ക്ഷേത്രങ്ങളിലെത്തുന്ന മനോരോഗികൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


ജീവിത പ്രശ്നങ്ങൾക്ക് മുൻപിൽ പകച്ചുനില്കുന്നവരാണ് നാം .എല്ലാം അറിയുന്ന സർവശക്തനായ ഒരാൾ ഉണ്ടെന്ന ധാരണ നമുക്കുണ്ട്‌. വ്യഥയോ ആധിയോ പിടിപെടുമ്പോൾ ദൈവത്തിന്റെ മുൻപിൽ സമർപ്പിച്ചു ആശ്വാസം തേടുന്ന പ്രാകൃതമായ വാസന നമ്മുടെ ഒരു ദൗർബല്യമാണ്. ഞരമ്പ് രോഗത്തിന്റെ പരാധീനതകൾ അനുഭവിക്കുന്നവർക്കും രോഗാതുരമായ അനാവശ്യ സംശയഭീതികൾ ഉള്ളവർക്ക് അയ്യപ്പനും തന്ത്രിയും ഗുരുവും കർത്താവും അല്ലാഹുവും ധ്യാനവും ഹോമവും എല്ലാം അവരുടെ ജീവിത ഗതികളെ സ്വാധീനിക്കുന്നു. വൈയക്തിക പ്രതിസന്ധികൾ അനുഭവിക്കുന്നവർ വികാരവിരേചനം നടത്തുന്ന മനോരോഗാലയങ്ങളാണ് ക്ഷേത്രങ്ങൾ/ ആരാധനാലയങ്ങൾ. അവർ അവിടെ ആർപ്പുവിളിക്കും പൊട്ടിക്കരയും ഉന്മാദിയെപോലെ പുലമ്പും, സ്വയംബോധം നഷ്ടപ്പെട്ട് നിലവിളിക്കും, അസഭ്യങ്ങൾ ചൊരിയും. ആരാധനാലയങ്ങളിലെ ശബ്ദകോലാഹങ്ങളും സംഗീതവും,വർണ്ണശബളമായ ചമയങ്ങളും കാഴ്ചകളും സമാന വിശ്വാസങ്ങൾ പേറുന്ന ആൾക്കൂട്ടവും എല്ലാം മനുഷ്യരുടെ പ്രാകൃതമായ സംഘബോധത്തിന് നിറപ്പകിട്ടാവുകയാണ്. ഉയർന്ന ശബ്ദത്തിലുള്ള മന്ത്രോച്ചാരണത്തെ തുടർന്ന് ഭക്തർ അനുഭവിക്കുന്ന ഒരു ഹിസ്റ്റീരിക്ക് അനുഭൂതി ഒരു തെറാപ്പിയുടെ ഗുണം ചെയ്യുകയാണ് . ആ സമയങ്ങളിൽ അവർക്ക് ഹർഷോന്മാദം അനുഭവപ്പെടുകയും തന്നോടും പ്രപഞ്ചത്തിനോടും താദാത്മ്യം പ്രാപിച്ചതുപോലെ തോന്നുകയും ചെയ്യും. ഞരമ്പ് രോഗത്തിന്റെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക്  ദൈവം തന്നെ സ്നേഹിക്കുന്നു അല്ലെങ്കിൽ കൂടെയുണ്ട് എന്ന വിശ്വാസം ജീവിതത്തിലെ സന്നിഗ്ധതയിൽ ആശ്വാസമായി തീരുന്നു. ശാരീരിക വ്യഥയോ മനോപീഡയോ അനുഭവിക്കുന്ന അവർ വെളിപാട് രൂപത്തിലുള്ള പരിഹാരം കാംഷിക്കുന്നവരാണ്. അവർക്ക് ദിവ്യാത്ഭുതങ്ങളും മാറിമായങ്ങളും ആവശ്യമുണ്ട്. അവർ ധാർമികമായി ഉയർന്നു നിൽക്കുന്ന നല്ല മനുഷ്യരുമായിരിക്കാം.
നിഗൂഢ ജ്ഞാനങ്ങൾ കൈപ്പിടിയിലുള്ള ചില ആധ്യാത്മികാചാര്യന്മാർ ഉണ്ടെന്ന് കരുതുന്ന, അല്പന്മാരായ അവർ തങ്ങളുടെ അടിയന്തിര ആവശ്യങ്ങൾക്ക് പരിഹാരം തേടി വിഗ്രഹത്തിന്റെ മുൻപിൽ എല്ലാം ഇറക്കിവെയ്ക്കാൻ ശ്രമിക്കുന്നു. എല്ലാം സമർപ്പിച്ചു ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കുന്നവരും നിസ്സഹായതയ്ക്കു മുൻപിൽ ഹതാശരായവരും ഉണ്ട് അവരിൽ. ഭരണകൂടങ്ങളും സമൂഹവും അവരുടെ നോവുകൾക്ക് അപരിഹാര്യമാകുമ്പോൾ നിർജ്ജീവമായ രൂപങ്ങൾ ഒരു ആശ്വാസമായി തീരുകയാണ്. ജീവിത പ്രാരാബ്ധങ്ങളും സംഘർഷങ്ങളും അനുഭവിക്കുന്നവർക്ക്‌ മോക്ഷം ദൈവത്തിലൂടെ ലഭിക്കുമെന്ന വിശ്വാസം ഒരു മിഥ്യ ആശ്വാസമാണ്. അചേതനവസ്തുവായ ഒരു കല്ലിനോട് തങ്ങളുടെ ജീവിതത്തിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിൽ അപകട സാധ്യതകൾ അശേഷം ഇല്ലെന്ന നിശ്ചയം അവർക്ക് ഒരു സൈക്കോതെറാപ്പിയുടെ ഗുണം ചെയ്യുകയാണ്. എല്ലാവർക്കും പ്രാപ്യമായ വിനോദഗേഹങ്ങളോ, ഉല്ലാസദായകമായ പകിട്ടുകളോ വൈവിധ്യങ്ങൾ ആസ്വദിക്കാൻ ഉതകുന്ന ഇടങ്ങളോ , ജീവിതത്തിന്റെ രസം കണ്ടെത്താൻ കഴിയുന്ന സാഹചര്യങ്ങളോ ഇല്ലാത്തനമ്മുടെ പോലുളള ദരിദ്രനാരായണമാർ ജീവിക്കുന്ന ഈ പ്രദേശത്തു ഒരു രക്ഷകനെയും പ്രതീക്ഷിച്ചു കഴിയുന്ന വിധിവിശ്വാസങ്ങളുള്ള ആളുകൾക്ക് ശരണം വിളിയ്ക്കുകയെ നിവൃത്തിയുള്ളു. സമൂഹത്തിൽ ശൈഥല്യങ്ങളും കഷ്ടപ്പാടുകളും ഉണ്ടെങ്കിലെ രക്ഷകരായി സ്വയം പ്രഖ്യാപിക്കുന്ന മതനേതാക്കന്മാരെയും, ആധ്യാത്മിക ആചാര്യന്മാരെയും,ബിംബങ്ങളായ രാഷ്ട്രീയ നേതാക്കന്മാരെയും ആളുകൾ മനസ്സാവരിക്കുകയുള്ളു.നൈരാശ്യങ്ങളും ഞരമ്പ് രോഗത്തിന്റെ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ദരിദ്രർക്ക് ആരാധനാകേന്ദ്രങ്ങൾ ശരണാലയങ്ങളാണ്.


ക്ഷേത്രങ്ങളിലെ മനോരോഗികൾ …


ഭ്രാന്തന്മാരായ ചിലർക്കുണ്ടാകുന്ന മതസംബന്ധമായ വെളിപാടുകൾ ഉന്മാദത്തിന്റെ തീക്ഷ്ണതയിൽ സംഭവിക്കുന്ന മായിക വ്യവസ്ഥയുടെ പ്രത്യേകതയാണ്. അവരുടെ വെളിപാടുകളും ഹർഷോന്മാദ പ്രകടനങ്ങളും അവർക്കു തന്നെ താൽകാലിക ആശ്വാസമായിത്തീരാറുണ്ട്. സമൂഹത്തിൽ വ്യാപാരിക്കാനുള്ള കഴിവില്ലാത്ത ചില ചിത്തരോഗികളുടെ ആന്തരികലോകത്തു നടക്കുന്ന അനുഭൂതികളുടെ അർത്ഥങ്ങൾ കണ്ടെത്താനുള്ള വ്യാമോഹങ്ങളാകുകയാണ് ക്ഷേത്രങ്ങൾ. എന്നാൽതന്റെ വിശ്വാസം മാത്രമാണ് സത്യമെന്നും തനിക്ക് ദൈവ അരുളപ്പാടുണ്ടായെന്നും പറയുന്നവർ മനോരോഗമുള്ളവരാണ്. ആ വിശ്വാസത്തിന് വേണ്ടി അവർ മറ്റുള്ളവരെ പീഡിപ്പിക്കുകയോ ആത്മസമർപ്പണം ചെയ്യാനോ തുനിയുമ്പോൾ മനസ്സിലാക്കേണ്ടത് അവരുടെ മനോരോഗം ഗൗരവനില പ്രാപിച്ചിരിക്കുന്നു എന്നതാണ്. ഉയർന്ന ആവേശോർജ്ജം പ്രകടമാക്കുന്ന ഹൈപോമാനിയ, വിഷാദവും ഉന്മാദവും മാറിമാറി വരുന്ന- മാനിയ്ക് ഡിപ്രസ്സീവ് സൈക്കോസിസ്, സാധാരണയിൽ കവിഞ്ഞ മാനസിക ന്യൂനതയുള്ളവരും എന്നാൽ മനോരോഗ ലക്ഷണങ്ങളൊന്നും പ്രത്യക്ഷത്തിൽ പ്രക്ടിപ്പിക്കാത്തവരുമായ- സൈക്ലൊത്മിക് വൈകല്യമുള്ളവർ ഭക്തിമാർഗ്ഗമുള്ളവരാണെങ്കിൽ മനോവിഭ്രാന്തിയുടെ വികാരപ്രഹർഷങ്ങളിലൂടെ കടന്നു പോകുന്നൂ . മനോവിഭ്രാന്തികൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ലഭിക്കുന്ന സ്ഥലമാണ് അവർക്ക് ക്ഷേത്രങ്ങൾ. മസ്തിഷ്കത്തിന് കാര്യമായ തകരാർ സംഭവിച്ചിട്ടുള്ള ചിലർ ഭ്രാന്തന്മാരോ വിശ്വാസതട്ടിപ്പുകാരോ ഒരു മനഃസാക്ഷിക്കുത്തും ഇല്ലാത്ത സൈക്കോപാത്തുകളോ ആകാം. കുടില ഹൃദയരായ അവരുടെ ചെയ്തികൾ ഭൂരിപക്ഷം വരുന്ന നല്ല മനുഷ്യർക്ക് എക്കാലത്തും തലവേദനയാണ്. അവർ മനുഷ്യചരിത്രത്തെ രക്തപങ്കിലമാക്കുന്നു.ക്രൂരന്മാരായ അവരെ സ്ഥിരമായി ജയിലിലടക്കുകയോ അല്ലെങ്കിൽ മറ്റുള്ളവരുടെ സ്വന്തന്ത്ര്യത്തെ ഹനിക്കാതെ പുനരധിവസിപ്പിക്കുകയെ നിവൃത്തിയുള്ളു.
മതം കൊണ്ടോ ദൈവവിശ്വാസം കൊണ്ടോ നാം ഇതുവരെയും മാനസികമായി പുരോഗതിയൊന്നും പ്രാപിച്ചിട്ടില്ല. കൂടുതൽ അധഃപതിച്ചിട്ടേയുള്ളു. അയൽക്കാരെ സ്നേഹിക്കുന്ന ക്രിസ്ത്യാനികൾ പള്ളികളുടെ അവകാശത്തിനും അധികാരത്തിനും വേണ്ടി തമ്മിലടിക്കുന്നു. സഹോദരസ്നേഹമുള്ള മുസ്ലിമുകൾ സുന്നി -ഷിയാകളുമായി പരസ്പരം കൊല്ലുന്നു. ലോകസമസ്താഃ സുഖിനോ ഭവന്തു എന്ന് നാമം ജപിക്കുന്ന ഹിന്ദുക്കൾ ലിംഗത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ തെരുവിൽ യുദ്ധം ചെയ്യുന്നു. ഭാരതത്തിന്റെ പുരാതന സംസ്‍കാരത്തിന്റെയും നാഗരികതയുടെയും പൈതൃകത്തിൻെറയും പുനഃസ്ഥാപനത്തിനായി നാം മുറവിളി കൂട്ടുന്നു. നിലനിർത്താൻ, തിരിച്ചുകൊണ്ടുവരാൻ ആത്മാർഥമായി നാം ആഗ്രഹിക്കുന്ന ആചാരങ്ങളും ജീവിതരീതികളും അസമത്വങ്ങളുടെയും പരാധീനതകളുടെയും പുനർജ്ജീവനം സാദ്ധ്യമാക്കുന്നതും ആധുനിക നാഗരികതയുടെ, ശാസ്ത്രത്തിന്റെ- സാങ്കേതികവിദ്യയുടെ നേട്ടങ്ങളുമായി മത്സരിക്കാൻ നമ്മെ അപ്രാപ്തരാക്കുന്നവയുമാണ് . പരിഷ്‌കൃത സമൂഹത്തിന്റെ പരിപ്രേഷ്യകൾക്ക് മുൻപിൽ നാം പരിഹാസ്യരാവുകയാണ് . നാം ആധുനിക വേഷം ധരിച്ചിരിക്കുന്ന പ്രാകൃത മനുഷ്യർ മാത്രമാണെന്ന് വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 

ഡോ:പ്രസാദ് അമോർ 

 

 9,988 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo