വാസിലി ബ്ലോഖിൻ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵
സ്റ്റാലിനുവേണ്ടി ഏറ്റവുമധികം പേരെ വധിച്ച കൊലയാളി

സ്റ്റാലിന്റെ ഏറ്റവും വിശ്വസ്തനായ കൊലയാളിയായിരുന്നു ബ്ലോഖിൻ. അന്ന് ‘സ്‌പെഷ്യൽ ഗ്രൂപ്പ്’ എന്ന ഗുപ്തനാമത്തിൽ അറിയപ്പെട്ടിരുന്ന സ്റ്റാലിന്റെ പേഴ്സണൽ ഫയറിംഗ് സ്‌ക്വാഡിന്റെ മേധാവിയായിരുന്നു അയാൾ. ‘പൊതു ശത്രുക്കൾ’ എന്ന് മുദ്രകുത്തി സ്റ്റാലിൻ പരലോകത്തേക്ക് പറഞ്ഞയക്കാൻ (purge) തീരുമാനിക്കുന്ന പാവങ്ങളെ ഒറ്റയ്ക്കോ കൂട്ടത്തോടെയോ ഒക്കെ വെടിവെച്ച് കൊന്നുകളയുക എന്നതായിരുന്നു ഈ സൈനികോദ്യോഗസ്ഥനിൽ അർപ്പിച്ചിരുന്ന കർത്തവ്യം. അയാൾ അത് വളരെ നിഷ്ഠയോടെ നിറവേറ്റി. തന്റെ ഔദ്യോഗിക ജീവിത കാലഘട്ടത്തിൽ അയാൾ കശാപ്പുചെയ്തിട്ടുള്ളത് 15,000 -ൽ പരം പേരെയാണ്.

വാസിലി ബ്ലോഖിൻ സ്റ്റാലിന്റെ ഔദ്യോഗിക യമവേഷം എടുത്തണിയുന്നത് 1926 -ലാണ്. അന്ന് OGPU എന്നറിയപ്പെട്ടിരുന്ന ‘ജോയിന്റ് സ്റ്റേറ്റ് പൊളിറ്റിക്കൽ യൂണിറ്റി’ന്റെ അഥവാ രഹസ്യപൊലീസ് സേനയുടെ തലവനായിരുന്നു അയാൾ. അടുത്ത ദശാബ്ദങ്ങളിൽ ആ ഡിപ്പാർട്ടുമെന്റ് പല പേരുകളും മാറുന്നുണ്ട്. ആദ്യം NKVD ആവുന്നു. പിന്നെ MGB ആവുന്നു. ഏറ്റവും ഒടുവിൽ KGB എന്നപേരിൽ കുറേക്കാലം അറിയപ്പെട്ടു. ഈ കാലത്തൊക്കെയും പ്രസ്തുത സ്ഥാപനത്തിൽ സ്ഥിരമായി ഉണ്ടായിരുന്ന ഒരു സാന്നിധ്യം വാസിലി ബ്ലോഖിന്റെ തന്നെയായിരുന്നു.

നിത്യേന ഇങ്ങനെ മനുഷ്യരെ കൊന്നുതള്ളുക അത്ര എളുപ്പമുള്ള പണിയല്ല. മരിക്കാൻ നേരം പാവപ്പെട്ട ഇരകൾ അവരുടെ മുഖത്തുവരുത്തുന്ന ദൈന്യ ഭാവം, ‘പ്രാണനെടുക്കരുതേ..’ എന്നുള്ള അവരുടെ അപേക്ഷ, പ്രാണഭയത്താലുള്ള നിലവിളികൾ ഒന്നും മറക്കുക അത്ര എളുപ്പമല്ല. പല ആരാച്ചാർമാർക്കും അത്ര എളുപ്പത്തിൽ സ്വന്തം കൊലപാതകങ്ങളുടെ പശ്ചാത്താപബോധത്തെ പശ്ചാത്താപബോധത്തെ മറികടക്കാൻ സാധിക്കാറില്ല. അവരിൽ പലരും ചെന്നവസാനിക്കുക ചിത്തരോഗാശുപത്രിയിലാണ്. മാനസിക നില തകർന്നാണ് പലരും മരണത്തെ നേരിടുക. അവരിൽ പലരും ഈ കുറ്റബോധത്തെ മറക്കാൻ ആശ്രയിക്കുക മദ്യത്തെയാകും. പോകെപ്പോകെ മദ്യലഹരിയിലാകും അവർ വധശിക്ഷ നടപ്പിലാക്കുക. എന്നാൽ ഇക്കാര്യത്തിൽ ബ്ലോഖിൻ വ്യത്യസ്തനായിരുന്നു. വളരെ ക്ലിനിക്കൽ ആയി, പ്രൊഫഷണൽ ആയി തന്റെ ജോലിയെ സമീപിച്ചിരുന്ന ഒരു ശിലാഹൃദയനായിരുന്നു അയാൾ. വധശിക്ഷ നടപ്പാക്കുന്ന സമയത്തോ, അതിനു മുമ്പോ ഒന്നും ഒരു തുള്ളി മദ്യം പോലും ബ്ലോഖിൻ അകത്താക്കിയിരുന്നില്ല. എന്നുമാത്രമല്ല, തന്റെ ഫയറിങ് സ്‌ക്വാഡിലുള്ള ഒരാളെപ്പോലും അതിന് അനുവദിച്ചിരുന്നുമില്ല. ‘ആശ്വാസജലം ആകാം, അത് ടീമിൽ അർപ്പിച്ചിരിക്കുന്ന ദൗത്യം പൂർത്തിയായതിന് ശേഷം മാത്രം..’.
എന്നതായിരുന്നു ബ്ലോഖിന്റെ നയം…..

റഷ്യൻ മദ്യമായ ‘വോഡ്ക’യുടെ ആരാധകനായിരുന്നു ബ്ലോഖിനും. ഉപാസകൻ എന്നുതന്നെ പറയാം വേണമെങ്കിൽ. കൂട്ടക്കൊലപാതകങ്ങൾക്കു ശേഷം നടന്നിരുന്ന മദിരയിൽ മുങ്ങിയ ആഘോഷരാവുകളെപ്പറ്റി, അയാളുടെ ടീമിലെ ഒരു സൈനിക ഓഫീസർ, അലക്‌സാണ്ടർ യെമേല്യനോവ് തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയത് ഇങ്ങനെ, ” ഞങ്ങൾ വോഡ്‌ക അകത്താക്കുമായിരുന്നു. സംഘാംഗങ്ങൾ എല്ലാം തന്നെ വെളിവുകെടും വരെ മദ്യപിക്കുമായിരുന്നു . എഴുന്നേറ്റ് നില്ക്കാൻ പോലുമാകാത്തവണ്ണം കുടിക്കുമായിരുന്നു. എന്നിട്ട് സുഗന്ധദ്രവ്യങ്ങൾ മേലാസകലം വാരിപ്പൂശുമായിരുന്നു. എന്നാലേ, ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം ദേഹത്ത് നിന്ന് ഒഴിഞ്ഞു പോകൂ. പട്ടികൾ പോലും ആ ദിവസങ്ങളിൽ ഞങ്ങളുടെ അടുത്തുവരാതെ വഴിമാറിപ്പോകുമായിരുന്നു. ഞങ്ങളെ നോക്കി ഒന്ന് കുരച്ചിരുന്നത് പോലും അവ സുരക്ഷിതമായ അകലം പാലിച്ചു നിന്നുകൊണ്ട് മാത്രമായിരുന്നു”…….

സ്റ്റാലിന്റെ കൊലയാളി സംഘത്തിൽ യൂണിവേഴ്സിറ്റിയുടെ പടികടക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരേയൊരാൾ ബ്ലോഖിൻ ആയിരുന്നു. അയാൾക്ക് കുതിരപ്പന്തയത്തിൽ വലിയ കമ്പമായിരുന്നു. കുതിരകളെപ്പറ്റിയുള്ള എഴുനൂറിലധികം പുസ്തകങ്ങളാണ് അയാളുടെ വീട്ടിലെ ലൈബ്രറിയിൽ ഉണ്ടായിരുന്നത്. വാൾത്തർ പിപി (Walther PP) എന്ന ജർമൻ നിർമിത കൈത്തോക്കായിരുന്നു ബ്ലോഖിന്റെ ഇഷ്ട പണിയായുധം. അത് അന്ന് ലഭ്യമായിരുന്ന റഷ്യൻ കൈത്തോക്കുകളെപ്പോലെ അമിതമായി ചൂടാകില്ലായിരുന്നു എന്നതുതന്നെ കാരണം. …

അങ്ങനെ, ചോര കണ്ട് അറപ്പുമാറിയ, കുടില ബുദ്ധി വേണ്ടുവോളം ഉണ്ടായിരുന്ന ബ്ലോഖിൻ വളരെ പെട്ടെന്ന് തന്നെ സ്ഥാനക്കയറ്റങ്ങൾ നേടി. ‘സ്റ്റാലിന്റെ ഏറ്റവും വിശ്വസ്തനായ കൊലയാളി’ എന്ന പദവിയിൽ എത്തി. സ്റ്റാലിൻ ഇല്ലാതാക്കാൻ തീരുമാനിക്കുന്ന വിഐപികളെ വധിക്കുക എന്ന വളരെ പ്രധാനപ്പെട്ട ജോലി നടപ്പിലാക്കുന്നത് അയാൾ നേരിട്ടായി. 1930 -ലെ സ്റ്റാലിൻ വിരുദ്ധ വികാരങ്ങളുടെ കാലത്ത് അങ്ങനെ നിരവധി രാഷ്ട്രീയ എതിരാളികളുടെ ജീവൻ ബ്ലോഖിന്റെ കൈകളിൽ അവസാനിച്ചിട്ടുണ്ട്.

1939 -ൽ മരണവുമായി വളരെ അടുത്തൊരു മുഖാമുഖം ബ്ലോഖിന് ഉണ്ടായി. അത് ലാവ്റെന്റി ബേറിയ എന്ന പുതിയൊരു സൈനിക മേധാവി അധികാരത്തിൽ വന്നപ്പോഴാണ്. മുമ്പ് നിക്കോളായ് യെഷോവ് മേധാവിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിശ്വസ്തരായിരുന്ന സകലരെയും ‘പർജ്ജ്’ ചെയ്തു കളയാൻ അധികാരത്തിലേറിയ പാടെ ബേറിയ തീരുമാനിക്കുന്നു. ആ ലിസ്റ്റിൽ ഏറ്റവും മുകളിൽ തന്നെയായിരുന്നു സംഭവവശാൽ ബ്ലോഖിന്റെ സ്ഥാനം. എന്നാൽ, ഇങ്ങനെ ഒരു എക്സിക്യൂഷന്‌ കൃത്യമായ അനുമതി സ്റ്റാലിനിൽ നിന്നുതന്നെ കിട്ടേണ്ടതുണ്ടായിരുന്നു. അന്ന് ബ്ലോഖിന്റെ പ്രാണൻ ഉള്ളംകൈയിൽ എടുത്ത് പിടിച്ച് സംരക്ഷിച്ചത് സ്റ്റാലിനായിരുന്നു. “ബ്ലോഖിനെപ്പോലെ ഉള്ളവരുടെ സഹായം കൂടാതെ രാജ്യം ഭരിക്കാനാവില്ല. ഭരണത്തിലെ പല വൃത്തികെട്ട പണികളും വിശ്വസിച്ചേൽപ്പിക്കാൻ ഇനിയും എനിക്ക് അയാളെ ആവശ്യമുണ്ട്.” അന്ന് ബ്ലോഖിനെ പർജ്ജ് ചെയ്യേണ്ട എന്ന തീരുമാനം സ്റ്റാലിൻ പ്രഖ്യാപിച്ചതോടെ അയാളുടെ അധികാരം പത്തിരട്ടി വർധിച്ചു. ഇഷ്ടമുള്ളത് പോലെ പ്രവർത്തിച്ചുകൊള്ളാൻ അയാളോട് ബേറിയ തന്നെ പറഞ്ഞു. സകല അധികാരങ്ങളും നൽകി. ആരും ഒന്നും ചോദിക്കില്ല എന്നുറപ്പു നല്കി.

വാസിലി ബ്ലോഖിൻ ഒടുക്കത്തെ ഭാഗ്യവാനായിരുന്നു. കാരണം, അയാളുടെ സുപ്പീരിയർ ഓഫീസർമാരെക്കാൾ ഒക്കെ ആയുർദൈർഘ്യം അയാൾക്കുണ്ടായിരുന്നു.
സ്റ്റാലിന്റെ മരണത്തിനു ശേഷം ബ്ലോഖിൻ സൈനിക ബഹുമതികളോടെ സർവീസിൽ നിന്ന് വിരമിച്ചു. അയാൾക്ക് പെൻഷനും അനുവദിച്ചു കിട്ടി. എന്നാൽ, ആ അടുത്തൂൺ പറ്റിയുള്ള ജീവിതം അധികകാലം ആസ്വദിക്കാനുള്ള ഭാഗ്യം മാത്രം അനുവദിച്ചു കിട്ടി. എന്നാൽ, ആ അടുത്തൂൺ പറ്റിയുള്ള ജീവിതം അധികകാലം ആസ്വദിക്കാനുള്ള ഭാഗ്യം മാത്രം ബ്ലോഖിനുണ്ടായിരുന്നില്ല. അപ്പോഴേക്കും സോവിയറ്റ് യൂണിയൻ സ്റ്റാലിന്റെ കാലത്തെ കുറ്റകൃത്യങ്ങളും പർജിങും ഒക്കെ ക്രിമിനൽ കുറ്റങ്ങളായിരുന്നു എന്ന് തിരിച്ചറിഞ്ഞ് അവ അന്വേഷണ പരിധിക്കുള്ളിൽ കൊണ്ടുവന്നു കഴിഞ്ഞിരുന്നു.

തന്റെ അറുപതാം വയസ്സിൽ, സ്വാഭാവിക മരണം ഒരു ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ വാസിലി ബ്ലോഖിനെ തേടിയെത്തി. അങ്ങനല്ല, അപമാനഭാരം താങ്ങാനാവാതെ സ്വന്തം തലയിലേക്ക് നിറയൊഴിച്ച് ആത്മാഹുതി ചെയ്തതാണ് ബ്ലോഖിൻ എന്ന് കരുതുന്ന ചില റഷ്യൻ ചരിത്രകാരന്മാരുമുണ്ട്.

മരണാനന്തരം, വാസിലി ബ്ലോഖിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിട്ടുള്ളത് മോസ്കോയിലെ ഡോൺസ്‌കോയെ സെമിത്തേരിയിലാണ്. ആ ക്രൂരന്റെ കൈകളാൽ വധിക്കപ്പെട്ട പരശ്ശതം നിരപരാധികളുടെ ഭൗതികശരീരങ്ങൾ മറവു ചെയ്ത അതേ പൊതുശ്‌മശാനത്തിൽ….

ഈ ചരിത്രത്തിന് ജീവിച്ചിരിക്കുന്നവരുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് അവരുടെ മനസ്സിന്റെ കൂലങ്കഷമായ ചിന്താശേഷി കൊണ്ട് മാത്രമാണ്…

copied…

 502 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo