ബോട്‌സ്വാനയിൽ 400ഓളം കാട്ടാനകൾ ചെരിഞ്ഞു; കാരണം ദുരൂഹമായി തുടരുന്നു

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ആഫ്രിക്കയിലെ ബോട്‌സ്വാനയിൽ രണ്ട് മാസത്തിനിടെ ചെരിഞ്ഞത് 400ൽ അധികം ആനകൾ. മെയിലാണ് ആദ്യമായി ഇത്തരത്തില്‍ ചെരിഞ്ഞ ആനയെ ഗവേഷകർ കണ്ടെത്തിയത്. സാറ്റ്‌ലൈറ്റ് ട്രാക്കറിൽ ആന അനങ്ങുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ആന ചെരിഞ്ഞ വിവരം ഗവേഷകർ മനസിലാക്കിയത്.

എന്നാൽ ചെരിഞ്ഞ ആനകളുടെ മരണത്തിൽ യാതൊരു അസ്വാഭാവികതയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. വേട്ടക്കിടെയല്ല ആനകൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊമ്പുകളും ആനകൾക്ക് നഷ്ടപ്പെട്ടിരുന്നില്ല. നാഡികളെ ബാധിക്കുന്ന വിഷം അകത്ത് ചെന്നാണോ ആനകൾ ചെരിയുന്നതെന്നും സംശയമുണ്ട്.

ചെരിഞ്ഞ ആനകളെ എല്ലാം കണ്ടെത്തിയത് പ്രകൃതിദത്തമായ വെള്ളക്കുഴികൾക്ക് അടുത്താണ്. പെട്ടെന്നുള്ള മരണത്തെ തുടർന്ന് മുഖമടിച്ച് വീണ നിലയിലാണ് ജഡങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വിചിത്രമായ ഈ സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ വരൾച്ച കാരണമാണ് ആനകൾ ചെരിഞ്ഞതെന്ന് പറയാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. എന്തെങ്കിലും രോഗം മൂലമായിരിക്കാം ഈ മരണങ്ങളെന്നും മനുഷ്യരിലേക്ക് രോഗം പടരാനും സാധ്യതയുണ്ടായേക്കാമെന്നും വിദഗ്ധർ പറഞ്ഞു.

ആനകളുടെ ജഡത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിക്കാൻ ആഴ്ചകൾ എടുക്കുമെന്നുമെന്ന് ബോട്‌സ്വാന സർക്കാർ. ചില മൃതദേഹങ്ങൾ ഒരു മാസത്തിലധികം പഴക്കം ഉണ്ടെങ്കിലും മിക്ക ജഡങ്ങൾക്കും രണ്ട് ആഴ്ച മുതൽ ഒരു ദിവസം വരെ പ്രായമുള്ളൂവെന്നാണ് വിവരം. എന്നാൽ കുട്ടിയാനകളെ ഒന്നും ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിട്ടില്ല.

പരിസ്ഥിതി സംരക്ഷണ സംഘടനകൾ രാജ്യത്തെ സർക്കാരിന്റെ വൈകി വന്ന പ്രതികരണത്തെ ചോദ്യം ചെയ്തു. കൂടാതെ ജഡങ്ങളുടെ സാമ്പിൾ പരിശോധന വൈകിയതിനെയും സംഘടനകൾ വിമർശിച്ചു. കാരണം ഇതുവരെ കണ്ടെത്തപ്പെടാത്തതിനാൽ ആനകൾ ചെരിഞ്ഞതിലെ ദുരൂഹത തുടരുകയാണ്.

 195 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo