ആർസനികം ആൽബം 30 കോവിഡ് 19 ന് ഫലപ്രദം എന്ന വാദം പൊളിയുന്നു.

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡ് വരാതിരിക്കുമെന്നും ഇമ്മ്യൂണിറ്റി വർധിപ്പിക്കുമെന്നും ഉള്ള അവകാശവാദവുമായി ശക്തമായ പ്രചാരണമാണ് കുറെ ഹോമിയോ വിദഗ്ദ്ധർ നടത്തിയത്. അവരുടെ പ്രചാരണത്തിൽ വീണ് ധാരാളം ജനപ്രതിനിധികളും പൗരരും വ്യാപകമായി ഹോമിയോ പ്രതിരോധം എന്ന പേരിൽ വിതരണം ചെയ്ത ആർസനികം ആൽബം കഴിക്കുകയുണ്ടായി.

ശക്തമായ ലോക് ഡൗൺ നടപ്പാക്കിയ കേരളത്തിൽ കോവിഡ് വ്യാപനം വളരെ മന്ദഗതിയിൽ ആയിരുന്നു. ശാസ്ത്രീയമായി നടപ്പാക്കിയ ലോക് ഡൗൺ നൽകിയ ഗുണഫലമാണിതെന്ന് ആർസനികം പ്രചാരകർക്ക് ഇപ്പോഴും ഇത് പൂർണ്ണമായി മനസ്സിലായിട്ടില്ല എന്നു കരുതുന്നു

ഹോമിയോ വിദഗ്‌ധർ ആർസനികം ആൽബം വിതരണത്തിന് ഏറ്റവുമധികം ശ്രദ്ധചെലുത്തിയത് പത്തനംതിട്ട ജില്ലയായിലായിരുന്നു. ഏറ്റവുമധികം പേർ ആഴ്സനികം കഴിച്ചതും പത്തനംതിട്ടയിലെ ജനങ്ങൾ തന്നെ. അവിടെ ഇമ്മ്യൂണിറ്റി വർദ്ധനവ് കണ്ടെത്താനുള്ള പഠനം നടത്തി ചില പൊതു സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പന്തളം മുനിസിപ്പാലിറ്റി, ഓമല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികൾ സർക്കാർ മുദ്രവെച്ച കടലാസ്സിൽ സാക്ഷ്യം അഭിപ്രായപ്പെടുന്നു :: എന്ന അത്യസാധാരണമായ നടപടി ചെയ്യുകയും ഉണ്ടായി. ഇപ്പോൾ അവിടെ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം.

നമുക്ക് നിലവിലുള്ള തെളിവുകൾ വിലയിരുത്താം.

  • കേരളത്തിൽ ഇതുവരെ റിപ്പോർട്ടു ചെയ്ത കോവിഡ് രോഗികളുടെ എണ്ണം= 64355
    കേരളത്തിലെ ജനസംഖ്യ = 35699443 (ഉദ്ദേശം 35699500)
  • പത്തനംതിട്ടയിൽ റിപ്പോർട്ടു ചെയ്ത കോവിഡ് രോഗികളുടെ എണ്ണം = 2875
    പത്തനംതിട്ടയിലെ ജനസംഖ്യ = 1231400
  • കേരളത്തിലെ രോഗവ്യാപന നിരക്ക് = 180.27 / ലക്ഷം ജനങ്ങൾ
  • പത്തനംതിട്ടയിലെ രോഗവ്യാപന നിരക്ക് = 233.5 / ലക്ഷം ജനങ്ങൾ
  • കേരള വ്യാപന നിരക്കിനേക്കാൾ പത്തനംതിട്ടയിലെ രോഗവ്യാപനത്തിലെ വർധനവിന്റെ തോത് = 29.5%

നാം ഇതിൽ നിന്ന് കാണുന്നതെന്താണ്? കേരളത്തിൽ അതിവേഗം വ്യാപിക്കുന്നു എന്ന് നാം കരുതിയ തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ ഒക്കെ ഉണ്ടായിട്ടും കേരളത്തിൽ ഇപ്പോഴും ഒരു ലക്ഷം ജനങ്ങളിൽ ശരാശരി 180 പേർക്ക് മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളു. പത്തനംതിട്ടയിൽ ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ മരുന്നുകൊടുത്തതിന്‌ ശേഷവും ലക്ഷം ജനങ്ങളിൽ 233 പേരിൽ രോഗം വ്യാപിച്ചിരിക്കുന്നു. അതായത് ഒരു ലക്ഷത്തിൽ 53 പേർ പത്തനംതിട്ടയിൽ കൂടുതലായി രോഗബാധിതരായി എന്നർത്ഥം.

ഇത് എത്രശതമാനത്തിന്റെ വര്ധനവാണെന്നു നോക്കൂ… 29.5%. ശാസ്ത്രീയമായി എന്തെങ്കിലും ഇടപെടൽ നടത്തിയില്ലെങ്കിൽ പത്തനംതിട്ട കോവിഡ് ഹോട്ട്സ്പോട്ട് അകാൻ അധിക നാൾ വേണ്ട.
സാക്ഷ്യം പറയാൻ തയ്യാറെടുക്കുന്ന ജനപ്രതിനിധികളും ഇക്കാര്യം ശ്രദ്ധിക്കണം. രോഗപ്രതിരോധം ഇമ്മ്യൂണിറ്റി ബൂസ്റ്റിംഗ് എന്നൊക്കെ പ്രചരിപ്പിക്കുമ്പോൾ ജനങ്ങളിൽ ഉണ്ടാകുന്ന അമിതമായ ആത്മവിശ്വാസം സർക്കാർ മുന്നോട്ടു വെച്ച പ്രതിരോധമാർഗ്ഗങ്ങളിൽ നിന്ന് മുഖം തിരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകും.

ശാസ്ത്രം പറയുന്നത് ഇത്രമാത്രം. സമ്പർക്കമുണ്ടായാൽ കോവിഡ് ബാധിക്കും. വ്യാപനം വർധിക്കുമ്പോൾ മറ്റാർക്കും നമ്മെ സഹായിക്കാനാവില്ല. ശാസ്ത്രത്തിന് മാത്രമേ സഹായമെത്തിക്കാനാകൂ.

ക്യാപ്സ്യൂൾ കേരള

 433 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo