തല അറുത്തെടുത്ത് പാലത്തിൽ വച്ചു

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രക്തസാക്ഷ്യം part 3

മുഖവുര

രാഷ്ട്രീയ സ്വയം സേവക സംഘം എന്ന ആർ എസ് എസ് ഭാരതീയ തീവ്രവാദ മുഖമാണെന്നത് വിളിച്ചുപറയും പോലെ സമാനതകളില്ലാത്ത കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. ‘മതം’ എന്നത് ‘മദ’മായി മാറി മനുഷ്യ രാശിക്ക് എതിരനായി ഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണത്തിൽ ഏറ്റവും വലുതാണ് ഖുർ:ആൻ എന്ന മത പുസ്തകം.. ആ പുസ്തകം പിന്തുടർന്ന് ലോകത്തിന് മാതൃക കാട്ടിയ പ്രമുഖരെ നമുക്കെല്ലാം അറിയാം.. ഒസാമ ബിൻ ലാദൻ , അബുബക്കർ ബാഗ്ദാദി , തുടങ്ങിയ അനവധികളിൽ നിന്നും പ്രധാനമായി എടുത്തുപറയാവുന്ന ഇവർ ഖുർ:ആൻ പിൻപറ്റി സാംസ്കാരിക നായക പദവി ആർജ്ജിച്ചവരല്ല. മറിച്ച് എന്താണെന്ന് ഞാൻ എടുത്ത് പറയേണ്ടതുമില്ല.

ഇത് പറയുന്നത് ഭീകര വാദികളിൽ വലിയ തീവ്രവാദിയെന്നോ , നേർപ്പിച്ച തീവ്രവാദിയെന്നോ വ്യത്യാസമില്ല. ഒരു അഭിപ്രായത്തെ (മതം എന്നത് ഒരു കൂട്ടത്തിന്റെ അഭിപ്രായം ആണ് ) സാധൂകരിക്കാനാകാത്ത അസഹിഷ്ണുതയാൽ മറ്റൊരാൾ കൊല്ലപ്പെടുകയോ, ആക്രമിക്കപ്പെടുകയോ ചെയ്‌താൽ അതിന്റെ പച്ചയായ നാമമാണ് മതതീവ്രവാദം. അവരുടെ ആയുധങ്ങളിൽ മാത്രമായിരിക്കും ഏറ്റക്കുറച്ചിലുകൾ. ബോംബുകളും, മെഷീൻ ഗണ്ണുകളും ഉപയോഗിക്കുന്നവരും വടിവാളും , ദണ്ഡയും ഉപയോഗിക്കുന്നവരും തമ്മിൽ ആയുധ ദാരിദ്ര്യത്തിന്റെ അകൽച്ച മാത്രമാണ് ഉള്ളത്. പരോക്ഷമായും, പ്രത്യക്ഷമായും അവർ മതതീവ്രവാദികൾ തന്നെയാണ്. ബാലരമ എന്ന ചിത്രകഥാ പുസ്തകത്തിലെ കുട്ടൂസൻ എന്ന കഥാ പാത്രത്തിന്റെ ആരാധകർ മായാവിയുടെ ആരാധകനെ വെടിവച്ചു കൊല്ലുന്ന തരത്തിലുള്ള കേവലതയുടെ ആഗോള ഭ്രാന്തന്മാരാണ് മത തീവ്രവാദികൾ. അതിന്റെ ഭാരതീയ രൂപമാണ് ആർ എസ് എസ് . നിർഭാഗ്യവശാൽ ഭാരതം ഭരിക്കുന്നതും ആ സംഘടനയുടെ രാഷ്ട്രീയ മുഖം തന്നെ.

ഭീതിയിലൂടെ നിശ്ശബ്ദരാക്കുക എന്നതാണല്ലോ മത തീവ്രവാദികളുടെ ഒരു നയം. അതുകൊണ്ട് തന്നെ തങ്ങൾ ചെയ്യുന്ന കൊലപാതകങ്ങൾ ശ്രെദ്ധ ആകർഷിക്കും വിധം പ്രാകൃത , നിഷ്ടൂര ചേഷ്ടകളൊക്കെ ഇവർ അവതരിപ്പിക്കും. എന്തായാലും ഓരോ രക്തസാക്ഷ്യങ്ങളും സ്വന്തം കക്ഷിക്ക് രാഷ്ട്രീയ വളം തന്നെയാണ്.

രക്തസാക്ഷ്യം

part 3 എൻ ജി തങ്കപ്പൻ വധം

1981 നവംബർ 10 ഭൂതകാല കേരള ചരിത്രത്തിലെ നീചമായ ഒരു കൊലപാതകം നടന്ന ദിവസം. അന്നേ ദിവസം അർദ്ധരാത്രിയിൽ കുട്ടനാട്ടിലെ മങ്കൊമ്പിൽ എൻ ജി തങ്കപ്പൻ എന്നയാളുടെ രക്തം പാർട്ടിക്ക് വേണ്ടി ഒഴുക്കപ്പെട്ടു.

താലിബാനും, ഐ എസ് ഐ എസും പിന്തുടരുന്ന ഭീകരതയുടെ മാതൃക കേരളത്തിൽ നടപ്പാക്കുന്നതിനാണ് ആ രാത്രി സാക്ഷി ആയത്. തന്റെ എതിർ രാഷ്ട്രീയമായതിനാൽ ആർ എസ് എസ് എന്ന മത തീവ്രവാദ സംഘടനയാൽ എൻ ജി തങ്കപ്പൻ എന്ന മനുഷ്യന്റെ ജീവൻ പൊലിഞ്ഞു. ആ ചേതനയറ്റ ശരീരത്തിൽ നിന്നും തല അറുത്തെടുത്ത് മങ്കൊമ്പ് പാലത്തിൽ വച്ചു. പുളിങ്കുന്ന് പഞ്ചായത്തിൽ ,മങ്കൊമ്പിൽ ,അവിണ്ണമഠം ചന്ദ്ര സ്വാമി എന്ന ജന്മിയുടെ മേച്ചരിവയ്ക്കൽ പാടശേഖരത്തിലെ കൊയ്ത്തു കഴിഞ്ഞാൽ കളത്തിൽ തന്നെ കറ്റ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷകത്തൊഴിലാളികൾ സമരം നടത്തി. ഈ സമരത്തിലെ പ്രധാന വാളണ്ടിയറായിരുന്നു എൻ ജി തങ്കപ്പൻ.

ജന്മിയുടെ മുറ്റത്തേക്ക് കറ്റയെടുക്കാൻ ആർ എസ് എസ്സുകാർ രംഗത്ത് വന്നു.സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ചെറുത്ത് നിൽപ്പ് ശക്തമായതോടെ അവർക്ക് പിന്മാറേണ്ടി വന്നു. ഇതിന് പ്രതികാരമായിട്ടായിരുന്നു അതി നിഷ്ട്ടൂരമായ അരും കൊല.

സായുധരായ മൂന്ന് സംഘങ്ങളാണ് ആർ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത്. ഒരേ സമയം മൂന്നിടങ്ങളിൽ അവർ ആക്രമണം നടത്തി ഒരു സംഘം ബോട്ട് ജെട്ടിയിലെ ചെത്ത് തൊഴിലാളി യൂണിയന്റെ ബോട്ട് തീവച്ച് നശിപ്പിച്ചു. മറ്റൊരു സംഘം യൂണിയൻ ആഫീസ് ബോംബെറിഞ്ഞു തകർത്തു. മൂന്നാമത്തെ സംഘം പഴയ ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിനോട് ചേർന്നുള്ള സെറ്റിൽമെന്റ് കോളനിയിലെ തങ്കപ്പന്റെ വീട്ടിലെത്തി.. വാതിലിൽ മുട്ട് കേട്ടപ്പോൾ അപകടം മണത്ത തങ്കപ്പൻ വീട്ടിൽ നിന്നിറങ്ങി ഓടി . പരിഭ്രാന്തിയിലും , കനത്ത ഇരുട്ടിലും ഓടി ദിക്കറിയാതെ തട്ടി വീണ തങ്കപ്പനെ പിന്തുടർന്നെത്തിയ കൊലയാളി സംഘം. തലങ്ങും വിലങ്ങും വെട്ടി. ശേഷം തല അറുത്തെടുത്ത് മങ്കൊമ്പ് പാലത്തിൽ കൊണ്ടുവച്ചു. പിറ്റേന്ന് നേരം വെളുത്തതോടെ ആ വാർത്ത കാട്ടു തീ പോലെ പടർന്നു. ആയിരങ്ങൾ മാങ്കൊമ്പിൽ ഒഴുകിയെത്തി കൊല ചെയ്തവരേക്കാളും സംതൃപ്തിയോടെ സ്വന്തം രക്തസാക്ഷ്യത്താളുകളിൽ
കമ്യുണിസ്റ്റുകൾ ഇങ്ങനെ എഴുതി.

“കമ്മ്യുണിസ്റ്റുകാർക്ക് നിലയ്ക്കാത്ത ഊർജ്ജദായിനിയായി തങ്കപ്പന്റെ ധീര രക്തസാക്ഷിത്വം”

ഈ വാക്കുകളിൽ ഒരുപാട് ന്യായ നിർവ്വചനങ്ങൾ കമ്യൂണിസ്റ്കാർ നിരത്തിയാലും ചിന്തിക്കുന്ന മാനവികതയിൽ നിലകൊള്ളുന്ന ഒരു മനുഷ്യന്. മേൽ വിവരിച്ച വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന നേടിയവന്റെ ആഹ്ലാദം ദർശിക്കാനാകും.

തുടരും …. അടുത്തഭാഗം വാടിക്കൽ രാമകൃഷ്ണൻ

വിഷ്ണു അനിൽകുമാർ

 13,189 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo