അമ്മിണിയുടെ ദുരൂഹത!

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

നാട്ടിലെ പ്രമാണിയായ ഗോപാലേട്ടന്റെ വീട്ടിൽ കല്യാണത്തിന് പോയി വരുന്ന വഴിക്കാണ് തന്റെ വീടിന്റെ വേലിക്കെട്ടിനരികിൽ നിന്നും എക്സൈസുകാർ വാറ്റുചാരായം പൊക്കിയ വിവരം അമ്മിണി അറിയുന്നത്….. വീട്ടിലേക്ക് പോയാൽ എക്സൈസുകാർ പൊക്കും എന്ന് അറിയാവുന്ന അമ്മിണി നിന്ന നിൽപ്പിൽ അവിടെ നിന്നും മുങ്ങി.. ഏതായാലും സംഗതി നാട്ടിൽ പാട്ടായി… അമ്മിണിയെ ഗോപാലേട്ടൻ കല്യാണത്തിന് വിളിച്ചതിൽ എന്തോ ദുരൂഹതയില്ലേ എന്ന് ഗോപാലേട്ടന്റെ ശത്രുക്കളിൽ ആരോ ഒരു നൂലിട്ടു…

അത് നാട്ടിലെ പരദൂഷണ വിദഗ്ദരായ കല്യാണിയും കൂട്ടരും ഏറ്റെടുത്തു.. പിന്നീടുള്ള ചർച്ച അമ്മിണിയും ഗോപാലേട്ടനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആയി.. അമ്മിണി ഗോപാലേട്ടന്റെ വീട്ടിലെ കല്യാണത്തിന് വാറ്റുചാരായം സപ്ലൈ ചെയ്യാൻ വേണ്ടിയാണ് പോയത് ഗോപാലേട്ടനും അമ്മിണിയും തമ്മിൽ ഡിങ്കോൾഫി ഉണ്ട് തുടങ്ങി അവിടുന്നങ്ങോട്ട് കഥകളുടെ പ്രളയമായിരുന്നു… ഈ ഗോപാലേട്ടൻ അത്രക്ക് നല്ല മനുഷ്യൻ ഒന്നുമല്ലാത്തതുകൊണ്ടും..

മൂപ്പര് അത്യാവശ്യം തരക്കേടില്ലാത്ത പ്രമാണി ആയതുകൊണ്ടും ശത്രുക്കൾക്ക് നാട്ടിൽ വല്യ പഞ്ഞം ഇല്ലാത്തോണ്ടും കഥകൾക്ക് നല്ല മൈലേജ് കിട്ടുകയും ചെയ്തു… ഇതിനിടക്ക് ഗോപാലേട്ടന്റെ വീട്ടിലെ കല്യാണത്തിനെടുത്ത വീഡിയോ എങ്ങനെയൊക്കെയോ ലീക്കായി.. അതിൽ അമ്മിണിയോടൊപ്പം നിന്നവർ ഇരുന്നവർ ഭക്ഷണം കഴിച്ചവർ അമ്മിണിയെ നോക്കിയവർ അമ്മിണിയോട് ചിരിച്ചവർ തുടങ്ങി എല്ലാവരെക്കുറിച്ചും കഥകൾ ഇറങ്ങി… അവർക്കെല്ലാം പിടിച്ചെടുത്ത ചാരായത്തിൽ പങ്കുണ്ടോ എന്നുള്ള അഭ്യൂഹങ്ങൾ പരന്നു.. ഇതൊന്നും കൂടാതെ അമ്മിണിയുടെ കവിളിലെ കാക്കാപ്പുള്ളി ബ്രെസിയറിന്റെ അളവ് ഓളെ വീടിന്റെ അയയിൽ ആറിയിടാറുള്ള ജെട്ടികളുടെ നിറം അതിൽ തുളയുള്ളത് എത്ര തുള ഇല്ലാത്തത് എത്ര നരച്ചത് എത്ര നരക്കാത്തത് എത്ര എന്നൊക്കെയുള്ള കണക്കുകളും അളവുകളും ഒക്കെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു….

അമ്മിണിയുടെ വീട്ടിൽ ഡെയ്‌ലി പുട്ടാണ് ഉണ്ടാക്കാറ് പുട്ടും കടലക്കറിയും ആണ്‌ അമ്മിണിയുടെ ഇഷ്ടവിഭവം വീടിനകത്ത് രണ്ട് കക്കൂസും പുറത്ത് ഒരു കക്കൂസും ഉണ്ട് തുടങ്ങി ചർച്ച ചെയ്യാനുള്ള വിഷയങ്ങൾക്ക് പരിധികൾ ഇല്ലായിരുന്നു പക്ഷേ അമ്മിണി തന്നെയാണോ പിടികൂടിയ വാറ്റുചാരായം അവിടെ കൊണ്ടുപോയി വച്ചത് എന്നുള്ള കാര്യത്തിൽ അപ്പോഴും വലിയ വ്യക്തതയൊന്നും ഇപ്പറഞ്ഞ ആർക്കും ഇല്ലായിരുന്നു എന്നുള്ളതായിരുന്നു മറ്റൊരു യാഥാർഥ്യം… ഇനി അമ്മിണി തന്നെ ആണെങ്കിൽ അവൾ ഒറ്റയ്ക്ക് വാറ്റിയതാണോ വേറെ ആരെങ്കിലും വാറ്റി അവളെ ഏല്പിച്ചതാണോ എന്നൊന്നും അന്വേഷിക്കാൻ ആർക്കും വല്യ താല്പര്യവും ഇല്ലായിരുന്നു… കല്യാണിക്കും കൂട്ടർക്കും അന്തിചർച്ച നടത്താനും കുളക്കടവിലെ അലക്കും കുളിയും ആഘോഷമാക്കാനും നല്ലൊരു ഇരയെ വേണമായിരുന്നു… ഒപ്പം ഗോപാലേട്ടനിട്ടൊരു കൊട്ടും കൊടുക്കണം.. അതിന് അത്യാവശ്യം ഇറച്ചിയുള്ള അമ്മിണി ധാരാളമായിരുന്നു താനും… Nb:- മേല്പറഞ്ഞ കഥയും നിലവിൽ നടക്കുന്ന കാര്യങ്ങളും തമ്മിൽ വല്ല യാദൃശ്ചികതയും തോന്നിയാൽ അത് തീർത്തും യാഥാർഥ്യം മാത്രമാണെന്ന് അറിയിക്കുന്നു…

കടപ്പാട്

 4,686 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo