കോടികൾ ചെലവിട്ട്‌ പിആർ സംഘം;പ്രതിപക്ഷ നേതാവിന്റെ പ്രതിഛായ നിര്‍മിതി

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

പ്രതിപക്ഷ നേതാവിന്റെ പ്രതിഛായ “നന്നാക്കാനും’ സർക്കാർ വിരുദ്ധ വാർത്താ നിർമിതിക്കും കോടികൾ ചെലവിട്ട്‌ പിആർ ഏജൻസി. തിരുവനന്തപുരവും കൊച്ചിയും കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനം. തിരുവനന്തപുരത്ത്‌ ജവഹർ നഗറില്‍ ഓൺലൈൻ പോർട്ടലും സോഷ്യൽ മീഡിയ സംവിധാനവും ഒരുക്കി. മുൻ മാധ്യമപ്രവർത്തകന്റെ മേൽനോട്ടത്തിലുള്ള പോർട്ടലിന്റെ ചെലവ്‌ വഹിക്കുന്നത്‌ അടുത്തിടെ ഗൾഫിൽ കേസിൽപ്പെട്ട ബംഗളൂരു സ്വദേശിയായ വ്യവസായി.

രമേശ്‌ ചെന്നിത്തലയുടെ പേഴ്‌സണൽ സ്‌റ്റാഫിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ, ഒരു ദേശീയ പത്രത്തിന്റെ രണ്ട്‌ സീനിയർ റിപ്പോർട്ടർമാർ, പ്രമുഖ ടിവി ചാനലിലെ പ്രധാനി, ഐടി വിദഗ്‌ധനായും രാഷ്‌ട്രീയ നിരീക്ഷകനായും ചാനൽ ചർച്ചകളിൽ പ്രത്യക്ഷപ്പെടുന്ന ചെറുകിട ഐടി കമ്പനി ഉടമ, ഗൾഫ്‌ പത്രത്തിന്റെ കേരള ലേഖകൻ തുടങ്ങിയവരാണ്‌ സംഘത്തിലുള്ളത്‌. ചാനലുകളിലെയും മറ്റ്‌ മാധ്യമങ്ങളിലെയും ചില റിപ്പോർട്ടർമാരും കണ്ണികളാണ്‌. അനാവശ്യ വിവാദമുയർത്തി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുകയാണ്‌ സംഘത്തിന്റെ മറ്റൊരു ലക്ഷ്യം. സംഘവുമായി ബന്ധമുള്ള കമ്പനികൾക്ക്‌ അവസരം കിട്ടാതെ വരുമ്പോഴാണിത്‌.

ജവഹർ നഗറിൽ ഇരുനില ബംഗ്ലാവിലാണ്‌ സർവ സന്നാഹങ്ങളുമായി പിആർ ടീം പ്രവർത്തിക്കുന്നത്‌. പ്രതിമാസ വാടക ഒന്നര ലക്ഷം രൂപ‌. ഇരുപതോളം പേർ രാപ്പകൽ പ്രവർത്തിക്കുന്നു. വൻ തുക ശമ്പളം നൽകുന്നു‌. പ്രതിമാസ ചെലവ്‌ ലക്ഷങ്ങൾ. കൊച്ചിയിലെ ഏജൻസിക്ക്‌ പ്രതിമാസം രണ്ട്‌ കോടിയാണ്‌ നൽകുന്നത്‌. അടുത്തിടെ പ്രതിപക്ഷ നേതാവിനെ ‘ട്രോൾ’ ചെയ്‌ത്‌ ആഘോഷമാക്കിയ ‘ഉസ്‌മാൻ’ഫോൺവിളി വീഡിയോയ്‌ക്ക്‌ പിന്നിൽ കൊച്ചിയിലെ പിആർ ഏജൻസിയായിരുന്നു.

ഫോൺവിളിയിലെ കാപട്യം വെളിച്ചത്തായപ്പോൾ അതിന്റെ ക്ഷീണം തീർക്കാനും ഇതേ ഏജൻസി രംഗത്തുവന്നു. ഒരു  ഇംഗ്ലീഷ്‌ ദിനപത്രത്തിന്റെ ആലപ്പുഴ ലേഖകനാണ്‌ കൊച്ചി ഏജൻസിയുടെ ചുക്കാൻ പിടിക്കുന്നത്‌. ഇതേ പത്രത്തിന്റെ തലസ്ഥാനത്തെ മുതിർന്ന റിപ്പോർട്ടർ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ നിത്യസന്ദർശകനാണ്‌.

തിരുവനന്തപുരത്തെ ഓൺലൈൻ പോർട്ടലിന്റെ  ഓഫീസിൽ തയ്യാറാക്കുന്ന വാർത്തകൾ മാധ്യമങ്ങൾക്ക്‌ മാറിമാറി നൽകും. ചാനലുകളിൽ രാത്രിയിലെ പാനൽ ചർച്ചയ്‌ക്ക്‌  ഈ സംഘത്തിലുള്ളവരെ പതിവായി അണിനിരത്താനുള്ള അണിയറ പ്രവര്‍ത്തനവുമുണ്ട്. ചർച്ചയിൽ സർക്കാരിനെ പ്രതിനിധീകരിച്ച്‌ വരുന്നവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, വിഷയത്തിന്റെ പരിധി വിട്ട്‌ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അധിക്ഷേപം ചൊരിയുക എന്നിവയാണ്‌  ഇവരെ പിആർ ഏജൻസി ഏൽപ്പിക്കുന്ന ദൗത്യം.

 768 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo