ജീവന്‍ തേടി ഒസിറിസ് റെക്‌സ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആദ്യമായി ഒരു സ്‌പേസ്‌ക്രാഫ്റ്റ് ഒരു ഛിന്നഗ്രഹത്തില്‍ നിന്നും ധൂളിയുടെ സാംപിള്‍ ശേഖരിച്ച് തിരിച്ച് ഭൂമിയിലിറങ്ങുകയാണ്. ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം ഈ പേടകം ഛിന്നഗ്രഹത്തില്‍ ഇറങ്ങുന്നില്ല എന്നതാണ്.

പരുന്ത് ഇരയെ റാഞ്ചുന്നതുപോലെ ഛിന്നഗ്രഹത്തില്‍ ഉപരിതലത്തില്‍ നിന്ന് യന്ത്രക്കൈകള്‍ ഉപയോഗിച്ച് അഞ്ചു സെക്കന്റിനുള്ളില്‍ രണ്ടു കിലോഗ്രാം വരെ ധൂളി ശേഖരിച്ച് തിരിച്ച് ഭൂമിയിലെത്തിക്കും. 2016 സെപ്തംബര്‍ 8 ന് നാസ വിക്ഷേപിച്ച ഒസിറിസ് റെക്‌സ് (The Origins, Spectral Interpretation,Resource, Identification Security, Regolith Explorer (OSIRIS – REx) പേടകം 101955 ബെനു (1015955 Bennu) എന്ന ഛിന്നഗ്രഹത്തിലേക്കാണ് യാത്ര തിരിക്കുന്നത്.

Advertisement

വലിയ ചോദ്യങ്ങൾക്കുള്ള ചെറിയ ഉത്തരങ്ങൾ
/ സ്റ്റീഫൻ ഹോക്കിങ്

[ പേജ് 168 വില രൂ250 ]
പുസ്തകം ഈ കണ്ണിയിൽ ലഭ്യമാണ്

http://nastiknation.org/product/valiya-chodyangalkkulla-cheriya-utharangal/

2019 സെപ്തംബറില്‍ ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയ പേടകം ധൂളി ശേഖരിച്ച് 2023 സെപ്തംബർ 24 ന് തിരികെ ഭൂമിയിലെത്തും.
സൗരയൂഥത്തിന്റെ ഉല്‍പത്തിയും പരിണാമവും, അതിനുമുമ്പുള്ള അവസ്ഥ, ഗ്രഹരൂപീകരണത്തിന്റെ ആദ്യനിമിഷങ്ങള്‍, ഓര്‍ഗാനിക് സംയുക്തങ്ങളുടെ ഉദ്ഭവം, ജീവന്റെ ഉല്‍പത്തി എന്നീ മേഖലകളിലുള്ള പഠനമാണ് ഒസിറിസ് റെക്‌സ് നടത്തുന്നത്.

പേടകത്തിന്റെ മാത്രം നിര്‍മാണച്ചെലവ് 800 മില്യണ്‍ യു. എസ്. ഡോളറാണ്. വിക്ഷേപണവാഹനമായ അറ്റ്‌ലസ് -5 റോക്കറ്റിന്റെ ചെലവായ 183.5 മില്യണ്‍ ഡോളര്‍ ഇതിനു പുറമെയാണ്. 3 മീറ്റര്‍ വശങ്ങളുള്ള ക്യൂബിന്റെ ആകൃതിയിലുള്ള പേടകത്തിന്റെ ഭാരം 1529 കിലോഗ്രാമാണ്.

ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് പേടകം നിര്‍മിച്ചിരിക്കുന്നത്. സോളാര്‍ പാനലുകളാണ് പേടകത്തിന് ഊര്‍ജം പകരുന്നത്. ഊര്‍ജം ശേഖരിച്ചുവയ്ക്കാന്‍ ലിഥിയം അയോണ്‍ ബാറ്ററിയും സഞ്ചീകരിച്ചിട്ടുണ്ട്.

Advertisement

പേടകത്തിന്റെ തിരിച്ചുള്ള യാത്രയില്‍ പ്രൊപലന്റായി ഉപയോഗിക്കുന്നത് 1100 കി.ഗ്രാം ഹൈഡ്രാസിനാണ്.അരിസോണ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ലൂണാര്‍ ആന്റ് പ്ലാനറ്ററി ലബോറട്ടറി, നാസയ്ക്കു കീഴിലുള്ള ഗോദാര്‍ദ് സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍, ലോക്ഹീഡ് മാര്‍ട്ടിന്‍ സ്‌പേസ് സിസ്റ്റംസ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഒസിറിസ് റെക്‌സ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ യാത്രയക്കൊടുവില്‍ 2018 ല്‍ പേടകം ഛിന്നഗ്രഹത്തിന്റെ സമീപമെത്തി. 505 ദിവസങ്ങള്‍ പേടകം ഛിന്നഗ്രഹത്തിനു സമീപമുണ്ടായിരുന്നു. ഛിന്നഗ്രഹത്തില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രം ഉയരത്തില്‍ നിന്ന് ചിത്രങ്ങളെടുക്കുകയും വിവിധ തരത്തിലുള്ള പഠനങ്ങള്‍ നടത്തുകയും ചെയ്തു. അതിനൊടുവിലാണ് യന്ത്രക്കൈകള്‍ ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് ധൂളി ശേഖരിക്കുന്നത്.
 

പരീക്ഷണത്തിനായി 101955 ബെനു എന്ന ഛിന്നഗ്രഹത്തെ തിരഞ്ഞെടുത്തതിനും കാരണമുണ്ട്. പൊതുവെ ഛിന്നഗ്രഹങ്ങളേക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെ ഉല്‍പത്തി രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ പര്യാപ്തമാണ്. കാരണം ഛിന്നഗ്രഹങ്ങള്‍ക്ക് അവയുടെ രൂപീകരണത്തിനു ശേഷം അധികം പരിണാമമൊന്നും സംഭവിച്ചിട്ടില്ല.

എന്നാല്‍ അതുമാത്രമല്ല 101955 ബെനു ഛിന്നഗ്രഹത്തിന്റെ പ്രത്യേകത. സൗരയൂഥത്തിന്റെ ഉല്‍പത്തിയോളം പ്രായമുള്ളതും ഏറെയൊന്നും മാറ്റം സംഭവിച്ചിട്ടില്ലാത്തതുമായ കാര്‍ബണിക സംയുക്തങ്ങള്‍ ഈ ഛിന്നഗ്രഹത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവന്റെ ഉല്‍പത്തിക്കു കാരണമായ ഓര്‍ഗാനിക് തന്മാത്രകള്‍ രൂപം കൊള്ളുന്നത് ഇത്തരം കാര്‍ബണിക സംയുക്തങ്ങളില്‍ നിന്നാണ്.

ഭൗമജീവന്റെ ഉല്‍പത്തി ഇത്തരം ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലും നിന്നാണെന്ന പ്രബലമായ സിദ്ധാന്തം പരീക്ഷിച്ചറിയുന്നതിന് ഒസിറിസ് ദൗത്യത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു മുമ്പും അമിനോ അമ്ലങ്ങളുടെയും, ഓര്‍ഗാനിക് സംയുക്തങ്ങളുടെയും സാന്നിധ്യം ധൂമകേതുക്കളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 
ജീവന്റെ ഉല്‍പത്തി തിരയുന്ന ഈ പേടകത്തിന്റെ പേരിലും ഒരു കൗതുകമുണ്ട് ഈജിപ്ഷ്യന്‍ മിത്തോളജിയിലെ പാതാള ദേവനാണ് ഒസിറിസ്.

റെക്‌സ് എന്ന ലാറ്റിന്‍ വാക്കിന് രാജാവ് എന്നാണര്‍ഥം. പാതാള രാജാവ് എന്നു വേണമെങ്കില്‍ ഈ പേടകത്തെ വിളിക്കാം.ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്ന് വിവിധ പരീക്ഷണങ്ങള്‍ക്ക് ആവശ്യമുള്ളത്രയും ധൂളി ശേഖരിക്കുക, ഛിന്നഗ്രഹത്തിന്റെ രാസഘടന പരിശോധിക്കുക, ഭ്രമണപഥത്തിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുക, കാര്‍ബണ്‍ സംപുഷ്ടമായ ദ്രവ്യസവിശേഷതകള്‍ നിരീക്ഷിക്കുക, കാര്‍ബണ്‍ സംപുഷ്ടമായ ദ്രവ്യപിണ്ഡത്തിന്റെ പ്രത്യേകതകള്‍ കണ്ടുപിടിക്കുക എന്നിങ്ങനെ വ്യത്യസ്തമായ ലക്ഷ്യങ്ങളാണ് ഒസിറിസ് റെക്‌സ് ദൗത്യത്തിനുള്ളത്. 

101955 ബെനു ഛിന്നഗ്രഹത്തിന് ഇനിയുമുണ്ട് ഏറെ സവിശേഷതകള്‍. ശരാശരി 480 മുതല്‍ 511 മീറ്റര്‍ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം 436.604 ഭൗമദിനങ്ങള്‍ കൊണ്ട് സൂര്യനെ ഒരു പ്രാവശ്യം പ്രദക്ഷിണം വയ്ക്കും. കൂടാതെ ഓരോ ആറുവര്‍ഷം കൂടുമ്പോഴും ഛിന്നഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തും. ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥം ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് അപഗ്രഥിച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഈ ഛിന്നഗ്രഹം 2169 നും 2199 നും ഇടയില്‍ ഭൂമിയുമായി കൂട്ടിമുട്ടാന്‍ സാധ്യതയുണ്ട്.

0.071 ശതമാനമാണ് കൂട്ടിമുട്ടലിനുള്ള സാധ്യത. ഇതുപോലെ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്താനും ഭൂമിക്ക് അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന അത്തരം ദ്രവ്യപിണ്ഡങ്ങളുടെ ഭ്രമണപഥത്തില്‍ വ്യതിയാനമുണ്ടാക്കി അപകടം ഒഴിവാക്കുന്നതിനും ഒസിറിസ് റെക്‌സ് ദൗത്യം സഹായിക്കുമെന്നാണ് കരുതുന്നത്. ശാസ്ത്രീയ ഉപകരണങ്ങള്‍
ഒകാംസ്- ഒസിറിസ് റെക്‌സ് ക്യാമറ സ്യൂട്ട് (OCAMS) എന്ന മൂന്ന് ക്യാമറകളുടെ സംഘാതമാണിത്.

പോളിക്യാം എന്ന 8 ഇഞ്ച് ടെലസ്‌ക്കോപ്പ്, മാപ്ക്യാം, സാംക്യാം എന്നീ ക്യാമറകളാണ് ഈ സംഘാതത്തില്‍ ഉള്‍പ്പെടുന്നത്. ഛിന്നഗ്രഹത്തിന്റെ ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുകയാണ് ഒകാംസിന്റെ ലക്ഷ്യം.

Advertisement

Channel 13.8 New Release
സ്വര്‍ഗ്ഗം, കാരാശ്ശേരിക്ക് എന്തറിയാം?
Mohammed Khan | Karassery Mash
Video Link

 https://youtu.be/UOsm2bYRhSo

ഒല – ഒസിറിസ് റെക്‌സ് അള്‍ട്ടിമീറ്റര്‍ (OLA) എന്ന ലിഡാര്‍ ഉപകരണമാണിത്. ഛിന്നഗ്രഹത്തിന്റെ സംപൂര്‍ണ മാപിംഗ് ആണ് ഒല നടത്തുന്നത്. കനേഡിയന്‍ സ്‌പേസ് ഏജന്‍സിയാണ് ഈ ഉപകരണത്തിനാവശ്യമായ ഫണ്ടിംഗ് നടത്തിയിരിക്കുന്നത്. ഓവിര്‍സ് – ഒസിറിസ് റെക്‌സ് വിസിബിള്‍ ആന്റ് ഇന്‍ഫ്രാറെഡ് സ്‌പെക്‌ട്രോമീറ്റര്‍ (OVIRS) എന്ന ഉപകരണം ഛിന്നഗ്രഹത്തിന്റെ ധാതുഘടന അപഗ്രഥിക്കും.

ഉപരിതലത്തില്‍ നിന്ന് വിവിധ തരം ധൂളി ശേഖരിക്കേണ്ടത് നിര്‍ണയിക്കുന്നതും ഈ ഉപകരണമാണ്.ഓട്ടിസ് – ഒസിറിസ് റെക്‌സ് തെര്‍മല്‍ എമിഷന്‍ സ്‌പെക്‌ട്രോ മീറ്റര്‍ (OTIS) എന്ന ഉപകരണം ഛിന്നഗ്രഹത്തിന്റെ ധാതുഘടന പരിശോധിക്കും. സിലിക്കേറ്റ്, കാര്‍ബണേറ്റ്, സള്‍ഫേറ്റ്, ഓക്‌സൈഡ്, ഹൈഡ്രോക്‌സൈഡ് സാന്നിധ്യവും പരിശോധിക്കും. 
റെക്‌സിസ് – റിഗോലിത്ത് എക്‌സ്- റേ ഇമേജിംഗ് സ്‌പെക്‌ട്രോമീറ്റര്‍ (REXIS) എന്ന ഉപകരണം ഛിന്നഗ്രഹത്തിന്റെ എക്‌സ്-റേ സ്‌പെക്‌ട്രോ സ്‌കോപി മാപിംഗിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ഉപകരണമാണ്. മസാച്ചുസെറ്റ്‌സ് ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ ഉപകരണം നിര്‍മിച്ചത്. 0.3 – 7.5 keV ഊര്‍ജനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ് എക്‌സ് -റേ യൂണിറ്റും ഈ ഉപകരണത്തിന്റെ അനുബന്ധ ഘടകമായിട്ടുണ്ട്.

സൗരവാതങ്ങളുടെ തീവ്രത അളക്കുന്നതിന് ഈ ഉപകരണത്തിന് കഴിയും. 
ടാഗ്‌സം – ടച്ച് ആന്റ് ഗോ സാംപിള്‍ അക്വിസിഷന്‍ മെക്കാനിസം (TAGSAM) എന്ന ഉപകരണത്തില്‍ ഒരു യന്ത്രകൈയും ഒരു സംഭരണിയും ഉണ്ടാകും.

Advertisement

ഈ യന്ത്രക്കൈ ഉപയോഗിച്ചാണ് പേടകം ഛിന്നഗ്രഹത്തില്‍ നിന്ന് ധൂളിശേഖരിക്കുന്നത്. ശേഖരിച്ച ധൂളി സംഭരണിയില്‍ സൂക്ഷിക്കുകയും തിരിച്ച് ഭൂമിയിലെത്തിക്കുകയും ചെയ്യും.ഒസിറിസ് റെക്‌സിന്റെ വിക്ഷേപണത്തിനു ശേഷം ഒസിറിസ് റെക്‌സ് – 2 ദൗത്യത്തിനും നാസ ലക്ഷ്യമിടുന്നുണ്ട്. ഈ ദൗത്യത്തില്‍ ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളെയാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഡോ : സാബുജോസ്

 74,884 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

One thought on “ജീവന്‍ തേടി ഒസിറിസ് റെക്‌സ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo