എന്താണ് രക്തശുദ്ധി വാദം?
എ.ഡി. 345ല്‍ ക്നായിതോമായുടെ നേതൃത്വത്തില്‍ ബാഗ്ദാദ്, ജറുസലേം, നിനവേ എന്നിവിടങ്ങളില്‍ നിന്നും 72 സിറിയന്‍ കുടുംബങ്ങളിലെ 400 പേര് കേരളത്തിലെത്തിയെന്നും ഇവരുടെ സന്തതി പരമ്പരകള്‍ ഒരു ഗോത്രമായി ഇന്നും തുടരുന്നുവെന്നും ഉള്ള വിശ്വാസമാണ് കോട്ടയം രൂപതയുടെ രക്തശുദ്ധി വാദത്തിന്റെ അടിസ്ഥാനം. എന്നാല്‍ ഇത് ലോകം തള്ളിയതാണെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ക്നായി തൊമ്മന് കേരളത്തിലെ ഒരു സ്ത്രീയെയാണ് വിവാഹം ചെയ്തത്. മറ്റ് കുടുംബങ്ങളിലെ തലമുറകള്‍ ഏതൊക്കെ വിഭാഗങ്ങളുമായി വിവാഹബന്ധത്തില്‍ ഏര്പ്പെട്ടെന്നത് കണ്ടെത്തുക സാധ്യമല്ല. ചരിത്ര രേഖകള്‍, ശരീരഘടന, ശാസ്ത്രീയ പരിശോധന എന്നിവയും ജീവിത സംസ്കാരവും പരിശോധിച്ചാല്‍ വാദങ്ങള്‍ തെറ്റെന്ന് തെളിയും. രക്തശുദ്ധി വാദത്തിന്റെ ഫലമായി രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം നടക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദത്തിനും ജനിതക വൈകല്യങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് വാദം. കോട്ടയം രൂപതയില്‍ നിന്നും പുറത്താക്കപ്പെടുന്നവര്‍ മറ്റ് രൂപതകളിലെ പള്ളികളില്‍ ചേരാന്‍ നിര്‍ബന്ധിതരാകുന്നു. ഇവിടെ അവര്‍ രണ്ടാം നിരയായി പരിഗണിക്കപ്പെടുന്നു. മഹാഭൂരിപക്ഷം വരുന്ന മറ്റ് രൂപതകളിലുള്ളവര് അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്നതും എതിര്‍ക്കുന്നവര്‍ ചോദ്യം ചെയ്യുന്നു. സഭയില്‍ അയിത്തവും തൊട്ടുകൂടായ്മയും നിലനില്ക്കുന്നതിന്റെ ഉദാഹരണമാണ് രക്തശുദ്ധി വാദം.
മറ്റ് രൂപതകള്‍, സഭകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിവാഹം കഴിക്കുന്നതിന് കോട്ടയം രൂപതയില്‍ വിലക്കുണ്ട്. ഇത് ലംഘിക്കുന്നവരെ പുറത്താക്കുകയാണ് സഭാനേതൃത്വം ചെയ്യുന്നത്.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കീഴില്‍ ആറ് പ്രാദേശിക സഭകളിലായി 29 സുറിയാനി രൂപതകള്‍ ചേര്‍ന്നതാണ് സീറോ മലബാര്‍ സഭ. ഇതില്‍ ഒരു രൂപതയായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക സഭയാണ് കോട്ടയം രൂപത. കത്തോലിക്കാ സഭയിലെ തന്നെ മറ്റ് രൂപതകളില്‍ നിന്നും വിവാഹം ചെയ്യുന്നവരെപ്പോലും കോട്ടയം രൂപത പുറത്താക്കുന്നു. മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികളെ ദത്തെടുക്കുന്നതിനും ഇത് തടസ്സമാകുന്നു. ഇതിനെതിരെ ആദ്യം മുതലേ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സഭാനേതൃത്വം അവഗണിക്കുകയായിരുന്നു. കോടതി വിധിയെ ധിക്കരിച്ചാണ് സഭാനേതൃത്വം ഇപ്പോഴും വിശ്വാസികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നത്. കോട്ടയം രൂപതാംഗമായിരുന്ന ഒരാള്‍ രക്തശുദ്ധി വാദത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സഭാനേതൃത്വത്തിന്റെ വാദങ്ങള്‍ തള്ളി 1991 നവംബറില്‍ കോട്ടയം അഡീഷണല്‍ മുന്‍സിഫ് കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. രക്തപരിശുദ്ധിയുള്ളവര്ക്ക് മാത്രമേ കോട്ടയം രൂപതയില്‍ അംഗമാകാന്‍ സാധിക്കുവെന്ന സഭയുടെ വാദം തള്ളിയ കോടതി സഭയുടെ ആചാരങ്ങള്‍ സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ലെന്നും കാനന്‍ നിയമത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ തുടരുന്നുണ്ടെന്ന് തെളിയിക്കാന്‍ സഭയ്ക്ക് സാധിച്ചില്ല. എന്നാല്‍ കോടതിവിധി അവഗണിച്ചും വിശ്വാസികളുടെ പ്രതിഷേധങ്ങള്‍ വകവെക്കാതെയും രക്തശുദ്ധി വാദം സഭ ഇപ്പോഴും തുടരുകയാണ്.
ഇനിനെതിരെ നിയമപോരാട്ടം നടത്തിയവരും ഉണ്ട്,.കോട്ടയം കിഴക്കേ നട്ടാശ്ശേരി ഇടവകയില്‍ ഒറവണക്കുളത്തില്‍ ബിജു ഉതുപ്പിന്റെ വിവാഹക്കുറി അന്നത്തെ ഇടവക വികാരി ഫാ.ജോര്‍ജ് മഞ്ഞാങ്ങല്‍ നിഷേധിച്ചതോടെയാണ് കേസിന്റെ തുടക്കം. 1989ല്‍ കോട്ടയം മുന്‍സിഫ് കോടതിയില്‍ ബിജു ഉതുപ്പ് കേസ് കൊടുത്തു. ബിജുവിന് ഒരു മാസത്തിനകം കുറി കൊടുക്കാന്‍ വികാരിയോടും രൂപതാ അധ്യക്ഷനോട് നിര്‍ദേശിച്ചുകൊണ്ട് കോടതി 1990 നവംബര്‍ 24ന് വിധി അഭിപ്രായപ്പെടുന്നു ::യുണ്ടായി.
എന്നാല്‍ ഇത് ചോദ്യം ചെയ്ത് 2004ല്‍ രൂപത എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്കി. അപ്പീല്‍ തള്ളിയ കോടതിയാകട്ടെ കീഴ്കോടതിയുടെ വിധി പൂര്‍ണ്ണമായും ശരിവച്ചുകൊണ്ട് 2008 ഡിസംബര്‍ 12ന് ഉത്തരവിറക്കി.
സമൂഹത്തില്‍ നിന്നുള്ള പുറത്താക്കല്‍ (ഭ്രഷ്ട് ) ആണ് ആ വ്യക്തി നേരിടുന്ന ഏറ്റവും വലിയ അപമാനം. സീറോ മലബാര്‍ സഭയിലെ മറ്റൊരു വിഭാഗത്തെ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പക്ഷേ ഈ അവഗണന വളരെ കുറച്ചുമാത്രമേ നേരിടേണ്ടിവരികയുളളൂ. അവള് ഭര്‍തൃവീട്ടുകാരോടും സമൂഹത്തോടും ലയിച്ചുചേരുന്നതോടെ അവഗണന നേരിടാനുള്ള സാഹചര്യം വളരെ കുറവാണ്. എന്നാല്‍, മറ്റു കത്തോലീക്കാ സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുന്ന പുരുഷന്മാരും അവരുടെ ഭാര്യമാരായി എത്തുന്നവരും അനുഭവിക്കുന്ന മാനസീക പീഡനവും അപമാനവും ചെറുതല്ലെന്ന് അത് അനുഭവിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിവാഹം പുരുഷന്റെ ഇടവകപള്ളിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാരമ്പര്യം നിഷേധിക്കപ്പെടുന്നു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള മറ്റേതെങ്കിലും പള്ളിയിലേക്ക് വിവാഹത്തിനായി പേകോണ്ടിവരുന്നു. ഇത് സ്വമനസ്സാലെ പോകുന്നതല്ല, തനിക്ക് മറ്റൊരു കത്തോലിക്കാ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്പര്യമാണെന്നും ഇതിനാല്‍ മറ്റൊരു പളളിയില്‍ വച്ച് വിവഹം നടത്താന്‍ അനുവദിക്കണമെന്നും സഭാ നേതൃത്വത്തിന്റെ അനുമതി പത്രം വാങ്ങിയുള്ള നടപടിയാണ്. ശരിക്കും പറഞ്ഞാല്‍ ഈ അനുമതി പത്രത്തോടെ അവന് രൂപതയില്‍ നിന്നും പിരിഞ്ഞുപോയി എന്നു കരുതപ്പെടുന്നു. ഇവര്‍ക്കുണ്ടാകുന്ന മക്കളും ഇതോടെ രൂപതയില്‍ നിന്ന് പുറത്താക്കപ്പെടുന്നു.
സ്വവംശ വാദത്തിന്റെ തിക്തഫലം അനുവദിക്കുന്നത് വിവാഹ പ്രായം കഴിഞ്ഞിട്ടും സമുദായത്തിനുള്ളില്‍ നിന്ന് ചേര്‍ന്ന ഇണയെ കണ്ടെത്താന്‍ കഴിയാതെ പുരനിറഞ്ഞുനില്ക്കുന്ന ചെറുപ്പക്കാരാണ്. കുടുംബത്തിലെ കാര്ന്നോന്മാരുടെ കടുംപിടുത്തം മൂലം കെട്ടുപ്രായം കഴിഞ്ഞ് തെക്കുവടക്കു നടക്കാന്‍ വിധിക്കപ്പെട്ടവര്‍ നിരവധിയുണ്ട്. മകന് മറ്റൊരു രൂപതയില്‍ പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയ വിവാഹത്തില്‍ നിന്ന് പിന്തിരിയാന് തയ്യാറാകാത്തതിന്റെ പേരില്‍ തൂങ്ങിമരിച്ച രക്ഷിതാക്കള്‍ വരെ ഇവിടെയുണ്ട്.
ദത്തെടുക്കപ്പെടുന്ന കുട്ടികളാണ് അവഗണന നേരിടുന്ന മറ്റൊരു വിഭാഗം. മക്കളില്ലാത്ത ദമ്പതികള്‍ സ്വന്തം മകന്/മകള്‍ ആയി ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ ദമ്പതികള്‍ക്ക് അവരുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും ആ കുഞ്ഞിനെ വളര്‍ത്താന്‍ അവകാശമുണ്ട്. മാതാപിതാക്കളുടെ പാരമ്പര്യത്തിന് അവന്/അവള് അര്‍ഹരാണ്. എന്നാല്‍ ക്നാനായ രൂപതയില്‍ ദത്തെടുക്കപ്പെടുന്ന കുട്ടി സമുദായത്തിന് പുറത്താണ് എന്ന കാര്യം വിസ്മരിക്കരുത്. അവന്റെ മാമ്മോദീസ മറ്റേതെങ്കിലും സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ വച്ചേ നടത്താന്‍ പറ്റൂ. അവന്റെ രജിസ്റ്റര്‍ പിന്നീട് അവിടെയായിരിക്കും. തുടര്‍ന്ന് അവന്റെ ജീവിതത്തിലെ എല്ലാ വിശ്വാസകാര്യങ്ങള്‍ക്കും മറ്റു പള്ളികളെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനു പുറമേയാണ് താന്‍ കുടുംബത്തിന്റെ രണ്ടാംകിട പൗരനാണെന്ന തോന്നലും സമുദായത്തില്‍ നിന്നുള്ള രണ്ടാംകിട പരിഗണനയും. അനാഥ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതാണ് ഏറ്റവും വലിയ പ്രേഷിത പ്രവര്‍ത്തനം എന്നു പഠിപ്പിക്കുന്ന സഭ തന്നെയാണ് ഈ കൊടിയ അനീതിയും നടത്തുന്നതെന്ന് ഓര്‍ക്കണം.
അവഗണന നേരിടുന്ന മറ്റൊരു വിഭാഗമാണ് ‘ആദ്യത്തെ കുടിയിലെ കുട്ടികള്‍’. എന്നു വെച്ചാല്‍ ക്നാനായ യുവാവ് മറ്റൊരു രൂപതയില്‍ നിന്ന് വിവാഹം കഴിച്ച് പുറത്തുപോയി എന്നിരിക്കട്ടെ. അയാള്‍ക്ക് ആ ബന്ധത്തില്‍ മക്കളുണ്ട്. കുറച്ച് കഴിഞ്ഞ അയാളുടെ ഭാര്യ മരിച്ചുപോയി. എന്നാല്‍ സ്വന്തം സമുദായത്തില്‍ നിന്ന് രണ്ടാമതൊരു വിവാഹം കഴിക്കാന്‍ അയാള്‍ തീരുമാനിച്ചാല്‍ അയാളെ മാത്രം രൂപത സ്വീകരിക്കും. ആദ്യബന്ധത്തിലെ മക്കളെ തള്ളിപ്പറയും. ഫലത്തില്‍ രണ്ടാം ഭാര്യയും അവരുടെ മക്കളുമൊത്ത് കുടുംബനാഥന് സ്വന്തം ഇടവകയിലേയും സമുദായത്തിലെയും ചടങ്ങുകളില്‍ പങ്കാളിയാകുമ്പോള്‍ അയാള്‍ക്ക് ആദ്യഭാര്യയില്‍ പിറന്ന മക്കള്‍ മറ്റൊരു പള്ളിയില്‍ പോകേണ്ടിവരുന്നു. ഒരു കുടുംബത്തില്‍ തന്നെ രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്ന ഏര്‍പ്പാട്. മക്കള്‍ തമ്മില്‍ വിവേചനവും ശത്രുതയും വളര്‍ത്താന്‍ മറ്റൊരു കാരണവും വേണ്ട.
കുടുംബത്തിലെ ബന്ധുക്കളുടെ കല്യാണം, മറ്റ് വിശേഷ ചടങ്ങുകളില്‍ എല്ലാം പുറത്തുപോയി വിവാഹം കഴിച്ചവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാറില്ല. വിവാഹത്തിന് സാക്ഷിയാകുക, മാമോദീസയില്‍ തലതൊട്ടപ്പനാകുക തുടങ്ങിയ സ്ഥാനങ്ങള്‍ നിഷേധിക്കുന്നു. സ്വന്തം വീട്ടില്‍ നടക്കുന്ന കൂടാരയോഗങ്ങളില്‍ (കുടുംബയോഗം) പോലും ഇവരും മക്കളും മാറിനില്‍ക്കേണ്ട അവസ്ഥയാണ്. കുടുംബ സ്വത്തിന്റെ ഓഹരി വീതം വയ്പ്പില്‍ തന്നെ ഈ വിവേചനം പ്രകടമാണ്.ഇനി സമുദായത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവനോട് അവസാന നിമിഷവും കിട്ടാവുന്ന പിരിവുകള്‍ പള്ളികള്‍ പിടിച്ചെടുക്കും. ചെന്നു ചേരുന്ന ഇടവകയും ‘വരുത്തനെ’ വെറുതെവിടില്ല.
ചുരുക്കിപ്പറഞ്ഞാല്‍, ഒരു കുടുംബത്തില്‍ തന്നെ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുകയാണ് വംശനിഷ്ഠയിലൂടെ നടക്കുന്നത്. ക്രിസ്തു പഠിപ്പിച്ചു എന്ന് അവകാശപ്പെടുന്ന പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഇവിടെ എവിടെയാണ് സഭ പാലിക്കുന്നത്.
314 കാഴ്ച