ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി മുങ്ങിയിട്ട് 2020 ജനുവരി 23ന് 37 വര്‍ഷം കഴിഞ്ഞു. ചെറിയനാട് പുത്തന്‍വീട്ടില്‍ ശിവരാമപിള്ളയുടെ മകന് ഗോപാലകൃഷ്ണക്കുറുപ്പ് കോളജ് വിദ്യാഭ്യാസത്തിനുശേഷം വ്യോമസേനയില്‍ ചേര്‍ന്നു. അവധിക്ക് നാട്ടില്വന്ന കുറുപ്പ് തിരികെ ജോലിയില്‍ പ്രവേശിക്കാതിരുന്നതോടെ കുറുപ്പിനെ തേടി പോലീസ് എത്തി.
എന്നാല്‍, ഇയാളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇയാള്‍ മരിച്ചെന്ന വ്യാജ റിപ്പോര്‍ട്ടാണ് പോലീസ് വ്യോമസേന അധികൃതര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് ഇയാള്‍ സുകുമാരക്കുറുപ്പ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഏറെ കഴിയും മുമ്പ് സ്വാധീനം ഉപയോഗിച്ച് പുതിയ പാസ്പോര്‍ട്ട് സംഘടിപ്പിച്ച കുറുപ്പ് മുംബൈയിലെ ബന്ധുവീട്ടില്‍ വച്ച് പരിചയപ്പെട്ട നഴ്സായ സരസമ്മയെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചു. തുടര്‍ന്ന് അബുദാബി മറൈന്‍ എന്‍ജിനിയറിംഗില്‍ ജോലിക്കാരനായി. എന്നും തട്ടിപ്പുകള്‍ മാത്രം മനസില്‍ സൂക്ഷിച്ച കുറുപ്പിന്റെ കുരുട്ട് ബുദ്ധിയില്‍ തന്റെ പേരിലുള്ള ഇന്‍ഷ്വറന്‍സ് തുകയായ എട്ടുലക്ഷം രൂപ തട്ടിയെടുക്കുവാന്‍ പദ്ധതികള്‍ തയാറാക്കി.
ഒരു സായാഹ്നത്തില്‍ അബുദാബിയില്‍ വെച്ച് കുറുപ്പ് സുഹൃത്തായ ചാവക്കാട് സ്വദേശി ഷാഹുലിനോട് നാട്ടിലൊരു പദ്ധതി ഒരുക്കാന്‍ താന്‍ ഉദേശിക്കുന്നതായും അതിന് ഷാഹുലിന്റെ സഹായം ആവശ്യമുണ്ടെന്നും പ്രതിഫലമായി 25,000 രൂപ നല്‍കാമെന്നും അറിയിച്ചു. വിദേശ മലയാളിയാണെങ്കിലും നാട്ടിലെ ചെറ്റക്കുടിലില്‍ കഴിയുന്ന വീട്ടുകാരെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പദ്ധതി എന്താണെന്നറിയാതെ തന്നെ ഷാഹുല്‍ സമ്മതിക്കുകയായിരുന്നു.
നാട്ടിലെത്തിയ ഷാഹുലിന്റെ വീട്ടില്‍ സംഭവത്തിന് രണ്ട് ദിവസംമുമ്പ് രാത്രി 12 ഓടെ സുകുമാരകുറുപ്പ് എത്തുകയും ഷാഹുലിനെയും കൂട്ടി ചെറിയനാട്ടേക്ക് മടങ്ങുകയായിരുന്നു. ചെറിയനാട്ടെത്തിയ കുറുപ്പിന്റെ ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവ് ഭാസ്ക്കരപിള്ള ഡ്രൈവര്‍ പൊന്നപ്പനുമായി ചേര്‍ന്നു കുതന്ത്രം മെനയുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം സംഘടിപ്പിക്കുക, മറവ് ചെയ്ത മൃതദേഹം മാന്തിയെടുക്കുക, കുറിപ്പിന്റെ സാദൃശ്യമുള്ള പിച്ചക്കാരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുക തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തത്.
ഇതിന് പ്രകാരം ഒരു കാറില്‍ ഒറ്റയ്ക്കും രണ്ടാമത്തെ മൂവര്‍ സംഘവും ആലപ്പുഴയ്ക്ക് പുറപ്പെട്ടു. യാത്രാമദ്ധ്യേ കരുവാറ്റ ഹരി തീയറ്ററിലെ കളക്ഷന്‍ പരിശോധിച്ചശേഷം ആലപ്പുഴയിലുള്ള സ്വന്തം വീട്ടിലേക്ക് പോകുവാന്‍ വാഹനം നോക്കിനിന്ന ചാക്കോയെ അതുവഴി വന്ന ഭാസ്ക്കരപിള്ളയും സംഘവും ആലപ്പുഴയില്‍ ഇറക്കാമെന്ന് പറഞ്ഞു കാറില്‍ കയറ്റുകയും നിര്‍ബന്ധിച്ച് മദ്യം വായില്‍ ഒഴിച്ച് കൊടുത്തശേഷം കൈയില്‍ കരുതിയിരുന്ന ക്ലോറോഫോം മണപ്പിച്ച് അബോധാവസ്ഥയിലാക്കുകയുമായിരുന്നു.
തുടര്‍ന്ന് ചെറിയനാട്ടിലെ കുറുപ്പിന്റെ വീട്ടിലെ കുളിമുറിയില്‍വച്ച് പെട്രോള്‍ ഒഴിച്ച് കത്തിശേഷം മൃതദേഹം കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ക്യു 7831 അംബാസിഡര്‍ കാറിലിട്ട് കൊല്ലകടവ് കുന്നം റോഡിലുള്ള വയലിലേയ്ക്ക് തള്ളിയിട്ട് പെട്രോള്‍ ഒഴിച്ച് കാറ് കത്തിക്കുകയായിരുന്നു. 1984 ജനുവരി 22ന് പുലര്‍ച്ചെയാണ് വയലില്‍ കാര്‍ കത്തിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയത്.
അന്നത്തെ മാധ്യമങ്ങളില്‍ വിദേശ മലയാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചുവെന്നും കൊല്ലപ്പെട്ടതാണെന്നും വാര്‍ത്ത വന്നുവെങ്കിലും ചാക്കോയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാക്കോയുടെ ഭാര്യ വിവാഹസമ്മാനമായി നല്കിയ മോതിരം തിരിച്ചറിഞ്ഞ് കുറുപ്പല്ലെന്നും സ്ഥിരീകരിക്കുകയായിരുന്നു. ഭാസ്ക്കരപിള്ളയുടെ തീ പൊള്ളലും മറ്റും കണ്ട അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്യമായ ചോദ്യം ചെയ്യലിലൂടെ കുറ്റവാളിയെ തിരിച്ചറിഞ്ഞു.
ഭാസ്കരപിള്ളയും ഡ്രൈവര്‍ പൊന്നപ്പനും ജീവപര്യന്തം തടവിനുശേഷം പുറത്തിറങ്ങി. ഭാസ്ക്കര പിള്ള മരിക്കുകയും പൊന്നപ്പന് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഷാഹുലിനെ കോടതി മാപ്പ് സാക്ഷിയാക്കിയിരുന്നു. പോലീസിലെ ചില ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും തണലില്‍ കുറുപ്പ് ആറുമാസത്തോളം മാവേലിക്കര, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. കുറുപ്പിനെപ്പറ്റി ഇപ്പോള്‍ കിംവദന്തികള്‍ അല്ലാതെ എവിടെയാണെന്നെന്ന് സഹായിച്ചവര്ക്കുപോലും അറിയില്ല. പോലീസ് പിടിയിലോ ? ജീവിച്ചിരിക്കുന്നോ..? മരിച്ചോ..? എന്നുപോലും. കുറുപ്പ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ 71 വയസ്സ് ഉണ്ടാകും. കുറുപ്പിന്റെ ചെറിയനാട്ടെ വീട് പൊളിച്ചു. ഭാര്യ കുവൈറ്റില്‍ മകനൊപ്പം കഴിയുന്നു.
ചാക്കോ കൊല്ലപ്പെടുമ്പോള്‍ ഭാര്യ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. അച്ഛനെ ഒരുനോക്കു കാണാന്‍ പോലും കഴിയാത്ത മകനാണ് ശാന്തമ്മയ്ക്ക് ഇപ്പോള്‍ എല്ലാം.
243 കാഴ്ച