ഹോമിയോ പോലുള്ള വ്യാജചികിത്സകൾക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്?

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

രോഗങ്ങൾ വരുന്നവരെല്ലാം അതുമൂലം മരിക്കാറില്ല. ഏറ്റവും അപകടം പിടിച്ച വസൂരിയുടെ പോലും മരണ നിരക്ക് ഏതാണ്ട് 33 ശതമാനമായിരുന്നു. അതായത് വാക്സിനേഷൻ വരുന്നതിനു മുൻപും വസൂരി വന്നിരുന്നവരിൽ മിക്കവാറും പേർ (ഏതാണ്ട് 66 % പേരും) രക്ഷപ്പെട്ടിരുന്നു. അതായത് ഹോമിയോ കഴിച്ചാലും, ചാണകം കലക്കി കുടിച്ചാലും; ഇനി ഒരു ചികിത്സയും ചെയ്തില്ലെങ്കിലും വസൂരി വന്നിരുന്ന ഭൂരിഭാഗം ആളുകളും ജീവനോടെ രക്ഷപ്പെട്ടിരുന്നു. ഇത്തരം ചികിത്സകൾക്ക് അന്നും ആരാധകർ ഉണ്ടായിരുന്നു!

ലോട്ടറിയെടുക്കുന്ന ചിലർക്കെങ്കിലും സമ്മാനം അടിക്കും. കേടുവന്ന ഒരു ക്ളോക്ക് പോലും ദിവസം രണ്ടു തവണ ശരിയായ സമയം കാണിക്കും. ഒരു നാണയം ടോസ് ചെയ്താൽ തലയോ വാലോ വീഴുമെന്നു 50% കൃത്യതയോടെ ആർക്കും പ്രവചിക്കാം. (പ്രവചനം പകുതി പ്രാവശ്യം കൃത്യമായിരിക്കും.) ഇതിനെ base rate എന്ന് പറയാം. അതായത് പ്രത്യേക ഇടപെടലുകൾ ഒന്നും ഇല്ലാതെ തന്നെ ഒരു കാര്യം സംഭവിക്കാനുള്ള സാധ്യത..

ഒരു ചികിത്സ ഫലപ്രദമാണോ എന്നറിയാൻ അനുഭവം മാത്രം പോരാ. അത് ഈ പറയുന്ന ബേസ് റേറ്റിനെക്കാൾ കൂടുതലാണോ എന്നാണ് നോക്കേണ്ടത്. ആൺകുട്ടി ജനിക്കാനുള്ള മരുന്ന് കഴിച്ച് അയൽക്കാരന്റെ അമ്മായിയുടെ വകേലെ മരുമോന്റെ കൂട്ടുകാരന് കുട്ടിയുണ്ടായി എന്നതിലല്ല കാര്യം. മരുന്നിന്റെ ഫലസിദ്ധി 50 ശതമാനത്തിൽ എത്രമാത്രം കൂടുതലുണ്ട് എന്നാണ് നോക്കേണ്ടത്. കാരണം കുട്ടി ആണോ പെണ്ണോ ആകാനുള്ള സാധ്യത- അതായത് ബേസ് റേറ്റ് അമ്പതു ശതമാനമാണ്. അത് കൂടുംതോറും മരുന്ന് കൂടുതൽ ഫലപ്രദമാണ് എന്ന് അനുമാനിക്കാം.

വസൂരിയുടെ കാര്യത്തിൽ മരണത്തിൽ നിന്ന് രക്ഷപെട്ട കുറെ പേരെ ചൂണ്ടിക്കാട്ടിയിട്ടു കാര്യമില്ല. അത് 66 ശതമാനത്തിൽ എത്ര കൂടുതലാണ് എന്നാണ് തെളിയിക്കേണ്ടത്. മോഡേൺ മെഡിസിന്റെ ഗുണം എന്നത് 66 ശതമാനം അതിജീവന നിരക്ക് എന്നത് നൂറു ശതമാനത്തിലെത്തിച്ചു എന്നതാണ്. ഇതുപോലെ തന്നെയാണ് ഓരോ അസുഖവും. പെൻസിലിന്റെ കണ്ടുപിടുത്തതോടെ സിഫിലിസ് ബാധിച്ചു മരിച്ചിരുന്നവരുടെ എണ്ണം 30 ശതമാനത്തിൽ നിന്ന് ഏതാണ്ട് പൂജ്യം ശതമാനത്തിലെത്തി. നാടൻ ചികിത്സകളിൽ അത് ഈ 30% തന്നെയാണ്.

അപകട നിരക്ക് വളരെ താഴ്ന്നു നിൽക്കുന്ന അസുഖങ്ങളാണ് വ്യാജ ചികിത്സകളുടെ സ്ഥിരം വേട്ട മൃഗം. ബേസ് റേറ്റ് വളരെ കൂടുതലുള്ള (അതായത് തന്നത്താൻ മാറാൻ സാധ്യത കൂടുതലുള്ള) ചൊറി, ചിരങ്ങ്, തോന്നുന്ന പോലെ വന്നും പോയും ഇരിക്കുന്ന ചെറുകിട ശ്വാസം മുട്ടൽ, മൈഗ്രൈൻ, സോറിയാസിസ് ശരീര വേദന.. ഇതിനൊക്കെയാണ് ഇവരുടെ ഏറ്റവും മികച്ച ഉള്ളത് എന്നത് തന്നെ കാര്യങ്ങൾ വ്യക്തമാകാൻ സഹായിക്കും.

ഡോ:മനോജ് ബ്രൈറ്റ്

 233 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo