ബംഗാളില്‍ അഴുകിയ മൃതദേഹം രഹസ്യമായി അടക്കം ചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞു കോവിഡ് രോഗികളുടേതെന്ന് സംശയം

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

കൊല്‍ക്കത്തയില്‍ ചീഞ്ഞഴുകിയ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യാന്‍ കൊണ്ടുവന്നത് കൊറോണ മൂലം മരണമടഞ്ഞവരുടേതാണെന്ന സംശയത്തില്‍  നാട്ടുകാര്‍ സംഘടിതമായി തടഞ്ഞു. എതിര്‍പ്പ് രൂക്ഷമായതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ മടക്കി കൊണ്ടുപോയി. ദക്ഷിണ കൊല്‍ക്കത്തയില്‍ ഗരിയ  ആദി ശ്മശാനത്തിലാണ്  മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കാതെ തിരികെ അയച്ചത്. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാഹനത്തില്‍ 14 മൃതദേഹങ്ങള്‍ ആണ് ഒരുമിച്ച് സംസ്‌കരിക്കാന്‍ കൊണ്ടുവന്നത്. കൊറോണ  മൃതദേഹങ്ങള്‍ പൊതിയുന്ന പോലെ പൊതിഞ്ഞിരുന്ന മൃതദേഹങ്ങള്‍  വാഹനത്തില്‍ നിന്നും  ഇറക്കിയപ്പോള്‍ ചീഞ്ഞ് അഴുകിയ ദുര്‍ഗന്ധം സമീപ പ്രദേശങ്ങളിലൊട്ടാകെ പടര്‍ന്നു.

  ദുര്‍ഗന്ധം രൂക്ഷമായതിനെ  തുടര്‍ന്ന് ആളുകള്‍  ഒത്തുകൂടി ബഹളം ഉണ്ടാക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ശ്മശാനത്തിനുള്ളിലേക്ക് കടത്തുന്നത് തടഞ്ഞുകൊണ്ട് ഗേറ്റ് പൂട്ടിയിട്ടു.   വാര്‍ത്ത പരന്നതോടെ കൂടുതല്‍ പേര്‍ സ്ഥലത്തെത്തുകയും എതിര്‍പ്പ്  രൂക്ഷമാകുകയുമായിരുന്നു. കൊറോണ മൂലം മരിച്ചവരുടെ മൃതദേഹങ്ങളാണ് മാനദണ്ഡം ലംഘിച്ച് കൂട്ടത്തോടെ സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്നതെന്നും ഇത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ അടക്കം ചെയ്യുന്നതായുള്ള  വാര്‍ത്ത നിലനില്‍ക്കെയാണ് ബഡാലില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്  വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.

കൊറോണ മൂലം മരിച്ചവരുടെ, അവകാശികളില്ലാതെ ആശുപത്രികളില്‍ കൂടിക്കിടന്ന മൃതദേഹമാണ് ബഡാലില്‍ സംസ്‌ക്കരിക്കാന്‍ കൊണ്ടുപോയതെന്ന് കോര്‍പ്പറേഷന്‍ അധികൃതരും പൊലീസും അറിയിച്ചു. എന്നാല്‍ ജനങ്ങള്‍ അത് വിശാസത്തിലെടുത്തില്ല. എങ്ങനെ മരിച്ചവരായാലും മൃതദേഹത്തോട് വലിയ അനാദരവാണ് കാട്ടിയതെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍ങ്കര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരും  കോര്‍പ്പറേഷനും  പ്രതികൂട്ടിലായിരിക്കുകയാണ്‌

 760 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo