ഏപ്രില്‍ മെയ് മാസങ്ങളിലെ കത്തുന്ന ചൂട് ഓര്‍ക്കുമ്പോള്‍ ഹാവൂ എന്ന് പറയാന്‍ തോന്നുന്നില്ലേ? സ്വകാര്യതയിലാണെങ്കില്‍ വസ്ത്രങ്ങളൊക്കെ വലിച്ചെറിയാമായിരുന്നല്ലോ എന്നാലോചിക്കും! വേനല്‍ക്കാലത്തെ ഉച്ചസമയത്തെ ട്രെയിന്‍ യാത്രയെക്കുറിച്ചാണ് ആലോചിച്ചതെങ്കില്‍ ശരീരം കരുവാളിച്ചോ എന്ന് ഒരു നിമിഷനേരത്തേക്ക് സംശയം തോന്നിയാല്‍ നിങ്ങളെ ഞാന്‍ കുറ്റം പറയില്ല. മരുഭൂമികളുമായി അടുത്ത പ്രദേശങ്ങളില്‍ കഴിയുന്നവരെക്കുറിച്ച് ആലോചിക്കുകയേ തല്ക്കാലം മനസ്സിനെ ഒന്ന് ആശ്വസിപ്പിക്കാന്‍ വഴിയുള്ളൂ. ചൂടിനെ ഒരു പരിധിവരെയേ നമുക്ക് അതിജീവിക്കാന്‍ കഴിയുകയുള്ളൂ. ചൂടിന്റെ മാത്രം കാര്യമല്ലല്ലോ ഇത്. നേരെ എതിര്‍ദിശയിലേക്ക് സങ്കല്‍പ്പിച്ചുനോക്കൂ. മേല്ക്കുമേല് വലിച്ചുകയറ്റിയ കമ്പിളികളെ പോലും തുളച്ചുകയറുന്ന ആ തണുപ്പ് . ‘തീക്കും തന്നുള്ളിലേ തോന്നി, തീക്കായ വേണമെനിക്കുതെന്ന് ‘എന്ന് ചെറുശ്ശേരിയെക്കൊണ്ട് പറയിപ്പിച്ച തണുപ്പല്ല, അതുക്കും മേലെയുള്ള തണുപ്പ്. രക്തം ഉറഞ്ഞ് ഞരമ്പുകള്‍ പൊട്ടിത്തകര്ന്നുപോകുന്ന തണുപ്പ്. അവിടെയും നാം നിസ്സഹായരാണ്
സൌരയൂഥത്തില്‍, നമ്മുടെ അറിവുവെച്ച് ഭൂമിയിലേ ജീവന് നിലനില്ക്കുന്നുള്ളൂ. ജീവന് നിലനില്ക്കാന് പറ്റിയ സാഹചര്യം പലതുകൊണ്ടും ഒത്തുവന്ന ഒരിടമാണ് നമ്മുടെ ഈ നീലഗ്രഹം. എങ്കിലും ഭൂമിയിലെ പല സ്ഥലങ്ങളിലും നമുക്ക് കഴിയാനാവില്ല തന്നെ. മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാന്‍ പല തരത്തിലുള്ള ഉപാധികളും വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അതിനൊക്കെ പരിധിയുണ്ട് എന്നതാണ് വാസ്തവം.
മഞ്ഞുമൂടിയ പ്രദേശങ്ങളിലൊക്കെ അതിജീവനത്തിനുള്ള അനുകൂലനങ്ങള്‍ നേടിയെടുത്ത ഹിമക്കരടികള്‍ പോലുള്ള ചില ജീവികളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍, നമ്മുടെ സങ്കല്‍പ്പങ്ങളെയെല്ലാം അട്ടിമറിക്കുന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്ന ചില ജീവികളുണ്ട്. ജീവന് നിലനില്ക്കാന് സാധ്യതയില്ല എന്ന് നാം കരുതിപ്പോന്ന അങ്ങേയറ്റത്തുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇത്തരം ജീവികളെ എക്സ്ട്രീമോഫൈല്സ് (Extremophiles) എന്നാണ് വിശേഷിപ്പിച്ചു പോരുന്നത്. കൊടും ചൂടിലും കൊടും തണുപ്പിലും മാത്രമല്ല ഇവരുടെ സുഖവാസം. കടുത്ത അസിഡിറ്റി ഉള്ള സ്ഥലങ്ങളിലും വളരെ ഉയര്‍ന്ന മര്‍ദത്തെ അതിജീവിച്ചും ഇവ ജീവിച്ചുപോരുന്നു; വംശവര്‍ധന നടത്തുന്നു. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷികള്‍ ഇവ കൈവരിച്ചിരിക്കുന്നു. ഒരുപക്ഷേ, ഇതുപോലുള്ള സാഹചര്യങ്ങളിലായിരിക്കാം ജീവന് ഉടലെടുത്തതെന്നും ശാസ്ത്രലോകം കരുതുന്നു.
തെര്മോഫൈല്സ് (Thermophiles) എന്ന് വിളിക്കുന്ന ജീവികള്‍ കൊടും ചൂടിനെയാണ് വല്ലഭന് പുല്ലും ആയുധം എന്ന മട്ടില്‍ കൈകാര്യം ചെയ്യുന്നത്. 1960 കളില്‍ അമേരിക്കയിലെ യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ചുടു ഉറവകളിലാണ് ഈ വിഭാഗത്തില്‍ പെട്ട ഒരുതരം ബാക്ടീരിയങ്ങളെ ആദ്യമായി കണ്ടെത്തിയത്. തെര്‍മസ് അക്വാറ്റിക്കസ് (Thermus aqaticus) എന്ന ഇവ 70 ഡിഗ്രി സെല്‍ഷ്യസിലാണ് ‘തഴച്ചുവളരു’ന്നത്. ഇവയ്ക്ക് 80 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടിയാലും പ്രശ്നമൊന്നുമില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇതിലും ഉയര്‍ന്ന താപനിലയില്‍ ജീവിക്കുന്നവയെ കണ്ടെത്തി. കടലിന്റെ ആഴങ്ങളില്‍ കണ്ടെത്തിയ ഹൈഡ്രോതെര്‍മല്‍ വെന്റു (Hydrothermal vents) കളില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യമുണ്ടെന്ന് ഞെട്ടലോടെയാണ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. കടലിന്നടിയിലുള്ള അഗ്നിപര്‍വതങ്ങളുടെ സാമീപ്യത്താല്‍ ഉന്നതമര്‍ദത്തില്‍ 340 ഡിഗ്രി സെല്‍ഷ്യസ്സില്‍ വെള്ളം തിളച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളാണിവ. വെന്റുകളില്‍ ഇത്തരം ബാക്ടീരിയങ്ങളെ കണ്ടെത്തി എന്നതുമാത്രമായിരുന്നില്ല അതിശയകരം. അതിന് തൊട്ടടുത്ത് തന്നെ ചൂടുകുറഞ്ഞ ജലത്തില്‍ ട്യൂൂബ് വേം എന്നറിയപ്പെടുന്ന ജീവികളുള്പ്പെടെയുള്ള ആവാസവ്യവസ്ഥകളേയും കണ്ടെത്താന്‍ കഴിഞ്ഞു. ഇവയൊന്നും തന്നെ പ്രകാശസംശ്ലേഷണം വഴി ജീവന് നിലനിര്ത്തുന്നവയായിരുന്നില്ല. മറിച്ച് വെന്റുകളിലെ ഊര്‍ജവും കാര്‍ബണ്‍ ഡയോക്സൈഡും പ്രയോജനപ്പെടുത്തി ജീവിക്കുന്നവയായിരുന്നു!
മറ്റൊരു വിഭാഗം എക്സ്ട്രീമോഫൈല്സ് കടലിനടിയിലെ കൊടും തണുപ്പില്‍ കഴിയുന്നവയാണ്. മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള തണുപ്പില്‍ പോലും കഴിയുന്നവ. ഇത്തരക്കാരെ സൈക്രോഫൈല്സ് (Psychrophiles)എന്ന് പറയുന്നു. ഇവ തന്നെ പല തരക്കാരുണ്ട്, പല വിധം സാഹചര്യങ്ങളില്‍ കഴിയുന്നവരായി. തണുപ്പില്‍ ഉറഞ്ഞുപോവാതിരിക്കാന് സഹായിക്കുന്ന പ്രത്യേകതരം പ്രോട്ടീനുകളാണ് ഇവയുടെ സവിശേഷത. ശരീരത്തിലുള്ള രക്തം ഉറഞ്ഞുപോവാതിരിക്കാന് കഴിവുള്ള ചിലതരം തവളകളും ആമകളും ഉണ്ടുപോലും. അത്തരം ജീവികളില്‍ ശരീരദ്രവങ്ങള്‍ ഉറയാന്‍ ആരംഭിക്കുമ്പോള്‍ ചില ചെയിന്‍ റിയ്ക്ഷനുകള്ക്ക് തുടക്കമാവുന്നു.
ഉയര്‍ന്ന മര്‍ദം അനുഭവപ്പെടുന്ന കടലിന്റെ അഗാധതകളില്‍ പോലും ജീവനുണ്ട് എന്നതാണ് വാസ്തവം. പതിനൊന്നു കി. മീ. വരെ ആഴത്തില്‍ ജീവിക്കുന്നവയെ കണ്ടെത്തിയിട്ടുണ്ട്. ലബോറട്ടറികളില്‍ ഇത്തരം ഉയര്‍ന്ന മര്‍ദം രൂപപ്പെടുത്താനുള്ള പ്രയാസം കാരണം ഇത്തരം ജീവികളെക്കുറിച്ച് കൂടുതലായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഭൂമിയുടെ ഉള്ളിലേക്ക് പോവുമ്പോഴും ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കിലോമീറ്ററുകളോളം കുഴിച്ചപ്പോഴും സൂക്ഷ്മജീവികളെ കണ്ടെത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രകൃതിയുടെ സവിശേഷതകളെ അടുത്തറിയുന്നത് എന്തുമാത്രം കൌതുകരമായ കാര്യമാണല്ലേ. അത്ഭുതങ്ങളുടെ ലോകത്തേക്കാണവ നമ്മെ നയിക്കുന്നത്.
സി എം മുരളീധരന്
1,602 കാഴ്ച