കേരളാ പൊലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു. പുതിയ മൊബൈൽ ആപ്പിന് പേര് നിർദ്ദേശിക്കാൻ പൊലീസ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ അഭ്യർത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതലഭിച്ചതുമായ ‘POL-APP’ എന്ന പേരാണ് ആപ്പിന് നൽകുക.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പേര് നിർദേശിച്ചത്. വിജയിക്ക് സംസ്ഥാന പൊലീസ് മേധാവി ഉപഹാരം നൽകുന്നതായിരിക്കും. ജൂൺ 10ന് ഓൺലൈൻ റിലീസിങിലൂടെ ആപ് ഉദ്ഘാടനം ചെയ്യും.
പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്ഐആർ ഡോൺലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പൊലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.
133 കാഴ്ച