ദൈവങ്ങളുടെ ഈറ്റില്ലം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

മനുഷ്യമസ്‌തിഷ്‌കത്തിലെ ഫ്രോണ്ടല്‍ ലോബ്‌ ദൈവങ്ങളുടെ ഉല്‍പ്പാദനശാലയാണ്‌. ദൈവവിശ്വാസത്തിലെ ആദിമ രൂപമായ, അങ്ങ് ‌ വിദൂര ഭൂതകാലത്ത്‌ ഉത്തരപ്രാചീനശിലായുഗത്തില്‍ ഉരുത്തിരിഞ്ഞ ആത്‌മാവും മരണത്തിന്‌ ശേഷമുള്ള ലോകവും മുതല്‍; ഇങ്ങ് ‌ ആധുനിക കാലത്തെ അവസാന ദൈവമായ അല്ലാഹു വരെ ജന്‍മമെടുത്തത്‌ ഫ്രോണ്ടല്‍ലോബ്‌ എന്ന ഫാക്‌ടറിയിലാണ്‌.

ഭൂമിയില്‍ മനുഷ്യനില്ലെങ്കില്‍ ദൈവമില്ല. മനുഷ്യനെ മനുഷ്യനാക്കുന്നത്‌ പരിണാമത്തിലൂടെ, ജീവലോകത്ത്‌ മനുഷ്യന്‌ മാത്രം സിദ്ധിച്ച മസ്‌തിഷ്‌ക വികാസത്തിലൂടെ ഉരുത്തിരിഞ്ഞ ഫ്രോണ്ടല്‍ ലോബിലൂടെയാണ്‌. കാരണം, ഇതാണ്‌ മഌഷ്യന്‍ ചിന്തിക്കുന്നതിന്റെ, വിശകലനംചെയ്യുന്നതിന്റെ, ഭാവനചെയ്യുന്നതിന്റെ, തീരുമാനങ്ങളെടുക്കുന്നതിന്റെ മസ്‌തിഷ്‌ക ഭാഗം. മനുഷ്യന്റെ പരിണാമ ചരിത്രത്തില്‍ ഈ മസ്‌തിഷ്‌ക ഭാഗം രൂപപ്പെട്ടിട്ടില്ലെങ്കിൽ തീർച്ച; പിന്നെ മനുഷ്യനില്ല.

ലക്ഷകണക്കിന്‌ വർഷങ്ങളിലൂടെ നടന്ന മസ്‌തിഷ്‌ക പരിണാമത്തില്‍, അതിന്റെ വികാസമനുസരിച്ച്‌ മാനവന്‍ ചിന്തിച്ചതിന്റേയും ഭാവനചെയ്‌തതിന്റേയും വിശകലനം ചെയ്‌തതിന്റേയും ഫലമായി നിർമ്മിക്കപ്പെട്ട അറിവുകള്‍, ആ അറിവുകളുടെ അടിസ്ഥാനത്തില്‍ നിർമ്മിക്കപ്പട്ട ഉപകരണങ്ങള്‍, അതിലൂടെയാണ്‌ മനുഷ്യന്‍ മനുഷ്യനായി തീരുന്നത്‌ അല്ലെങ്കില്‍ അവന്‍ സ്വയം നിർമ്മിക്കുന്നത്‌. അതേ മസ്‌തിഷ്‌ക ഭാഗം ഉപയോഗിച്ച്‌ കൊണ്ടുതന്നെയാണ്‌ അവന്‍ ദൈവങ്ങളെ നിർമ്മിക്കാന്‍ പാകമായപ്പോള്‍ ദൈവസൃഷ്‌ടി നടത്തിയതും. അതുകൊണ്ടാണ്‌ ചരിത്രത്തില്‍ ആദ്യം മനുഷ്യന്‍ വരുന്നതും പിന്നീട്‌ ദൈവങ്ങള്‍ ഉണ്ടായതും.

അറുപതിനായിരം വർഷം മുമ്പ്‌ മനുഷ്യന്‍ ആഫ്രിക്കയില്‍ ഒതുങ്ങിനിന്നപ്പോള്‍, അവന്‌ ഇന്നത്തെ മനുഷ്യന്റെ പോലത്തെ മസ്‌തിഷ്‌കമുണ്ടായിരുന്നെങ്കില്‍ കൂടിയും അവർ, വൈജ്ഞാനികമായും സാമൂഹ്യമായും അവർ ദൈവസൃഷ്‌ടിക്ക്‌ പാകമായിരുന്നില്ല. അതിന്‌ പാകമായപ്പോഴോ പിന്നെ വയറിളകിയ പോലെയായി ദൈവങ്ങളുടെ ഉല്‍പ്പാദനം.
ആ കാഴ്‌ചയാണ്‌,കഴിഞ്ഞ നാല്‍പ്പതിനായിരം തൊട്ട്‌ ഉത്തരപ്രാചീനശിലായുഗത്തില്‍ വിത്തിട്ട്‌, പതിനായിരം വർഷത്തോടെ ചെടിയായി ഇരുമ്പ്‌ യുഗത്തോടെ മരമായി, ആയിരത്തിനാനൂറ്‌ വർഷമെത്തുമ്പോള്‍ വടവൃക്ഷമായി പൂത്തുലഞ്ഞ്‌ നില്‍ക്കുന്നത്‌, നാം കാണുന്നത്‌. ഈ സൃഷ്‌ടികമ്മങ്ങളുടെ ഈറ്റില്ലമാണ്‌ ഫ്രോണ്ടല്‍ ലോബ്‌. ദൈവങ്ങളെ പ്രസവിക്കുന്നതും മാറിവരുന്ന സാംസ്‌കാരിക പരിസ്ഥിതിയില്‍ അവ പോരാ എന്നുവരുമ്പോള്‍ അവരെ കൊല്ലുന്നതും; കൊന്നതില്‍ നിന്നും പുതിയതിനെ സൃഷ്‌ടിക്കുന്നതും ഇതേ ഫ്രോണ്ടല്‍ ലോബില്‍ തന്നെ.

ഒരു ചെടി വളർന്ന്‌ വലുതായി വടവൃക്ഷമായാല്‍ പിന്നെയെന്താണ്‌?.
അതിന്‌ പിന്നെ വളർച്ചയില്ല.

ഭൂതകാലത്ത്‌ നിന്ന്‌ പുറപ്പെട്ട മനുഷ്യന്റെ സാംസ്‌കാരിക വണ്ടിയില്‍ അവസാനം വന്നിറങ്ങിയ ദൈവമാണ്‌ അല്ലാഹു. അത്‌ കഴിഞ്ഞീട്ട്‌ ആയിരത്തിനാനൂറ്‌ വർഷമായി. ഇനിയൊരു പ്രപഞ്ചസൃഷ്‌ടാവ്‌ വരില്ല. കാരണം വടവൃക്ഷം ഉണങ്ങിത്തുടങ്ങി.

രാജു വാടാനപ്പള്ളി

 221 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo