടാക്കിയെടുക്കാം. അത്തരമൊരു വേവ് ഫങ്ങ്ഷന്‍ കൊളാപ്സ് സിദ്ധാന്തം പെൻറോസ് വികസിപ്പിച്ചിട്ടുണ്ട്. അതാണ്‌ ഒബ്ജക്ടീവ് റിഡക്ഷന്‍. സാബു ജോസിന്റെ പോസ്റ്റിലെ ‘orch-OR’ എന്നതിലെ ‘OR’ ഇവിടുന്നു വരുന്നു. പെൻറോസിന്റെ ഒബ്ജക്ടീവ് റിഡക്ഷന്‍ ഹൈപോതിസ്സിസ് അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം. ഇത്രയും വായിച്ചിട്ട്, പുതിയ ഫിസിക്സ് ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പെൻറോസിന്റെ വാദങ്ങള്‍ തീര്‍ത്തും ദുര്‍ബ്ബലമാണ് എന്ന് നിങ്ങൾക്കു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല. നല്ലൊരു വിഭാഗം ഭൗതിക ശാസ്ത്രഞ്ജരും, ന്യൂറോസയന്റിസ്റ്റുകളും, ഫിലോസഫർമാരും നിങ്ങള്‍ക്കൊപ്പമുണ്ട്. ക്വാണ്ടം മെക്കാനിക്കസിന് ബോധത്തിന്റെ കാര്യത്തില്‍ പ്രധാന പങ്കുണ്ടാകേണ്ടത് എന്ത് കൊണ്ട് എന്ന് ശാസ്ത്രലോകത്തെ ബോധ്യപ്പെടുത്തുന്നതില്‍ പെന്‍റോസിന്റെ വാദങ്ങള്‍ പരാജയപ്പെട്ടു എന്ന് പറയാം . പെൻറോസ് പറയുന്നത് പോലെ പുതിയ ഭൗതിക ശാസ്ത്ര നിയമങ്ങള്‍ ഉണ്ടെങ്കില്‍ അവ എന്ത് കൊണ്ട് കമ്പ്യൂട്ടര്‍ നിര്‍മിതിയില്‍ ഉപയോഗിക്കാന്‍ കഴിയില്ല എന്നതും യഥാര്‍ത്ഥത്തില്‍ വ്യക്തമല്ല. പെൻറോസിന്റെ പേരില്‍ കപടശാസ്ത്ര സിദ്ധാന്തങ്ങള്‍ വളരെയധികം പ്രചാരം നേടുന്നു എന്നത് മാത്രമാണ്, എന്‍റെ അഭിപ്രായത്തില്‍, അദ്ദേഹത്തിന്റെ ഹൈപോതിസിസ് ചര്‍ച്ച ചെയ്യേണ്ടുന്നതിന്റെ പ്രസക്തി. അതില്‍ കവിഞ്ഞ് ശാസ്ത്രലോകത്ത്, ഗൗരവമായി പരിഗണിക്കപ്പെടുന്ന ഒരു പരികല്പനയല്ല അത്. ക്വാണ്ടം എന്നും കോൻഷ്യസ്നെസ് എന്നും കേട്ട പാടേ, ഇത് ആത്മീയതയാണ്, ഹൈന്ദവ, ബൗദ്ധ തത്വശാസ്ത്രങ്ങൾ ഇത് തന്നെയാണ് പറയുന്നത് എന്നൊക്കെ പറഞ്ഞു ദീപക് ചോപ്രയും മറ്റും രംഗത്തിറങ്ങി ഈ പരികല്പന ഏറ്റെടുക്കുകയാണ് ഉണ്ടായത്. നിര്‍ഭാഗ്യവശാല്‍ അത്തരം പ്രചരണങ്ങള്‍ ആണ് സാബു ജോസിന്റെ “ആത്മാവിന്റെ ക്ഷേത്രം” എന്ന ലേഖനത്തിലും അതിനു മുന്‍പ് അദ്ദേഹം ചെയ്ത “ആത്മാവിന്റെ ക്വാണ്ടം ക്ഷേത്രം” എന്ന വീഡിയോയിലും പ്രത്യക്ഷപ്പെടുന്നത്.

തുടരും …

എഴുതിയത് സെബാസ്റ്റ്യൻ കുത്തോട്ടിൽ

 1,081 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo