രോ​ഗവ്യാപനം അതിതീവ്രം; മരണം 10000 കടക്കും; ഭയന്നുവിറച്ച്‌ നഗരങ്ങൾ

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

അടച്ചിടല്‍ നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തിയതോടെ ഡൽഹിയും ചെന്നൈയും മുംബൈയുമടക്കം രാജ്യത്തെ നഗരമേഖലകളിൽ ഭീതിജനകമായ കോവിഡ്‌ വ്യാപനം.

ഉത്തരാഖണ്ഡ്‌, ലഡാക്ക്‌, അസം, ത്രിപുര തുടങ്ങി പുതിയ മേഖലകളിലേക്കും രോഗം പടര്‍ന്നു. അടച്ചിടൽ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കേന്ദ്രത്തിനും ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും യോജിപ്പില്ല. ചെന്നൈ അടക്കം നാല്‌ ജില്ലകൾ തമിഴ്‌നാട്‌ വീണ്ടും അടച്ചിടും. ഡൽഹി, മഹാരാഷ്ട്ര, ​ഗുജറാത്ത് മുഖ്യമന്ത്രിമാര്‍ അടച്ചിടൽ പുനഃസ്ഥാപിക്കേണ്ട എന്ന നിലപാടിലാണ്‌.

മുന്നിൽ ഡൽഹി
പ്രതിദിനം കൂടുതല്‍ രോ​ഗികളെ കണ്ടെത്തുന്ന ലോകത്തെ ആദ്യ 10 നഗരത്തിൽ ഡൽഹിയും ചെന്നൈയും മുംബൈയും.  രോ​ഗികളുടെ വർധനയിൽ ഡൽഹിയാണ്‌ മുന്നിൽ. നാല്‌ ദിവസമായി ഡല്‍ഹിയില്‍ പ്രതിദിന രോ​ഗികള്‍ രണ്ടായിരത്തിലേറെ. നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ ജൂൺ ഒന്നിനുശേഷം രോ​ഗികളുടെ എണ്ണത്തില്‍ 98 ശതമാനം വർധന. മരണം ഇരട്ടിയിലേറെ. രോ​ഗികള്‍ 43,000 ത്തോടടുത്തപ്പോൾ മരണം 1400ലേക്ക്. മഹാരാഷ്ട്രയിലെ ആകെ രോ​ഗികളില്‍ 55 ശതമാനവുള്ള മുംബൈയില്‍ മരണം 2200 കടന്നു, രോ​ഗികള്‍ അറുപതിനായിരത്തിലേക്ക്. തമിഴ്‌നാട്ടിലെ രോ​ഗികളില്‍ 71.42 ശതമാനവുമുള്ള ചെന്നൈയില്‍ മരണം 350ലേറെ, രോ​ഗികള്‍ 33,000 കടന്നു.

10 ദിവസത്തിനിടെ വന്‍കുതിപ്പ്
മഹാനഗരങ്ങൾക്കു പുറമെ മറ്റ്‌ നഗരങ്ങളിലും രോ​ഗം വ്യാപിക്കുന്നു. ഗുഡ്ഗാവ്, ഫരീദാബാദ്, വഡോദര, സൊലാപുർ, ഗുവാഹത്തി തുടങ്ങി 15 നഗരത്തിൽ 10 ദിവസത്തിനിടെ  രോ​ഗത്തില്‍ 40–- -50 ശതമാനം വർധന. ഗുവാഹത്തിയില്‍ രോ​ഗികളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്തത് പത്തുദിവസത്തിനിടെ. വഡോദരയിൽ പ്രതിദിന രോഗികൾ അമ്പതായി. ഗുഡ്ഗാവിൽ 10 ദിവസത്തിനിടെ രോ​ഗികളില്‍ 63 ശതമാനം വര്‍ധന. അടച്ചിടലിൽ ഇളവ്‌ വരുത്തിയതിനെത്തുടർന്ന്‌ ഗോവയിൽ രോഗികളുടെ എണ്ണം 672 ശതമാനമുയർന്നു. ജാർഖണ്ഡിൽ 164 ശതമാനവും ത്രിപുരയിൽ 155 ശതമാനവും അസമിൽ 177 ശതമാനവും ഹരിയാനയിൽ 206 ശതമാനവും ഉത്തരാഖണ്ഡിൽ 90 ശതമാനവും രോഗികൾ വർധിച്ചു. ലഡാക്കിൽ ജൂൺ ഒന്നിന്‌ 77 രോഗികളായിരുന്നത്‌ ഇപ്പോള്‍ 555 ആയി.

മരണം 10000 കടക്കും
ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ മരണം പതിനായിരത്തോടടുത്തു. ആകെ രോ​ഗികള്‍ 3.44 ലക്ഷം കടന്നു. കോവിഡ്‌ മരണങ്ങളുടെ ആഗോള പട്ടികയിൽ ബെല്‍ജിയത്തെ മറികടന്ന് ഇന്ത്യ എട്ടാമതായി. ഇതോടെ രോഗികളില്‍ അമേരിക്കയ്ക്കും ബ്രസീലിനും റഷ്യക്കും പിന്നിൽ നാലാമതാണ്‌ ഇന്ത്യ. മരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നില്‍ അമേരിക്ക‌, ബ്രസീൽ, യുകെ, സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്‌, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍‌മാത്രം.

 434 കാഴ്ച

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo