കണ്ണേ , കരളേ വി എസ്

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( 1 ) ഇരകളുടെയും ബന്ധുക്കളുടെയും ആംബുലന്സിന്റെയും നിലവിളി ശബ്ദങ്ങളാൽ  മുഖരിതമായ  അത്യാഹിതവിഭാഗം . കാഴ്ച കാണാൻ എത്തുന്ന പ്രബുദ്ധ ജനത , പത്ര –  ചാനൽ  തൊഴിലാളികൾ , കർത്തവ്യ നിരതരായ മെഡിക്കൽ ടീം  ആകെ ബഹളമയം …വിഷമദ്യ  ദുരന്തമാണ്  രംഗം .ഒരുപാട്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു , കുറേപ്പേർ  മരണത്തോട് മല്ലടിക്കുന്നു .  ഇതിനിടെ ഇരകൾക്ക് നൽകുന്ന ചികിസ കണ്ട ചിലർ ഉടൻതന്നെ അടുത്തുള്ള ബാറിൽ പോയി ഒരു ചെറുത് അടിച്ചേച്ച്  അത്യാഹിതത്തിലേക്ക് ഓടിവന്നു , എന്നിട്ട് പറഞ്ഞു  ” എന്റെ കാഴ്ച പോയേ ,  ഞാനും വിഷമദ്യം കുടിച്ചേ ” . അവരെയും അകത്തോട്ടെടുത്തു.   

( 2 )  മദ്യം [ മദമിളക്കുന്നത് ] അഥവാ സോമരസം .രാസനാമം  ഈതൈൽ ആൽക്കഹോൾ  അഥവാ   എഥനോൾ . അകത്തേക്ക് പോകുന്ന മദ്യം രണ്ടു ഘട്ടങ്ങളായി  നിർവ്വീര്യമാക്കപ്പെടുന്നു .  ആദ്യം എഥനോൾ  വിഷ പദാർത്ഥമായ ആൽഡിഹൈഡ്  ആയിമാറുന്നു . രണ്ടാമത് ആൽഡിഹൈഡ് , അമ്ല രൂപത്തിലുള്ള  അസെറ്റിക് ആസിഡ് ആയി  മാറുന്നു . അതൊടുവിൽ ജലവും കാർബൺ ഡൈ ഓക്സൈഡും ആയി മാറുന്നു . ശുഭം . 

 ( 3 ) ചിലർക്ക്  ചെറുത് അടിക്കുമ്പോൾ തന്നെ കിക്കാകും . മറ്റു ചിലർ വാൾ  വയ്ക്കും [ ഛർദ്ദിക്കും ] . എന്താണെന്നറിയേണ്ടേ ? മദ്യം എന്ന് പറയുന്നത്  കേന്ദ്ര നാഡീ വ്യവസ്ഥയെ തളർത്തുന്ന ഒന്നാണ് . അങ്ങനെയുള്ള മദ്യത്തെ   അകത്തുചെന്നാൽ ആദ്യം ആൽഡിഹൈഡ് ആക്കി മാറ്റുന്ന രാസാഗ്നി / ജൈവ ഉൾപ്രേരകം [  alcohol dehydrogenase ] യുടെ  പ്രവർത്തനം കുറയുമ്പോൾ , എത്തനോൾ അതേപടി   ഉള്ളിൽ കിടക്കും . ചെറുത് അടിച്ചാൽ തന്നെ കിക്കാകും . എന്നാൽ ചിലർ ”  വാൾ ”  ഡറാമ ആയി മാറുന്നത് എങ്ങനെയെന്നറിയാമോ ? മദ്യം ആദ്യ ഘട്ടത്തിൽ വിഷമയമായ  ആൽഡിഹൈഡ് ആയി മാറുന്നു എന്ന് നാം കണ്ടു .രണ്ടാം ഘട്ടത്തിൽ  അതുടൻതന്നെ   അസെറ്റിക്ആസിഡ്  (ഏതാണ്ട് നുമ്മ വിനാഗിരിയുടെ  ഗാഢരൂപം ) ആയിമാറുന്നു .  ഇതിനു സഹായിക്കുന്ന രാസാഗ്നി aldehyde dehydrogenase ന്റെ പ്രവർത്തനം  കുറഞ്ഞാൽ വിഷപദാർത്ഥമായ   ആൽഡിഹൈഡ് കെട്ടിക്കിടക്കും .അതിനെ പുറന്തള്ളാൻ  ഒരു മാർഗ്ഗമേ ഉള്ളൂ — ഛർദ്ദിക്കുക .” വാൾ ” ഡറാമമാർ   ഉണ്ടാകുന്നു .  മൂത്രോത്പാദനം നിയന്ത്രിക്കുന്ന ADH  ഹോർമോണിന്റെ പ്രവർത്തനം കുറയുന്നതിനാൽ  അമിതമായി  മൂത്രം  പോകുന്നു , നിർജ്ജലീകരണം ഉണ്ടാകുന്നു .  

( 4 ) മദ്യം കൊഴുപ്പിനെ  ഉരുക്കിക്കളയുമെന്നും , തദ്വാരാ കൊളസ്‌ട്രോൾ  കുറയ്ക്കുമെന്നും ചിലർ  ഗാഢമായി വിശ്വസിച്ച് പോരുന്നു .സംഭവിക്കുന്നത് നേരെ  തിരിച്ചാണ് . അതുപോലെ കിടക്കപ്പായിൽ മദ്യം ,രതീഷ് എന്ന ഇരട്ടപ്പേര് വിളി  ഒഴിവാക്കുമെന്ന് ചിലർ വിശ്വസിക്കുന്നു . ഷേക്സ്പിയർ തന്റെ നാടകത്തിൽ എഴുതിയ  ഒരു വാചകം ഇവിടെ ചേർക്കുന്നു ..IT   INCREASES THE  DESIRE , BUT  DECREASES  THE PERFORMANCE .. അതായത് താൽപ്പര്യം ഉണ്ടാക്കും ,പക്ഷെ  പ്രകടനത്തെ ബാധിക്കും  എന്ന് .  

( 5 ) ഏറ്റവും വലിയ ഗ്രന്ഥിയായ  കരളാണ് മദ്യത്തെ നിർവ്വീര്യം ആകുന്ന ജോലി ചെയ്യേണ്ടത് . ഓക്സിജൻ ശ്ശി  ആവശ്യമുള്ള ഒരു പണിയാണത് . പതിനഞ്ചു മില്ലി മദ്യം , ഇരുപത് മിനിറ്റ് കൊണ്ട്  അൽപാൽപം നുണഞ്ഞു  നുണഞ്ഞു കഴിക്കുന്ന സായ്പ് , അതിൽ ഐസ്കട്ടയിട്ട് ആമാശയ  രക്തക്കുഴലുകളെ  അല്പം ചുരുക്കി , മദ്യത്തിന്റെ ആഗിരണം  സാവധാനത്തിലാക്കുന്നു , പതിനഞ്ചിന്റെ ലഹരി നില നിറുത്താൻ വീണ്ടും പതിനഞ്ച്   ഒഴിക്കുന്നു . മദ്യം എന്നാൽ അന്നജത്തിലെ ഊർജ്ജത്തിന്റെ ഒരു രൂപമാണെന്ന്  അറിയാവുന്ന പാശ്ചാത്യർ കുറച്ച് നൃത്തമൊക്കെ ചെയ്ത് ആ ഊർജ്ജം ചെലവാക്കി  കളയുന്നു . ഇതേസമയം മല്ലു  തൊണ്ണൂറ് ഒഴിക്കുന്നു , വെള്ളം ഹാനികരമായതിനാൽ   അതൊഴിവാക്കും  . നിന്നുകൊണ്ട് ഒറ്റപ്പിടി — ഇതിനെയാണ് നിൽപ്പനടി എന്ന്  പറയുന്നത് .അങ്ങനെ അൽപ സമയത്തിനുള്ളിൽ നാലോ അഞ്ചോ  തൊണ്ണൂറ് അകത്താക്കും  .കാരണം ഇതടിച്ചിട്ടു വേണം  ധാരാവിയിലെ ചേരി ഒഴിപ്പിക്കാൻ . ശേഷം പല്ലു  പോലും തേയ്ക്കാതെ , കുളിക്കാതെ , കട്ടിലിൽ  പോയി വീഴും .     

( 6 )   മദ്യം , ഫാറ്റി ആസിഡ് തന്മാത്രകളായി മാറുന്നതിനാൽ , കരളിൽ കൊഴുപ്പടിഞ്ഞ്   ഫാറ്റി ലിവർ ഉണ്ടാകുന്നു . അമിത അന്നജം കഴിക്കുന്ന മലയാളിയ്ക്ക് ,  കൊഴുപ്പായി മാറുന്ന അന്നജവും  മദ്യേതര ഫാറ്റി ലിവർ എന്ന അവസ്ഥ  ഉണ്ടാക്കുന്നു . അത് ഗ്രേഡ് കൂടിക്കൂടി  1, 2, 3 , 4 ഘട്ടങ്ങളിലേക്ക്  പോകുന്നു . കരളിലെ  കോശങ്ങൾ നശിച്ച്  പകരം നാരുകൾ അടിയുന്നു .സിറോസിസ്   അഥവാ കരൾവീക്കം ഉണ്ടാകുന്നു . കുറേക്കഴിയുമ്പോൾ കരൾവീക്കം എന്ന പദം  ചേരാതാകുന്നു . ഉണക്കത്തേങ്ങ പോലെ കരൾ ശുഷ്‌കിക്കുന്നു . മഹോദരം വന്ന്   ”  20 — 30 ”   മാസമായ ഗർഭിണി പോലാകും .വയറ്റീന്ന് വെള്ളം കുത്തിയെടുത്ത്  ഡാക്കിട്ടർമാർ കുഴയും. ആ സമയം കമ്പനിയ്ക്കിരുന്ന്  മോന്തിയ  ഒരാളും കൂടെയുണ്ടാകില്ല .   

( 7 ) സാദാ മദ്യം  എത്തനോൾ  [ ഈതൈൽ ആൽക്കഹോൾ ] ആണെങ്കിൽ വിഷമദ്യം  മെഥനോൾ   [ മീതൈൽ ആൽക്കഹോൾ ] ആണ് . മെഥനോൾ ഉള്ളിൽച്ചെന്നാൽ ഉപാപചയ പ്രവർത്തനത്തിന്  വിധേയമായി ഉണ്ടാകുന്ന formaldehyde ,  formic acid  &  formate  കാഴ്ച  സാധ്യമാക്കുന്ന  ദൃക് നാഡി ( optic nerve ) നെ ബാധിക്കുന്നതിനാൽ കാഴ്ച  പോകും .  ഉയർന്നഅളവ് മരണത്തിനു കാരണമാകുന്നു .അവിടെ ചികിത്സയായി നൽകുന്നത്   എത്തനോൾ ( സാദാ മദ്യം ) ആണ് . സാദാ മദ്യം , വിഷ മദ്യത്തെ ശരീരത്തിൽ  നിന്നും തുരത്തുന്നു . ഇത് കാണുന്ന ചിലർ ഫ്രീയായി മദ്യം കിട്ടാൻ  ” എന്റെ  കാഴ്ചയും പോയേ ” എന്ന് നിലവിളിച്ച് കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക്  ഓടിക്കേറും . ഓസിനു കിട്ടിയാൽ ആസിഡും …ന്ന മല്ലുവിനോടാണോ ബാലാ .  

NB —  മരുഭൂമിയിൽ  ചോരയും നീരും  ദിർഹമാക്കി മാറ്റി , നാട്ടിലേക്ക്  പോകാൻ നേരം  ദുഫായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ  എന്തെന്നില്ലാത്ത മര്യാദ പാലിച്ച് , ഒടുക്കത്തെ വില കൊടുത്ത് രണ്ടോ മൂന്നോ  കുപ്പി  മദ്യം വാങ്ങികൊണ്ടു പോകുന്ന മനുഷ്യരുണ്ട് . അവർ ഒരു പ്രത്യേക  ദേശത്തു നിന്നും  [ സോമതീരം നമ്പർ വൺ ] വരുന്നവരാ . സ്വന്തം സ്ഥലത്ത്  കിട്ടുന്ന മദ്യത്തിന്റെ ഗുണം കൊണ്ടാണോ എന്നറിയില്ല , വിദേശി വാങ്ങി ,  ഭദ്രമായി വിമാനത്തിന്റെ മേലറയിൽ വച്ച് അവരിങ്ങനെ കൊണ്ടുവരും . ഡ്യൂട്ടി  ഫ്രീ ഷോപ്പിൽ നിൽക്കുമ്പോൾ തങ്ങളുടെ ആന്തരികാവയവങ്ങളെ ഓർത്ത് നിശബ്ദമായി അവർ വിളിക്കുന്ന ഒരു  മുദ്രാവാക്യമുണ്ട് .   
 

” കണ്ണേ കരളേ  വി എസ് ഓ പി ,      കണ്ണേ കരളേ  വി എസ് ഓ പി ”.

ഡോ : അഗസ്റ്റസ് മോറിസ്

 517 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo