മര്യാദ(കെട്ട) പുരുഷോത്തമൻ part 6

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊടും ചതിയുടെ ലങ്കാവിജയം

രാമായണത്തിലെ ഏറ്റവും ചതിയനായ കഥാപാത്രം വിഭീഷണനാണ്. രാവണന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ഗുണം ലഭിച്ചതും വിഭീഷണനാണ്. ചിരംജീവിയായ വിഭീഷണൻ രാവണന്റെ ഇളയ സഹോദരനാണ്. ലങ്കയുടെ സിംഹാസനത്തിൽ നോട്ടമുണ്ടായിരുന്ന വിഭീഷണൻ യുദ്ധസമയത്ത് മറുകണ്ടം ചാടി രാമന്റെ പക്ഷം ചേരുകയായിരുന്നു.. രാവണന്റെ കൈവശത്തു നിന്ന് അധികാരം കൈക്കലാക്കാൻ രാമനെയും പരിവാരങ്ങളേയും സ്തുതിച്ച് രാമ പക്ഷം ചേരുന്ന വിഭീഷണനെ നമുക്ക് രാമായണത്തിൽ കാണാം..

‘ശ്രീരാമ! സീതാമനോഹര! രാഘവ!
ശ്രീരാമ! രാജേന്ദ്ര! രാജീവലോചന!
ശ്രീരാമരാക്ഷസവംശവിനാശന!
ശ്രീരാമപാദാംബുജേ നമസ്തേ സദാ.
ചണ്ഡാംശുഗോത്രോത്ഭവായ നമോനമ-
ശ്ചണ്ഡകോദണ്ഡധരായ നമോ നമ:
പണ്ഡിതഹൃൽ‌പുണ്ഡരീകചണ്ഡാംശവേ
ഖണ്ഡപരശുപ്രിയായ നമോ നമ:
രാമായ സുഗ്രീവമിത്രായ കാന്തായ
രാമായ നിത്യമനന്തായ ശാന്തായ
രാമായ വേദാന്തവേദ്യായ ലോകാഭി-
രാമായ രാമഭദ്രായ നമോ നമ:
വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ
വിശ്വായ വിശ്വരൂപായ നമോ നമ:
നിത്യായ സത്യായ ശുദ്ധായതേ നമ:
ഭക്തപ്രിയായ ഭഗവതേ രാമായ
മുക്തിപ്രദായ മുകുന്ദായതേ നമ:

ഹനുമാന്റെ സഹായത്തോടെ വിഭീഷണനുമായി സന്ധിയിൽ ഏർപ്പെടുന്ന രാമന് യുദ്ധവിജയത്തിന് ഒരു ചാരന്റെ സഹായം കൂടിയേ തീരു എന്ന് നന്നായി അറിയാമായിരുന്നു.. അങ്ങനെയാണ് വിഭീഷണനെ രാമൻ സ്വീകരിക്കുന്നത്.

“മിത്രഭാവേന സമ്പ്രാപ്തം ന ത്യജേയം കഥഞ്ചന ദോഷോ യദ്യപി തസ്യ സ്യാത് സതാമേതദഗര്‍ ഹിതം” (യുദ്ധകാണ്ഡം 18:3)

[മിത്രഭാവത്തോടെ എന്റെ അരികില്‍ വന്നവനെ അവന്‍ ദോഷം ചെയ്യുന്നവനായാല്‍ കൂടി അവനെ ഞാന്‍ ഒരിക്കലും കൈവെടിയുകയില്ല;]

അങ്ങനെ രാമ പക്ഷം ചേർന്ന സ്വന്തം സഹോദരൻ വിഭീഷണൻ കുംഭ കർണ്ണനെ അടക്കം രാവണപക്ഷത്തെ സ്വന്തം ബന്ധുക്കളെ വധിക്കുന്നതിന് രാമന് വേണ്ട സഹായങ്ങളും ചെയ്തു കൊടുത്തു.. ലങ്കയുടെയും, രാവണന്റെയും യുദ്ധതന്ത്രങ്ങൾ മുഴുവൻ അറിയാവുന്ന വിഭീഷണനെ കൂടെ നിർത്തിയാണ് രാമൻ രാവണനെ വിജയിച്ചതും ലങ്ക പടിച്ചതും.വിജയത്തിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിക്കുകയും ചെയ്തു.. രാമായണം വായിക്കുന്ന ആർക്കും വിഭീഷണൻ എന്ന കഥാപാത്രത്തിന്റെ അധികാരത്തോടുള്ള ആർത്തി വരികൾക്കിടയിൽ വായിച്ചെടുക്കാൻ കഴിയും.

തുടരും …

കെ ടി നിശാന്ത്

 663 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo