രക്തസാക്ഷ്യം part 1

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആമുഖം

രക്തസാക്ഷികൾ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങൾ എന്ന് ഏക കണ്ഠമായി എല്ലാ രാഷ്ട്രീയ വക്താക്കളും മൈക്കിന് മുന്നിൽ ദുഃഖ ഭാവങ്ങൾ വാരിവിതറി പ്രഹസിക്കാറുണ്ട്. എന്നാൽ സ്വന്തം കക്ഷിരാഷ്ട്രീയത്തിന്റെ വളമാണ് വീണ് കിട്ടുന്ന ,അല്ലെങ്കിൽ വീഴ്ത്തിയെടുക്കുന്ന രക്തസാക്ഷ്യങ്ങൾ..

ചോരകൊണ്ട് മറുപടി പറയാനെന്നവണ്ണം ചോര കളികൾ കളിക്കാൻ തങ്ങൾക്ക് തന്റെ ഭാഗത്ത് ഒരു രക്തസാക്ഷി വേണം ആ രക്തത്തെ തൊട്ട് അവർ തന്റെ അണികളോട് ചടുലമായ ഭാഷയാൽ വിപ്ലവ വീര്യം കുത്തിനിറക്കും. രാഷ്ട്രീയത്തെ മതമെന്ന പോലെ ലഹരിയാക്കിയവർക്ക് ചുവടെപറയുന്ന വാക്ചാതുര്യം തുളുമ്പുന്ന ഒരു പ്രസംഗം മാത്രം മതിയാകും താൻ മറ്റൊരു മനുജന് നേരെ വീശുന്ന അരിവാളിന് ഊർജ്ജമാകാൻ.

” എപ്പോഴുമെപ്പോഴും ഈ ചോര ചെങ്കൊടി പകുതി താഴ്ത്തികെട്ടി പതറി നിൽക്കാൻ ഞങ്ങൾക്കാവില്ല , എന്നുമെന്നും ഈ കറുത്ത ബാഡ്‌ജ് ഇടതു നെഞ്ചിൽ കുത്തി കുനിഞ്ഞിരിക്കാൻ ഞങ്ങൾക്കാവില്ല”

ധാരാളം … ആയുധം ചുഴറ്റി വേഗത്തിൽ വീശുവാനായി ഈ വാക്കുകൾ ചൊരിയുന്ന ഊർജ്ജം ധാരാളം..

ഒരിടത്ത് ഇത്തരം വാക്കുകളാൽ ആശയത്തെ മതമാക്കിയ വിഡ്ഢികൾ നരഭോജികളായി പരിവർത്തനം ചെയ്യപ്പെടുമ്പോൾ മറ്റൊരിടത്ത് വർഗീയമായി മനുഷ്യനെ ഭിന്നിപ്പിക്കുന്ന അസ്സൽ മതങ്ങൾ കൊണ്ട് തന്നെ നിഷ്കളങ്ങൾ ആയുധം പേറുന്നു..

അവർ ബാല്യത്തിൽ തന്നെ വിവിധ ദീർഘകാല ക്യാംപുകൾ സംഘടിപ്പിച്ച് ഒരു തലമുറയെ വർഗീയതയിലേക്ക് നയിക്കുന്നു..

രാഷ്ട്രീയ,മത പിൻബലമുള്ള മാതാപിതാക്കൾ തലമുറയെ ഇവയ്ക്കായി അറിഞ്ഞോ , അറിയാതെയോ ദാനം ചെയ്യുന്നു .. ചിലയിടങ്ങളിൽ ചായക്കാശിന്റെ തർക്കത്തിൽ പരസ്‍പരം വെട്ടിച്ചത്താലും അവന്റെ അകന്നതെങ്കിലുമായ രാഷ്ട്രീയ പശ്ചാത്തലം ചികഞ്ഞ് അവനെ രക്തസാക്ഷ്യ , ബലിദാനി അക്കൗണ്ടിൽ ചേർക്കുന്നു.

“സന്ദേശം” എന്ന മലയാള സിനിമയിലെ ‘ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടുതരിക’ എന്ന സംഭാഷണമുള്ള സീനുകൾ ഈ രക്തസാക്ഷ്യ , ബലിദാനികളിൽ എത്രവട്ടം അന്വർത്ഥമായിട്ടുണ്ടാവും.. കഴിഞ്ഞ ദിവസവും കായംകുളത്ത് ഒരു യുവാവ് രക്തം കൊണ്ട് വിപ്ലവ സാക്ഷ്യം പറഞ്ഞു…

രാഷ്ട്രീയം മതമായി സ്വീകരിച്ചവരുടെയും , മതത്തെ രാഷ്ട്രീയമായി സ്വീകരിച്ചവരുടെയും ആയുസ്സിന്റെ വില കാൽ സെന്റ് ഭൂമിയിൽ നിർമ്മിക്കുന്ന കുറച്ച് ഇഷ്ടികയിലും , സിമെന്റിലും തീരും…

ഇതൊരു പ്രേത്യേക പശ്ചാത്തലമൊന്നുമല്ലെങ്കിലും.. രാഷ്ട്രീയം രാഷ്ട്ര സംബന്ധിയെങ്കിൽ ഒരേ രാഷ്ട്രത്തിൽ ജീവിക്കുന്ന രണ്ട് മനുഷ്യർ രാഷ്ട്ര സംബന്ധിയായ രാഷ്ട്രീയത്തിലെ പൊരുത്തക്കേടുകൾക്കായി മരണം വരിക്കേണ്ടതുണ്ടോ ..? എന്ന ശങ്ക മുൻനിർത്തി യെർഡു ന്യൂസ് ഒരു തുടർ ലേഖനം ആരംഭിക്കുന്നു …

രക്തസാക്ഷ്യം

part 1 കെ വി സുധീഷ്

കണ്ണൂർ ജില്ലയിലെ തൊക്കിലങ്ങാടിയിൽ ജനനം വർഗീയതയുടെ ഫാസിസ്റ് മുഖമായ ആർ എസ് എസിന്റെ ശക്തികേന്ദ്രമായ പ്രദേശത്ത് നിന്നും തങ്ങളുടെ മുഖ്യ എതിരാളിയായ കമ്യൂണിസ്റ് പാർട്ടിയിൽ നിന്നും സർവാദരണീയനായി വളർന്നുവന്ന സുധീഷിനെ ആർ എസ് എസ്സുകാർ നിഷ്കരുണം വെട്ടിപ്പിളർന്ന് കൊന്നു. സുധീഷ് വളരുന്നത് വഴി പ്രദേശത്ത് തന്റെ എതിർ പാർട്ടിയും വളരുന്നത് തടയാനായിരിക്കാം സുധീഷിനെ വധിച്ചത്.

സംഘടനാ പ്രവർത്തനങ്ങളുമായി ഇടുക്കിയിൽ പോയി തിരികെ വന്ന് വീട്ടിൽ മയങ്ങുകയായിരുന്ന സുധീഷിനെ ഒരു സംഘം വീടുവളഞ്ഞു. ഒരാളുടെ ചവിട്ട് പേറാൻ കഴിവില്ലാത്ത സുധീഷിന്റെ കൊച്ചുവീടിന്റെ വാതിലുകൾ ചവിട്ടി തുറന്ന് അകത്തുകയറിയ ക്രിമിനലുകൾ അരുതേയെന്നപേക്ഷിച്ച് കരഞ്ഞു തടഞ്ഞ മാതാപിതാക്കളുടെ മുൻപിലിട്ട് സുധീഷിന്റെ പച്ച ജീവൻ കൊത്തിനുറുക്കി ആയുധങ്ങളെ വിലക്കിയ സുധീഷിന്റെ അച്ഛന്റെ കൈകൾക്കും വെട്ടേറ്റു. രക്തം തളം കെട്ടിയ സിമന്റ് തറയിൽ സുധീഷ് മാംസതുണ്ടങ്ങളായി ജീവനറ്റ് കിടന്നു. 1994 ജനുവരി 25 ന് അർദ്ധരാത്രി റിപ്ലബ്ലിക് ദിനം പുലരുന്നതിന് തൊട്ട് മുൻപ് പുരോഗമനം സ്വയം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി കെ വി സുധീഷ് രക്തത്താൽ മാർക്സിസത്തിനായി വർഗീയതക്കെതിരായി സാക്ഷ്യം പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയ സസ്യങ്ങൾ ഫലഭൂയിഷ്ടമായി വളരുന്ന വളക്കൂറുള്ള മണ്ണിൽ വാകകൾ വളരുമെന്ന് കണ്ടപ്പോൾ കൃഷിക്കാരനെ വകവരുത്തി ആർ എസ് എസ് അക്രമ രാഷ്ട്രീയം വിളമ്പിയപ്പോൾ കാലങ്ങളിപ്പുറത്ത് അതേ വളക്കൂറ് നിലനിർത്താൻ സി പി ഐ (എം) ഒഞ്ചിയത്ത് ഒരു മറു മാതൃകയാൽ തുലനപ്പെട്ടത് ചരിത്രം.(അതിനെ പറ്റി വരും ഭാഗങ്ങളിൽ വിവരിക്കാം).

എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും, കേന്ദ്ര കമ്മിറ്റി അംഗവും, സി പി ഐ (എം) കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗവും , കണ്ണൂർ ജില്ലാ കൗൺസിൽ ചിറക്കൽ ഡിവിഷനിൽ നിന്നുള്ള ജനപ്രധിനിധിയുമായിരുന്നു സുധീഷ്.

തുടരും … അടുത്ത ഭാഗം കെ ടി ജയകൃഷ്ണൻ മാസ്റ്റർ

വിഷ്ണു അനിൽകുമാർ

 4,664 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo