ഒരാളെ ഒളിഞ്ഞ് നിന്ന് ചതിച്ചു കൊല്ലുന്നവനെ നാം സാധാരണ എന്താണ് വിളിക്കുക..?
അതും തന്റെ സുഹൃത്തുമായി ജീവൻമരണ പോരാട്ടം നടത്തുന്ന സമയത്ത് .. വിജയത്തിന്റെ വക്കത്ത് വച്ച്.. തന്റേയും തന്റെ സുഹൃത്തിന്റേയും പൊതുശത്രുവിനെ മറഞ്ഞു നിന്ന് കെല്ലുന്നത് ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയുന്ന ഒന്നല്ല.. പറഞ്ഞു വരുന്നത് മര്യാദ പുരുഷോത്തമൻ എന്ന് ഫാൻസുകാർ വിശേഷിപ്പിക്കുന്ന രാമന്റെ ബാലീ വധത്തെ കുറിച്ചാണ് ..
“അഗ്രജമുഷ്ടിപ്രഹരങ്ങളേല്ക്കയാല്
സുഗ്രീവനേറ്റം തളര്‍ച്ചയുണ്ടെന്നതു
കണ്ടു കാരുണ്യം കലര്‍ന്നു വേഗേന വൈ-
കുണ്ഠന് ദശരഥനന്ദനന്‍ ബാലിതന്‍
വക്ഷപ്രദേശത്തെ ലക്ഷ്യമാക്കിക്കൊണ്ടു
വൃക്ഷഷണ്ഡം മറഞ്ഞാശു മാഹേന്ദ്രമാ-
മസ്ത്രം തൊടുത്തു വലിച്ചു നിറച്ചുടന്‍
വിദ്രുതമാമ്മാറയച്ചരവളീടിനാന്‍.
ചെന്നതു ബാലിതന്‍മാറില്‍ തറച്ചള-
വൊന്നങ്ങലറി വീണീടിനാന്‍ ബാലിയും”
.
ഒരു മരത്തിന്റെ മറവിൽവിൽ നിന്ന് കൊണ്ട് മരങ്ങൾക്കിടയിലൂടെ അമ്പ് അയച്ച് ചതിയിലൂടെയാണ് രാമൻ ബാലിയെ നിഗ്രഹിക്കുന്നത്. അതും സ്വാർഥ ലാഭത്തിനു വേണ്ടി മാത്രം.. അമ്പേറ്റ് വീണശേഷം രാമന്റെ മുഖത്തു നോക്കി ചോദിക്കുന്ന ചോദ്യങ്ങളിൽ രാമന്റെ കപട ധർമ്മബോധത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴുന്നുണ്ട്..
“എന്തു ഞാനൊന്നു നിന്നോടു പിഴച്ചതു-
മെന്തിനെന്നെക്കൊലചെയ്തു വെറുതേ നീ?
വ്യാജേന ചോരധര്‍മ്മത്തെയും കൈക്കൊണ്ടു
രാജധര്‍മ്മത്തെ വെടിഞ്ഞതെന്തിങ്ങനെ?
എന്തൊരു കീര്‍ത്തി ലഭിച്ചതിതുകൊണ്ടു
ചിന്തിക്ക രാജകുലോത്ഭവനല്ലോ നീ.
വീരധര്‍മ്മം നിരൂപിച്ചു കീര്‍ത്തിക്കെങ്കില്‍
നേരെ പൊരുതു ജയിക്കേണമേവനും.
എന്തോന്നു സുഗ്രീവനാല്‍ കൃതമായതു-
മെന്തു മേറ്റ്ന്നാല്‍ കൃതമല്ലയാഞ്ഞതും?
രക്ഷോവരന്‍ തവ പത്നിയെക്കട്ടതി-
നര്‍ക്കാത്മജനെശ്ശരണമായ് പ്രാപിച്ചു
നിഗ്രഹിച്ചു ഭവാനെന്നെയെന്നാകിലോ
വിക്രമം മാമകം കേട്ടറിയുന്നീലേ?
ആരറിയാത്തതു മൂന്നു ലോകത്തിലും
വീരനാമെന്നുടെ ബാഹുപരാക്രമം?
ലങ്കാപുരത്തെ ത്രികൂടമൂലത്തൊടും
ശങ്കാവിഹീനം ദശാസ്യനോടുംകൂടെ
ബന്ധിച്ചു ഞാനരനാഴികകൊണ്ടു നി-
ന്നന്തികേവെച്ചു തൊഴുതേനുമാദരാല്‍.
ധര്‍മ്മിഷ്ഠനെന്നു ഭവാനെ ലോകത്തിങ്കല്‍
നിര്‍മ്മലന്മാര്‍ പറയുന്നു രഘുപതേ!
ധര്‍മ്മമെന്തോന്നു ലഭിച്ചതിതുകൊണ്ടു
നിര്‍മ്മൂലമിങ്ങനെ കാട്ടാളനെപ്പോലെ
വാനരത്തെച്ചതിചെയ്തു കോന്നിട്ടൊരു
മാനമുണ്ടായതെന്തെന്നു പറക നീ?
വാനരമാംസമഭക്ഷ്യമത്രേ ബത,
മാനസേ തോന്നിയതെന്തിതു ഭൂപതേ!”
പതിവുപോലെ മോക്ഷം ആശംസിക്കുക മാത്രമാണ് രാമൻ ഇവിടെയും ചെയ്യുന്നത് .. രാമഭക്തിയില്ലാതെ രാമായണം വായിച്ചാൽ എഴുത്തച്ചൻ തന്റെ കിളിപ്പാട്ടിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നത് രാമനോടുളള ചോദ്യങ്ങൾ മാത്രമാണ് .. യാതൊരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്ത ക്രൂരതകളാണ് മര്യാദ പുരുഷോത്തമൻ എന്ന രാമനിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഈ കാവ്യം ഭക്തി മാറ്റി വച്ച് വായിച്ചാൽ മനസ്സിലാവും..
തുടരും …..
കെ ടി നിശാന്ത്
878 കാഴ്ച