ടൈഫോയ്ഡ് മേരി

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

ചരിത്രപ്രസിദ്ധമായ ഒരു വനിതയാണു ടൈഫോയ്ഡ് മേരി.
കഥ തുടങ്ങുന്നത് ഒരു നൂറ്റാണ്ട് പിറകിലാണ്. ആയിരത്തിത്തൊള്ളായിരത്തി ഏഴില്‍. ഒരു ബാങ്ക് മുതലാളിയും കുടുംബവും സ്വന്തം റിസോര്‍ട്ടില്‍ ഒരു മാസം അവധിക്കാലം ചിലവഴിക്കാനായി വന്നു അമേരിക്കയിലാണ് സംഭവം. ഭക്ഷണം പാകം ചെയ്യാന്‍ പാചകക്കാരിയും മറ്റു വേലക്കാരികളുമുണ്ട്.
ആദ്യം മകള്‍ക്കാണ് അസുഖം പിടിപെട്ടത്. ടൈഫോയിഡാണെന്ന് സ്ഥിരീകരിച്ചു. പിന്നെ കുടുംബത്തില്‍ ഓരോരുത്തര്‍ക്കായി ടൈഫോയ്ഡ് പകരുന്നതിനാലും അന്നത് വളരെ ഗുരുതരരോഗം ആയതിനാലും ആരോഗ്യവകുപ്പ് റിസോര്‍ട്ട് പൂട്ടിച്ചു. രോഗം എവിടെ നിന്ന് വന്നു? അതുകണ്ടുപിടിക്കേണ്ടത് മുതലാളിയുടെ ഒരാവശ്യമായി മാറി. ജോര്‍ജ്ജ് സോപ്പര്‍ എന്ന പകര്‍ച്ചവ്യാധി അന്വേഷകനെ അയാള്‍ കേസ് ഏല്പ്പിച്ചു.
ഇതിനിടെ മേരി മെലണ്‍ എന്നുപേരായ പാചകക്കാരി അപ്രത്യക്ഷയായി. ജോര്‍ജ്ജ് സോപ്പര്‍ അവരെ തിരയാനാരംഭിച്ചു. അന്വേഷണത്തിലാണു മനസ്സിലായത്. മേരി ഇതിനു മുമ്പ് ഏഴുസ്ഥലങ്ങളില്‍ പാചകക്കാരിയായി ജോലി ചെയ്തട്ടുണ്ട്. ബാങ്ക്മുതലാളിയുടെ അടുത്ത് ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നിന്നിടത്തൊക്കെ മനുഷ്യര്‍ ടൈഫോയ്ഡ് വന്നു കിടപ്പിലാവുകയായിരുന്നു. പലരും മരിച്ചുപോയി. ഓരോ രോഗബാധ പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞാല്‍ മേരിച്ചേച്ചി സ്ഥലം കാലിയാക്കും. പിന്നെ അടുത്ത സ്ഥലത്ത് ജോലി
ജോര്‍ജ്ജേട്ടന്‍ അവസാനം മേരിയെ പിടിച്ചു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. “മലം ടെസ്റ്റ് ചെയ്യാന്‍ തരണം” എന്നാവശ്യപ്പെട്ടപ്പോൾ വലിയ കറിക്കത്തിയെടുത്ത് ജോര്‍ജ്ജിനെ വീട്ടിനു ചുറ്റും ഓടിച്ചിട്ടു.
ജോര്‍ജ്ജ് പിന്നെ വന്നത് ആരോഗ്യവകുപ്പിലെ ഡോക്ടറും കുറെ പോലീസുകാരുമായാണ്. മേരി മാലണ്‍ എന്ന മേരിയെ ബലമായി പിടികൂടി ആസ്പത്രിയിലാക്കി. മലം പരിശോധിച്ചപ്പോള്‍ അതാ “സാല്‍മണൊല്ല” എന്ന ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്റ്റീരിയ ധാരാളമായി പുളക്കുന്നു.
എന്നാല്‍ മേരി മാലണ്‍ ആരോഗ്യവതിയായിരുന്നു. ‘ഹെല്‍ത്തി കാരിയര്‍’ എന്നറിയപ്പെടുന്ന രോഗമില്ലാത്ത രോഗാണുവാഹകയായിരുന്നു ആ സ്ത്രീ.
കോടതി പക്ഷെ മേരിയെ പിന്നീട് മോചിപ്പിച്ചു. പാചകക്കാരിയായി ജോലി ചെയ്യില്ല എന്ന ഉറപ്പിന്മേല്‍ മേരി സ്വതന്ത്രയായി.
എന്നാല്‍ മേരി മാലണ്‍ മേരി ബ്രൗണ്‍ എന്ന കള്ളപ്പേരില്‍ ജോലി തുടര്‍ന്നു. അഞ്ചു വര്‍ഷത്തിനു ശേഷം ഇരുപത്തിയേഴുപേര്‍ക്ക് ഒറ്റയടിക്ക് ടൈഫോയ്ഡ് വന്ന കേസില്‍ അവര്‍ അകത്തായി.
പിന്നെ വയസ്സായി മരിക്കുന്നത് വരെ ഒരുതരം വീട്ടുതടങ്കലിലായിരുന്നു മേരി. പോസ്റ്റുമോര്‍ട്ടം ചെയ്ത് പരിശോധിച്ചപ്പോള്‍ പിത്തസഞ്ചിയില്‍ നിറയെ “സാല്‍മൊണല്ല”. ഇടക്കിടെ ഇവ കുഴലിലൂടെ,മലത്തിലൂടെ പുറത്തെത്തും. അമ്പതുപേരുടെ വരെ മരണത്തിനു അവര്‍ കാരണക്കാരിയായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

 208 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo