തിരുവിതാംകൂറിലെ ശിക്ഷാരീതികൾ

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തില്‍ ഏകീകൃത നീതിപാലന സമ്പ്രദായമോ അതിന് നിയമസംഹിതയോ ഉണ്ടായിരുന്നില്ല. സ്മൃതികളെയും ശാസനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ശിക്ഷാരീതികളാണ് അതിന് മുമ്പ് രാജാക്കന്മാരും നാടുവാഴികളും നടപ്പിലാക്കിയിരുന്നത്. അതുതന്നെ ഒരേ കുറ്റത്തിന് ജാതി നോക്കി രണ്ട് തരം ശിക്ഷാരീതികളായിരുന്നു.മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി എന്നീ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ പലതരം കുറ്റങ്ങളെയും അവയെ വിചാരണ ചെയ്യേണ്ട രീതികളെയും കുറ്റം ചെയ്തവന് നല്‍കേണ്ടതായ ശിക്ഷകളെയും കുറിച്ചു സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. കുറ്റപത്രം മുതലായ പ്രമാണങ്ങള്‍, സാക്ഷികള്‍, ശപഥം ചെയ്യിക്കല്‍ എന്നിങ്ങനെ പല സാമാന്യമായ ഉപാധികളെ ആശ്രയിച്ച് കുറ്റം തെളിയിക്കാന്‍ ആദ്യം നോക്കുന്നു. എന്നാല്‍ അത്തരം രീതികള്‍ ഫലപ്രദമല്ലാതെവരുമ്പോള്‍ തുലാസ്സ്, അഗ്നി, ജലം, വിഷം, കോശം, തണ്ഡുലം, സപ്തമാഷകം എന്നീ ഏഴുവിധം ദ്രവ്യപരീക്ഷകളെ അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ് എന്ന് പറയുന്നു. ഇതിലുപരി അന്ധവിശ്വാസങ്ങളുടെ സ്വാധീനം കൂടി ഉൾപ്പെട്ടിരുന്നു എന്ന് പറയാം. കേരളത്തിൽ രാജഭരണകാലത്തെ ശിക്ഷ സമ്പ്രദായങ്ങൾ കടുത്തതും ഭയാജനകമായിരുന്നു. ജാതി അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചിരുന്നത്. ബ്രാഹ്മണർക്ക് ആണ് ഈ കാലഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകിയിരുന്നത്. മറ്റ് ജാതികളിൽ ഉൾ‍പ്പെട്ടവർക്ക് അതികഠിനമായ ശിക്ഷയാണ് നൽകിയിരുന്നത്. കുറ്റക്കാരെ തലമുണ്ഡനം ചെയ്ത് കല്ലെറിഞ്ഞ് ഓടിക്കുക, മുക്കാലിയിൽ കെട്ടി അടിക്കുക, മൊട്ടയടിച്ച് പച്ച കുത്തി നാട് കടത്തുക ഇവ പതിവായിരുന്നു. (ഇതിന് ആരുവ മൊഴി കടത്തുക എന്ന പ്രയോഗം തന്നെയുണ്ട്). തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ആനയെകൊണ്ട് കൊല്ലിക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ ഇടുക തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു. സ്മാർത്ത വിചാരത്തിൽ കുറ്റവാളിയായി കണ്ടെത്തുന്ന അന്തർജനതെ മറ്റ് ജാതിക്കരന് കൈ മാറുമ്പോൾ അതേ കുറ്റത്തിന് നമ്പൂതിരിക്ക് 12 ദിവസം രാവിലെ കുളിച്ച് ആയിരം ഗായത്രി മന്ത്രം ചൊല്ലുക എന്നത് മാത്രമായിരുന്നു ശിക്ഷ. ക്രൈസ്തവർക്കും മുസ്ലീമുകൾ ക്കും മതപരമായ ശിക്ഷയും നൽകിയിരുന്നു. പഴയകാലത്ത്‌ തിരുവിതാംകൂറില്‍ കുറ്റം ചെയ്തവരെ പാര്‍പ്പിച്ചിരുന്ന തടവറയായിരുന്നു. ‘ഠാണവ്‌.’. വലിയ കുറ്റവാളികൾക്ക് ‘ ആമവും തടിയും’ശിക്ഷയാണ് നൽകിയിരുന്നത്. തടികൊണ്ടുള്ള വിലങ്ങാണ്‌ ഉപയോഗിച്ചിരുന്നത്‌.കയ്യാമം എന്നയിരുന്നു പേര്‍. രണ്ടറ്റത്തും കൈപ്പത്തി കടക്കതക്ക ദ്വാരത്തോടു കൂടിയ തടിക്കഷണമായിരുന്നു കയ്യാമം. കൈ കടത്തിക്കഴിഞ്ഞാല്‍ ഊരി എടുക്കാതിരിക്കാന്‍ ഓരോ ആപ്പും അടിച്ചു കയറ്റിയിരുന്നു. ഇത്തരം കയ്യാമങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കയ്യാമം ചുമന്നു വേണമായിരുന്നു കുറ്റവാളികള്‍ ഇരിക്കാന്‍. കാല്‍പ്പത്തി കടക്കത്തക്കവണ്ണം രണ്ടറ്റത്തും ദ്വാരങ്ങlളുള്ള ഒരു തടിയില്‍ കാലുകള്‍ കടത്തി ആപ്പു വയ്ക്കുന്ന രീതിയും ഉണ്ടായിരുന്നു. തടിയിലിടുക എന്നായിരുന്നു ശിക്ഷയുടെ പേര്‍. മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും ‘തടിയിലിടുക’. എന്ന ക്രൂര ശിക്ഷ രീതി പ്രയോഗിച്ചിരിന്നു. നാൽക്കവലയിൽ കൂറ്റൻ തടികൾ നാട്ടി അതിൽ തുളയുണ്ടാക്കി കുറ്റവാളികളെ അതിൽ നിർത്തുന്നത് മറ്റൊരു രീതി. മോഷണം തടയാന്‍. ‘കിട്ടി’ എന്നൊരുപകരണം ഉണ്ടായിരുന്നു.ഓരോ ചാണ്‍ നീളമുള്ള രണ്ട്‌ അലകു ( കമുങ്ങില്‍ നിന്നെടുക്കുന്നവ) കള്‍ ചീകി മിനുക്കി രണ്ടും കൂടി ഒരറ്റത്തു കയറു കൊണ്ടു കൂട്ടിക്കെട്ടി മുറുകെ കെട്ടുന്നതാണ്‌ കിട്ടി. അറ്റം വിടര്‍ത്തി കുറ്റവാളിയുടെ കൈവിരലുകള്‍ അകത്താക്കി അമര്‍ത്തും.വിരലുകളുടെ മുട്ടുകളിലായിരുന്നുകിട്ടിപ്രയോഗം. കരം കൊടുക്കാത്തവരെ കുനിച്ചു നിര്‍ത്തി മുതുകില്‍ വലിയ കല്ലു വച്ചിരുന്നു. ‘കല്ലുവയ്പ്പ്’ എന്ന ശിക്ഷ ഇന്നത്തെ ഇടുക്കി ജില്ലയിൽ നടത്തിയിരുന്നു. (കോട്ടയം ജില്ലയില്‍ ,കാനത്തിനു സമീപം ,തേനി- മുണ്ടക്കയം-വാഴൂര്‍-കാനം- കാഞ്ഞിരപ്പാറ – ചങ്ങനാശ്ശേരി വഴിയുണ്ടായിരുന്ന നടപ്പാത ചങ്ങാനശ്ശേരി റോഡില്‍ സന്ധിക്കുന്ന ഭാഗത്ത്‌ ഒരു ഠാണവ്‌ ഉണ്ടായിരുന്നു. അവിടെയുള്ള ക്രിസ്ത്യന്‍ ഭവനത്തിന്‌ ഠാണാവുങ്കല്‍ എന്നണു പേര്‍. ബസ്റ്റോപ്പിനു ഡാണാവുങ്കല്‍പടി എന്നും.ഹരിപ്പാടിനടുത്തു ഠാണപ്പടിയിലും ഠാണവുണ്ടായിരുന്നു.

ശിക്ഷാരീതികൾ–ജലപരീക്ഷ, അഗ്നിപരീക്ഷ, വിഷപരീക്ഷ, തൂക്കുപരീക്ഷ, എന്നിങ്ങനെ പലതരം സത്യപരീക്ഷകളാണ് കുറ്റം തെളിയിക്കുവാനായി പണ്ടുകാലത്ത് പ്രയോഗിച്ചിരുന്നത്. ജാതി നോക്കിയാണ് ശിക്ഷ നടപ്പാക്കുന്നത്. തൂക്കുപരീക്ഷ ബ്രാഹ്മണർക്കും അഗ്നിപരീക്ഷ ക്ഷത്രീയർക്കും ജലപരീക്ഷ വൈശ്യർക്കുംവിഷപരീക്ഷ ശുദ്രർക്കും എന്നായിരുന്നു പ്രമാണം.

അഗ്നിപരീക്ഷ–കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെ തിളച്ചുകോണ്ടിരിക്കുന്ന നെയ്യിലോഎണ്ണയിലോ കൈ മുക്കിച്ചാണ് അഗ്നിപരീക്ഷ നടത്തുന്നത്. കൈ മുക്കുമ്പോൾ കൈ പൊള്ളിയാൽ അയാൾ കുറ്റക്കാരനെന്നും പൊള്ളിയില്ലെങ്കിൽ കുറ്റക്കാരനല്ല എന്നും വിധിക്കുന്നു.മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നായി കേരളം പിരിഞ്ഞിരുന്ന കാലത്ത് കടുത്തകുറ്റങ്ങളില്‍ സത്യം തെളിയിക്കുന്നതിനു ഈ മൂന്നിടങ്ങളിലും അഗ്നിപരീക്ഷയെ ആശ്രയിച്ചിരുന്നതായി പറയുന്നു. . അഗ്നിപരീക്ഷകള്‍ മറ്റു പ്രകാരത്തിലും നടത്തപ്പെട്ടിരുന്നു. ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു സത്യപരീക്ഷ. ഗോപുരത്തിന്റെ ഉള്ളിലായി തറയ്ക്കു താഴെ ഒരു ദ്വാരത്തില്‍ വിരല്‍ തിരുകി ഗോപുരപടിമേല്‍ നിന്ന് സത്യം ചെയ്യണം. കള്ള സത്യം ചെയ്താല്‍ വിരലില്‍ പാമ്പുകടിയേറ്റു മരിക്കുമെന്നായിരുന്നു വിശ്വാസം. വളയനാട്, ഏറ്റുമാനൂര്‍ മുതലായ ക്ഷേത്രങ്ങളിലും സത്യപരീക്ഷകള്‍ നിലനിന്നിരുന്നു.( മലബാറിൽ അഗ്നിപരീക്ഷ തിരുവങ്ങാട് ക്ഷേത്രത്തിലും വളപട്ടണം കോട്ടയിലും വച്ചാണ് നടത്തിയിരുന്നത്.പണമിടപാടുകളിലെ കുറ്റക്കാരെയും തിളച്ച എണ്ണയില കൈമുക്കി സത്യം ചെയ്യിക്കുന്നതിന് സാമൂതിരി കമ്പനിക്കാരെ അനുവദിച്ചിരുന്നു.തിരുവങ്ങാട്ടുവച്ച് നടത്തുമ്പോള്‍ കക്ഷികളില്‍നിന്ന് ഒരു സംഖ്യ പിരിക്കണമെന്ന് കോലത്തിരി നിര്‍ദേശിച്ചുവെങ്കിലും അത് കമ്പനി അംഗീകരിക്കുകയുണ്ടായില്ല.”)അഗ്നിപരീക്ഷയ്ക്ക് ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികളും യഹൂദരും വിധേയരാക്കപ്പെട്ടിരുന്നുകേണല്‍ മണ്‍ട്രോ തിരുവിതാംകൂറില്‍ റസിഡണ്ടായിരുന്നപ്പോള്‍ (1810-1819) അഗ്നിപരീക്ഷപോലുള്ള പ്രാകൃത പരീക്ഷകള്‍ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. പക്ഷേ അന്നത്തെ റാണിയും പണ്ഡിതന്മാരും അതിനെ ശക്തിയായി എതിര്‍ക്കുകയാണുണ്ടായത്. അവസാനം ദിവാന്റെ മുന്‍ അനുവാദത്തോടുകൂടി അത്യാവശ്യത്തിന് നടത്താമെന്ന വ്യവസ്ഥ ഉണ്ടാക്കി.

കൈമുക്ക്–തിരുവനന്തപുരത്തിന് തെക്കുള്ള ശുചീന്ദ്രം ക്ഷേത്രം അഗ്നിപരീക്ഷയ്ക്കു പേരുകേട്ടതാണ്. ‘ശുചീന്ദ്രം കൈമുക്ക്’ എന്ന പ്രയോഗത്തിന്റെ പ്രചാരം അതാണ് സൂചിപ്പിക്കുന്നത്. ശുചീന്ദ്രം ക്ഷേത്രത്തിലെ കൈമുക്ക് നമ്പൂതിരി സമുദായത്തിന്റെ സത്യപരീക്ഷയായിരുന്നു. സ്മാർത്തവിചാരത്തിന്റെ തുടർച്ചയായിരുന്നു ഇത്. നമ്പൂതിരി സ്ത്രീകളുടെ സദാചാരലംഘനത്തിനുള്ള ശിക്ഷയാണ് ശുചീന്ദ്രം കൈമുക്ക്.ഒരുപാത്രത്തിൽ തിളച്ചുകോണ്ടിരിക്കുന്ന പശുവിൽനെയ്യിൽ ചെറിയൊരു ലോഹ വിഗ്രഹം ഇടുന്നു. തിളയ്ക്കുന്ന നെയ്യിൽ കൈമുക്കി വിഗ്രഹം എടുക്കണം. തുടർന്ന് കൈ ഒരു വസ്ത്രംകൊണ്ട് പൊതിഞ്ഞു കെട്ടുന്നു. നിശ്ചിത ദിവസത്തിനു ശേഷം കെട്ടഴിക്കുമ്പൊൾ കൈ പൊള്ളിയില്ലെങ്കിൽ ഉത്തമ ബ്രാമണരുടെ കൂട്ടത്തിൽപ്പെടുത്തി ആദരിക്കുന്നു. കൈ പൊള്ളിയാൽ ജാതിഭ്രഷ്ട് കല്പിക്കും.ശുചീന്ദ്രം ക്ഷേത്രത്തിൽ നമ്പൂതിരിമാർക്കുവേണ്ടിയും മറ്റു ജാതിക്കാര്‍ക്കു കാര്‍ത്തികപ്പള്ളിയിലെ ക്ഷേത്രവുമാണ് അഗ്നിപരീക്ഷയ്ക്കുള്ള രംഗങ്ങളായിനിശ്ചയിക്കപ്പെട്ടിരുന്നത്. പൊല്ലന ഭട്ടതിരി ആയിരുന്നു ശുചീന്ദ്രം കൈമുക്കിന്റെ വിധികര്‍ത്താവ്. 1844-45-ല്‍ ശുചീന്ദ്രത്തുവച്ചുനടന്ന അഗ്നിപരീക്ഷയാണ് കേരളത്തില്‍ ഏറ്റവും ഒടുവിലത്തേതെന്ന് കേരളചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈയംവാരൽ–തിളച്ച നെയ്യിൽ കൈമുക്കുന്നതുപോലെയുള്ള ഒരാചാരമായിരുന്നു ഈയംവാരൽ. നന്നായി ചൂടാക്കിയ ഈയക്കട്ട കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെകൊണ്ട് കൈയിൽ എടുപ്പിക്കുന്നു. കൈപൊള്ളിയാൽ കുറ്റവാളി ശിക്ഷിക്കപ്പെടും. ഇല്ലെങ്കിൽ വെറുതെവിടും. ശുചീന്ദ്രത്തും തിരുവിതാംകൂറിലും‍ ഈ ശിക്ഷ നടപ്പാക്കിയിരുന്നു.

ജലപരീക്ഷ–നായന്മാർ, ക്ഷത്രിയർ, തുടങ്ങിയവർ കുറ്റം ചെയതോയെന്നു നിശ്ചയിക്കുന്നതിന് അവരെ മുതലകളും ചീങ്കണ്ണികളുമൊക്കെയുള്ള കുളത്തിൽനീന്തിക്കുന്ന ഒരു സമ്പ്രദായം കേരളത്തിൽ നിലനിന്നിരുന്നു. വിശന്നുവലഞ്ഞ മുതലകൾ കുറ്റവാളിയെ ഭക്ഷിച്ചാൽ കുറ്റക്കാരനെന്നും രക്ഷപ്പെട്ടാൽ നിരപരാധിയെന്നും വിധിച്ചിരുന്നു. പ്രാചീന കേരളത്തിലെ എല്ലാപ്രദേശങ്ങളിലും ഈ ശിക്ഷ നടപ്പിലാക്കിയിരുന്നു. അതുപോലെ കുറ്റവാളിയെന്നു കരുതുന്ന ആളെ ഒരു ചാക്കിൽ കെട്ടി വലിയ കല്ലോട് കൂടി കുളത്തിൽ താഴ്ത്തും. ആ ചാക്ക് താഴ്ന്നു പോയാൽ അയാൾ അപരധിയാണെന്ന് വിധിക്കും.

വിഷപരീക്ഷ–കുറ്റവാളിയെന്നു സംശയിക്കപ്പെടുന്നവരെ വിഷം കഴിപ്പിച്ചു കൊല്ലുക, ഉഗ്രവിഷമുള്ള സർപ്പത്തെ അടച്ചുകെട്ടിയിരിക്കുന്ന കുടത്തിൽ കൈയിടുവിക്കുക എന്നിവയാണ് വിഷപരീക്ഷയിൽ ഉൾപ്പെട്ടിരിക്കുന്നത്.

തൂക്കുപരീക്ഷ–ബ്രാഹ്മണർക്കു നൽകിയിരുന്ന സത്യപരീക്ഷയാണ് തൂക്കുപരീക്ഷ. തികച്ചും വ്യത്യസ്തമായ ഒരു ശിക്ഷയാണ് തൂക്കുപരീക്ഷ. കുറ്റവാളിയെന്നു സംശയിക്കപ്പെടുന്ന ആളെ ഒരു ത്രാസിലിരുത്തി ആദ്യം അയാളുടെ തൂക്കം നോക്കുന്നു. തുടർന്ന് അയാൾ ചെയ്തിട്ടുള്ള കുറ്റങ്ങൾ ഒരു ഓലയിലെഴുതി കഴുത്തിൽ കെട്ടുന്നു തുടർന്ന് വീണ്ടും കുറ്റവാളിയെ തുക്കുന്നു. ആദ്യത്തെ ഭാരത്തിനേക്കാളും ഇപ്പോൾ ഭാരം കൂടിയിട്ടുണ്ട് എങ്കിൽ കുറ്റക്കാരൻ എന്നു വിധിക്കുന്നു.(മേൽപറഞ്ഞ ശിക്ഷാ രീതികൾ ഓരോ നാട്ടിലും ഓരോ രീതിയിൽ നടത്തിയിരുന്നു എന്ന് അതാത് കാലത്തെ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ).

തിരുവിതാംകൂർ രാജ്യത്ത് നില നിന്നിരുന്ന ഏറ്റവും കഠിനമായ ഒരു ശിക്ഷ ആയിരുന്നു ചിത്രവധം.

രാജ്യദ്രോഹികളെ യും രാജ്യ വിരോധികളായ ലഹളക്കാരെയും ആണ് ഇത്തരത്തിൽ വധിച്ചിരുന്നത്. കുറ്റക്കാരെ മൂർച്ചയുളള ആയുധം കൊണ്ട് വരഞ്ഞു മുറിവുണ്ടാക്കി അതിൽ മുളക് തേക്കും. ലോഹപ ട്ട കൊണ്ട് ബന്ദനസ്ഥനാക്കി പൊതുസ്ഥലത്ത് ഒരു പീഠത്തിൽ കൊണ്ട് നിർത്തും. ജലപാനം കൊടുക്കാതെ ദിവസങ്ങളോളം നിർത്തും. ഇതിനിടയ്ക്ക് കഴുകൻ പോലുള്ള പക്ഷികൾ ദേഹം തിന്നാൻ തുടങ്ങും. അങ്ങനെ ദിവസങ്ങൾ നീളുന്ന വേദന അനുഭ വിച്ചു കുറ്റവാളി മരിക്കുന്നു. ചിത്രവധത്തിന് പുറമെ തൂക്കികൊല്ലലും തിരുവിതാംകൂറിൽ പതിവായിരുന്നു. ഭൂമിയിൽ മനുഷ്യർക്കിടയിൽ ഉള്ള മരണദേവന്മരായിട്ടയിരുന്ന് ആരാച്ചാരെ കണക്കാക്കിയിരുന്നത്. നാഗർകോവിലിൽ ഉള്ള ഒരു കുടുംബത്തേ യാണ് ഇതിനായി നിയോഗിച്ചിരുന്നത്. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് (1729- 1758) കുറ്റക്കാരെ ശിക്ഷിക്കാനുള്ള ആരാച്ചാര്‍ എന്ന ഉദ്യോഗസ്ഥന്റെ താമസത്തെപ്പറ്റി മതിലകം രേഖകളില്‍ കാണുന്നുണ്ട്. ആരാചാര്‍മാര്‍ക്ക് ആദ്യം വട്ടിയൂര്‍ക്കാവിലും പിന്നീട് ചാലയിലും വീടുണ്ടായിരുന്നു. വീടുകളില്‍ തന്നെയാണ് കുറ്റക്കാരെ തടവിലിട്ടിരുന്നത്. കള്ളനാണയ നിര്‍മാണം ആണ് അന്ന് പ്രധാന കുറ്റം. അത്തരക്കാരെയാണ് തടവില്‍ കൂടുതലും ഇട്ടതായി രേഖകളില്‍ കാണുന്നത്. തൂക്കിക്കൊല നടത്തിയിരുന്നത് വിജനമായ കാട്ടുപ്രദേശങ്ങളിലായിരുന്നു. തൂക്കി കൊലയ്ക്ക് ശേഷം കുതികാൽ വെട്ടി രക്തം ഊറ്റുന്ന പ്രാകൃത രീതിയും നടന്നിരുന്നു. ബ്രിട്ടീഷ് മാതൃകയില്‍ ഒരു നിയമസംഹിത ക്രോഡീകരിച്ച് 1835 മുതല്‍ തിരുവിതാംകൂറില്‍ നടപ്പിലാക്കിയത് സ്വാതിതിരുനാള്‍ മഹാരാജാവാണ്.തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെട്ട സ്വാതിതിരുനാളിന്റെ ഭരണകാലത്ത് “ശുചീന്ദ്രം കൈമുക്ക്’ എന്ന ശിക്ഷാവിധി നിര്‍ത്തല്‍ ചെയ്തു. കുറ്റവാളികള്‍ക്ക് “മുക്കാലില്‍ കെട്ടി അടി“ ശിക്ഷ നല്കി വന്നതും കുറ്റം ചെയ്ത സ്ത്രീകളെ തല മുണ്ഡനം ചെയ്ത് നാടു കടത്തുന്നതും അവസാനിപ്പിച്ചു.ആയില്യം തിരുനാള്‍ (1860-1880) മഹാരാജാവിന്റെ കാലത്താണ് തൂക്കിലിടുന്ന പ്രതികളുടെ കുതികാല്‍വെട്ടി രക്തം എടുക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കിയത്.1944 ഇൽ ഒരു ദാർശനികൻ കൂടി ആയിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ആണ് വധശിക്ഷ തിരുവിതാംകൂറിൽ നിർത്തലാക്കിയത്.

ബ്രിട്ടീഷുകാരുടെ കടന്നു വരവോടെയാണ് ഇത്തരം പ്രാകൃത ശിക്ഷാ നടപടികൾക്ക് മാറ്റം വന്നു തുടങ്ങി യത്. ബ്രിട്ടീഷുകാരുടെ നിയമസംഹിത കോടതി വ്യവസ്ഥയിൽ അധിഷ്ഠിതമായി രുന്നു. പയ്യന്നൂരിനടുതുള്ള കവ്വായി ദ്വീപിൽ കേരളത്തിലെ ആദ്യത്തെ കോടതി നിലവിൽ വന്നു. പോലീസ് സംവിധാനവും അവർ തന്നെയാണ് കൊണ്ട് വന്നത്. ഇതോടെ കേരളത്തിലെ പരമ്പരാഗത നടപടികൾ ഏറെ കുറെ അവസാനിച്ചു.

Sreekala prasad

 174 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo