ചികില്‍സയുടെ പ്രാചീനയുഗങ്ങള്..
മനുഷ്യനുണ്ടായിരുന്ന കാലം മുതല്‍ രോഗങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ആദിമമനുഷ്യനു രോഗങ്ങളെക്കാള്‍ ആരോഗ്യക്ഷതം വരുത്തിവച്ചിരുന്നത് പ്രകൃതിയുമായി മല്ലടിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു. കാടും മേടും കാട്ടുമൃഗങ്ങളും മാത്രമുള്ള ഒരു പരിപ്രേക്ഷ്യത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട ദുര്‍ബലനായ ജീവിയായിരുന്നു ആദിമമനുഷ്യന്. മറ്റു ജീവികളുമായി താരതമ്യപ്പെടുത്തിയാല്‍ പേശീബലം വളരെ കുറവ്. കാഴ്ചയും കേള്‍വിയും ഘ്രാണശക്തിയുമൊക്കെ ചെറുമൃഗങ്ങളുടെതിനെക്കാള് പരിമിതം. പ്രകൃതി ശക്തികളെ നേരിടാന്‍ പക്ഷിമൃഗാദികള്‍ക്കു കിട്ടിയ അനുകൂലനങ്ങള്‍ മിക്കതുമില്ല. രണ്ടു കാലില്‍ നിവര്ന്നുള്ള നടപ്പും കൈകള്‍ കൊണ്ട് ആയുധങ്ങളുണ്ടാക്കി അവ പ്രയോഗിക്കാനുള്ള പ്രാവീണ്യവും പരിസരത്തെ വിശകലം ചെയ്തു പ്രതികരിക്കാനുള്ള ബുദ്ധിയുമാണു മനുഷ്യന് എന്ന ജീവിയെ വ്യത്യസ്നാക്കിയത്.
പരിണാമത്തിനിടയില്‍ ദഹനവ്യവസ്ഥയില്‍ വന്ന മാറ്റമായിരുന്നു മനുഷ്യന്റെ മറ്റൊരു പരിമിതി. പ്രകൃതിയില്‍ നിന്നു കിട്ടുന്ന സസ്യകാണ്ഡങ്ങളോ ഇലകളോ പുല്ലുകളോ ധാന്യങ്ങളോ പച്ചയായ മാംസമോ മത്സ്യമോ മുട്ടയോ ഒന്നും അതേപടി കഴിച്ചാല്‍ വേണ്ടും വണ്ണം ദഹിക്കില്ല. ഭക്ഷണം തീയില്‍ വേവിച്ചു കഴിച്ചാല്‍ ദഹിക്കുമെന്ന തിരിച്ചറിവും ആവശ്യമുള്ളപ്പോള്‍ തീയുണ്ടാക്കാനുള്ള വിദ്യകളും സ്വായത്തമായതോടെയാണ് മനുഷ്യകുലത്തിന്റെ ഭക്ഷണപ്രതിസന്ധി നീങ്ങിയത്. എന്നിരുന്നാലും, ഭക്ഷ്യക്ഷാമങ്ങളും പ്രകൃതിക്ഷോഭങ്ങളും കാട്ടില്‍ നായാടി നടന്നിരുന്ന ആദിമ മനുഷ്യന്റെ അതിജീവനം പലപ്പോഴും ബുദ്ധിമുട്ടാക്കി.
സമൂഹ ജീവിതം കൊണ്ടു സാഹചര്യങ്ങളെ നേരിട്ടു മുന്നേറാമെന്നു മനസ്സിലാക്കിയതോടെയാണ് മനുഷ്യകുലം ഭൂമുഖത്തു നശിച്ചു പോകാതെ വേരുപിടിച്ചത് (മനുഷ്യനു മുമ്പും പിമ്പും ഉടലെടുത്ത പല ജീവിവര്‍ഗ്ഗങ്ങളും കുറ്റിയറ്റു പോയിട്ടുണ്ട്). കാട്ടുജീവിയില് നിന്നും മുന്നേറി അവര്‍ സമൂഹമായി ഫലഭൂയിഷ്ഠമായ സമതലങ്ങളില്‍ വാസമുറപ്പിച്ചു. കൃഷിചെയ്തും കന്നുകാലി വളര്‍ത്തിയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി. ഏതാണ്ട് 5000 വര്‍ഷം മുമ്പായിരുന്നു ഈ മാറ്റം.
കാട്ടില്‍ വേട്ടയാടി നടന്ന കാലത്തു പ്രകൃതിയിലെ വെല്ലുവിളികളായിരുന്നു മനുഷ്യ ജീവനു പ്രധാന ഭീഷണി – ഭക്ഷണ ലഭ്യതയിലെ പരിമിതി, കാട്ടുമൃഗങ്ങളുടെ ആക്രമണം, കൊടുങ്കാറ്റ്, പേമാരി എന്നിങ്ങനെ. അന്നത്തെ ശരാശരി മനുഷ്യായുസ്സ് 25 വര്‍ഷത്തിലും താഴെയായിരുന്നുവെന്ന് കരുതപ്പെടുന്നു. സമൂഹജീവിയായതോടെ കൂടുതല്‍ സുരക്ഷിതത്വം ലഭിച്ചു. രോഗങ്ങള്‍ ഗൗരവമുള്ള പ്രശ്നമായി പൊന്തിവരികയും ചെയ്തു. അന്ന് അവരെ അലട്ടിയിരുന്ന രോഗങ്ങള്‍ ഏതെന്ന് അറിയില്ല. എന്നാല്‍, രോഗശാന്തിക്കായി ആരാധനയും ആഭിചാരക്രിയകളും നടത്തിയിരുന്നു എന്നു മനസ്സിലാക്കാം.
ശരീരത്തിനകത്ത് എന്താണുള്ളതെന്നു പ്രാചീന മനുഷ്യന് അറിയില്ലായിരുന്നു. ദുര്ഭൂതങ്ങളാണു രോഗങ്ങള്‍ വരുത്തിവെക്കുന്നത് എന്നവന് കരുതി. പെറുവില്‍ നിന്നും മറ്റും കുഴിച്ചെടുത്ത പുരാതനമായ തലയോട്ടികളില്‍ ദ്വാരങ്ങള്‍ കാണാം. രോഗിയില്‍ ആവേശിച്ച ദുര്‍ഭൂതത്തിനു വെളിയില്‍പോകാന്‍ വേണ്ടി പഴുതുണ്ടാക്കിയതാണതെന്നു കരുതപ്പെടുന്നു. അന്നു ചികില്സകന്റെ വേഷം മന്ത്രവാദിക്കായിരുന്നു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ല.
നദീതടങ്ങളില്‍ നാഗരികതകള്‍ രൂപമെടുത്തപ്പോള്‍ രോഗികളെ പരിചരിക്കാന്‍ പരിശീലനം സിദ്ധിച്ച ചികില്‍സകര്‍ ഉണ്ടായി. ബാബിലോണിയയില്‍ ഹമ്മുറാബിയുടെ ഭരണകാലത്തു ചികില്‍സയെ സംബന്ധിക്കുന്ന നിയമാവലികള്‍ രേഖപ്പെടുത്തിയതായി കാണാം. ബി.സി. 18-ാം നൂറ്റാണ്ടോളം പഴക്കം ഇതിനുണ്ട്. ബി.സി. 5-ാം നൂറ്റാണ്ടായപ്പോഴേക്കും ആരോഗ്യവും ചികില്‍സയുമായി ബന്ധപ്പെട്ട സങ്കല്പങ്ങളില് ഗണ്യമായൊരു മാറ്റം വന്നതായി കാണാം. മന്ത്രവാദവും മായികചിന്തയുമുപേക്ഷിച്ച് ഭൗതികതലത്തിലുള്ള വിശദീകരണങ്ങള്‍ നല്കാന് സമൂഹത്തിലെ പണ്ഡിതര്‍ മുതിര്‍ന്നു – പ്രത്യേകിച്ച് ഗ്രീക്കുകാര്‍: പാശ്ചാത്യ ലോകത്തു യുക്തിബോധത്തിന്റെ വിത്തുകള്‍ പാകിയത് അവരായിരുന്നല്ലോ.
ഗ്രീക്ക് – റോമന്‍ കാലഘട്ടം
ബി.സി. 500 നടുപ്പിച്ച് എംപിഡോക്ലിസ് എന്ന ഗ്രീക്കു പണ്ഡിതന് പ്രപഞ്ചമെന്നത് അഗ്നി, ജലം, മണ്ണ്, വായു ഇവയാല്‍ നിര്മ്മിതമാണെന്നുപറഞ്ഞു (ഭൂമി പരന്നിരിക്കുന്നുവെന്ന സങ്കല്പം നിലനിന്നകാലം. ഭൂമിയും ആകാശക്കുടയും ചേര്‍ന്നാല്‍ അന്നത്തെ പ്രപഞ്ചമായി). സമകാലികനും പ്രശസ്ത ഭിഷഗ്വരനുമായിരുന്ന ഹിപ്പോക്രാറ്റസ് മനുഷ്യ ശരീരത്തെക്കുറിച്ചും ഭൗതികമായ ഒരു കാഴ്ചപ്പാടുണ്ടാക്കി. ശരീരം നിലനില്‍ക്കുന്നത് രക്തം, കഫം , പീതപിത്തം , ശ്യാമപിത്തം ഇവയുടെ സമ്മേളനത്താലാണ്. ഇതില്‍ വരുന്ന അസന്തുലിതാവസ്ഥകളാണു രോഗകാരണം. സന്തുലനം തിരികെ കൊണ്ടുവരുന്നതിലൂടെ രോഗശാന്തി കൈവരുത്താം. ഇതിനുള്ള ശ്രമമാണു ചികില്സകന് ചെയ്യേണ്ടത്. ഇതത്രേ ദ്രവവീര്യസിദ്ധാന്തം . ഒരു ഉത്തമ ചികില്സകന് എങ്ങനെയുള്ള ആളാകണമെന്ന നിര്‍വ്വചനങ്ങള്‍ ആദ്യമായി നല്കിയ ആളെന്ന നിലയില്‍ വൈദ്യലോകം ഇന്നും ഹിപ്പോക്രാറ്റസിനെ ആദരിക്കുന്നു.
പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന പദാര്‍ത്ഥങ്ങള്‍ (സസ്യങ്ങളും ധാതുക്കളും ഒക്കെ) രോഗ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന രീതി ഹിപ്പോക്രാറ്റസിന്റെ കാലത്തേ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹമതിനെ അനുകൂലിച്ചില്ല. ഭക്ഷണവും കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും ഒക്കെ ആരോഗ്യത്തെ സ്വാധീനിക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. ഔഷധങ്ങള്‍ കുറച്ച്, ഭക്ഷണ ക്രമീകരണത്തിലൂടെ രോഗത്തെ വരുതിയിലാക്കാമെന്ന അഭിപ്രായക്കാരനായിരുന്നു ഹിപ്പോക്രാറ്റസ്.
അരിസ്റ്റോട്ടില്‍ എന്ന ഗ്രീക്കു പണ്ഡിതനാണ് (ബി.സി. 350 കാലഘട്ടം) ഹിപ്പോക്രാറ്റസിനു ശേഷം ഏറെ അറിയപ്പെട്ടത്. അന്നു നിലവിലുണ്ടായിരുന്ന വിജ്ഞാനം മുഴുവന്‍ അദ്ദേഹം സമാഹരിച്ചു ചിട്ടപ്പെടുത്തി വന്‍ഗ്രന്ഥങ്ങള്‍ രചിച്ചു. പ്രപഞ്ചത്തിന്റെ (മനുഷ്യശരീരത്തിന്റെയും) അടിസ്ഥാന ഘടന ‘പഞ്ചഭൂത’ങ്ങളില്‍ അധിഷ്ഠിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരികല്പന. സര്‍വ്വവ്യാപിയായ ‘ഈഥര്‍’ ആയിരുന്നു അഞ്ചാമത്തെത്. അരിസ്റ്റോട്ടിലിന്റെ ശിഷ്യന് കൂടിയായിരുന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്ത് കീഴടക്കി ‘അലക്സാണ്ട്രിയ’ നഗരം കെട്ടിപ്പടുത്തപ്പോള്‍ അവിടെ വിജ്ഞാനകേന്ദ്രങ്ങളും സ്ഥാപിച്ചു. അന്നു ലോകത്തെ ഏറ്റവും മികച്ച വൈദ്യപഠനകേന്ദ്രം അലക്സാണ്ട്രിയയിലായിരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തി തന്റെ ജൈത്രയാത്രക്കിടയില്‍ ഹിപ്പോക്രാറ്റസിന്റെയും അരിസ്റ്റോട്ടിലിന്റെയും വൈജ്ഞാനിക മഹത്വം മധ്യേഷ്യ മുഴുവന്‍ പ്രചരിപ്പിച്ചു. പിന്നീട് ഗ്രീക്കു സാമ്രാജ്യം കൈവശപ്പെടുത്തിയ റോമാക്കാരും വിജ്ഞാനം, പ്രത്യേകിച്ചു വൈദ്യം, പരിപോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
കൗതുകകരമെന്നു പറയാം, ഇതേ കാലഘട്ടത്തില്‍ ഭാരതത്തിലെ വൈദികസമൂഹത്തിലും സമാനമായ ചിന്താഗതികള്‍ രൂപപ്പെട്ടതായി കാണാം. ഹിപ്പോക്രാറ്റസ് പറഞ്ഞ നാലു ദ്രവവീര്യങ്ങള്ക്കു സമാന്തരമായി വാതം, പിത്തം, കഫം എന്നീ മൂന്നു വീര്യങ്ങളാണു മനുഷ്യന്റെ ആരോഗ്യം നിര്‍ണ്ണയിക്കുന്നതെന്ന് അവര്‍ സങ്കല്പിച്ചു. ഇവയ്ക്കു വന്നുപെടുന്ന ദോഷങ്ങളത്രെ രോഗകാരണം. ഈ ‘ത്രിദോഷ സിദ്ധാന്ത’മാണു ആയുര്‍വേദം എന്ന ചികില്‍സാ സമ്പ്രദായത്തിന്റെ അടിസ്ഥാനമായത്. മനുഷ്യ ശരീരം പഞ്ചഭൂതങ്ങളാലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന അതിലെ വിശ്വാസവും ഗ്രീക്കു തത്വങ്ങളുമായി സമാനത പുലര്‍ത്തുന്നു.
ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസ്ക്ലെപ്പിയാഡിസ് പ്രശസ്തിയാര്‍ജ്ജിച്ച റോമന്‍ ഭിഷഗ്വരനായിരുന്നു. അദ്ദേഹം ഹിപ്പോക്രാറ്റസിന്റെ ദ്രവീര്യസിദ്ധാന്തത്തെ എതിര്‍ത്തു. പഴയ ഗ്രീക്കു പണ്ഡിതന് ഡെമോക്രീറ്റസിന്റെ ‘കണികാസിദ്ധാന്തം’ അനുസരിച്ചാണ് മനുഷ്യശരീരം പ്രവര്‍ത്തിക്കുന്നത് എന്നദ്ദേഹം നിരൂപിച്ചു. കണികകളുടെ അസന്തുലാവസ്ഥയത്രേ രോഗകാരണം. ഹിപ്പോക്രാറ്റസ് പറഞ്ഞ പ്രകൃതിദത്ത രോഗനിവാരണ മാര്‍ഗ്ഗത്തെ അസ്ക്ലെപ്പിയാഡിസ് എതിര്‍ത്തു. രോഗത്തെ ആവശ്യമായ മരുന്നും പരിചരണവും നല്കി ചികില്‍സയിലൂടെ മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ക്രിസ്ത്വബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ യൂറോപ്പിന്റെ വൈദ്യവിജ്ഞാനകേന്ദ്രം റോമിലേക്കു മാറി. ഗ്രീക്ക് വിജ്ഞാനം മുഴുവന്‍ സമാഹരിച്ച് കൊര്‍ണേലിയസ് സെല്‍സസ് തയ്യാറാക്കിയ വൈദ്യശാസ്ത്രഗ്രന്ഥം ശ്രദ്ധേയമായിരുന്നു. ഏ.ഡി. രണ്ടാം നൂറ്റാണ്ടിലെ റോമാചക്രവര്‍ത്തിമാരുടെ ഭിഷഗ്വരനായിരുന്ന ഗെയ്ലന്‍ വൈദ്യശാസ്ത്രത്തിലെ പരീക്ഷണ പഠനങ്ങളിലൂടെ പ്രശസ്തി പിടിച്ചുപറ്റി. ശരീരം കീറിമുറിക്കുന്നത് അന്നത്തെ വിശ്വാസങ്ങളും നിയമങ്ങളുമനുസരിച്ച് അനുവദനീയമല്ലാതിരുന്നതിനാല്‍ ശരീരത്തിന്റെ ആന്തരികഘടനയെയോ പ്രവര്‍ത്തനത്തെയോ കുറിച്ച് ഏറെയൊന്നും അറിവുകള്‍ നിലവിലുണ്ടായിരുന്നില്ല. ഗെയ്ലന്‍ മൃഗങ്ങളെ കീറിമുറിച്ച് ശരീരഘടന പഠിക്കാനുള്ള ധീരമായ ശ്രമം നടത്തി. ഗ്രീക്കുകാരുടെ ഗ്രന്ഥങ്ങളില്‍ രക്തം മാംസത്തിനകത്തു കുതിര്ന്നുകിടക്കുകയാണെന്നും ധമനികളിലൂടെ ശ്വാസവായു (ആത്മാവ്, അഥവാ ഈതര്‍) ആണു പ്രവഹിക്കുന്നതെന്നുമായിരുന്നു എഴുതിവച്ചിരുന്നത്. രക്തം ധമനികളിലാണു സ്ഥിതിചെയ്യുന്നതെന്നു ഗെയ്ലന്‍ കണ്ടെത്തി. പക്ഷേ, ഹൃദയത്തിന്റെ പ്രാധാന്യവും രക്തചംക്രമണ വ്യവസ്ഥയും അദ്ദേഹം ശ്രദ്ധിക്കാതെ പോയി. രക്തം കരളിലാണുണ്ടാകുന്നതെന്നു തെറ്റിദ്ധരിക്കുകയും ചെയ്തു. രോഗകാരണത്തിന്റെ കാര്യത്തില്‍ ഹിപ്പോക്രാറ്റസിന്റെ ദ്രവവീര്യ സിദ്ധാന്തം തന്നെയാണ് ഗെയ്ലനും പിന്തുടര്ന്നത്. അതി വിപുലമായി ഗ്രന്ഥങ്ങളെഴുതുകയും കൊട്ടാരം വൈദ്യനെന്ന പദവി വച്ച് തന്റെ കാഴ്ചപ്പാടുകള്‍ക്ക് ആധികാരികത കൈവരുത്താന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഒന്നര സഹസ്രാബ്ദത്തോളം യൂറോപ്പില്‍ ഗെയ്ലന്റെ ഗ്രന്ഥങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു.
അറബ് വൈദ്യപാരമ്പര്യവും മധ്യകാലഘട്ടവും
രണ്ടാം നൂറ്റാണ്ടിനുശേഷം റോമാസാമ്രാജ്യം തകര്‍ച്ചയിലേക്കു നീങ്ങി.
പാശ്ചാത്യലോകത്തെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള തട്ടകമാണ് അതോടെ നഷ്ടപ്പെട്ടത്. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളാല്‍ യൂറോപ്പ് ‘ഇരുണ്ടയുഗ’ത്തിലേക്കു പ്രവേശിച്ചു. റോമാക്കാരുടെ വൈജ്ഞാനിക കേന്ദ്രങ്ങള്‍ അതിനകം തകര്‍ക്കപ്പെട്ടിരുന്നു. സംഘടിതമതങ്ങളുടെ ആവിര്‍ഭാവം വിജ്ഞാനപ്രചരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ക്രിസ്തീയസഭകള്‍ നിലവില്‍ വന്നതോടെ വൈദ്യവിജ്ഞാനം അധികപ്പറ്റായി. എന്തെന്നാല്‍ രോഗങ്ങള്‍ പാപത്തിന്റെ പ്രതിഫലമാണെന്നായിരുന്നു പുരോഹിതരുടെ വചനം. ദൈവപ്രാര്ത്ഥനയും വഴിപാടുകളുമാണ് അതില്‍ നിന്നുള്ള മോചനമാര്‍ഗ്ഗമെന്നും അവര്‍ വരുത്തിത്തീര്‍ത്തു. രോഗശാന്തിക്കായി പുണ്യവാളന്മാരെ മധ്യസ്ഥരായി പ്രാര്‍ത്ഥിക്കുന്ന സമ്പ്രദായവും വ്യാപകമായിരുന്നു. മധ്യകാലഘട്ടത്തിലുടനീളം (ഏ.ഡി. 500 നും 1500 നുമിടയില്‍ ഏതാണ്ട് ഒരു സഹസ്രാബ്ദത്തോളം) ഈയവസ്ഥ തുടര്‍ന്നു.
യൂറോപ്പില്‍ പള്ളികള്‍, പരിമിതമായ തോതിലെങ്കിലും, പാഠശാലകള്‍ നടത്തിയിരുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ ഒരേയൊരാശ്വാസം. മതപ്രചരണാര്ത്ഥമായിരുന്നു ഇതെങ്കിലും പഠനതല്പരരായ പുരോഹിതര്‍ പഴയ ഗ്രീക്കു ഗ്രന്ഥങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാനിടയായി. പേര്‍ഷ്യയില്‍ നിന്നും സ്പെയിന് വരെ പടയോട്ടം നടത്തിയ അറബികള്‍ ഈ പഠനകേന്ദ്രങ്ങള്‍ കയ്യേറി ഗ്രന്ഥശേഖരങ്ങള്‍ കടത്തിക്കൊണ്ടുപോയി.
വിജ്ഞാനത്തിന്റെ വില നന്നായറിയുന്നവരായിരുന്നു അറബികള്‍. പഴയ ഗ്രീക്കു – റോമന്‍ ഗ്രന്ഥശേഖരങ്ങളൊക്കെ, മുമ്പേ തന്നെ രാഷ്ട്രീയാധിനിവേശങ്ങളില് ചിതറിത്തെറിച്ചു പോയിരുന്നു. പറ്റാവുന്നവയൊക്കെ തേടിപ്പിടിച്ചു സമാഹരിക്കാന്‍ ബോധപൂര്വ്വകമായൊരു ശ്രമം അറബികളുടെ വശത്തുനിന്നുണ്ടായി. ജ്യോതിശ്ശാസ്ത്രവും വൈദ്യവുമായി ബന്ധപ്പെട്ട കൃതികളൊക്കെ പണ്ഡിതര്‍ സൂക്ഷ്മതയോടെ പഠിച്ചു. അറബിയില്‍ തര്‍ജ്ജമ ചെയ്തു പ്രചരിപ്പിച്ച കാലഗണനയും ചികില്‍സയുമൊക്കെ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തതോടൊപ്പം അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്കരിക്കുകയും ചെയ്തു.
ഏ.ഡി. 8-12 നൂറ്റാണ്ടുകളില്‍ ലോകത്തു ചികില്സാവിജ്ഞാനത്തില് ഏറ്റവും മുന്നിട്ടു നിന്നിരുന്നത് അറബികളായിരുന്നു. ഹിപ്പോക്രാറ്റസിന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി യുനാനി ചികില്‍സാ സമ്പ്രദായം വികസിപ്പിച്ചെടുത്തു. പ്രകൃതി വസ്തുക്കളെ, പ്രത്യേകിച്ചു സസ്യങ്ങളെയും ധാതുക്കളെയും എങ്ങനെ ചികില്സയ്ക്കുപയോഗിക്കാമെന്നു പരീക്ഷിച്ചു നോക്കി. രാസവിദ്യകളുടെ സഹായത്തോടെ ഔഷധങ്ങളും നിര്‍മ്മിച്ചു. അറബ് പണ്ഡിതരില്‍ ഏറ്റവും പ്രശസ്തനായ ഇബ്നുസിന (980-1037) ഒന്നാംകിട ഭിഷഗ്വരനുമായിരുന്നു. അദ്ദേഹത്തിന്റെ ആധികാരിക ഗ്രന്ഥമാണ് څഅല്കാനൂന് ഫിഅതിബ്ബ്چ. അറേബ്യന്‍ വിജ്ഞാനത്തിന്റെ സുവര്‍ണ്ണകാലം ഏ.ഡി. 13-ാം നൂറ്റാണ്ടോടെ അവസാനിച്ചു. ഇതേ ഘട്ടത്തില്‍ യൂറോപ്പ് അന്ധകാരയുഗത്തില്‍ നിന്നു പുറത്തു വന്നുകൊണ്ടിരിക്കുകയുമായിരുന്നു. പുതിയ വ്യവസായ – വാണിജ്യ സംസ്കാരം രൂപപ്പെട്ടു. യൂറോപ്പില്‍ പലയിടത്തായി നഗരങ്ങള്‍ പന്തലിച്ചു വന്നു. നവോത്ഥാനത്തിനു കളമൊരുങ്ങുകയായിരുന്നു. വ്യവസായ ശാലകളിലേക്ക് സാങ്കേതിക വിദഗ്ധരെ പരിശീലിപ്പിക്കാന്‍ രൂപം കൊടുത്ത ടെക്നിക്കല്‍ സ്കൂളുകള്‍ പിന്നീട് ‘സര്‍വ്വകലാശാലകള്‍’ ആയി വളര്‍ന്നു. ഇവിടങ്ങളില്‍ വൈദ്യവിജ്ഞാനീയവും പ്രാധാന്യത്തോടെ പഠിപ്പിച്ചുതുടങ്ങി.
ഇറ്റലി കേന്ദ്രീകരിച്ച്, ഏ.ഡി. 1200 ഓടെ, ഒരു പുത്തന്‍ വൈജ്ഞാനിക സംസ്കാരം തന്നെ ഉദയം ചെയ്തു. അവിടെ സലേര്‍ണോ, ബൊളോണ, പാദുവ എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളില്‍ പ്രശസ്തങ്ങളായ വൈദ്യവിജ്ഞാനവിഭാഗങ്ങള് പ്രവര്‍ത്തിച്ചു വന്നു. ഫ്രാന്‍സിലെ പാരീസിലും മറ്റു യൂറോപ്യന്‍ നഗരങ്ങളിലും വൈദ്യപഠനത്തിനുള്ള സൗകര്യങ്ങള്‍ പതുക്കെപ്പതുക്കെ നിലവില്‍ വരികയും ചെയ്തു. പഴയ ഗ്രീക്ക് – റോമന്‍ ഗ്രന്ഥങ്ങള്‍ (അല്ലെങ്കിലവയുടെ പകര്‍പ്പുകള്‍) സര്‍വ്വകലാശാലയിലെ ഗ്രന്ഥാലയങ്ങളില് സ്ഥാനം പിടിച്ചു. ഒപ്പം അറബി ഗ്രന്ഥങ്ങളുടെ തര്‍ജമകളും.
അങ്ങനെ മധ്യകാലഘട്ടത്തോടെ യൂറോപ്പില്‍ ഹിപ്പോക്രാറ്റസ് പരമ്പരയില്‍പ്പെട്ട വൈദ്യം പുനരവതരിച്ചു. ഗെയ്ലന്റെയും ഇസ്നുസീനയുടെയും ഗ്രന്ഥങ്ങളെ ആധാരമാക്കിയായിരുന്നു ചികില്‍സ. ധാതുക്കളും സസ്യങ്ങളും സംസ്കരിച്ചെടുത്ത ഔഷധങ്ങള്‍ നല്കിപ്പോന്നു. ശസ്ത്രക്രിയ അന്നു നിഷിദ്ധമായിരുന്നു. വലിയ മുറിവുകളും ക്ഷതങ്ങളും വന്നാല്‍ രക്തവാര്‍ച്ച നിര്‍ത്താനായി തീവച്ചു പൊള്ളിക്കുകയായിരുന്നു പതിവ്. ചികില്‍സയില്‍ വ്യക്തമായൊരു ശാസ്ത്രീയാടിസ്ഥാനം ഈ ഘട്ടത്തില്‍ കാണാനാവില്ല. ചികില്‍സകര്‍ രോഗിക്കടുത്തേക്കു ചെല്ലുന്നതിനു പകരം രോഗികള്‍ക്കെല്ലാം ചികില്‍സകനെ സമീപിക്കാന്‍ പാകത്തില്‍ ചികില്‍സാലയങ്ങള്‍ നിലവില്‍ വന്നു.
പുത്തന്‍ അറിവുകള്‍
സര്‍വ്വകലാശാലകളിലെ പഠനകേന്ദ്രങ്ങള്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ചിന്തകള്‍ക്കും വേദിയായി. ഇതില്‍ എടുത്തു പറയേണ്ടത് വെസേലിയസിന്റെ പഠനങ്ങളാണ്. പാദുവാ സര്‍വ്വകലാശാലയില്‍ വൈദ്യശാസ്ത്ര പ്രൊഫസറായിരിക്കേ മനുഷ്യശരീരത്തിന്റെ ആന്തരികഘടന അറിയാനദ്ദേഹം ധീരമായൊരു ശ്രമം നടത്തി. രോഗികളുടെ ശരീരം കീറി നോക്കുന്നത് നിയമവിരുദ്ധമായിരുന്നതിനാല്‍ രാത്രി സെമിത്തേരിയില്‍ നിന്നു ശവശരീരങ്ങള്‍ രഹസ്യമായി സംഘടിപ്പിച്ചുകൊണ്ടു വന്നിട്ടായിരുന്നു പഠനം. പഴയ ആചാര്യന്മാര്, പ്രത്യേകിച്ച് ഗെയ്ലന്‍, പറഞ്ഞ പല കാര്യങ്ങളും തെറ്റാണെന്നു അദ്ദേഹം മനസ്സിലാക്കി. പുരുഷശരീരത്തില്‍ ഒരു വാരിയെല്ലു കുറവാണെന്ന ക്രിസ്തീയ വിശ്വാസം തിരുത്തപ്പെട്ടു. പുരുഷനായാലും സ്ത്രീയായാലും എല്ലുകളുടെ എണ്ണം തുല്യമാണ്. മനുഷ്യശരീരത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള വിപുലമായൊരു സചിത്രഗ്രന്ഥം വെസേലിയസ് 1543 ല്‍ പുറത്തിറക്കി. അനാട്ടമിയിലെ കാലാതിവര്‍ത്തിയായ ഈ ആധികാരിക ഗ്രന്ഥം വൈദ്യവിജ്ഞാനീയത്തില് വന്‍വിപ്ലവം തന്നെ വരുത്തിവച്ചു.
ശരീരഘടനയെപ്പറ്റി വിശദമായ അറിവ് സിദ്ധിച്ചതോടെ ശസ്ത്രക്രിയ കൃത്യമായും സുരക്ഷിതമായും നടത്താമെന്നു വന്നു. ചികില്‍സാര്‍ത്ഥമുള്ള ശസ്ത്രക്രിയ നടത്താന്‍ നിയമാനുവാദം ലഭിച്ചു. അതിന് മുമ്പ് യുദ്ധത്തില്‍ പരിക്കു പറ്റിയവരെയും മറ്റും പ്രാകൃതമായാണു ചികില്‍സിച്ചു വന്നത്. കൂടുതല്‍ ക്ഷതമേറ്റ ശരീരഭാഗങ്ങള്‍ മുറിച്ചു കളയുക, മുറിവ് പഴുക്കാതിരിക്കാന്‍ പൊള്ളിക്കുക, എന്നിങ്ങനെ. ഫ്രഞ്ച് ഡോക്ടറായിരുന്ന അംബ്രോസ്പാരേ വിദഗ്ധമായി ശസ്ത്രക്രിയ നടത്താനും രോഗികളെ സൗമ്യമായി പരിചരിക്കാനുമുള്ള രീതികള്‍ വികസിപ്പിച്ചെടുത്തു. പതിനാറാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രചിന്തയില് ശക്തമായ സ്വാധീനം ചെലുത്തിയ പണ്ഡിതനായിരുന്നു പാരാസെല്സസ് (1493 – 1541). വൈദ്യശാസ്ത്രം പഠിച്ച് വിജ്ഞാന സമ്പാദനാര്‍ത്ഥം വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ചു. പഴയ ആചാര്യന്മാരുടെ തെറ്റുകള്‍ കണ്ടെത്താനിത് അദ്ദേഹത്തെ പ്രാപ്തനാക്കി. ഗെയ്ലന്റെയും ഇബ്നുസീനയുടേയും സമീപനങ്ങളെ പാരാസെല്സസ് ശക്തിയായി വിമര്‍ശിച്ചു. രാസൗഷധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതിസമര്ത്ഥനായിരുന്നിട്ടും പ്രകൃത്യതീതശക്തി വിശ്വാസങ്ങള്‍ അദ്ദേഹത്തിനു വലിയ പരിമിതിയായി. രാസഗൂഢവിദ്യ സത്യമെന്നു വിശ്വസിച്ച് നിത്യയൗവനത്തിനുള്ള രസായനം നിര്‍മ്മിക്കാന്‍ സ്വന്തം കഴിവുകള്‍ പാഴാക്കി.
പതിനേഴാം നൂറ്റാണ്ടുതൊട്ട് വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണപഠനങ്ങളുടെ കാലമായിരുന്നു. ഏറ്റവും ശ്രദ്ധേയം ഹാര്‍വിയുടെ രക്തചംക്രമണത്തെക്കുറിച്ചുള്ള കണ്ടെത്തലാണെന്നതില് തര്‍ക്കമില്ല. ലണ്ടനിലെ ഡോക്ടറായിരുന്ന അദ്ദേഹം പാദുവയില്‍ ഉപരിപഠനം നടത്തി. ശരീരമാസകലമുള്ള രക്തക്കുഴലുകളുടെ സഞ്ചാരം നിരീക്ഷിച്ച ഹാര്‍വി പഴയ ആചാര്യന്മാര് പറഞ്ഞതു തെറ്റാണെന്നു തിരിച്ചറിഞ്ഞു. വേലിയേറ്റവും വേലിയിറക്കവും പോലെ രക്തം അവയവങ്ങള്‍ തോറും കൈമാറപ്പെടുകയാണെന്നും രക്തത്തിന്റെ ഉല്ഭവസ്ഥാനം കരളാണെന്നും ആയിരുന്നു ഹെയ്ലന്‍ സിദ്ധാന്തിച്ചിരുന്നത്. ഒരു പമ്പുപോലെ പ്രവര്‍ത്തിക്കുന്ന ഹൃദയത്തില്‍ നിന്നും രക്തം ധമനികളിലൂടെ സഞ്ചരിച്ച് ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ചെന്ന് സിരകളിലൂടെ തിരികെ ഹൃദയത്തിലെത്തുന്നുവെന്ന് ഹാര്‍വി കണ്ടെത്തി.
സൂക്ഷ്മ ദര്‍ശിനി യുടെ കണ്ടെത്തല്‍ വൈദ്യശാസ്ത്രത്തില്‍ വന്വിപ്ലവമുണ്ടാക്കി. ഇതിന്റെ ആദ്യരൂപം ഹോളണ്ടിലെ വസ്ത്ര നിര്‍മ്മാതാവായിരുന്ന ല്യൂവന്‍ഹോക്ക് (1632-1723) വസ്തുക്കളെ വലുതായി കാണാന്‍ ലെന്‍സുകള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ ഉപകരണമായിരുന്നു. മനുഷ്യശരീരത്തിന്റെ സൂക്ഷ്മഘടന പഠിക്കാന്‍ ഇതു വളരെ സഹായകമായി. സൂക്ഷ്മാണുക്കളുടെ ലോകം അനാവരണം ചെയ്യപ്പെട്ടതും ഇതിന്റെ സഹായത്തോടെ തന്നെ.
ബൊളോണയിലെ ഡോക്ടറായിരുന്ന മാല്‍പിജി മൈക്രോസ്കോപ്പിന്റെ സഹായത്തോടെ രക്തക്കുഴലുകള്‍ ശാഖോപശാഖകളായി പിരിയുന്നു എന്നു നിരീക്ഷിച്ചു. ശരീരത്തിലാകമാനമുണ്ടെന്നാലും ശ്വാസകോശങ്ങളില്‍ പ്രത്യേകമായി ഇതു ദൃശ്യമാണ്. ഹാര്‍വി രക്തചംക്രമണ വ്യവസ്ഥയെ മനസ്സിലാക്കിയെടുത്തെങ്കിലും അതിന്റെ ധര്‍മ്മമെന്തെന്ന് വ്യക്തമായിരുന്നില്ല. ശ്വാസവായുവിലെ ഏതോ ഒരു ഘടകം ശരീരത്തിന് ആവശ്യമാണെന്ന് ബോയ്ല്‍ നിരീക്ഷിച്ചു. പിന്നീട്, ശ്വാസകോശത്തില്‍ വച്ച് ആഗിരണം ചെയ്യപ്പെടുന്നത് ഓക്സിജനാണെന്ന് ലാവോസിയര് തെളിയിക്കുകയും ചെയ്തു. രക്തപ്രവാഹത്തിന്റെ പ്രധാന ധര്‍മ്മം വായുവിലെ ഓക്സിജന്‍ ശരീരം മുഴുക്കെ വിതരണം ചെയ്യലാണെന്നു വ്യക്തമായി.
ചികില്‍സ പതിനെട്ടാം നൂറ്റാണ്ടില്‍
16,17 നൂറ്റാണ്ടുകളില്‍ യൂറോപ്പിലെ ചികില്‍സാരംഗത്തു മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗുണപരമായ വ്യത്യാസമുണ്ടായിരുന്നു. മധ്യകാലഘട്ടത്തില്‍ പുരോഹിതന്മാര് തുടക്കമിട്ടിരുന്ന ആതുരാലയങ്ങള്‍, രോഗികളെ കേന്ദ്രീകൃതമായി ചികില്സിക്കുന്ന ആശുപത്രി സമ്പ്രദായത്തിനു വഴിവച്ചു. ചികില്സകര്ക്കു ധാരാളം രോഗികളെ ഒരേ സമയം പരിശോധിക്കാനും സമൂഹത്തെ ഗ്രസിക്കുന്ന രോഗങ്ങളെക്കുറിച്ചു പഠിക്കാനും ഒക്കെ ഇതു സഹായകമായി. സര്‍വ്വകലാശാലാ പ്രസ്ഥാനം വന്നതോടെ വൈദ്യപഠനം ശാസ്ത്രീയവും കേന്ദ്രീകൃതവുമായി. യൂറോപ്പിലെ څഇരുണ്ടയുഗچത്തിലുടനീളം ചികില്‍സ അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായിരുന്നു. അതില്‍ ഗണ്യമായൊരു മാറ്റം കൊണ്ടു വരാന്‍ സര്‍വ്വകലാശാലാ വിദ്യാഭ്യാസത്തിനു സാധിച്ചു. ചികില്‍സാ ബിരുദം നേടിയവര്‍ അന്ന് ‘മെഡിക്കല്‍ ഡോക്ടര്‍’ എന്നറിയപ്പെട്ടു.
മധ്യകാലഘട്ടത്തിനുശേഷം യൂറോപ്പിലും ബ്രിട്ടണിലുമുണ്ടായ സാമൂഹിക മാറ്റങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചു.
ഡോ. മനോജ് കോമത്ത്
396 കാഴ്ച