മര്യാദ(കെട്ട)പുരുഷോത്തമൻ part 4

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

തളത്തിൽ ദിനേശൻ അഥവാ രാമൻ

സ്വന്തം ഭാര്യയുടെ “ചാരിത്ര്യത്തിൽ ” സംശയിക്കുന്ന, അതിന്റെ പേരിൽ അവരെ കാട്ടിൽ ഉപേക്ഷിക്കുന്ന രാമൻ എങ്ങനെ ഉത്തമപുരുഷോത്തമനാകും,മാതൃകാ പുരുഷോത്തമനാകും.?
കരുത്തനായ രാവണനിൽ അനുരക്തയായിരുന്നു എന്ന ഉത്തമ ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണോ രാമൻ സീതയെ ഉപേക്ഷിച്ചത് .?
സാധാരണ മനഷ്യർക്ക് തോന്നുന്ന ഈ സംശയരോഗവും, പരപുരുഷ പ്രണയവുമൊക്കെ ലക്ഷ്മിയുടെ അവതാരമായ സീതയിലും, വിഷ്ണുവിന്റെ അവതാരമായ രാമനിലും എങ്ങനെ വന്നു ചേർന്നു..?


സീതാ പരിത്യാഗത്തിന്റെ ഭാഗം വായിച്ചാൽ വടക്കുനോക്കിയന്ത്രത്തിലെ തളത്തിൽ ദിനേശന്റെ അവതാരമായേ നമുക്ക് രാമനെ കാണാൻ കഴിയു..
യുദ്ധാനന്തരം സീത ഗർഭിണിയാണന്ന് അറിഞ്ഞു തുടങ്ങുമ്പോഴേ രാമനിലെ തളത്തിൽ ദിനേശൻ മറനീക്കി പുറത്തു വരുന്നുണ്ട് .ലക്ഷ്മണനെ കൊണ്ടും, ഹനുമാനെ കൊണ്ടും, പിന്നീട് നേരിട്ടും, രാവണനിൽ നിന്ന് “ഉപദ്രവം “വല്ലതുമുണ്ടായോ എന്ന് രാമൻ സീതയോട് പല തവണ ചോദിക്കുന്നുണ്ട് ..രാമന്റെ സംശയരോഗം നന്നായി മനസിലാക്കിയ സീത അഗ്നിപ്രവേശം നടത്തി സത്യം തെളിയിക്കാൻ തയ്യാറാകുന്നത് അപ്പോഴാണ് ..

“വിശ്വാസമാശു മൽഭർത്താവിനും മറ്റു
വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ
കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിക്ക
ദണ്ഡമില്ലേതുമെനിക്കതിൽ ചാടുവാൻ’
സൗമിത്രിയുമതു കേട്ടു രഘൂത്തമ
സൗമുഖഭാവമാലോക്യ സസംഭ്രമം
സാമർത്ഥ്യമേറുന്ന വാനരന്മാരുമായ്‌
ഹോമകുണ്ഡം തീർത്തു തീയും ജ്വലിപ്പിച്ചു
രാമപാർശ്വം പ്രവേശിച്ചു നിന്നീടിനാൻ
ഭൂമിസുതയുമന്നേരം പ്രസന്നയായ്‌
ഭർത്താരമാലോക്യ ഭക്ത്യാ പ്രദക്ഷിണം
കൃത്വാ മുഹുസ്ത്രയം ബദ്ധാഞ്ജലിയൊടും
ദേവദ്വിജേന്ദ്രതപോധനന്മാരെയും
പാവകൻതന്നെയും വന്ദിച്ചു ചൊല്ലിനാൾ
‘ഭർത്താവിനെയൊഴിഞ്ഞന്യനെ ഞാൻ മമ
ചിത്തേ നിരൂപിച്ചതെങ്കിലതിന്നു നീ
സാക്ഷിയല്ലോ സകലത്തിനുമാകയാൽ
സാക്ഷാൽ പരമാർത്ഥമിന്നറിയിക്ക നീ’
എന്നു പറഞ്ഞുടൻ മൂന്നു വലം വച്ചു
വഹ്നിയിൽ ചാടിനാൾ കിഞ്ചിൽ ഭയം വിനാ
ദുശ്‌ച്യവനാദികൾ വിസ്മയപ്പെട്ടിതു
നിശ്‌ചലമായിതു ലോകവുമന്നേരം “

ഇങ്ങനെ ചാരിത്രപരിശോധനയിൽ വിജയിച്ച സീതയെ വീണ്ടും സംശയത്തിന്റെ നിഴലിൽ കാണാനാണ് രാമനിലെ തളത്തിൽ ദിനേശൻ ശ്രമിച്ചത് ..
നാടു മുഴുവൻ സത്യാവസ്ഥ അറിയാൻ ദൂതൻമ്മാരെ വിട്ടു.. സ്വയം വേഷം മാറി പരദൂഷണ സംഘങ്ങളിൽ നിന്ന് കാര്യങ്ങൾ തിരക്കി.. അഗ്നിയിൽ പ്രവേശിച്ചത് മായാ സീതയാണ് എന്നറിഞ്ഞതോടെ ഉദരത്തിൽ കിടക്കുന്ന കുട്ടികളോടെ സീതയെ ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു.. അത് സീതയോട് തുറന്ന് പറയാൻ ധൈര്യമില്ലാതെയായപ്പോൾ അതും അനുജൻ ലക്ഷ്മണനെ ഏൽപ്പിച്ചു. സഹികെട്ട സീത അവസാനം നാട് വിടാൻ തന്നെ ഉറപ്പിച്ചു..

തന്നെ വനത്തില്‍ ഉപേക്ഷിച്ച ലക്ഷ്മണനോട് സീത ഇങ്ങനെ പറയുന്നുണ്ട് :

“ലോകാപവാദം ശങ്കിച്ചെന്നെസ്സന്ത്യജിച്ചിതു
ലോകനായകന്‍ മമ ഭര്‍ത്താ ശ്രീരാമചന്ദ്രന്‍.
എന്നെ വേറിട്ടകാലമേതുമേ ദുഃഖിയാതെ
നന്നായി രക്ഷിക്ക ഭൂമണ്ഡലം ധര്‍മത്തോടെ”

എന്നാണ് പറയുന്നത്.ഇവിടെ രാമനേക്കാള്‍ മഹത്ത്വമേറുന്നത് സീതയ്ക്കാണ്.
സീതയെ രാമൻ ഉപേക്ഷിച്ചതിൽ ഭൂമിയിലെ സർവ്വ ചരാചരങ്ങളും ദുഃഖിക്കുന്നതായി കവി വർണ്ണിക്കുന്നുണ്ട് ..

“പുഷ്‌ക്കരനേത്രയുടെ ദുഃഖം കണ്ടതുമൂലം
വൃക്ഷങ്ങള്‍ വല്ലികളും മാഴ്കുന്നു കഷ്ടം! കഷ്ടം!
നദിയുമൊഴുകാതെ നില്‍ക്കുന്നു ദുഃഖത്തോടെ
കതിരോന്‍താനുമുഴന്നങ്ങനെ നിന്നീടുന്നു.
പവനന്‍ തനിക്കുമില്ലിളക്കമെന്നേ കഷ്ടം!
പവനാശനന്‍മാരും വിലത്തില്‍ പുക്കീടുന്നു.”

ഭാര്യയ്ക്ക് വേണ്ടി ഒരു കുലം മുഴുവൻ മുടിച്ച്, ഒരു രാജ്യം മുഴുവൻ കൊള്ളയടിച്ച് കൈക്കലാക്കിയ രാമൻ, അതിന് വേണ്ടിയുള്ള ഒരു ഉപാധിയായേ സീതയെ കണ്ടിരുന്നുള്ളൂ എന്നാണ് രാമായണം വായിക്കുന്ന ഒരാൾക്ക് മനസിലാക്കാൻ കഴിയുക.. അല്ലെങ്കിൽ ഒന്നെങ്കിൽ രാമൻ മര്യാദ പുരുഷോത്തമൻ അല്ലന്ന് പറയേണ്ടി വരും.. ഇല്ലങ്കിൽ സീതയ്ക്ക് രാമൻ കരുതുന്ന ”പരിശുദ്ധി ” ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും..!! ഇതിൽ ഏതാണു് ശരി..?

തുടരും …….

കെ ടി നിശാന്ത്

 396 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo