കൊറോണ ഡേയ്സ് – 12

സമൂഹമാധ്യമത്തിൽ പങ്കിടുക

🎵 ഉള്ളടക്കം വായിച്ചു കേൾപ്പിക്കുക 🎵

( 1 ) തൊണ്ണൂറുകളിലെ പ്രീഡിഗ്രി പഠനം . പലപ്പോഴും കോളേജിലേക്കുള്ള യാത്ര , കൊല്ലം റെയിൽ വേ സ്റ്റേഷനുള്ളിലൂടെ ആയിരുന്നു . വികാര നിർഭരമായ വിടപറയൽ രംഗങ്ങൾ ഒരുപാട് കണ്ട കാലം . ബോംബെ ജയന്തി ജനത , ഡൽഹി കേരള എക്സ്പ്രസ്സ് തുടങ്ങിയ തീവണ്ടികളിലേക്ക് കയറുന്ന ചെറുപ്പക്കാർ , പട്ടാളക്കാർ etc , അവരെ യാത്രയാക്കാൻ വരുന്ന വീട്ടുകാർ , പുതുമോടി മാറാത്ത നവവധു etc …..തീവണ്ടി നീങ്ങിത്തുടങ്ങുമ്പോൾ തേങ്ങിത്തുടങ്ങുന്ന ഉറ്റവരും ഉടയവരും . ബോഗികൾ ഓരോന്ന് കടന്നുപോകുമ്പോഴും കണ്ണീർച്ചാലുകളുടെ നീളം കൂടിക്കൂടി വന്നു . ആരെയും കാണിക്കാതെ കണ്ണുതുടയ്ക്കാനുള്ള വിഫലശ്രമങ്ങൾ . കണ്ടുനിൽക്കുന്നവരെയും സങ്കടക്കടലിലാക്കുന്ന യാത്ര പറച്ചിലുകൾ .

( 2 ) വർഷത്തിൽ ആറുമാസം മഴയുള്ള , പച്ചപ്പുള്ള , സുഖകരമായ കാലാവസ്ഥയുള്ള മലയാള നാട്ടിൽ നിന്നും , തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്ന മലയാളി . മഴ കുറവായ , പച്ചപ്പ് കുറഞ്ഞ , പൊടി നിറഞ്ഞ തെരുവുകളും , വൃത്തിയും വെടിപ്പും സാക്ഷരതയും കുറവായ മറ്റു സംസ്ഥാനങ്ങളിലും , ചുട്ടുപഴുത്ത അറേബ്യൻ മണലാരണ്യങ്ങളിലും , സുഖകരമായ കാലാവസ്ഥയും ജീവിതസൗകര്യങ്ങളുമുള്ള പടിഞ്ഞാറൻ – കിഴക്കൻ രാജ്യങ്ങളിലും ഒക്കെ ,മലയാളി അന്നത്തിനുള്ള വക തേടി യാത്രയായി .അവരുടെ വിയർപ്പ് , വിദേശ കറൻസികളുടെ രൂപത്തിൽ നാട്ടിലേക്ക് വന്നുകൊണ്ടിരുന്നു . നാടിനെക്കുറിച്ചുള്ള ഓർമ്മകൾ , പലരുടെയും മനസ്സിൽ പച്ച പിടിച്ച് നിന്നു.

( 3 ) മറ്റു സംസ്ഥാനങ്ങളിൽ നിന്നും തീവണ്ടി മാർഗ്ഗം കേരളത്തിലേക്ക് വരുമ്പോ , വാളയാർ ചുരം കടന്നുകഴിയുമ്പോ ”’ നാടെത്തി , നാടെത്തി ” എന്ന ചിന്ത മനസ്സിന് തരുന്ന ഒരു സുഖമുണ്ടല്ലോ …എന്റെ സാറേ , അതൊന്ന് അനുഭവിച്ച് തന്നെ അറിയണം . വിമാനത്തിൽ വരുമ്പോ , മലയാണ്മയുടെ പച്ചപ്പ് മുകളിലിരുന്ന് കാണുമ്പോ ഉണ്ടാകുന്ന ഒരു രോമാഞ്ചകഞ്ചുകം , ഹോ , എന്റെ സാറേ അതൊന്ന് വേറെയാ …

( 4 ) കൊറോണ പോലൊരു മഹാമാരി വന്നപ്പോൾ , പ്രവാസികളായി മറ്റു രാജ്യങ്ങളിൽ കഴിഞ്ഞിരുന്നവർ ഏറെ കഷ്ടപ്പെട്ടു . ഇത്രയും പേർക്ക് ഒരുമിച്ച് അസുഖം വന്നപ്പോ , പരിശോധനകൾ നടത്താനും , രോഗം നിർണയിക്കാനും , ചികിത്സ ഉറപ്പു വരുത്താനും മറ്റും വൻ കിട രാജ്യങ്ങളൊക്കെ ബുദ്ധിമുട്ടി . ആ സമയം കേരളത്തിൽ കേസുകൾ വളരെ കുറവായതുകൊണ്ടും , അന്തർദേശീയ കാര്യങ്ങൾ അറിയാൻ താല്പര്യം കാണിക്കുന്ന ഒരു ജനത ഇവിടം ഇറ്റലിയോ സ്പെയിനോ ആകാതിരിക്കാൻ ലോക് ഡൌൺ ഉൾപ്പെടെയുള്ള നടപടികളോട് സഹകരിച്ചത് കൊണ്ടും , ആരോഗ്യവകുപ്പ് – പോലീസ് തുടങ്ങിയവരുടെ ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടും ഒക്കെ രോഗവ്യാപനം ഉണ്ടാകാതെ ജനങ്ങളെ കാത്തുസൂക്ഷിച്ചു.

( 5 ) കൊറോണ ബാധിതരായ നിരവധി മലയാളികൾ , വാട്സ് ആപ്പിലൂടെയും മറ്റും അവരുടെ ശോചനീയാവസ്ഥ തുറന്നു പറഞ്ഞു . കൊറോണ മൂലമുള്ള വയറിളക്കം വന്നിട്ട് , അബോധാവസ്ഥയിൽ ടോയ്‌ലെറ്റിൽ കിടന്നത് — കൊറോണ മൂലം ശരീരത്തിന്റെ ഓരോ ഭാഗവും ഇഞ്ച ഇടിച്ച് പിഴിയുന്നത് പോലെയുള്ള വേദന അനുഭവിച്ചത് – വീട്ടിലിരിക്കാതെ കറങ്ങാൻ പോകുന്ന മക്കളെപ്പറ്റിയുള്ള അമേരിക്കൻ മലയാളികളുടെ മനോവിഷമങ്ങൾ – യൂറോപ്പിൽ മരണ സംഖ്യ കുതിച്ചുയർന്നപ്പോ ഇവിടെക്കിടന്ന് മരിക്കുമല്ലോ എന്നോർത്ത് ഉത്കണ്ഠപ്പെട്ട മധ്യവയസ്കർ —- അങ്ങനെ നിരവധി പേർ . ഭൂരിഭാഗം പേരുടെയും ആഗ്രഹം എങ്ങനെയെങ്കിലും നാട്ടിലെത്തണം . അസുഖ ബാധിതരായവർക്ക് ഇവിടെവന്ന് ചികിത്സയെടുക്കണം .

( 6 ) പ്രവാസികളുടെ മടങ്ങിവരവ് പ്രമാണിച്ച് കൂടുതൽ സർക്കാർ ആശുപത്രികളിൽ , മൂക്ക് & തൊണ്ട സ്രവം പരിശോധനകൾക്ക് സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട് . പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റ് എന്ന സുരക്ഷാ സംവിധാനത്തിനുള്ളിൽ കയറിയാൽ , ഏതാനും മിനിറ്റുകൾക്കുള്ളിൽ വിയർത്തൊഴുകാൻ തുടങ്ങും .വെള്ളം കുടിക്കാനോ ,മൂത്രം ഒഴിക്കാനോ , ശരീരമൊന്നു ചൊറിയാനോ പറ്റില്ല . നാലുമണിക്കൂർ അഗ്നികുണ്ഡത്തിനകത്ത് നിൽക്കുന്ന അവസ്ഥ . ഏഴു ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ , പതിനാലു ദിവസം ക്വറന്റൈൻ . സാരമില്ല , ജീവൻ രക്ഷിക്കുക എന്നത് പ്രഥമ കർത്തവ്യമായ ഒരു മേഖലയാകുമ്പോ , ഇതൊക്കെ ” നിസ്സാരം ” . അല്ല പിന്നെ .

NB — ഒടുവിൽ ആ ദിനം എത്തിപ്പോയി . പ്രവാസികളെയും കൊണ്ടുള്ള വിമാനങ്ങൾ നിലം തൊട്ടു . കപ്പലുകളിലും വിമാനങ്ങളിലും തീവണ്ടികളിലുമൊക്കെയായി അവരതാ നാട്ടിലേക്ക് വരികയാണ് .പിറന്ന നാടിന്റെ കരുതൽ ഏറ്റുവാങ്ങാൻ അവർ വരികയാണ് . ഏവരോടും ഒന്നേ പറയാനുള്ളൂ –” കേറി വാടാ മക്കളേ ” —

ഡോ അഗസ്റ്റസ് മോറീസ്‌

 174 കാഴ്ച


സമൂഹമാധ്യമത്തിൽ പങ്കിടുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല.

yerdu logo