ഗുരുസ്വാമി

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഇപ്രാവശ്യം ഒരു പഴയ ഫോട്ടോയെ പിൻതുടർന്നുള്ള അന്വേഷണമാണ്. ഈ ഫോട്ടോ കൗതുകകരമായി തോന്നാൻ കാരണം  വിശ്വനാഥൻ ഡോക്ടർ എന്ന് പറയുന്ന യുക്തിവാദപ്രഭാഷകൻ്റെ  സാന്നിധ്യം തന്നെ. അദ്ദേഹത്തിൻ്റെ ഇക്കഴിഞ്ഞ  ഒന്നു രണ്ടു പ്രഭാഷണങ്ങൾ ഈ ഫോട്ടോയിലെ ഏറ്റവും പൊക്കമുള്ള ആൾക്കെതിരെ ആയിരുന്നല്ലോ.ഇവരൊക്കെ ഇത്രക്കും അടുപ്പമുള്ളവർ ആണോ? -എന്നിട്ടാണോ ഭയങ്കരമായ വിമർശനങ്ങളൊക്കെ നടത്തുന്നത്? ആ സംശയം ഈ ഫോട്ടോയെ പറ്റി കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചു. 
സത്യത്തിൽ ഈ ഫോട്ടോക്ക് നാലു വർഷത്തെ പഴക്കമുണ്ടത്രെ. ഇവരൊക്കെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടവരാണ്. കേരളത്തിലാദ്യമായി സോഷ്യൽ മീഡിയയിലൂടെ യുക്തിവാദ പ്രചാരണം ആരംഭിക്കുന്നത് ഈ ഫോട്ടോയിൽ കാണുന്ന ഇ എ ജബ്ബാറും  വിശ്വനാഥനുമൊക്കെയാണത്രെ. നാസർ കുന്നുമ്പുറം എന്നൊരാൾ കൂടിയുണ്ട്. പക്ഷെ  അദ്ദേഹം ഫോട്ടോയിലില്ല . അവരും   ഫോട്ടോയിലുള്ള മറ്റ്  യുക്തിവാദ പ്രവർത്തകരും കൂടെയുണ്ടാക്കിയെടുത്തതാണ് കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിലുണ്ടാക്കിയെടുത്ത യുക്തിവാദ നവതരംഗം.എന്നാൽ എല്ലാ നല്ല കാര്യങ്ങളുടെ ക്രഡിറ്റും സ്വന്തമാക്കുക  കൂട്ടത്തിലെ ബുദ്ധിപൂർവ്വം കരുനീക്കുന്ന  ഒരാളായിരിക്കും എന്നാണല്ലോ ചരിത്രം.  ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമല്ല. എല്ലാ യുക്തിവാദ മുന്നേറ്റങ്ങളും ഇന്നൊരാൾ സ്വന്തമാക്കിയിരിക്കുന്നു. ആ ആൾക്ക് നല്ല പൊക്കവും വെച്ചീട്ടുണ്ട്.   ഈ ഫോട്ടോയിൽ ഉൾപ്പെട്ട ഒമ്പതു പേരിൽ എട്ടു പേർ ഒന്നടങ്കം ഒമ്പതാമനെതിരാണ്.എതിരു നിൽക്കുന്ന എട്ടു പേരും ക്രിമിനൽസോ സാമൂഹ്യ വിരുദ്ധ രോ ആയിരുന്നെങ്കിൽ അത് ആ പൊക്കകാരൻ്റെ ഗുണമായി കാണുമായിരുന്നു. ഇതതല്ല. ശാസ്ത്ര- യുക്തിവാദപ്രഭാഷകരും സെമിനാർ സംഘാടകരുമൊക്കെയാണവർ. അവർ ഒന്നടങ്കമാണ് പൊക്കക്കാരനെ എതിർക്കുന്നത്.
ചട്ടി ഒന്നു ചിലവായാലും പട്ടിയുടെ സ്വഭാവം അറിയാം എന്നാണല്ലോ .ഒരു ചട്ടി കൊണ്ട് എറിഞ്ഞ്  തന്നെ  നായുടെ സ്വഭാവമറിയുന്നവരുണ്ട്. അവരാണ് ക്ഷിപ്രഗ്രാഹ്യർ. ഈ ഫോട്ടോയിൽ കാണുന്ന ഇ എ ജബ്ബാർ, ഡോക്ടർ വിശ്വനാഥൻ, ബൻശ്രീ , മുഹമ്മദ് ഖാൻ എന്നിവർ വേഗം തന്നെ വിവരം മനസ്സിലാക്കി പൊക്കക്കാരനെ വിട്ടോടിപോയവരാണ്. ഫെമിനിസ്റ്റ് ആശയവുമായി ബന്ധമുള്ള ഒരു പ്രഭാഷണത്തോടെ അവർ ആ കാര്യം മനസ്സിലാക്കിയെന്നാണ് പറഞ്ഞത്.മുഹമ്മദ് പാറക്കൽ ഒന്നു രണ്ടു  കൂടി ചട്ടി കൂടി ചിലവാക്കി. കേരളത്തിൽ ആദ്യമായി 500 ൽ കൂടുതൽ ആളുകളെ വെച്ച് സ്വതന്ത്ര ലോകം സംഘടിപ്പിച്ച യുക്തിവാദിയാണ് ശ്രീ മുഹമ്മദ് പാറക്കൽ .അതിൽ വെറുമൊരു പ്രഭാഷകൻ മാത്രമായി പങ്കെടുത്ത പൊക്കകാരൻ  മുഹമ്മദിനെ കുറെക്കാലം  തൻ്റെ പി ആർ വർക്കുകാരൻ ആക്കി .യുക്തിവാദത്തിനു വേണ്ടി എന്തൊക്കെയൊ മല മറിക്കുന്നു എന്ന ഫീലിൽ ആയിരുന്നു മുഹമ്മദ് എല്ലാം ചെയ്തത്. ആ ഫീൽ പൊക്കക്കാരൻ ഉണ്ടാക്കിയതായിരുന്നു. യുക്തിവാദത്തിൻ്റെ ചിലവിൽ ശരിക്കും പൊക്കകാരൻ്റെ തല മാർക്കറ്റ് ചെയ്യുകയായിരുന്നു മുഹമ്മദ് ചെയ്തിരുന്നത്. ഇത് തിരിച്ചറിഞ്ഞ ഉടൻ മുഹമ്മദും പൊക്കക്കാരനെ വിട്ടു. 


ഈ ഫോട്ടോയിലുള്ള പ്രമുഖരിൽ ഏറ്റവും പ്രസിദ്ധൻ ഡോക്ടർ വൈശാഖൻ തമ്പി തന്നെ. കഴിഞ്ഞ വർഷം വരെ പൊക്കക്കാരനൊപ്പം നിൽക്കുകയും “ഒപ്പം നിർത്തുന്നവനല്ല എല്ലാവരെയും താഴെ  നിർത്തുന്നവനാണ് ഈ പൊക്കക്കാരൻ   എന്ന് തിരിച്ചറിഞ്ഞ് പോസ്റ്റിട്ട്  പിരിഞ്ഞു പോന്ന വ്യക്തിയാണ് ഡോ .തമ്പി. “ഒരു സ്വതന്ത്ര ചിന്തകന് ആരുടെയും ഫോളോവർ ആകാനാകില്ല, അങ്ങിനെ ഫോളോവർ ആയി നടക്കുന്നവർ സ്വതന്ത്രരല്ല എന്ന വാചകം ” അദ്ദേഹത്തിൻ്റെ വാളിൽ ആർക്കും വായിക്കാം. ഞാനും വായിച്ചു..സാമൂഹ്യനീതിയുടെ വിഷയം വന്നപ്പോഴാണ് ഡോ: തമ്പി പൊക്കക്കാരൻ്റെ നിർദ്ദയത്വം കൃത്യമായി മനസിലാക്കിയത്. ഈ ഗ്രൂപ്പിൽ അവസാനം വരെ പിടിച്ചു നിന്ന ആളാണ് സജീവൻ അന്തിക്കാട്. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോഴും ഈ ഫോട്ടോയെ പറ്റി ചോദിച്ചു. ഇങ്ങനെ ഒറ്റക്കെട്ടായി നിങ്ങൾ എല്ലാവരും എങ്ങിനെ ഒരാൾക്കെതിരായി? അദ്ദേഹം പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. കാര്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ കുറെ പേരുണ്ടായിരുന്നു. അവരെയൊക്കെ  കുറ്റപ്പെടുത്തി പൊക്കകാരൻ്റെ ഒപ്പം തുടർന്നതിലുള്ള നാണക്കേടാണിപ്പോൾ കക്ഷിയുടെ വിഷയം.
എന്തായാലും ആ കൂട്ടത്തിലെ ഒരാൾ പറഞ്ഞു തന്ന ഒരു കഥ പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് തോന്നുന്നു.
ശബരിമലക്ക് സ്വാമിമാരെ കൊണ്ടു പോകുക ഒരു ഗുരുസ്വാമിയാണത്രെ. സ്വാമിമാരെ കെട്ടുനിറച്ച് അച്ചടക്കത്തോടെ ശബരിമലയിൽ  കൊണ്ടുപോയി തിരിച്ചെത്തിക്കുകയാണ് ഗുരുസ്വാമിയുടെ ഡൂട്ടി.അമ്പതു പേരെയും കൊണ്ട് ഒരിക്കൽ ഒരു ഗുരുസ്വാമി ശബരിമലക്ക് പോയി. പമ്പ കഴിഞ്ഞ് ശബരിമലയിലേക്ക് കുറെ നടക്കണമല്ലോ. മല കയറാനുള്ള ബലത്തിന് ഗുരുസ്വാമി കഞ്ചാവടിക്കുമായിരുന്നു. പുക നാലെണ്ണം വിട്ട് തല തിരിഞ്ഞ് ഗുരുസ്വാമി യാത്രക്കിടയിൽ വഴി തെറ്റിപ്പോയി. അമ്പതംഗ സംഘം പരസ്പരം വഴി തെറ്റി പോകാതെ ശ്രദ്ധാപൂർവ്വം തപ്പി ഗുരുസ്വാമിയെ കണ്ടു പിടിച്ചു.. ഇവരെ കണ്ട പാടെ ഗുരുസ്വാമി ഉച്ചത്തിൽ ഒരൊറ്റ ചീത്തയാണ്.”അമ്പതു പേരും അമ്പതു വഴിക്ക് പോകാനല്ല ഞാൻ ഗുരുസ്വാമിയായി നിങ്ങളെ നയിക്കുന്നത്. എത്ര സമയം കഷ്ടപ്പെട്ടാണ് വഴി തെറ്റിപ്പോയ നിങ്ങളെ ഞാൻ കണ്ടെത്തിയതെന്നോ? ദക്ഷിണ കൂടുതൽ വേണ്ടി വരും.” 
മാന്യന്മാരായ ഒമ്പതുപേരിൽ ഒരാളെ എട്ടാളും വിട്ടു പോകുകയും , നിർദ്ദയൻ, നന്ദിയില്ലാത്തവൻ, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നവൻ, പാവപ്പെട്ട ജനവിഭാഗങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാത്തവൻ, കൂട്ടത്തെ കൂട്ടാക്കാതെ ഒറ്റക്ക് തീരുമാനമെടുക്കുന്നവൻ, സഹപ്രവർത്തകരെ കൊണ്ട് പി ആർ വർക്ക് ചെയ്യിക്കുന്നവൻഎന്നൊക്കെ ആ ഒരാളെ  കുറ്റപ്പെടുത്തുകയും ചെയ്താൽ അത് തീർച്ചയായും ഗുരുസ്വാമി പറഞ്ഞതുപോലെ ആയിരിക്കും.ആ എട്ടു പേരുടെ തെറ്റ്.ആ തെറ്റ് മനസ്സിലാക്കി പൊക്കക്കാരൻ്റെ ഒപ്പം നിൽക്കുന്നവരെ കേരളത്തിൽ വിളിക്കുന്ന പേരാണ് എസൻഷ്യൻസ്.

അനൂപ് കൊടുങ്ങല്ലൂർ

 163 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo