ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ;പത്തനംതിട്ടയിലെ പഠനാഭാസം

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കോവിഡ് പോലൊരു മഹാമാരി ലോകത്തെയാസകലം ഗ്രസിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗികളെ കൈകാര്യം ചെയ്യുന്നതിനും വ്യാപന നിയന്ത്രണത്തിന് നടപടികൾ സ്വീകരിക്കുന്നതിനും ഒപ്പം തന്നെ രോഗപ്രതിരോധഗവേഷണത്തിനും പ്രാധാന്യമുണ്ട്. വികസിത രാജ്യങ്ങൾ സയൻസിൽ അധിഷ്ഠിതമായ ഗവേഷണം നടത്തി മുന്നേറുമ്പോൾ ഭാരതത്തിൽ അതോടൊപ്പം തന്നെ ഇതര വൈദ്യ സമ്പ്രദായത്തിലെ ഗവേഷണങ്ങൾക്കും അവസരം നൽകുന്നു (അതിന്റെ പരിഹാസ്യതയെപ്പറ്റി അറിവില്ലായ്മ നടിച്ചുകൊണ്ട്). ഏതുവിധേനയും മഹാമാരിക്ക് ഒരു പരിഹാരസാധ്യത ആരായുക എന്ന സദുദ്ദേശത്തോടെയാവാം ഇത്തരം പ്രോത്സാഹനം നൽകുന്നത്. എന്നാൽ ചില തല്പര കക്ഷികൾ ഈയവസരം ദുരുപയോഗം ചെയ്തുകൊണ്ട് ജനങ്ങളെ നഗ്നമായി കബളിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത്തരത്തിൽ ഒന്നാണ് പത്തനംതിട്ടയിൽ നടന്നിട്ടുള്ള “ഹോമിയോ ഇമ്മ്യൂൺ ബൂസ്റ്റർ പഠനം”.
നമ്മുടെ സർക്കാർ സംവിധാനം ‘Break the Chain’ എന്ന സമീപനം വഴി രോഗം ഒഴിവാക്കാൻ ഉള്ള നടപടികളുമായി മുന്നേറുമ്പോൾ ഹോമിയോപ്പതി രംഗത്തുള്ളവർ കോവിഡ് പകർച്ചക്കെതിരെ ‘പ്രതിരോധമരുന്ന് ‘, മനുഷ്യശരീരത്തിൽ പ്രതിരോധശക്തി വർധിപ്പിക്കുന്ന ‘ഇമ്മ്യൂൺ ബൂസ്റ്റർ’ എന്നിവ കണ്ടെത്തിയിട്ടുണ്ടെന്ന്‌ അവകാശപ്പെടുക മാത്രമല്ല അങ്ങനെ ചില മരുന്നുകൾ പൊതുജനങ്ങൾക്കിടയിൽ വ്യാപകമായി വിതരണം ചെയ്തു പോരുന്നുമുണ്ട്. വളരെ പുതിയ രോഗമായ കോവിഡിന് പഴയ ചികിത്സ സമ്പ്രദായങ്ങളിൽ പരിഹാരം ഇല്ലെന്നറിയാവുന്ന ആയുഷ് വകുപ്പ് അവരുടെ കീഴിലുള്ളവർ ഇത്തരം അവകാശവാദങ്ങൾ നടത്തരുതെന്ന ഔദ്യോഗിക നിർദ്ദേശം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിലെ ഹോമിയോ വക്താക്കൾ അത് വകവെച്ചില്ലെന്നു മാത്രമല്ല, 200ലേറെ വർഷം മുൻപ് സാമുവൽ ഹാനിമാൻ പറഞ്ഞ തത്വങ്ങൾ പ്രകാരം വികസിപ്പിച്ചെടുത്ത ‘ഇമ്മ്യൂൺ ബൂസ്റ്റർ’ ആണ് തങ്ങളുടെ പക്കൽ എന്നവകാശപ്പെട്ട് അത് “മനുഷ്യരിൽ പരീക്ഷി”ച്ച്‌ തെളിയിക്കാനും ഇറങ്ങി. 1151 ജനങ്ങളിൽ നടത്തിയ പഠനം വഴി ഹോമിയോമരുന്ന് ‘ഇമ്മ്യൂൺ ബൂസ്റ്റർ’ ആകുന്നതിനു തെളിവ് കണ്ടെത്തി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചുവരുന്നു.
ഹോമിയോപ്പതി ഗവേഷകർ (?!) കോവിഡ് ഭീഷണി നിലനിന്ന പത്തനംതിട്ടയിലെ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് “ആർസെനിക്കം ആൽബം 30C” എന്ന, ആഴ്സനിക് ട്രയോക്‌സൈഡ് 100 ഇരട്ടിയായി 30 തവണ നേർപ്പിച്ച ലായനി ‘ഇമ്മ്യൂൺ ബൂസ്റ്റർ’ ആയി നൽകി ഒരു ക്ലിനിക്കൽ പഠനം നടത്തി എന്നാണ് കാണാൻ കഴിയുന്നത്. ഇതിന്റെ ഒരു റിപ്പോർട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.

“COVID-19 RESEARCH – HOMOEOPATHY EFFICACY OF ARSENICUM ALB 30C FOR UPREGULATING IMMUNOLOGICAL MARKERS AMONG RESIDENTS OF COVID-19 RELATED HOT SPOT AREAS IN PATHANAMTHITTA, KERALA”.

സംസ്ഥാന ഹോമിയോപ്പതി വകുപ്പ്, കേരള ആയുഷ് വകുപ്പ്, നാഷണൽ ഹോമിയോപ്പതി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മെന്റൽ ഹെൽത്ത് (കോട്ടയം), ഹോമിയോപ്പതി മെഡിക്കൽ എജുക്കേഷൻ,റിസർച് ഇൻ ഹോമിയോപ്പതി (കേരളം) സംഘടന എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ശാസ്ത്രലോകം അംഗീകരിച്ചു എന്ന മട്ടിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നതെങ്കിലും ഗവേഷകരുടെ ഫേസ് ബുക്ക് ആയ Research Gate സൈറ്റിൽ വെറുതെ അപ്‌ലോഡ് ചെയ്തിട്ട രൂപത്തിൽ ആണ് ഈ റിപ്പോർട്ട് കാണപ്പെടുന്നത്. ഒരു വിദഗ്ധനും അത് വിലയിരുത്തിയിട്ടില്ല.
പത്തനംതിട്ടയിലെ 24 ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള 1151 ജനങ്ങളിൽ കോവിഡ് രോഗഭീഷണിയോടനുബന്ധിച്ചുള്ള മാനസികസമ്മർദ്ദം ഉണ്ടോ എന്നറിയാനുള്ള സർവേയാണ് ഇതിന്റെ ആദ്യഭാഗം. അതിൽ 120 പേരെ സാധ്യതാലിസ്റ്റിൽ പെടുത്തി വിശകലനം ചെയ്തപ്പോൾ 61 പേർക്ക് പ്രകടമായ രോഗഭയ സമ്മർദ്ദം ഉണ്ടെന്നു തെളിഞ്ഞു. അതിൽ 40 വയസ്സിനു മുകളിലുള്ളവരെ ഒഴിവാക്കി 40 പേരുടെ രോഗപ്രതിരോധ ശക്തിയിലെ വ്യതിയാനം രക്തപരിശോധനയിലൂടെ കണ്ടെത്താനുള്ള പരീക്ഷണം നടത്താൻ തീരുമാനിച്ചു. 20 പേരാണ് സമ്മതപത്രം നൽകിയത്. കഴിഞ്ഞ മെയ് 4 ന് ഇവരുടെ രക്തമെടുക്കുകയും അതിലെ വൈറസിനെതിരെ പ്രവർത്തിക്കുന്ന പ്രതിരോധകോശങ്ങളുടെ (CD4, CD3, CD8) എണ്ണം അടൂരുള്ള മുത്തൂറ്റ് ലാബറട്ടറിയിൽ കണ്ടുപിടിക്കുകയും ചെയ്തു. അക്കൂട്ടത്തിൽ, ഈ കോശങ്ങളുടെ സംഖ്യ ശരാശരിയിലും താഴ്‌ന്ന 16 പേരെ പഠനത്തിന് തിരഞ്ഞെടുത്തു. അവർക്ക് “ആർസെനിക്കം ആൽബം 30C” രാവിലെ ഒരു ഡോസ് വീതം 3 ദിവസം നൽകി (മെയ് 14 – 16). ഒപ്പം, വീട്ടിൽ തന്നെ കഴിയാനും പോഷകകരമായ ആഹാരം കഴിക്കാനും നന്നായി ഉറങ്ങാനുമുള്ള നിർദ്ദേശങ്ങളും കൊടുത്തു. അതുകഴിഞ്ഞു മൂന്നാമത്തെ ദിവസം (മെയ് 19) അവരുടെ രക്ത സാമ്പിളുകൾ ഒന്നുകൂടി എടുത്തു പ്രതിരോധകോശങ്ങളുടെ (CD4, CD3, CD8) എണ്ണം കണ്ടുപിടിച്ചു. റിപ്പോർട്ടിൽ, തുടർന്ന് ഈ കണ്ടെത്തപ്പെട്ട മൂല്യങ്ങളുടെ വിലയിരുത്തലുകളും സ്റ്റാറ്റിസ്റ്റിക്കൽ താരതമ്യങ്ങളും ആണ്.
അതിന്റെ വിശദാംശങ്ങൾ വിസ്തരിച്ചു ദീർഘിപ്പിക്കാതെ അവസാനത്തെ നിഗമനങ്ങൾ പറയാം. വൈറസുകൾക്കെതിരെ പ്രവർത്തിക്കാൻ സജ്ജമായ CD4 കോശങ്ങളുടെ കണക്ക് നോക്കിയാൽ ഔഷധം നൽകും മുൻപ് ഗ്രൂപ്പ് ശരാശരി രക്തത്തിന്റെ മൈക്രോലിറ്ററിന് 555.75 കോശങ്ങൾ. ഇത് ഇന്ത്യൻ ശരാശരിയായ 919 ലും വളരെ കുറവും പ്രതിരോധശേഷിക്കുറവിനെ സൂചിപ്പിക്കുന്നതുമാണ് (റിപ്പോർട്ടിലെ പ്രസ്താവന). മരുന്ന് നല്കിക്കഴിഞ്ഞ ശേഷം അത് 869.68 ആയി ഉയർന്നു. അപ്പോൾ രോഗികളുടെ പ്രതിരോധനില ഉയർന്നു എന്ന് മനസിലാക്കാം (റിപ്പോർട്ടിലെ പ്രസ്താവന).. അതിനു കാരണം അവർക്ക് നൽകിയ ആർസെനിക്കം ആൽബം 30Cആണെന്നും വ്യക്തമാണ് (റിപ്പോർട്ടിലെ പ്രസ്താവന).
അങ്ങനെ ഒടുവിൽ ആഴ്സനിക് ട്രയോക്‌സൈഡ് 100 ഇരട്ടിയായി 30 തവണ നേർപ്പിച്ച “ആർസെനിക്കം ആൽബം 30C” എന്ന ഹോമിയോക്കാർ ഔഷധമായി കരുതുന്ന സംഗതി ‘ഇമ്മ്യൂൺ ബൂസ്റ്റർ’ ആണെന്ന് തീരുമാനിക്കപ്പെട്ടു. വൈദ്യശാസ്ത്രത്തിലെ ഈ സുപ്രധാന കണ്ടെത്തലിനു ഈ വർഷത്തെ നോബൽ സമ്മാനം കിട്ടില്ലേ എന്നൊക്കെ ചോദിക്കും മുൻപ് മനുഷ്യ രക്തത്തിലെ പ്രതിരോധകോശങ്ങളുടെ സാന്നിധ്യത്തെപ്പറ്റി ഒന്ന് ഗൂഗിൾസ്വാമിയോട് അന്വേഷിക്കുക. മേൽ കണക്കുകൾ ഒന്ന് സൂക്ഷിച്ചു നോക്കുകയും ചെയ്യുക. CD4 കോശങ്ങളുടെ കണക്ക് നോക്കിയാൽ മനുഷ്യ രക്തത്തിൽ അത് മൈക്രോലിറ്ററിന് 500 മുതൽ 1600 വരെ ആകാം. രക്തത്തിലെ വൈറസുകളുടെ എണ്ണമനുസരിച്ചാണ് ഈ മാറ്റം. അതാതു സമയത്തെ ആരോഗ്യ മാനസിക നിലയും അവയെ ബാധിക്കാം. അവയുടെ എണ്ണം 200 ഒക്കെ ആവുമ്പോഴാണ് (എയ്ഡ്സ് രോഗത്തിലും മറ്റും) പ്രതിരോധസംവിധാനം ഭീഷണിയിലാണ് എന്ന് പറയാവുന്നത്. ഈ പഠനത്തിൽ 19 വ്യക്തികളുടെ ശരാശരി 555.75 സ്വാഭാവികമായ അളവുതന്നെയാണ് ! മരുന്ന് കൊടുത്ത ആൾക്കാർ ഉപദേശപ്രകാരം വീട്ടിൽ തന്നെ ഇരുന്നു പോഷകകരമായ ആഹാരം കഴിച്ചു നന്നായി ഉറങ്ങി. പതിനഞ്ചാം ദിവസം ശരാശരി കോശസംഖ്യ 869.68 ആയി ഉയർന്നു എന്ന് പറയുമ്പോൾ അതെന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകും. എന്നിട്ടുപോലും അത് ദേശീയ ശരാശരിക്ക് (919) അടുത്ത് എത്തിയതേ ഉള്ളൂ !!
ഭയാശങ്കകൾ ഉള്ളവരിൽ പ്രതിരോധകോശങ്ങൾ ശരാശരിയിലും കുറവാകുന്നത് ആശങ്കകൾ മാറ്റിവച്ചു ആരോഗ്യസംരക്ഷണം ചെയ്താൽ പഴയനിലയിൽ ആകുമെന്നു മാത്രമാണ് ഈ പഠനത്തിന്റെ അർഥം !! ‘ഇമ്മ്യൂൺ ബൂസ്റ്റർ’ കൊടുത്തിട്ടും പ്രതിരോധകോശങ്ങളുടെ സംഖ്യ ശരാശരി അളവിലും കൂടിയിട്ടില്ല എന്ന സത്യം നിഗമനവേളയിൽ പരിഗണിക്കപ്പെട്ടതേ ഇല്ല.
ഇമ്മ്യൂൺ കോശങ്ങൾ ക്രമാതീതമായി പ്രവർത്തിച്ചാൽ ‘ഓട്ടോ ഇമ്മ്യൂൺ ഡിസീസ്’ (റൂമറ്റോയിഡ് ആർത്രൈറ്റിസ് , മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് ) ആവും ഫലം എന്ന കാര്യവും ചർച്ച ചെയ്യപ്പെട്ടില്ല.
ഇത്തരത്തിൽ വൈജ്ഞാനിക സത്യസന്ധത ത്യജിക്കുന്നതിലൂടെ ഹോമിയോപ്പതി ഗവേഷകർ പഠനത്തിന് പിന്തുണ നൽകിയ സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതിലുപരിയായി, കുറ്റകരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഈ പഠനത്തിൽ നടന്നിട്ടുണ്ട്. മനുഷ്യർക്ക് ഔഷധം നൽകി നടത്തുന്ന പരീക്ഷണങ്ങൾക്ക് ഭാരതത്തിലെ ഔഷധ നിലവാര നിയന്ത്രണ വിഭാഗത്തിന്റേതായി (CDSCO) നിലവിലുള്ള മാർഗ്ഗരേഖകളോ ഇതര സമ്പ്രദായങ്ങളിലെ COVID -19 ഗവേഷണങ്ങൾക്ക് കേന്ദ്ര ആയുഷ് വകുപ്പ് പുറത്തിറക്കിയ മാർഗ്ഗരേഖയോ ഈ പഠനത്തിൽ പാലിക്കപ്പെട്ടിട്ടില്ല.അവയിൽ, മനുഷ്യരിലുള്ള ഏത് തരം ശാരീരികനിവേശ പഠനത്തിനും (interventional studies) പ്രാദേശിക എത്തിക്സ് കമ്മറ്റിയുടെ മുൻ‌കൂർ അനുവാദം എടുത്തിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഈ പഠനത്തിൽ, ഗവേഷകർ അത് ചെയ്തതായി കാണുന്നില്ല. ഏതു തരം ക്ലിനിക്കൽ ട്രയലും CTRI യിൽ (Clinical Trial Registry of India) രജിസ്റ്റർ ചെയ്യണമെന്ന നിയമപരമായ നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല. പഠനത്തിനായി പങ്കെടുക്കുന്നവരിൽ നിന്ന് രക്തം എടുക്കുന്ന കാര്യം സമ്മതപത്രത്തിൽ എഴുതിയിട്ടുമില്ല.
കുറ്റകരമായ ഈ നിയമ/ മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പഠനത്തിന് പിന്തുണ നൽകിയ സർക്കാർ വകുപ്പുകൾക്ക് കൂടി ഉണ്ട്. നിയമപ്രകാരം ക്രിമിനൽ ശിക്ഷക്ക് വഴിവെക്കുന്ന ഈ സംഭവവികാസങ്ങൾ എങ്ങനെ നടന്നു എന്നന്വേഷിക്കാനും ഇങ്ങനെ അലക്ഷ്യമായി ആരോഗ്യഗവേഷണം നടത്തുന്നവർക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കാനും വേണ്ടപ്പെട്ടവർ തയ്യാറാകണം.

ഡോ:മനോജ് കോമത്ത്

 125 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo