മെഡിക്കൽ കോളേജ് ആശുപത്രിയെ നടുക്കി, കോവിഡ് വാർഡിൽ ഒറ്റ ദിവസം രണ്ടുപേരുടെ ആത്മഹത്യ. കടുത്ത മദ്യപാനാസക്തിയുള്ള രണ്ടുപേരാണ് മരിച്ചത്. ബുധനാഴ്ച പകൽ മരിച്ച ഉണ്ണി മദ്യം ലഭിക്കാതെ വന്നപ്പോൾ ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയിരുന്നു. പിന്നീട് തിരിച്ചെത്തിച്ച ഇയാൾക്ക് വിദഗ്ധർ കൗൺസലിങ് നൽകി. അപസ്മാരമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനുമുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നേഴ്സ് മുറിയിലെത്തിയപ്പോഴാണ് ഉണ്ണിയെ തൂങ്ങിയ നിലയിൽ കണ്ടത്. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താൻ ചൊവ്വാഴ്ചതന്നെ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ജോലിചെയ്തിരുന്ന മുരുകേശൻ ചൊവ്വാഴ്ച വൈകിട്ടോടെയാണ് നെടുമങ്ങാട്ടെ വീട്ടിലെത്തിയത്. അർധരാത്രിയോടെ നാട്ടുകാർ ബലമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ഇയാൾ. വിഭ്രാന്തിയുടെ ലക്ഷണങ്ങൾ കാണിച്ചതിനാൽ കർശന നിരീക്ഷണത്തിലുമായിരുന്നു. സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരുംമുമ്പേയാണ് ആത്മഹത്യ.മനുഷ്യാവകാശ കമീഷൻ കേസെടുത്തു കോവിഡ് വാർഡിൽ രോഗി തൂങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് എന്നിവരോട് ആവശ്യപ്പെട്ടു. വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
298 കാഴ്ച