നൂറൻബർഗ് കുറ്റവിചാരണ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵


രണ്ടാം ലോകമഹായുദ്ധത്തിൽ സഖ്യ കക്ഷികളുടെ പിടിയിൽപെട്ട പ്രമുഖരായ നാസി കുറ്റവാളികളെ വിചാരണ ചെയ്ത സംഭവമാണ് നൂറൻബർഗ് കുറ്റവിചാരണ എന്ന് അറിയപ്പെടുന്നത്. യുദ്ധത്തിനുശേഷം നാസി കുറ്റവാളികളെ എങ്ങിനെ വിചാരണ ചെയ്യണം എന്ന് തീരുമാനിക്കുന്നതിന് ബ്രിട്ടൺ , ഫ്രാൻസ് , സോവിയറ്റ് യൂണിയൻ , യുണൈറ്റഡ് സ്റ്റേറ്റ്സ് ഇവയുടെ രാഷ്ട്ര തലവന്മാർ ഒന്നിച്ചു കൂടി. 50000 മുതൽ 1 ൽ ലക്ഷം വരെ വരുന്ന നാസികളെ വിചാരകൂടാതെ കൊല ചെയ്യാം എന്നതായിരുന്നു സ്റ്റാലിന്റെ അഭിപ്രായം. ചർച്ചിൽ ഈ ആശയത്തോട് ഒരളവിൽ യോജിച്ചുവെങ്കിലും , അമേരിക്ക ഇതിനു പൂർണമായും എതിരായിരുന്നു. അത്തരം ഒരു സമ്മറി ട്രയലും, സമ്മറിഎക്സിക്യൂഷനും നടപ്പാക്കിയാൽ, ചരിത്രം അവർക്കു മാപ്പു കൊടുക്കില്ല എന്ന അഭിപ്രായമായിരുന്നു അമേരിക്കക്ക്. നാസികൾ അവരുടെ രാജ്യത്തിന് വേണ്ടി യുദ്ദം ചെയ്തു എന്നും , അവർക്കു നിയമപരമായ ആനുകൂല്യങ്ങൾ കിട്ടണം എന്നും അമേരിക്ക വാദിച്ചു. ഹിരോഷിമയിലും, നാഗസാക്കിയിലും നടത്തിയ കൂട്ടക്കൊലയുടെ കുറ്റബോധം ഒരു പക്ഷെ അമേരിക്കയെ അലട്ടിയിരിക്കാം. അങ്ങിനെയാണ് നൂറൻബർഗ് വിചാരണ ആരംഭിക്കുന്നത്.
സഖ്യ കക്ഷികൾ നാസി കുറ്റവാളികളെ വിചാരണ ചെയ്യുന്നതിന് വേണ്ടി ഒരു ഇന്റർനാഷണൽ മിലിട്ടറി ട്രിബുണലിനു രൂപം കൊടുത്തു. വിചാരണക്കുവേണ്ടി, ജര്മനിയിലെ നൂറൻബർഗ് എന്ന പട്ടണമാണ് തിരഞ്ഞെടുത്തത്. മ്യുണിച്ചിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള നൂറൻബർഗ് തിരഞ്ഞെടുക്കുവാൻ കാരണം , ഈ പട്ടണത്തിൽ ആണ് നാസി പാർട്ടി ജനിച്ചത് എന്നതാണ്. മാത്രമല്ല, പാലസ് ഓഫ് ജസ്റ്റിസ് എന്ന കോടതി സമുച്ചയം യുദ്ധത്തിൽ കേടു വന്നിരുന്നില്ല എന്നതും , ആവശ്യമായ ജയിൽ മുറികളും , തൂക്കിക്കൊല്ലുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു എന്നതും, ന്യൂറംബർഗ് തിരഞ്ഞെടുക്കുവാൻ കാരണമായി. മാത്രമല്ല, നാസി പാർട്ടി ജനിച്ച സ്ഥലത്തു തന്നെയാവട്ടെ അതിന്റെ അന്ത്യം എന്നും സഖ്യ കക്ഷികൾ തീരുമാനിച്ചിട്ടുണ്ടാവാം 1945 മുതൽ 1949 വരെ 13 വിചാരണകളാണ് നടന്നത്.
ഒരു സാധാരണ കോടതിയിൽ നടക്കുന്ന നടപടി ക്രമങ്ങൾ തന്നെയാണ് ഇവിടെയും സ്വീകരിച്ചത്. സഖ്യ കക്ഷികൾ ഓരോരുത്തരും 2 ജഡ്ജിമാരെ ഇതിലേക്ക് നിയമിച്ചു. ആകെ 8 ജഡ്ജിമാർ. അന്താരാഷ്ട്ര നിയമത്തിൽ അഗാധ പാണ്ഡിത്യമുള്ളവരായിരുന്നു ഇവർ. തീരുമാനങ്ങൾ കൂട്ടമായിട്ടാണ് എടുത്തിരുന്നത്. നാലു രാജ്യങ്ങളിൽ നിന്നും ഓരോ പ്രോസിക്യൂട്ടർമാരെ നിയമിച്ചിരുന്നു. ജഡ്ജ് മാരുടെയും, പ്രോസിക്യൂട്ടർമാരുടെയും പേരുകൾ, വായനക്കാർക്ക് അലോസരമാകും എന്ന് വിചാരിച്ചു ചേർക്കുന്നില്ല. കുറ്റവാളികൾക്ക് കേസ് വാദിക്കുന്നതിനു അഭിഭാഷകരെ വെക്കുന്നതിനും അനുമതി ഉണ്ടായിരുന്നു. ജര്മനിയിലെ പ്രമുഖ വക്കീൽമാർ തന്നെ ഈ ദൗത്യം ഏറ്റെടുത്തു. ഇതൊരു ചരിത്ര സംഭവമായതിനാൽ , ഭാവിയിൽ കുറ്റാരോപണങ്ങളിൽനിന്നു രക്ഷ നേടുന്നതിനുള്ള എല്ലാ വഴികളും അവർ കണ്ടെത്തിയിരുന്നു.
1945 നവംബർ 20 നു ആരംഭിച്ച വിചാരണ, 1946 ഒക്ടോബര് 1 നു വിധി പ്രഖ്യാപിക്കുന്നതുവരെ , 1 വർഷം , നീണ്ടുനിന്നു. ഈ കാലത്തു വിചാരണ ചെയ്യപ്പെട്ട 24 പേരിൽ , ഹിറ്റ്ലറുടെ ജനറൽമാരും, ഫീൽഡ് മാർഷൽമാരും, , മന്ത്രിമാരും , ഗസ്റ്റപ്പോ തലവന്മാരും ഉൾപ്പെട്ടിരുന്നു. 60 ലക്ഷം ജൂതൻമാരെയും , അത്രതന്നെ സാധാരണ ജനങ്ങളെയും , കോൺസെൻട്രേഷൻ ക്യാമ്പുകളിലും , ഗ്യാസ് ചേമ്പറുകളിലും കൂട്ടക്കൊല ചെയ്തു എന്നതായിരുന്നു അവരുടെമേൽ ആരോപിച്ച കുറ്റം.

ജൂത രക്തം അശുദ്ധമാണെന്നും, ശുദ്ധ ആര്യൻ രക്തം ജർമൻകാർക്ക് മാത്രമാണെന്നും നാസികൾ വിശ്വസിച്ചുപോന്നു. നാസികളുടെ അഭിഭാഷകർ സമർത്ഥന്മാർ ആയിരുന്നതിനാൽ , തെളിവുകൾ നിരത്തുന്ന കഠിന ഉത്തരവാദിത്തം പ്രോസിക്യൂഷന്റെ ആയിരുന്നു.
വിചാരണക്ക് വിധേയരായ 24 കുറ്റവാളികളിൽ, 12 പേർക്ക് വധശിക്ഷയും , 7 പേർക്ക് ജീവപര്യന്തവും ലഭിച്ചു. 3 പേര് കുറ്റ വിമോചിതരായി. 2 പേര് വിധി വരുന്നതിനു മുൻപ് ആത്മഹത്യ ചെയ്തു.

വധശിക്ഷക്ക് വിധിക്കപ്പെട്ട 12 പേര് നാസി പട്ടാളത്തിന്റെയും, സർക്കാരിന്റെയും തലപ്പത്തുള്ളവരായിരുന്നു. നാസി പാർട്ടി സെക്രട്ടറി ആയിരുന്ന മാർട്ടിൻ ബോർമന്ന് 1945 മെയ് മാസത്തിൽ, ബെര്ളിലിനിൽ നിന്നും ഓടിപ്പോകുമ്പോൾ കൊല്ലപ്പെടുകയായിരുന്നു. അതുകൊണ്ടു, അയാളുടെ അസാന്നിത്യത്തിൽ ആയിരുന്നു വിധി. ജർമൻ വ്യോമസേനയുടെ ഫീൽഡ് മാർഷലും , ഗെസ്റ്റപ്പോ എന്ന രഹസ്യ പോലീസിന്റെ തലവനുമായ ഹെർമൻ ഗോറിങ് , തൂക്കിക്കൊല്ലുന്നതിനു തലേ ദിവസം, ജയിൽ മുറിയിൽ ആത്മഹത്യ ചെയ്തു. സയനൈഡ് ഗുളിക കഴിച്ചായിരുന്നു മരണം. ഗോറിങ്ങിന് സയനൈഡ് ഗുളിക എങ്ങിനെ ലഭിച്ചു എന്നത് ഇപ്പോഴും അജ്ഞാതമാണ്.തലേ ദിവസം, ഗോറിങ്ങിന്റെ ഭാര്യ അയാളെ സന്ദർശിച്ചു, വിടവാങ്ങൽ ചുംബനത്തിൽ, ചുണ്ടുകൾക്കിടയിൽ ഒളിപ്പിച്ച ഗുളിക, ഗോറിങ്ങിന്റെ വായിലേക്ക് മാറ്റി എന്നൊരു വ്യാഖ്യാനമുണ്ട്. മറ്റു 10 പേരെ , 1946 ഒക്ടോബർ 16ന്, രാവിലെ 1 മണിക്ക്, കോടതി കെട്ടിടത്തിന്റെ , ജിമ്നേഷ്യം ഹാളിൽ , നീളം കുറഞ്ഞ കയർ ഉപയോഗിച്ച് , തൂക്കിക്കൊന്നു. മരിക്കുന്നതിന് കൂടുതൽ സമയം എടുക്കുന്നതിനായിരുന്നു ഇത്. ജോൺ സി വുഡ്‌സ് ആയിരുന്നു ആരാച്ചാർ. 168 മിനിറ്റ് ആണ് 10 പേരെ തൂക്കിലേറ്റാൻ വേണ്ടിവന്നത്.
ഹെൻറിച്ച് ഹിംലെർ ,അഡോൾഫ് ഐഷ്‌മാൻ ഇവർക്കായിരുന്നു കൂട്ടക്കൊലയുടെ ഉത്തരവാദിത്തം. കോൺസെൻട്രേഷൻ ക്യാംപുകൾ ,ലേബർ ക്യാംപുകൾ എം, ഗ്യാസ് ചേമ്പറുകൾ , മാസ് മർഡർ ഇവയെല്ലാം ഈ രണ്ടു പേരുടെ പൂർണ നിയന്തനത്തിലായിരുന്നു.

ഹിംലെർ 1945 May മാസത്തിൽ ആത്മഹത്യ ചെയ്തു.ഐഷ്‌മാനെ , ഇസ്രായേലിന്റെ മൊസാദ്, 1960 ൽ അർജന്റീനയിൽയിൽ വെച്ച് പിടിക്കുകയും, 1962 ൽ തൂക്കിലേറ്റുകയും ചെയ്തു .


പാലസ് ഓഫ് ജസ്റ്റിസ് – ഇന്നൊരു മ്യൂസിയം ആണ്. ഇതിന്റെ ഇടനാഴികളിൽ, യുദ്ധത്തിന്റെ കുതിര കുളമ്പൊലിയും , വെടിയൊച്ചയും, ഗ്യാസ് ചേമ്പറുകളിൽകളിൽ പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളുടെയും, അമ്മമാരുടെയും ദീന രോദനവും , ഇപ്പോഴും, നിശബ്ദമായി മുഴങ്ങി കേൾക്കുന്നു.

കാലത്തിനു ദുഖത്തോടെ ഓര്മിക്കുവാൻ.

 769 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo