കാലമേ മാപ്പ്

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സജീവൻ വൈക്കത്ത് എഴുതുന്ന കവിതാ അവലോകനം

കാവ്യ രംഗത്തെ പുതിയ സൂര്യോദയം..         
 

കൊറോണ വൈറസ്സിന്റെ സംഹാര താണ്ഡവത്തിൽ പൊലിഞ്ഞു പോയിക്കൊണ്ടിരിക്കുന്ന മാനവരാശിയുടെ നിസ്സഹായതയ്ക്ക്  മുമ്പിൽ പ്രതീക്ഷയുടെ ഒരു വെള്ളിവെളിച്ചം പ്രദാനം ചെയ്യുന്നുണ്ട്  ശ്രീ എം. ഒ. ബിജുവിന്റെ “കാലമേ മാപ്പ്‌” എന്ന കവിത .

എഴുത്തിന്റെ അതിഭാവുകത്വം കൊണ്ട്  അനുവാചക ഹൃദയങ്ങളെ വീർപ്പുമുട്ടിക്കാതെയും ആശയ കുഴപ്പത്തിൽ തളച്ചിടാതെയും,  അതേസമയം  ശക്തമായ അവതരണ പാടവത്തിലൂടെ സരളമായി അവതരിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ കവിത ഹൃദ്യവും വിഭിന്നവുമാകുന്നതും.
   

താനടങ്ങുന്ന മാനവ കുലത്തിന്റെ ഹീന പ്രവർത്തികളുടെ അനന്തരഫലം പോലെ വന്ന വിപത്താണിതെന്ന് കവി നമ്മെ ഓർമ്മപ്പെടുത്തുന്നു.    ബിജുവിന്റെ ഇതര കവിതകളെപ്പോലെ ലളിത കോമളമായ ഭാഷ കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും ഈ കവിതയും തുടർ വായനയ്ക്ക് പ്രേരണ തരുന്നുണ്ട്..  പ്രതീകാത്മകമെങ്കിലും സാധാരണക്കാരന് മനസ്സിലാക്കാവുന്ന ബിംബങ്ങളുടെ അതിസ്വാച്ഛന്ദ്യം – അത് ബിജുവിന്റെ മിക്ക കവിതകളുടെയും സവിശേഷതയാണ്. ” കൊന്നൊടുക്കുന്ന നീ ജീവന്റെ പാതിയെ” …എന്ന വരികളിലും മറ്റും ഒളിപ്പിച്ചു നിർത്തിയ ആ ആശങ്കയും ഉൽക്കണ്ഠയും ജന ജീവിതത്തിന്റെ മാനസിക ഘടനയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരുതരം ഉദ്വേഗമാണെന്ന കാര്യത്തിൽ സംശയമില്ല.    ഈ മഹാമാരിക്കു മുമ്പിൽ ലോക ജനത ഒന്നടങ്കം നിസ്സഹായരായി നിൽക്കുകയാണ് . മദമാത്സര്യങ്ങളും ,അധികാര വ്യാമോഹങ്ങളും ഇവിടെ അസ്തപ്രജ്ഞമായിക്കൊണ്ടിരിക്കുന്നു. ഇത്തരം ഓർമ്മപ്പെടുത്തലിലൂടെ മനുഷ്യ കുലത്തിന്റെ നിരാലംബതയുടെ നേർചിത്രമാണ് അനാവരണം ചെയ്യപ്പെടുന്നത് .   സമാന വിഷയങ്ങളിൽ ഊന്നി നിന്നു കൊണ്ടുള്ള മറ്റു ക്ളീഷേ കവിതകളിൽ നിന്ന് വ്യതിരിക്തമായി പ്രതീക്ഷയുടെ ഒരു പൊൻ പുലരിയെ മാടി വിളിക്കുകയാണ് കവി ഇവിടെ. മാനവരാശിയുടെ അമിതമായ ആത്മ വിശ്വാസത്തിനും താൻ അജയ്യനാണെന്ന മൂഢവിശ്വാസത്തതിനും എതിരായൊരു താക്കീതും കവിതയുടെ അന്തർധാരയായി നിലകൊള്ളുന്നു.     ഗൗരവമിയന്നൊരു വിഷയത്തെ , അതിന്റെ ഇരുണ്ട വശത്തെ തുറന്നു കാട്ടി  വെളിച്ചത്തിലേക്ക് ആനയിക്കാനുള്ള ഈ ഉദ്യമം അത്യന്തം ശ്ലാഘനീയമാണ്. പുതിയൊരു സൂര്യോദയം വിദൂരത്തല്ലെന്ന്  ആത്മ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ചങ്കൂറ്റം ഈ കവി ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

Yerdu News

 539 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo