കുവൈറ്റ് കുടുംബശ്രീയും , ഒദ്ഹാ മാഡവും

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രണ്ടോ മൂന്നോ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതിന് ശേഷമാണ് ഞങ്ങൾ അവസാനമായി ഷോപ്പിംഗിനു പോയത്. ലോക്ക് ഡൌണിൽ ഇളവുകൾ വരുത്തിയപ്പോൾ മുതൽ നിർത്തി വെച്ചിരുന്ന ജുമാ ഡിന്നർ പുനരാരംഭിച്ചു. വലിയ കാര്യമൊന്നുമില്ല കുറച്ചു ബന്ധുക്കളായ സ്ത്രീകൾ ഒന്നിച്ചിരുന്നു തിന്നുന്നു കുടിക്കുന്നു പാട്ട് പാടുന്നു. ആ വേളയിൽ ആണ് ഈ വന്നു കൂടിയ പെണ്ണുങ്ങൾ ആരുടെയൊക്കെ ആരൊക്കെയാണ് എന്ന് ഞങ്ങൾ സൂക്ഷ്മ നിരീക്ഷണം നടത്തി കണ്ടു പിടിക്കുന്നത്. അവർ പെണ്ണുങ്ങളുടെ വസ്ത്രത്തെ പറ്റിസദാ ചർച്ച ചെയ്യുമായിരുന്നു.

ഇത്തരം ഡിന്നർ പാർട്ടികളെ ഞങ്ങൾ കുടുംബ ശ്രീ എന്നാണ് വിളിക്കുന്നത്.
വൈഫൈ കട്ട്‌ ആകുമെന്നതിനാലും നല്ലൊരു വെള്ളിയാഴ്ച ഉറങ്ങി തീരാൻ പറ്റാത്തത് കൊണ്ടും ഞങ്ങൾക്ക് ഡിന്നറിനു പോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു.

ഒരു ദിവസം ഇതിൽ നിന്നൊഴിവാകാൻ ഞാൻ കണ്ണ് വേദന ഉണ്ടെന്ന് കള്ളം പറഞ്ഞു. മാഫി മുഷ്കിൽ എന്ന് പറഞ്ഞു മാഡം വന്നു ഞങ്ങളെ കൂട്ടി കൊണ്ട് പോയി. രണ്ട് പേരെ പാർട്ടി നടക്കുന്ന വീട്ടിൽ ഇറക്കിയിട്ട് എന്നെയും കൊണ്ട് നേരെ ഹോസ്പിറ്റലിലേക്ക് പോയി.

അതോടെ കളവ് പറയൽ നിർത്തി.

അവശ്യ സാധനങ്ങൾ ഒക്കെ ഡ്രൈവർ വന്നു ലിസ്റ്റ് കൊണ്ട് പോയി വാങ്ങി തരികയാണ് പിന്നെ പതിവ്. വാങ്ങാൻ പറയുന്ന സാധനങ്ങൾ പലതും കൂട്ടത്തിൽ ഉണ്ടാവാറില്ല. ഒരു ദിവസം ഞങ്ങൾ പുറത്ത് പോകണം എന്ന് ആവശ്യപ്പെട്ടു.

…”ലേഷ് ഇൻതി അറഫ്ത്തി വാജിദ് കൊറോണ ഫി “…

അതോടെ പിൻവാങ്ങി. ശരിയാണ് ഒരു ദിവസം ആയിരം കേസ് ഒക്കെ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. വെറുതെ പോയി പണി വാങ്ങി കൂട്ടുന്നത് എന്തിനാണ്. പക്ഷെ ആഴ്ചതോറും നിങ്ങൾ കുടുംബ ശ്രീ നടത്തുന്നല്ലോ എന്ന് ഞങ്ങൾ ചോദിച്ചില്ല.

മാഡത്തിന്റെ വക വീട്ടു ചിലവിനുള്ള സാധനങ്ങൾ കൂടാതെ ഞങ്ങളുംമാസത്തിൽ ഒരു തവണ ഇന്ത്യൻ സാധനങ്ങൾ വാങ്ങാറുണ്ട് .
ഇത്തവണ സാധനങ്ങൾ വാങ്ങിക്കൊണ്ട് വന്ന കൂട്ടത്തിൽ തമിഴൻ ഡ്രൈവർ പച്ചമുളക് വളരെ കുറച്ചേ വാങ്ങിയുള്ളു.
അത് പെട്ടെന്ന് തീർന്നു. ഇന്നലെ ഉപ്പുമാവ് കഴിക്കാൻ എടുത്തു വെച്ചിട്ട് എരിവില്ല എന്ന് പറഞ്ഞു കൂട്ടത്തിലെ കൊച്ചുപെണ്ണ് പ്ലേറ്റ് നീക്കി വെച്ചു പിണങ്ങിയിരുന്നു.

ഞാൻ എവിടുന്നു മുളകെടുത്തിട്ട് ചേർക്കുമെടീ എന്ന് അടുത്തവൾ ദേഷ്യപ്പെട്ടു.

“നിനക്കൊന്നും പറയാനില്ലേ.? “
പരാതി ഒന്നുമില്ലാതെ കുനിഞ്ഞിരുന്നു കഴിക്കുന്ന എന്നോടാണ്..

നിനക്കിച്ചിരി കുരുമുളക് ഇടാമായിരുന്നു.
ഞാൻ മറുപടി പറഞ്ഞു.
രണ്ട് പേരുടെയും അന്നേരത്തെ മുഖഭാവം ഒന്ന് കാണേണ്ടതാണ്.

ഇനി എട്ട് ദിവസമെങ്കിലും കഴിയാതെ ഡ്രൈവർ വരില്ല. ഞാൻ ഒരു വഴി പറഞ്ഞു…
തൊട്ടടുത്ത വീട്ടിലെ ഒദ്ഹാ മാഡം ഞങ്ങളുടെ മാമയുടെ വളരെ അടുത്ത ബന്ധു ആണ്. നൈറ്റ്‌ പാർട്ടി കഴിഞ്ഞാൽ അവരുടെ കൂടെ ആണ് ഞങ്ങൾ തിരിച്ചു വീട്ടിൽ വരിക.

“നമുക്ക് അവരോടു ചോദിക്കാം. വാങ്ങിക്കുമ്പോ തിരിച്ചു കൊടുക്കാം “

“ഇന്ത്യക്കാരുടെ ‘റുത്തികെട്ട’ സ്വഭാവം പറയല്ലേ… ” കൊച്ചുപെണ്ണിന്റെ വിധം മാറി..

സാധാരണ അവൾ പറയുന്ന തെറ്റ് വാക്ക് തിരുത്തി കൊടുക്കാൻ പോകുന്ന ഞാൻ ഇത്തവണ മിണ്ടിയില്ല. കാരണം ഹിന്ദി യും ഉറുദുവും തെലുങ്കും അറബിയും തമിഴും മലയാളവും പറയുന്ന അവളോട് അറബി മര്യാദയ്ക്ക് പറയാൻ അറിയാത്ത ഞാൻ തർക്കിക്കാൻ നിന്നില്ല. പോരെങ്കിൽ എന്റെ ഒരു കന്നഡിഗ സുഹൃത്തിനോട് കന്നഡ പഠിപ്പിച്ചു കൊടുത്താൽ തെലുങ്ക് പഠിപ്പിക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

രാത്രിയിൽ ഒരു ഫോൺ വരുന്നു.

ഒദ്ഹാ മാഡം ആണ്. അവർ വിളിക്കുന്നത് ഒരു ചടങ്ങാണ്. അടുത്ത ബന്ധു ആണെങ്കിലും കതക് തുറന്ന് അവരെ അകത്തു കയറ്റാൻ മാമയുടെ അനുമതി വേണം. പലപ്പോഴും ഡോർ തുറക്കാത്തപ്പോൾ ഡോറിനിട്ട് ഇടിച്ചു കൊണ്ടിരിക്കും. ഞങ്ങൾ ഫോൺ എടുത്തു.

“തക്കാളി ഇരിപ്പുണ്ടോ രണ്ടെണ്ണം തരാൻ. നാളെ വാങ്ങിക്കുമ്പോൾ തരാം “

അവരുടെ ചോദ്യം.
“തരാം മാഡം.. “

ഫ്രണ്ട്സ് മൂവിയിൽ കരിവീപ്പയിൽ ഇട്ട് ഉരുട്ടി കൊണ്ട് വരുന്ന ശ്രീനിവാസനെ കണ്ടു ജയറാമും മുകേഷും ചിരിക്കുന്ന പോലെ ഞങ്ങൾ ചിരിക്കുന്നതിനിടയ്ക്ക് നാദിയ പറയുന്നുണ്ടായിരുന്നു.

ഇന്ത്യാക്കാർക്ക് മാത്രമല്ലെടി ലോകത്തിലെ എല്ലാ പെണ്ണുങ്ങൾക്കും ഈ “റുത്തികെട്ട” സ്വഭാവം ഉണ്ട്..

ശ്രീവിദ്യ ടി ആർ

 1,895 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo