ഒരു ബാല കവയത്രിയുടെ ഓർമകൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

സെറിബ്രൽ പാർസിയിൽ നിന്നും വന്ന പൂത്തുലഞ്ഞ കവിതകൾ …

കൊല്ലംകലയ്ക്കോട്ഗവ.യു.പി.എസിൽ ഹെഡ് മാസ്റ്ററായി ജോലി ചെയ്യുന്ന കാലം. ഏകദേശം 2005-ൽ . ഒരു ദിവസം രാവിലെ 9 മണിയ്ക്ക് സ്കൂളിനു മുന്നിലെ ഗേറ്റിൽ ഞാൻ നിൽക്കുമ്പോൾ എതിർ വശത്തെ റോഡിൽ നിന്നും വലത്തെ റോഡിലേക്ക് നടന്നു പോകാൻ കഴിയാത്ത ഒരു പെൺകുട്ടിയെ തോളിലേറ്റി ബാഗും ചുമന്നു – ഒരമ്മ നടന്നു പോകുന്ന കാഴ്ചയാണ് കണ്ടത്. അന്വേഷണത്തിൽ അടുത്ത സ്വകാര്യ സ്കൂളിലേയ്ക്ക് പഠിക്കാൻ കൊണ്ടുപോവുകയാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു .പിന്നീട് ഓരോ ദിവസവു മാതാവും പിതാവും മാറി മാറി തോളിലേറ്റി നടന്നു പോകുന്ന കാഴ്ച കാണുവാനിടയായി. ഒരു ദിവസം ഞാൻ ആ കുട്ടിയുടെ പിതാവിനെ വിളിച്ചു പറഞ്ഞു. ഈ കുട്ടിയെ സർക്കാർ സ്ക്കൂളിൽ ചേർക്കാമെങ്കിൽ നിങ്ങൾക്ക് പല ആനുകൂല്യങ്ങളുംകിട്ടും. അധ്യാപകൻ പോലും വീട്ടിൽ വന്നു പഠിപ്പിക്കും. ഏതാനുംദിവസം കഴിഞ്ഞപ്പോൾ അവർ കുട്ടിയെ സ്കൂളിൽ കൊണ്ടുവന്നു ചേർത്തു. ഏഴാം മാസത്തിൽ പ്രസവിച്ച ഈ കുട്ടി സെറിബ്രൽ പാർസി എന്ന രോഗത്തിനടിമയാണ്. അസ്ഥിക്ക് ബലം കൂടുന്നതാണ് കുട്ടിയുടെ രോഗം. നിൽക്കാനാവില്ല. നടക്കാനാവില്ല. സംസാരിക്കാൻ നാവ് വഴങ്ങില്ല. എന്തിനും അന്യരുടെ സഹായം വേണം. പക്ഷെ കുട്ടിക്ക് അത്ഭുതകരമായ ഒരു കഴിവുണ്ടായി. കവിത എഴുതാനുള്ള കഴിവ്. കവിത വരുമ്പോൾ കുട്ടി അമ്മയെ വിളിക്കും’അമ്മെ കവിത വരുന്നു ‘.അമ്മ ശുഭ പേനയും നോട്ടുബുക്കുമായി ഓടിയെത്തും. കുട്ടിയുടെ നാവിൻ തുമ്പിൽ വരുന്ന കവിത കുട്ടി പറഞ്ഞു കൊടുക്കും. അമ്മ അതെഴുതും. കുറഞ്ഞതു ഏഴെട്ടു കവിത ദിവസം പറഞ്ഞു കൊടുക്കും. ഇതിനകം അഞ്ഞൂറിൽപ്പരം കവിത എഴുതിക്കഴിഞ്ഞു.

കുട്ടിയുടെ കാവ്യരചന നാടാകെ പെട്ടെന്ന് പടർന്നു പിടിച്ചു. അതോടെ കുട്ടി അറിയപ്പെടുന്ന കവയത്രിയായി മാറി. അജി എസ്. കലക്കാട് ‘എന്ന പേരിൽ അജീഷയെക്കുറിച്ചുള്ള വാർത്ത അച്ചടി ദൃശ്യ മാധ്യമങ്ങളിൽ ചെന്നെത്തി. കേരളത്തിലെ പ്രധാനഅച്ചടി,ദൃശ്യമാധ്യമങ്ങൾ അജിഷയെക്കുറിച്ചുള്ളവാർത്തകൾ മത്സരിച്ചുകൊടുക്കാൻ തുടങ്ങി. നാട്ടിലെ കലാസാഹിത്യ സാംസ്ക്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടിക്ക് സ്വീകരണവും പുരസ്ക്കാരവും കൊടുത്തു തുടങ്ങി. ഇതിനിടയിൽ അറുപതോളം കവിതകളുടെ സമാഹാരം ‘പൂവായ് വിരിഞ്ഞു’ എന്ന പുസ്തകം പുറത്തിറങ്ങി (2006)ൽ.

മാതാപിതാക്കളും അധ്യാപകരും കൂട്ടുകാരും ആവേശഭരിതരായി- ആഹ്ലാദചിത്തരായി. 2010 ൽ സ്കൂളിലെ കൂട്ടുകാർ അജിഷയുടെ രണ്ടാമത്തെ പുസ്തകം പ്ര ദ്ധീകരിക്കാൻ തീരുമാനിച്ചു. അതിന് വേണ്ടി കൂട്ടുകാർ ഒരു പബ്ളിക്കേഷൻ തന്നെ ആരംഭിച്ച്‌.’വിദ്യാരംഗം കലാ സാഹിത്യ വേദി ബുക്സ് ആന്റ് പബ്ളിഷേർസ് ഗവ.യു.പി.എസ്. കലക്കോട്’ എന്ന സ്ഥാപനം. അതിലൂടെ 46 കവിതകളുടെ സമാഹാരം’ സൂര്യനെപ്പോൽ ഞാനുദിച്ചോട്ടെ’ എന്ന കൃതി പുറത്തിറങ്ങി. പുസ്തകത്തിന് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും. മലയാളത്തിന്റെ പ്രീയ കവി ശ്രീകുമാരൻ തമ്പിയായിരുന്നു. അവതാരികയിൽ അജീഷയെക്കുറിച്ചു അദ്ദേഹം ഇങ്ങനെ എഴുതി.” അജിഷയുടെ പൂവായ് വിരിഞ്ഞു” എന്ന കവിതാ സമാഹാരമാണ് ഞാനാദ്യം വായിച്ചത്. കവിതയുടെ തെളിമയെക്കാളും എന്നെ ആകർഷിച്ചത് ഇളംപ്രായത്തിൽ ഈ കുട്ടി നേടിയിരിക്കുന്ന മാനസികമായ പക്വതയാണ്. കവിത സ്വയം പൊട്ടിയൊഴുക്കുന്ന കാട്ടരുവിപോലെയാണ്. അരുവിയുടെ ഗതി നിയന്ത്രിക്കാനോ അതിൽ അതിന്റേതല്ലാത്ത ജലം ചേർത്തു വ്യാപ്തം കൂട്ടാനോ നമുക്കധികാരമില്ല. എന്റെ കവിതയിലൂടെ ഞാൻ പാടുന്നത്’ ദേവരാഗങ്ങളുടെ ആത്മരാഗം ‘ എന്ന് ഓർമ തൻ രാഗം എന്ന കവിതയിൽ അജിഷപറയുന്നു. ദുഃഖത്തിൽ നിന്നാണ് കവിത ജനിക്കുന്നത്. അതു് കൊണ്ടാണ്’ ‘ശാശ്വതമൊന്നേ ദുഃഖം ‘എന്ന് മഹാകവി ജി. പാടിയത്. അജിഷയുടെ കവിതകളുടെ അടിസ്ഥാന ഭാവവും’ ദുഃഖം’ തന്നെയാണ്. ശരീരം വിധിയുടെ തടവറയിലാണെങ്കിലും അജിഷയുടെ ബോധം ആകാശത്ത് യഥേഷ്ടം പാടിപ്പറക്കുന്ന പക്ഷിയാണ്. ആത്മീയമായ ഈ സ്വാതന്ത്ര്യം തന്നെയാണ് ഒരു കവിയുടെ ഏറ്റവും വലിയ സമ്പത്ത്. ‘ഒന്നു വീണു പൊട്ടിയാൽ ഭൂമിക്ക്ഭാരമായികിടക്കുമോ ഞാൻ’ എന്ന് സംശയിച്ചിട്ട് എന്നിലെ ശ്രുതി കേട്ട് ദൈവങ്ങൾ പോലും താളം പിടിക്കുമൊരു കാലം വരും’ എന്ന ആത്മവിശ്വാസം എടുക്കുന്ന ഈ കുട്ടിയുടെ കവിതകളിൽ പ്രപഞ്ച ശക്തിയുടെ കൈയ്യൊപ്പ് വീണിട്ടുണ്ടു.ആ സത്യം മനസ്സിലാക്കിയതു് കൊണ്ടു് ഈ സമാഹാരത്തിലെ കവിതകൾ ഒരു വൈയാകരണന്റെ അഹങ്കാരത്തോടെ. ഞാൻ പരിശോധിക്കുകയുണ്ടായില്ല. ഒരു പൂവ് സ്വയം വിരിയുന്നു ഒരു പുഴ സ്വയം ഒഴുകുന്നു. ഇളം കാറ്റ് തന്നെ കൊടുംങ്കാറ്റായി മാറുന്നു. കൊടുങ്കാറ്റ് അടങ്ങി വീണ്ടു ഇളം കാറ്റായൊഴുകുന്നു. കൃതിയുടെ ഈ മാറ്റങ്ങൾ ഈ കൊച്ച് കവയത്രിയുടെ കവിതകളിലും നിങ്ങൾക്ക് കാണാം. ഈ ചെറുപ്രായത്തിൽ തന്നെ അനവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞിരിക്കുന്നു. അജീഷയെ ഞാനും അനുഗ്രഹിക്കുന്നു. ആത്മരാഗത്തിന്റെ ആലാപനം ആസ്വദിക്കാൻ ഞാൻ മലയാളത്തെ സ്നേഹിക്കുന്ന സുമനസ്സുകളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. എന്ന് ശ്രീകുമാരൻ തമ്പി , ഒപ്പ്, 22.09.2009.” ഒരിക്കൽ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം സ്വന്തം കൈപ്പടയിലെഴുതി. അജിഷയ്ക്കൊരു അനുമോദന കത്ത് അയച്ചിരുന്നു. 2007 ലെ ദേശീയ പുരസ്ക്കാരം സോണിയാ ഗാന്ധിയിൽ നിന്നും അജിഷ ഏറ്റു വാങ്ങുകയുണ്ടായി അജീഷ ഇപ്പോഴും കവിത എഴുത്തു തുടരുന്നു. കൊല്ലം ചാത്തനൂർ എസ് എൻ കോളേജിൽ നിന്നും ഡിഗ്രിപഠനം പൂർത്തിയാക്കി. കലയ്ക്കോട് സ്കൂളിന് എതിർവശത്താണ് താമസം.

Sreeni Pattathanam

 381 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo