കേരളീയ സ്വതന്ത്രചിന്താമണ്ഡലത്തില് എനിക്ക് കഴിയാവുന്നതുപോലെ ഇടപെടാന്‍ തുടങ്ങിയിട്ടിപ്പോള്‍ ഒരു ദശാബ്ദത്തില്‍ അധികമായി. അപൂര്‍ണമായ ഇന്ത്യന്‍ ജ്ഞാനോദയപ്രൊജക്ടിനെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വതന്ത്രചിന്താപ്രവര്ത്തനത്തിന്റെ/ യുക്തിവാദപ്രവര്ത്തനത്തിന്റെ ലക്ഷ്യം എന്ന തിരിച്ചറിവ് ഈ മണ്ഡലത്തില്‍ ഉണ്ടാവേണ്ടതുണ്ട് എന്ന നിലപാട് ഇക്കാലമത്രയും നിലനിര്‍ത്തിപ്പോരുന്നു . ഫുലെ – അംബേദ്കര്‍ – പെരിയാര്‍ – അയ്യപ്പന് ധാരയുടെ പിന്തുടര്ച്ചയായി സ്വയം തിരിച്ചറിയാനും അവര്‍ നിര്‍ത്തിയിടത്തു നിന്ന് മുന്നോട്ടു നടക്കാനും ആണ് ഇന്ത്യയിലെ സ്വതന്ത്രചിന്തകര്‍ ശ്രമിക്കേണ്ടത് എന്ന വാദം സാദ്ധ്യമായ വേദികളില്‍ ഒക്കെയും ഇന്നോളം ഞാന്‍ പറഞ്ഞിട്ടുണ്ട്. സാമൂഹ്യപുരോഗതി, സമത്വം, വ്യക്തിസ്വാതന്ത്ര്യം ഇത്യാദി ഇടതുപക്ഷ ലക്ഷ്യങ്ങളും, യുക്തിചിന്തയെന്ന ഇടതുപക്ഷ ജ്ഞാനശാസ്ത്രനിലപാടും പുലര്‍ത്തിപ്പോന്ന ഈ ധാര, നിസ്സംശയമായും ഒരു ഇടതുപക്ഷധാരയാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി, കേരളത്തിലെ സ്വതന്ത്രചിന്താവേദികളില് ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത് കൃത്യമായ വലതുപക്ഷനിലപാടുകള്‍ ആണ്. സംവരണവിരുദ്ധത, ഫെമിനിസവിരുദ്ധത എന്നിങ്ങനെ തുടങ്ങി ഗോത്രീയതാസ്തുതിയും, സമത്വവിരുദ്ധതയും ഒക്കെയായി, ഈ വലതുപക്ഷ ബാന്‍ഡ് വാഗണ്‍ ആഘോഷമായി മുന്നേറുകയാണ് ഇപ്പോള്‍. സ്വതന്ത്രചിന്തയെ ഗൌരവപൂര്‍ണമായി കാണുന്ന ഏതൊരാളും ഇത് തിരിച്ചറിയുകയും ഈ വലതുപക്ഷ വൈതാളികരെ കൃത്യമായി വിമര്‍ശിക്കുകയും ചെയ്യണം.
കേരളീയ നാസ്തികരില്‍ ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന സി. രവിചന്ദ്രന്റെ വലതുപക്ഷ താത്വിക നിലപാടുകളെ വിമര്‍ശനബുദ്ധ്യാ പരിശോധിക്കാന്‍ ഉള്ള ശ്രമത്തിന്റെ ആദ്യഭാഗമായാണ് ഈ വീഡിയോ. മാര്‍ച്ചില്‍ തൃശൂരില്‍ ഒരു പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഈ വഴിക്കുള്ള ശ്രമം തുടങ്ങിയത്. കോവിഡ് 19 ന്റെ ഭീഷണി കാരണം അന്നത്തെ പരിപാടി ക്യാന്‍സല്‍ ആയിപ്പോയി. ഇപ്പോള്‍ വീട്ടിലിരുന്ന് , ഭാവനയില്‍ ഉള്ള ഒരു ഓഡിയന്‍സിനായി പറയുന്നു.
ചില “പൊതു” എതിരഭിപ്രായങ്ങളെ നേരത്തെ ഊഹിച്ച് മറുപടി പറയട്ടെ :
1: ബാഡ് ടൈമിംഗ് :
ചോദ്യം: മാരകമായ ഒരു പകര്‍ച്ചവ്യാധി ഭീഷണിയെ സമൂഹം മൊത്തം നേരിടുമ്പോള്‍, ‘നിങ്ങള്‍ നാലും മൂന്നേഴു യുക്തിവാദികള്‍ തമ്മിലുള്ള തൊഴുത്തില്‍ക്കുത്ത്’ കൊണ്ട് വന്ന് അലക്കുന്നത് അനൌചിത്യമാണ് . Who cares?
മറുപടി : ഒന്നാമത്, പറയാന്‍ പറ്റുമ്പോള്‍ അല്ലേ പറയാന്‍ പറ്റൂ! നാളത്തെ സ്ഥിതി ഇതിലും മോശമാവാം. അതുകൊണ്ട്, കുറച്ചെങ്കിലും നോര്‍മല്‍സി ഉള്ള ഇപ്പോള്‍ തന്നെ പറയുന്നു. പിന്നെ, ഇതിനെ കേവലം യുക്തിവാദികള്‍ തമ്മിലുള്ള എന്തോ ഒരു വിഷയമായി കാണുന്നതു ശരിയല്ല. കേരളീയ പൊതുസമൂഹത്തിലേക്കാണ് ഈ ആശയങ്ങള്‍ വിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. വാസ്തവത്തില്‍, ഇത്രത്തോളം നിര്‍ലജ്ജമായി, വലതുപക്ഷ ആശയങ്ങള്‍ പൊതു മണ്ഡലത്തിലേക്ക് ചൊരിഞ്ഞിടുക, അതിന് സാമാന്യം വ്യാപകമായ സ്വീകാര്യത കിട്ടുക, എല്ലാത്തിലുമുപരി, യാതൊരു എതിര്‍ശബ്ദവും ഉയരാതിരിക്കുക എന്നതൊക്കെത്തന്നെ വലിയ ഒരു ചോദ്യചിഹ്നം ഉയര്‍ത്തുന്നുണ്ട് . വളരെ പരിമിതികള്‍ ഉണ്ടെങ്കിലും, കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ വികസിച്ചു വന്ന, സംവാദനിര്ഭരവും കുറെയൊക്കെ ജനാധിപത്യപൂര്‍ണവുമായ കേരളീയ പൊതുമണ്ഡലത്തിന്റെ സജീവതയ്ക്ക് നേരെയാണ് ആ ചോദ്യചിഹ്നം ഉയരുന്നത്.
കേരളീയ പൊതുമണ്ഡലമെന്ന വിര്‍ച്വല്‍ സ്പേസില്‍, ഞാനും കൂടി സജീവമായ ഒരു ഭാഗത്ത് , സ്വതന്ത്രചിന്താമണ്ഡലത്തില്, ആണ് ഈ പുരോഗമനവിരുദ്ധവും അയുക്തികവും ആയ ആശയങ്ങള്‍ വിക്ഷേപിതമായിരിക്കുന്നത് എന്നതുകൊണ്ട് ആ ഇടത്തില്‍ സജീവമായി ഉള്ള ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഇതിനു മറുപടി പറയുന്നു എന്നേയുള്ളൂ.
(പ്രാഥമികമായും ഈ വീഡിയോ അഡ്രസ്സ് ചെയ്യുന്നത് കേരളീയ സ്വതന്ത്ര ചിന്തകരെ ആണ്. കാരണം, സി. രവിചന്ദ്രന്‍ ഈ ആശയങ്ങള്‍ സ്വതന്ത്രചിന്തക സദസ്സുകളില്‍ ആണ് പറഞ്ഞുപോരുന്നത് എന്നത് തന്നെ. )
2: വിശ്വനാഥന് രവിചന്ദ്രനോട് അസൂയ/ വ്യക്തിവൈരാഗ്യം ആണ് !
മറുപടി: ഇതിന് ഏറ്റവും സത്യസന്ധവും ഒറ്റവാക്കിലുമുള്ള മറുപടി “അല്ല” എന്ന് മാത്രമാണ് . പക്ഷേ അത് എനിക്ക് തെളിയിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. It is just my word against yours. അതുകൊണ്ട്, എനിക്ക് അസൂയ/ വ്യക്തിവൈരാഗ്യം ഉണ്ട് എന്നും അതാണ് ഇങ്ങനെ ഒരു വിമര്‍ശനം ഉയര്‍ത്തുന്നതിന്റെ മോട്ടീവ് എന്നും തന്നെ നിങ്ങള്‍ കരുതിക്കൊള്ളുക. മോട്ടീവ് എന്ത് എന്നത് ഏതൊരു വാദത്തിന്റെയും സത്യമൂല്യത്തെ ബാധിക്കുന്നില്ല എന്ന അടിസ്ഥാനകാര്യവും ഒപ്പം ഓര്‍ക്കണം എന്ന് മാത്രം. അതുകൊണ്ട്, മോട്ടീവ് മോശമാണ് എന്ന വാദവും ഉയര്‍ത്തി ഇങ്ങോട്ടാരും വരണ്ട. ഞാന്‍ ഉന്നയിക്കുന്ന വാദങ്ങളെ മാത്രം അഡ്രസ്സ് ചെയ്യുക.
3: “നമ്മള് യുക്തിവാദികള്‍” ഒരു ന്യൂനപക്ഷം അല്ലേ? നമ്മള് തമ്മില്‍ വഴക്കിട്ട് “നമ്മുടെ എതിരാളികളെ” ചിരിപ്പിക്കുന്നത് ബോറല്ലേ ?
ഇതിനുള്ള മറുപടി വീഡിയോവില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട് .
PS: വിമർശനവിധേയമാക്കുന്ന വീഡിയോ ഭാഗം ( 8 മിനിറ്റ് 16 സെക്കൻ്റ് ) ഇതിൽ എടുത്തു ചേർത്തിട്ടുണ്ട്. കോപ്പിറൈറ്റ് ലംഘനം ഉന്നയിച്ച് ഈ വിമർശനത്തെ നിഗ്രഹിച്ചു കളയുക എന്നത് എസൻസ് ഗ്ലോബൽ സംഘടനക്കും ന്യൂറോൺസ് ചാനലിനും പൂ പറിക്കുന്നതു പോലെ ഈസിയായ കാര്യമാണ്. മോഹനൻ വൈദ്യർ പോലും ചെയ്തിട്ടില്ലാത്ത അത്തരമൊരു നടപടി ദയവായി ചെയ്യരുതേ ചെയ്യരുതേ എന്നപേക്ഷിക്കുന്നു.
264 കാഴ്ച