ഗാൽവൻ താഴ്‌വരയിൽ നിന്നുള്ള സൈനിക പിന്മാറ്റം; റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് സാറ്റലൈറ്റ് ചിത്രങ്ങൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ഗാൽവൻ താഴ്‌വരയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് സാറ്റലൈറ്റ് ചിത്രങ്ങൾ. ജൂലായ് 6ന് ചിത്രീകരിച്ച ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂൺ 15ന് ചൈനീസ് സൈന്യം ഉണ്ടായിരുന്ന ഇടത്തു നിന്ന് ഏതാണ്ട് ഒരു കിലോമീറ്ററോളം ഇവർ പിന്മാറിയതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. വിവിധ ദേശീയ മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിട്ടിട്ടുണ്ട്.

ട്രോൾ പോയിൻ്റ് 14നരികെ പീപ്പിൾ ലിബറേഷൻ ആർമി സ്ഥാപിച്ചിരുന്ന ടെൻ്റുകളും വാഹനങ്ങളും മറ്റും ഇപ്പോൾ അവിടെ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ഗാൽവൻ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന തകർന്ന റോഡുകൾ ഇവർ ശരിപ്പെടുത്തി എന്നതും ചിത്രങ്ങളിൽ കാണാം. സ്പേസ് കമ്പനിയായ മാക്സർ ടെക്നോളജീസിൻ്റെ വേൾഡ്‌വ്യൂ 3 സാറ്റലൈറ്റ് ആണ് ചിത്രങ്ങൾ പകർത്തിയത്.

ഇന്ത്യൻ സൈനികരെ ആക്രമിച്ച ഗാൽവാൻ മേഖലയിൽ നിന്നടക്കം രണ്ട് കിലോമീറ്റർ വരെ ചില മേഖലകളിൽ ചൈനീസ് സൈന്യം പിന്മാറ്റം നടത്തി എന്നാണ് നേരത്തെ റിപ്പോർട്ട് വന്നിരുന്നത്. അതിർത്തിയിൽ ചൈനീസ് സേന വാഗ്ദാനം ചെയ്തത് പോലെ പിന്മാറ്റം സമയബന്ധിതമായി നടപ്പാക്കാൻ ശ്രമം നടത്താത്തതിനെതിരെ ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെ അമർഷം അറിയിച്ചിരുന്നു. ഇതേതുടർന്നാണ് സൈനിക പിന്മാറ്റം.

ജൂൺ 16ന് ഉണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ 20 സൈനികരാണ് മരിച്ചത്. സംഘർഷം ഉണ്ടായത് ഗാൽവൻ താഴ് വരയിൽവച്ചായിരുന്നെന്നും കരസേന പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും അതിർത്തിയിൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ജൂൺ 30ന് ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ സമാധാനം പുനസ്ഥാപിക്കാൻ ധാരണയായിരുന്നു.

 1,123 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo